Wednesday 10 December 2008

Thunjaththu Gurupadar.

"തുഞ്ചത്ത്‌ ഗുരുപാദര്‍"

(രാജു-വിളാവത്ത്‌-കൂവ്വപടി).
(Published in Visalakeralam - Navaneetham - Jayakeralam online Magazine)

മലയാള ഭാഷയുടെ പിതാവ്‌, മലയാളികളുടെയെല്ലാം ആചാര്യന്‍ എന്നെല്ലാം അന്വര്‍ത്ഥമായി വിശേഷിപ്പിക്കാവുന്ന ഒരു കവിവര്യന്‍ നമുക്കുണ്ട്‌. ലളിതകോമളമായ ഭാഷയില്‍ അദ്ധ്യാത്മരാമായണവും, മഹാഭാരതവും, കിളിപ്പാട്ടാക്കി നമുക്ക്‌ സംഗ്രഹിച്ചുതന്ന തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍ തന്നെയാണ്‌ ആ മഹാന്‍. എഴുത്തച്ഛന്റെ ജീവിതകാലം, അച്ഛനമ്മമാര്‍, അദ്ദേഹത്തിന്റെ കൃതികള്‍, എന്നുവേണ്ട, ശരിയായ പേരുപോലും നമുക്ക്‌ ഖണ്ഡിതമായി തെളിയിക്കുവാന്‍ സാധിച്ചിട്ടില്ല. ചിറ്റൂര്‍ ഗുരുമഠത്തില്‍ തലമുറകളായി പ്രചരിച്ചു വരുന്ന ഐതീഹ്യങ്ങളില്‍നിന്നും ഉടലെടുത്ത ഊഹാപോഹങ്ങളെ ആധാരമാകി ചിലതെല്ലാം ചരിത്രകാരന്മാര്‍ സ്ഥാപിച്ചെടുത്തിട്ടുണ്ടെന്നുള്ളത്‌ ശരിതന്നെ. എന്നിരുന്നാലും അദ്ദേഹത്തിന്റെ ജനനസ്ഥലം തിരൂരാണെന്നതില്‍ തര്‍ക്കമില്ല.ജനനവും, വിദ്യാഭ്യാസവും:-സംസ്കൃതത്തില്‍ കവികള്‍ "പ്രകാശം" എന്ന് വിവഷിക്കുന്ന വാക്കിന്‌ നാം ഭാഷയില്‍ "വെട്ടം, വെളിച്ചം" എന്നൊക്കെപ്പറയാറുണ്ട്‌. പ്രകാശമെന്ന പദംതന്നെ മലയാളത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുമുണ്ട്‌."ലക്ഷ്മ്യാ പ്രകാശവിഷയം രഞ്ജയന്‍ നിജയാനിജംനിത്യമുദ്യന്‍ വിജയതേ സുകൃതാലംബനം രവി";"ജഗദാനന്ദയന്‍ ഗോഭി:സതാം മാര്‍ഗ്ഗം സനാഥയന്‍പ്രകാശശ്രീകരോ രാജാ രവിവര്‍മ്മാ വിരാജതേ". മേല്‍ക്കാണിച്ച ശ്ലോകാര്‍ദ്ധങ്ങളില്‍ ആദ്യത്തേത്‌ തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരൊടി അദ്ദേഹത്തിന്റെ വ്യാകരണഗ്രന്ഥമായ "പ്രവേശക"ത്തിലും, രണ്ടാമത്തേത്‌ "ഭ്രമരസന്ദേശ"ത്തില്‍ വാസുദേവ കവിയും, വെട്ടത്തു (പ്രകാശ) രാജാവായ രവിവര്‍മ്മാവിനെ സ്തുതിക്കുന്നതാണ്‌.സ്വയം പണ്ഡിതന്മാരും, എന്നാല്‍ ഇതരപണ്ഡിതന്മ്മാരെയും, കവികളേയും, പ്രോത്സാഹിപ്പിക്കുന്നതില്‍ മുങ്കയ്യെടുത്തവരുമായി രണ്ടു രാജാക്കന്മ്മാര്‍ വെട്ടത്തു നാട്ടില്‍ ഭരണം നടത്തുകയുണ്ടായി. രാജരാജ വര്‍മ്മാവും, രവിവര്‍മ്മയുമായിരുന്നു അവര്‍. കൊ. വ. എഴുനൂറിനും, എണ്ണൂറിനും ഇടയിലുള്ള ശതാബ്ദമായിരുന്നു അവരുടെ ഭരണകാലം. നാനാശാസ്ത്രങ്ങളിലും, സാഹിത്യസരണിയിലും, പ്രഗത്ഭരായിരുന്ന അനേകം പണ്ഡിതന്മാര്‍ക്ക്‌ കല്‍പവൃക്ഷമായിരുന്നു അവര്‍. വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരി, പുതുമന ചോമാതിരി, കേളല്ലൂര്‍ നീലകണ്ഠ സോമയാജി, തിരുമംഗലത്ത്‌ നീലകണ്ഠന്‍ നമ്പീശന്‍, തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരോടി, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടത്തിരി, അദ്ദേഹത്തിന്റെ അച്ഛന്‍, ഇങ്ങനെ പോകുന്നു അക്കാലത്തെ പണ്ഡിതവിരാജിതമായ രാജസദസ്സിലെ അംഗങ്ങളുടെ പട്ടിക. അങ്ങിനെയുള്ള വെട്ടത്തുനാട്ടിലാണ്‌ ആചാര്യന്‍ ജനിച്ചത്‌. ശരിയായി പറഞ്ഞാല്‍ തിരൂരിലുള്ള തൃക്കണ്ടിയൂര്‍ തുഞ്ചത്തു ഭവനത്തിലാണെന്ന് തെളിയിക്കാന്‍ രേഖകളുണ്ട്‌. ഷൊര്‍ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക്‌ യാത്രചെയ്യുമ്പോള്‍ തിരൂര്‍ തീവണ്ടി കാര്യാലയത്തില്‍നിന്ന് ഒരുനാഴിക തെക്കുപടിഞ്ഞാറായി ഈ സ്ഥലം കാണാം. കൊ.വ. 700-നും 800-നും ഇടക്കാണ്‌ എഴുത്തച്ഛന്‍ ജീവിച്ചിരുന്നതെന്ന് ഗവേഷകന്മാര്‍ ഒരു നിഗമനത്തിലെത്തിയിട്ടുണ്ട്‌. എഴുത്തച്ഛന്റെ അമ്മ ഒരു ചക്കാലയുടമയായ നായര്‍ സ്ത്രീയും അച്ഛന്‍ ഒരു ബ്രാഹ്മണനും ആയിരുന്നുവെന്ന ഐതീഹ്യത്തെ നമുക്ക്‌ പാടേ നിരസ്സിക്കേണ്ടതില്ല. നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകള്‍ക്ക്‌ പുടവകൊടുക്കുന്ന ഏര്‍പ്പാട്‌ ഈ അടുത്ത കാലംവരെ കേരളത്തില്‍ നിലനിന്നിരുന്നതാണല്ലോ എന്ന് സമാധാനിച്ചാല്‍ മതി.ജ്യോതിഷപണ്ഡിതനായ ഒരു നമ്പൂരി തിരുവനന്തപുരത്തുനിന്ന് വടക്കോട്ട്‌, സ്വന്തം നാട്ടിലേക്ക്‌ യാത്ര തിരിച്ചു. വഴിയില്‍ ആവശ്യത്തിലധികം യാത്രാതടസം നേരിട്ടതുകൊണ്ട്‌, വീട്ടില്‍ എത്തണമെന്നുദ്ദേശിച്ച ദിവസം തൃക്കണ്ടിയൂരേ എത്താന്‍ കഴിഞ്ഞുള്ളു.അപ്പോള്‍ത്തന്നെ ഏതാണ്ട്‌ സന്ധ്യയായതിനാല്‍ അടുത്തുള്ള വല്ല നമ്പൂതിരി ഇല്ലത്തും അന്തിയുറങ്ങി പിറ്റേന്ന് യാത്ര തുടരാന്‍ തീരുമാനിച്ചു. അത്താഴം കഴിഞ്ഞു കിടന്നപ്പോള്‍ നമ്പൂതിരിക്ക്‌ ഉറക്കം വരുന്നില്ല. സ്വന്തം ഇല്ലത്തെത്താന്‍ പറ്റിയില്ലല്ലോ എന്ന വ്യസനത്താല്‍ രാത്രി അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി.ഇല്ലത്തൊരു ദാസി നമ്പൂരിയുടെ പരിഭ്രമം കണ്ട്‌ കാരണമാരാഞ്ഞപ്പോള്‍, ജാതക പ്രകാരം ഈ ശുഭമുഹൂര്‍ത്തത്തില്‍ ഒരു വിശിഷ്ടനായ ഉണ്ണി പിറക്കാന്‍ എനിക്ക്‌ യോഗമുണ്ടെന്നും, ആ സമയത്ത്‌ സ്വന്തം ഇല്ലത്തെത്താന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത്‌ വിഷമിക്കുകയാണെന്നും പറഞ്ഞു. എന്നാല്‍ ആ ഉണ്ണി എന്റെ ഉദരത്തില്‍ വളരാന്‍ കനിവുണ്ടാകണേ എന്ന് ദാസി യാചിച്ചുവെന്നും, ആങ്ങിനെയാണ്‌ എഴുത്തച്ഛന്റെ പിറവിയെന്നും ഐതീഹ്യമുണ്ട്‌.പണ്ടുകാലം മുതല്‍ കേരളത്തില്‍ ജന്മിമാരും,ആഡ്യന്മാരുമായ നമ്പൂരിമാരുടെ ഇല്ലങ്ങളില്‍ ശൂദ്രസ്ത്രീകള്‍, അന്തര്‍ജനങ്ങള്‍ക്ക്‌ സഹായത്തിനായി പാര്‍ത്തുവരാറുണ്ട്‌. ഇവരെ "ഇരിക്കണമ്മ"മാര്‍ എന്ന് പറഞ്ഞുവന്നിരുന്നു. അങ്ങിനെ ബ്രഹ്മണ ഇല്ലങ്ങളില്‍ പാര്‍ത്തുവന്നതുകൊണ്ടായിരിക്കാം എഴുത്തച്ഛന്റെ മാതാവിന്‌ ഒരു വിശിഷ്ട ബ്രാഹ്മണനില്‍നിന്ന് സന്താന ലാഭം ഉണ്ടാകാന്‍ കാരണം. എഴുത്തച്ഛന്റെ അമ്മ ഈശ്വരവിശ്വാസിയും ഞ്ജാനിയുമായിരിക്കാനാണ്‌ വഴികാണുന്നത്‌. അവര്‍ സ്തോത്രങ്ങളും മറ്റും പതിവായി രണ്ടുനേരവും ചൊല്ലുകയും, നിത്യനാമജപം മുതലായവ അനുഷ്ടിക്കുകയും ചെയ്തിരിക്കണം. ബാലനായ എഴുത്തച്ഛന്‍ ഇതെല്ലാം കേട്ട്‌ പഠിച്ചപ്പോള്‍ ആസ്തീക്യബോധം മനസ്സില്‍ വളരുകകൂടാതെ, ജന്മസിദ്ധമായ അദ്ദേഹത്തിന്റെ അത്ഭുതബുദ്ധിക്കൊരുത്തേജനവുമായി എന്ന് തീര്‍ച്ച.ഇനി എഴുത്തച്ഛന്റെ ഗുരുനാഥന്മാരെപ്പറ്റി അല്‍പം വിചിന്തനം ചെയ്യാം. എഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍,"അഗ്രജന്‍ മമ സതാം വിദുഷാമഗ്രേസരന്‍മല്‍ഗുരുനാഥനനേകാന്തേവാസികളോടുംഉള്‍ക്കരുന്നിങ്കല്‍ വാഴ്ക, രാമനാമാചാര്യനുംമുഖ്യന്മാരായ ഗുരുഭൂതന്മാര്‍ മറ്റുള്ളോരും,"എന്ന് പ്രാര്‍ഥിക്കുന്നുണ്ടല്ലോ. ഇതില്‍നിന്നും നാം മനസ്സിലാക്കേണ്ടത്‌ തുഞ്ചത്ത്‌ എഴുത്തുകളരി നടത്തി വന്നിരുന്ന വിദ്വാനായ ഒരു ജേഷ്ഠനാണ്‌ എഴുത്തച്ഛന്റെ ആദ്യഗുരു എന്നാണ്‌. മുഖ്യന്മാരായ ഗുരുഭൂതന്മാരുടെ കൂട്ടത്തില്‍ ഒരു "രാമ"നാചാര്യനേയും സ്മരിക്കുന്നുണ്ട്‌. എഴുത്തച്ഛന്‍ എന്ന വാകുതന്നെ എഴുത്തു പഠിപ്പിക്കുന്ന ആശാന്‍ "എഴുത്തശ്ശന്‍" എന്നതിന്റെ രൂപഭേദമാണ്‌.എഴുത്തുകളരിയില്‍ കുട്ടികളെ പഠിപ്പിക്കലിനു പുറമെ ഗ്രന്ഥങ്ങള്‍ ഓലയില്‍ പകര്‍ത്തി എഴുതിക്കൊടുക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നു. ഈ കാണുന്ന ജ്യേഷ്ടനെ എഴുത്തച്ഛന്‍ ഒരാചാര്യന്‍ എന്ന നിലയിലാണ്‌ കരുതിയിരുന്നതെന്നുള്ളതുകൊണ്ട്‌, എഴുത്തച്ഛനിന്നിന്ന് വളരെ പ്രായക്കൂടുതല്‍ ഉള്ളതായിത്തോന്നുന്നു. അ നിലക്ക്‌ ഒരമ്മക്ക്‌ ജനിച്ച ജ്യേഷ്ടനാണോ അതോ വലിയമ്മയുടെ മകന്‍ ആയിരിക്കുമോ എന്ന് തീര്‍ത്തു പറയുക പ്രയാസമാണ്‌. സാദ്ധ്യത വലിയമ്മയുടെ മകനാകാനാണ്‌. എഴുത്തും വായനയും, കണക്ക്‌, അമരകോശം, സിദ്ധരൂപം, ശ്രീരാമോദന്തം, എന്നീ സംസ്കൃത ലഘു കാവ്യങ്ങള്‍ ഈ കളരിയില്‍ ജ്യേഷ്ടന്റെ അടുക്കല്‍നിന്ന് പഠിച്ചിരിക്കാനിടയുണ്ട്‌. മേല്‍,വിവരിച്ചിരിക്കുന്നവയോക്കെയാണല്ലോ സംസ്കൃതത്തിലെ പ്രാഥമിക പാഠങ്ങള്‍. കൂട്ടത്തില്‍ ജ്യോതിഷവും, ഗണിതവും അവിടെനിന്ന് പഠിച്ചു. എഴുത്തച്ഛന്‌ ജ്യോതിഷത്തില്‍ പരിഞ്ജാനമുണ്ടായിരുന്നുവെന്ന് അധ്യാത്മരാമായണം കിളിപ്പാട്ടിലും, മഹാഭാരതം കിളിപ്പാട്ടിലും തെളിവുകള്‍ കാണാം. എതാണ്ട്‌ പത്തിരുപതുവയസുവരെ ജ്യേഷ്ടന്റെ കളരിയില്‍ സ്വയം പഠിച്ചും, കുട്ടികളെ പഠിപ്പിച്ചും, ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതിയും കഴിച്ചിരിക്കണം. ജേഷ്ഠനും, രാമനാചാര്യനും കഴിഞ്ഞാല്‍ പിന്നെയുള്ള ഗുരുക്കന്മാരാരെല്ലാമാണെന്ന് പറയുവാന്‍ വിഷമാണ്‌. ചിന്താരത്നം എന്ന കൃതിയില്‍ ഒരു ശാസ്ത്രികളുടെ നാമം എടുത്തുപറയുന്നുണ്ട്‌. ഈ ശാസ്ത്രികളോ. അതുപോലെ മറ്റുവല്ല ശാസ്ത്രികളില്‍നിന്നുമായിരിക്കാം എഴുത്തച്ഛന്‌ ഉപരിവിദ്യാഭ്യാസം ലഭിച്ചത്‌. തമിഴ്‌നാട്ടില്‍ പണ്ടുമുതല്‍ക്ക്‌ സംസ്കൃതപണ്ഡിതന്മാരേയും, വേദപണ്ഡിതന്മാരേയും ശാസ്ത്രികള്‍ എന്നാണ്‌ വിളിച്ചുവന്നിരുന്നത്‌. എഴുത്തച്ഛന്‍ യൗവ്വനത്തില്‍ ഉപരിപഠനാര്‍ഥം തമിഴ്‌നാട്ടില്‍ അഞ്ചാറുകൊല്ലം സഞ്ചരിച്ചിരുന്നതായി അറിവുണ്ട്‌. തമിഴ്‌നാട്ടിലുള്ള പ്രഗത്ഭരായ ശാസ്ത്രികളില്‍ നിന്നുമായിരിക്കും എഴുത്തച്ഛന്‍ വേദവേദാന്താതികളെല്ലാം വശത്താക്കിയത്‌. അബ്രാഹ്മണര്‍ക്ക്‌ കേരളത്തില്‍ വേദാദ്ധ്യായനവും മറ്റും ആദ്യകാലത്ത്‌ വിലക്കപ്പെട്ടിരുന്നു എന്നുള്ള ഐതീഹ്യം ഒരു പക്ഷേ ശരിയായിക്കൂടെന്നില്ല. അതുകൊണ്ടാണ്‌ അവ പഠിക്കണമെന്നും വേദാന്തതത്ത്വങ്ങളില്‍ക്കൂടി സഞ്ചരിക്കണമെന്നും അദ്ദേഹം ഉറച്ചതും. അനിനുള്ള ലക്ഷ്യം തേടി തമിഴ്‌നാട്ടില്‍ സഞ്ചരിച്ചുകാണും. അവിടെ പറയത്തക്ക പ്രയാസമൊന്നും കൂടാതെ കാര്യം സാധിച്ചപ്പോള്‍ ഗുരുക്കന്മാരായ 'ശാസ്ത്രി'കളോട്‌ ഒരു പ്രത്യേക പ്രതിപത്തി ഉണ്ടായി. ഹരിനാമകീര്‍ത്തനത്തില്‍,"ഹരിനാമകീര്‍ത്തന മിതുരചെയ്‌വതിന്നുഗുരു-മരുളാലെ ദേവകളുമരുള്‍ ചെയ്തു ഭൂസുരം"എന്ന് തുടക്കത്തിലും,"കരുണാപയോധി മമ ഗുരുനാഥ നിസ്തുതിയെ-വിരവൊടു പാര്‍ത്തു വഴിപോലെ തീര്‍ത്തരുള്‍ക,"എന്ന് അവസാനത്തിലും ഗുരുവിന്റെ അനുഗ്രഹം കാംഷിക്കുന്നുണ്ട്‌. ഈ ഗുരുനാഥന്‍ മിക്കവാറും തുഞ്ചത്തെഴുത്തുകളരിയിലെ ജ്യേഷ്ടന്‍,തന്നെയാവാനാണ്‌ സാദ്ധ്യത. മറ്റു ഗുരുക്കന്മാരില്‍ ആരെങ്കിലുമോ, അതോ എഴുത്തച്ഛന്റെ കുലപരദേവതയായ തൃക്കണ്ടിയൂരപ്പനേയോ താഴെക്കാണുംവിധം സ്മരിച്ചു കാണുന്നു."അമ്പേണമെന്‍ മനസിശ്രീനീലകണ്ഠ ഗുരു-മംഭോരുഹാക്ഷമിത വാഴ്ത്തുന്നു ഞാനുമിഹ". ആകപ്പാടെ നോക്കുമ്പോള്‍ ഗുരുക്കന്മാരുടെ ഒരു സമൂഹം തന്നെ എഴുത്തച്ഛനുണ്ടായിരുന്നുവെന്ന് കാണാന്‍ വിഷമമില്ല. ഗുരുക്കന്മാരില്‍നിന്നും കിട്ടിയ ശിക്ഷണവും, സ്വയം അശ്രാന്തപരിശ്രമങ്ങളില്‍ക്കൂടി നേടിയെടുത്ത പരിഞ്ജാനവും വ്യര്‍ത്ഥമാക്കാതെ സാധാരണക്കാരില്‍ ആസ്തീക്യബോധവും, ഞ്ജാനവും വളര്‍ത്തിയെടുക്കാന്‍ ഉപയോഗിക്കുകയും അതിന്റെ ഫലമായി ഉണ്ടായ നിരവധി ഗ്രന്ഥങ്ങള്‍ പില്‍ക്കാലത്ത്‌ കേരളജനതയുടെ സാംസ്കാരികപരമായ ഉയര്‍ച്ചക്ക്‌ കകുടോദാഹരണമായിത്തീര്‍ന്നു എന്ന് പറയാം. കൊല്ലവര്‍ഷം 700 മുതല്‍ 800 വരെയുള്ള കാലയളവിലായിരുന്നു എഴുത്തച്ഛന്‍ ജീവിച്ചിരുന്നതെന്ന് നാം കണ്ടുവല്ലോ! മഹാകവി ഉള്ളൂര്‍, ആചാര്യന്‍ കൊ.വ. 670 മുതല്‍ 750 വരെയായി 80 വസസ്സുവരെ ജീവിച്ചിരുന്നതായി ഒരു നിഗമനത്തിലെത്തുന്നു. എന്നാല്‍ ഈ നിഗമനം, മേല്‍പ്പത്തൂരിന്‌ "നാരായണീയം" രചിക്കുവാനുള്ള പ്രചോദനം നല്‍കിയത്‌ ആചാര്യന്റെ 'മീന്തൊട്ടുകൂട്ടാ'നുള്ള ഉപദേശമാണെന്ന ഐതീഹ്യത്തെ പാടെ മറിക്കുന്നതാണ്‌. ഐതീഹ്യമാണെങ്കില്‍ പണ്ഡിതപാമരഭേതമില്ലാതെ സകല ജനങ്ങളും വളരെ കാലമായി വിശ്വസ്സിച്ചുവരുന്നതും, ശാശ്വതപ്രതിഷ്ഠ നേടിയതുമാണ്‌. ഭട്ടതിരി നാരായണീയം പൂര്‍ത്തിയാക്കിയത്‌ കൊ.വ. 762-ല്‍ ആയിരുന്നുവെന്നത്‌ ഗ്രന്ഥത്തില്‍ത്തന്നെ സൂചിപ്പിച്ചിട്ടുള്ളതുകൊണ്ട്‌, ഉപദേശം കിട്ടിയിട്ട്‌ 12 കൊല്ലം കഴിഞ്ഞാണ്‌ നാരായണീയം രചിച്ചതെന്ന് പറയാന്‍ പറ്റില്ലല്ലോ? വാതരോഗം മൂര്‍ദ്ധന്യാവസ്ഥ പ്രാപിച്ചപ്പോളാണല്ലോ കവി രോഗനിവാരണത്തിനുള്ള വഴി ആലോചിച്ചു തുടങ്ങിയതും, ആചാര്യന്റെ ഉപദേശമാരാഞ്ഞതും. ആ വഴിക്ക്‌ ചിന്തിക്കുമ്പോള്‍,ഐതീഹ്യം പരമാര്‍ഥമെങ്കില്‍ ('ഐതീഹ്യം കെട്ടുകഥകളല്ലാ' എന്ന മഹത്വചനപ്രകാരം നമ്മള്‍ മുന്നോട്ടുപോയാല്‍ നൂറു ശതമാനവും ശരിയാവാനാണ്‌ സാദ്ധ്യത), എഴുത്തച്ഛന്‍ ഏതാണ്ട്‌ 765-70 വരെയെങ്കിലും ജീവിച്ചിരുന്നിരിക്കണം. ചിറ്റൂര്‍ ഗുരുമഠത്തില്വച്ചുതന്നെയാണ്‌ ആചാര്യന്‍ സമാധിയടഞ്ഞത്‌ എന്നതിന്‌ ഒരു തെളിവ്‌, ധനുമാസത്തിലെ ഉത്രം നക്ഷത്രത്തില്‍ അവിടെവച്ച്‌ അന്നദാനവും, യോഗീശ്വര പൂജയും ഇന്നും പാരമ്പര്യമനുസരിച്ച്‌ നടത്തിവരുന്നുണ്ടെന്നുള്ളതാണ്‌. മലയാളികളുടെ സംസ്കാരോന്നമനത്തിനും, ഭാഷയുടെ വളര്‍ച്ചക്കും, കാരണക്കാരനായ ആചാര്യന്‍, ഏത്‌ കാലത്ത്‌, എവിടെ ജീവിച്ചിരുന്നതായാലും, ഗവേഷകന്മാര്‍ സൂക്ഷ്മമായി കണ്ടുപിടിച്ചാലും, ഇല്ലെങ്കിലും, മലയാളഭാഷയും മലയാളികളും ഉള്ളിടത്തോളം കാലം അവരില്‍ ഓരോരുത്തരുടെ ഹൃദയത്തിലും എഴുത്തച്ഛന്റെ യശസ്സ്‌ നിലനില്‍ക്കുമെന്നതിന്‌ രണ്ടുപക്ഷമില്ല. എഴുതതച്ഛന്റെ അത്ഭുതസിദ്ധികളെ കേന്ദ്രീകരിച്ച്‌ പ്രചരിച്ചുവരുന്ന ഐതീഹ്യങ്ങളില്‍ ചിലതെങ്കിലും ഇവിടെ ചേര്‍ത്തില്ലെങ്കില്‍ ജനനവും വിദ്യാഭ്യാസവും എന്ന തലക്കെട്ട്‌ അര്‍ഥശൂന്യമായിപ്പോകും. പ്രത്യേകിച്ചും ഇവയില്‍ നല്ലൊരു ശതമാനവും ബ്രഹ്മചര്യാശ്രമത്തില്‍ സംഭവിച്ചതായതുകൊണ്ട്‌. 1) എഴുത്തച്ഛന്‍ ബാല്യകാലത്ത്‌ അമ്മയോടൊപ്പം തൃക്കണ്ടിയൂര്‍ ക്ഷേത്രത്തില്‍ പതിവായി ദര്‍ശനം നടത്തിവന്നിരുന്നു. നിത്യേനയുള്ള ഈ സന്ദര്‍ശനം സ്വതവെ ബുദ്ധിശാലിയായിരുന്ന ബാലന്‌, അമ്പലത്തിലെ വാതില്‍മാടത്തിലിരുന്ന് ഉണ്ണികളെ ഓതിക്കന്മാര്‍ ഓത്തു ചൊല്ലിച്ചു പഠിപ്പിക്കുന്നതുകേട്ട്‌ പലതും മനസ്സിലാക്കാന്‍ വഴിതെളിയിച്ചു. അങ്ങിനെ ഒരു ദിവസം ഉണ്ണികള്‍ ഓത്ത്‌ പിഴച്ച്‌ ചൊല്ലുന്നത്‌ കേട്ട്‌ 'കാട്‌ കാട്‌' എന്നുപറയുകയുണ്ടായി. എഴുത്തച്ഛന്റെ ധാരണാശക്തിയെ തെളിയിക്കുവാന്‍ പോന്ന ഒരു സംഭവമായി ഇതിനെ കണക്കാക്കാം.2) ഒരിക്കല്‍ തൃക്കണ്ടിയൂര്‍ ക്ഷേത്രത്തില്‍ ഒരുണ്ണിനമ്പൂതിരി കുളി കഴിഞ്ഞ്‌ ഗായത്രീമന്ത്രം ജപിച്ച്‌ ജലാഞ്ജലി തൂവുകയാണ്‌. ആ സമയം ബാലനായ എഴുത്തച്ഛന്‍ അത്‌ കാണാനിട വരികയും ഉടന്തന്നെ ഉണ്ണിയോട്‌ 'ആല്വരെയെത്തിയിട്ട്‌ ജലം തൂവിയാല്‍പ്പോരെ' എന്ന് ചോതിച്ചു എന്നും അപ്പോള്‍ ഉണ്ണിക്ക്‌ തെറ്റിന്റെ പൊരുള്‍ മനസ്സിലായതായും പറഞ്ഞുവരുന്നു. 'തല്‍ (തത്‌) സവിതുര്‍വരേണ്യം ഭര്‍ഗ്ഗോ ദേവസ്യ ധീമഹീ ധിയോ യോന:പ്രചോദയാള്‍ (യാത്‌)' എന്നാണല്ലോ ഗായത്രീമന്ത്രം. ആ മന്ത്രത്തിന്റെ അവസാനത്തിലുള്ള 'ആല്‍' വരെ ചൊല്ലിയിട്ടു വേണം വെള്ളം മേല്‍പ്പോട്ടെറിയാന്‍ എന്നാണിതിന്റെ ആന്തരാര്‍ഥം. എല്ലാ മന്ത്രങ്ങളും ചൊല്ലുമ്പോള്‍ കൂട്ടത്തില്‍ കര്‍മ്മം ചെയ്യേണ്ടതില്ലെന്നും ചിലതെല്ലാം മന്ത്രോച്ചാരണത്തിനു ശേഷമാണ്‌ നിര്‍വ്വഹിക്കേണ്ടതെന്നുമാണ്‌ ശാസ്ത്രവിധി. എഴുത്തഛന്‍ ബാല്യത്തില്‍ത്തന്നെ വേദവേദാന്താദികളില്‍ പരിജ്ഞാനം നേടിയിരുന്നു എന്നുള്ളതിന്‌ തെളിവായി ഇതില്‍പ്പരം എന്തുവേണം. സാഹിത്യസംഭാവനകള്‍:ഇനി എഴുത്തച്ഛന്‍ മലയാളസാഹിത്യത്തിന്‌ നല്‍കിയിട്ടുള്ള സംഭാവനകളെക്കുറിച്ച്‌ ചിന്തിക്കാം. ആചാര്യന്‍ ഏതെല്ലാം കൃതികള്‍ ഏതെല്ലാം കാലത്ത്‌ രചിച്ചു എന്നെല്ലാം കണ്ടുപിടിക്കുവാന്‍ പ്രയാസമായിട്ടുതന്നെയാണിരിക്കുന്നത്‌. ആ നിലയ്ക്ക്‌ അതിലേയ്ക്ക്‌ പ്രവേശിക്കുക വിഷമ്മാണ്‌.എഴുത്തച്ഛന്‍ ആദ്യമായി ചെയ്തത്‌ അദ്ദേഹത്തിന്റെ കാലത്ത്‌ നടപ്പിലിരുന്ന വിദ്യാഭ്യാസപദ്ധതിക്ക്‌ ചില അഴിച്ചുപണികള്‍ നടത്തി അവയെ വേണ്ടവിധത്തില്‍ ക്രമീകരിച്ച്‌, ഭാവിതലമുറയ്ക്ക്‌ ഒരു കെടാവിളക്കെന്നോണം ചെളിയിച്ചു എന്നതാണ്‌. അതിലേയ്ക്കായി അദ്ദേഹം ചിട്ടചെയ്തതാണ്‌ ഗണപതിവന്ദനം, സരസ്വതിവന്ദനം, കൃഷിവന്ദനം, ഗുരുവന്ദനം, വേദവ്യാസവന്ദനം, ഗണാഷ്ടകം, മുകുന്ദാഷ്ടകം എന്നിവ. വാല്മീകി, വ്യാസന്‍ മുതലായ പൂര്‍വകവികളുടെ ആശയങ്ങളെ പിന്തുടന്നുകൊണ്ട്‌ എഴുത്തച്ഛന്‍ ഇതെല്ലാം നിര്‍വഹിച്ചിരിക്കുന്നത്‌. ആദ്യമായി അക്ഷരം പഠിക്കുന്നവര്‍ക്ക്‌ ഉച്ഛാരണശുദ്ധി മുതലായവ വേണ്ടവിധത്തില്‍ പുഷ്ടിപ്രാപിക്കുന്നതിനും മറ്റും വേണ്ടിയാണ്‌ മേല്‍പ്പറഞ്ഞ സ്തോത്രങ്ങളില്‍ക്കൂടി ഇങ്ങനെ ഒരു പാഠപദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്‌. സംസ്കൃതമായാലും, മലയാളമായാലും വിദ്യാര്‍ഥികള്‍ 57 അക്ഷരവും പഠിക്കണമെന്നും, ഏതുഭാഷ പഠിക്കാനും ഒരേ ലിപി തന്നെ മതിയെന്നും എഴുത്തച്ഛന്‍ തീര്‍ച്ചപ്പെടുത്തി. ഈ ക്രമീകരണം നമ്മള്‍ ഇന്നും പരമ്പരയായി തുടര്‍ന്നു വരുന്നുണ്ടല്ലോ. അതിലേക്കായി എഴുത്തച്ഛന്‍ രചിച്ച കൃതിയാണ്‌ ഹരിനാമകീര്‍ത്തനം. "ഓം, ഹരി:ശ്രീഗണപതയേ നമ:........യരവഷ:" ഈ അക്ഷരങ്ങളും ഇടയില്‍ വിട്ടു പോയവയും ക്രമമായി എടുത്ത്‌ ഓരോ അക്ഷരവും ഓരോ സ്ലോകത്തിന്റെ തുടക്കമായി 60 ശ്ലോകങ്ങള്‍ കൊണ്ട്‌ രചിച്ചിരിക്കുന്നതാണ്‌ ഈ കൃതി." അറുപതു ശ്ലോകങ്ങല്‍ക്കു പുറമെ,ആചാര്യവന്ദനം, ഗുരുവന്ദനം, മുതലായി ആറു ശ്ലോകങ്ങള്‍ തുടക്കത്തിലും, അവസാനത്തിലുമായി കാണുന്നു. കീര്‍ത്തനം തുടങ്ങുന്നതുതന്നെ,"ഓംകാരമായ പൊരുള്‍ മൂന്നായ്‌ പിരിഞ്ഞുടനെ-യാങ്കാരമായതിനു താന്‍ തന്നെ സാക്ഷിയതുബോധം വരുത്തുവതിനാളായി നിന്ന പര-മാചാര്യരൂപ ഹരി നാരായണ നമ:" എന്നാണല്ലോ. ഹരിനാമകീര്‍ത്തനം രചിക്കാന്‍ എഴുത്തച്ഛന്‌ പ്രചോദനം കിട്ടിയത്‌ ഒന്നുകില്‍ വാല്മീകി, ശങ്കരാചാര്യര്‍ മുതല്‍ പേരുടെ കൃതികളോ, അല്ലെങ്കില്‍ വേറെ വല്ല ആചാര്യന്മാരുടെ കൃതികളോ ആയിരിക്കാം. പഞ്ചാക്ഷരസ്തോത്രം, സപ്തസ്വരകീര്‍തനം, മുതലായവ പ്രസിദ്ധങ്ങളായ ഭജന കൃതികളാണല്ലോ. ഈ കൃതിയില്‍ അദ്വൈതമാണ്‌ പ്രതിപാദ്യവിഷയമെങ്കിലും, സൗകര്യം കിട്ടുമ്പോഴൊക്കെ "ഹരി: നാരായണ നം:" എന്ന പല്ലവി ആവര്‍ത്തിക്കാതിരുന്നില്ല. കുട്ടികളായിരിക്കുമ്പോള്‍ത്തന്നെ ഓരോരുത്തരുടേയും മനസ്സില്‍ ദൈവവിശ്വാസം വളര്‍ത്താനും കൂടിയായിരിക്കും ഇതിന്റെ ഉദ്ദേശം.ഇരുപത്തിനാലുവൃത്തം:നവവിധഭക്തി അല്ലെങ്കില്‍ ഭക്തിയുടെ ഒന്‍പതു വകഭേദങ്ങള്‍ ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിവയാണല്ലോ, ഇവയില്‍ നാമകീര്‍ത്തനത്തിനാണ്‌ എഴുത്തച്ഛന്‍ പ്രാധാന്യം കല്‍പിച്ചിരിക്കുന്നത്‌. ഹരിനാമകീര്‍തനം എന്നുവേണ്ട രാമായണം, ഭാരതം, ഭാഗവതം തുടനിയവയിലും ഇതിന്റെ ധ്വനി നമുക്ക്‌ കേള്‍ക്കാന്‍ കഴിയും. രണ്ടുമൂന്നുദാഹരണങ്ങള്‍ കാണിക്കാതിരുന്നാല്‍ പരമാര്‍ഥം ബോദ്ധ്യമാവുകയില്ല."രാമഹരി രാമഹരി രാമഹരി രാമരാമരജനീചര കുലന്തക തൊഴുന്നേന്‍പ്രാണനകലും പൊഴുതു നിന്‍ മഹിതരൂപംകാണണമെനിക്കു തെളിഞ്ഞാശു ഹരിരാമ(ഒന്നാം വൃത്തം)"ഗോവിന്ദാ ഹരി ഗോവിന്ദാ ഗോവിന്ദാഗോവിന്ദാ ഹരി മാധവാ പാഹിമാംജാനകി നയനാമൃത ഭാജന-രൂപം കാണുമാറാകണം ഗോവിന്ദ (രണ്ടാം വൃത്തം)"മാലാറുമാറരിയ രാമായണംകഥയെബാലാദിപോലുമുരചെയ്കില്‍ ത്രിലൊകപെരു-മാളാമവന്‍ പരനൊടേകീ ഭവിപ്പതിനു-മാളായ്‌ വരുന്നു ഹരി നാരായണായ നമ:(ഇരുപത്തഞ്ചാം വൃത്തം)മേല്‍പ്പറഞ്ഞ കൃതിയും വിദ്യാഭ്യാസ വിഷയമായി ആചാര്യന്‍ നിര്‍മിച്ചിട്ടുള്ളവയാണ്‌. കുട്ടിക്കാലത്ത്‌ കിട്ടുന്ന ആറിവാണല്ലോ എല്ലാവരിലും അവരവരുടെ പില്‍ക്കാലജീവിതത്തിനാധാരം."ചെറുപ്പകാലങ്ങളിലുള്ള ശീലംമറക്കുമോ മാനുഷനുള്ള കാലം."എന്ന നമ്പ്യാരുടെ പ്രയോഗം പ്രസിദ്ധമാണല്ലോ. ചെറുപ്പത്തില്‍ത്തന്നെ സകല മനസ്സിലും ജ്ഞാനത്തൊടൊപ്പം ഈശ്വരവിശ്വാസവും വളര്‍ന്നു വികസിക്കണമെന്ന എഴുത്തച്ഛന്റെ ഉദ്ദേശം സഫലീകരിക്കാന്‍ പോന്നതാണ്‌ അദ്ദേഹത്തിന്റെ മിക്ക കൃതികളും.ഭാഗവതം കിളിപ്പാട്ട്‌:- വ്യാസമഹര്‍ഷിയാണല്ലോ ഭാഗവതപുരാണത്തിന്റെ നിര്‍മാതാവ്‌. വേദമന്ത്രങ്ങളെ ചിട്ട ചെയ്ത്‌ വിഭജിക്കുകയും, മഹഭാരതം രചിക്കുകയും ചെയ്തിട്ടും വ്യാസഭഗാവ്നില്‍ എന്തോ ഒന്നുകൂടി ചെയ്തു തീര്‍ക്കാത്തതിനാലുള്ള മന:ക്ലേശം കൊടുമ്പിരിക്കൊണ്ടിരുന്നു. ശ്രീകൃഷ്ണചരിതം സവിസ്തരം പ്രതിപാതിക്കുന്ന ഒരു ഗ്രന്ഥം നിര്‍മിക്കുക കൂടി ചെയ്താല്‍ അങ്ങയുടെ വിഷദമെല്ലാം മാറുമെന്ന നാരദമഹര്‍ഷിയുടെ ഉപദേശമാണ്‌ പതിനെണ്ണായിരം ശ്ലോകങ്ങളുള്ള മഹാഭാഗവതത്തിന്റെ ഉല്‍പത്തിക്ക്‌ നിദാനം.അങ്ങിനെ വേദവ്യാസനാല്‍ രചിക്കപ്പെട്ട ഭാഗവതം എഴുത്തച്ചന്‍ മലയാളത്തിലേക്ക്‌ വിവര്‍ത്റ്റനം ചെയ്ത്‌ കിളിപ്പാട്ടാക്കി എന്നാണ്‌ ഭൂരിപക്ഷം ഗവേഷകരും കരുതുന്നത്‌. എന്നാല്‍ ഇതിനൊരു എതിര്‍പക്ഷ്മില്ലെന്നില്ല. എന്തു തന്നെയായാലും ഭാഷയുടെ ശൈലി നോക്കുമ്പോള്‍ എഴുത്തച്ഛന്‍ തന്നെയായിരിക്കണം ഇതിന്റേയും പ്രണേതാവ്‌ എന്ന് വിശ്വസിക്കാം."എത്രയുമെളുതായി മുക്തിയെ ലഭിക്കുന്നഭക്തിമാര്‍ഗത്തെ പ്രതിപാദിപ്പാന്‍ വേദവ്യാസന്‍ഉത്തമശ്ലോക ചരിത്രങ്ങളും നാമങ്ങളുംഉത്തമധ്യാനങ്ങളും മിശ്രമായ്‌ വിശുദ്ധമായ്‌ചമച്ചു ഭാഗവത മതിങ്കല്‍ നിരന്തരംരമിപ്പാനായിട്ടത്രേ മറ്റുള്ള കഥയെല്ലാം."എന്ന് കിളിപ്പാട്ടിന്റെ ശൈലി കാണിക്കാന്‍ ഇവിടെ പകര്‍ത്തുന്നു.രാമായണം കിളിപ്പാട്ട്‌:-ആചാര്യന്‍ രാമായണം കിളിപ്പാട്ടായി രചിക്കാനുണ്ടായ ഒരൈതീഹ്യമുണ്ട്‌. അമ്പലപ്പുഴ പൂരാടം തിരുനാള്‍ ദേവനാരായണന്‌ ഒരിക്കല്‍ അദ്ധ്യാത്മരാമായണം മൂലകൃതിയുടെ തെലുങ്കക്ഷരത്തില്‍ എഴുതിയ ഒരു ഗ്രന്ഥം കിട്ടാനിടയായി. അദ്ധ്യാത്മരാമായണത്തെക്കുറിച്ച്‌ തമ്പുരാനും അറിവുണ്ടാൂീരുന്നില്ല. മാത്രമല്ല, തെലുങ്കക്ഷരം വായിക്കാനും. അപ്പോള്‍ ആരില്‍ നിന്നോ എഴുത്തച്ഛന്‌ തെലുങ്ക്‌ വായിക്കാനും പര്‍ത്തിയെഴുതാനും അറിയാമെന്ന വിവരം രാജാവിന്‌ കിട്ടി.ഉടനെ ആളയച്ച്‌ അദ്ദേഹത്തെ വരുത്തിക്കുകയും, തത്കൃതിയുടെ മലയാളം ലിപിയിലൊരു പകര്‍പ്പെടുപ്പിക്കയും ചെയ്തു. അക്കൂട്ടത്തില്‍ എഴുത്തച്ഛനും അതിന്റെ ഒരു പകര്‍പ്പ്‌ എടുക്കുകയും, താമസിയതെ അത്‌ കിളിപ്പാട്ടായി വിവര്‍ത്തനം ചെയ്യുകയും ചെയ്തു. ഇതാണ്‌ രാമായണം കിളിപ്പാട്ടിന്റെ ഉത്ഭവ കഥ.കിളിയെക്കൊണ്ട്‌ പറയിക്കുകയോ, കിളിയോട്‌ പറയുന്ന സമ്പ്രദായമോകേരളത്തില്‍ എഴുത്തച്ഛന്‌ മുമ്പ്‌ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ സമ്പ്രദായം തമിഴില്‍ വളരെ മുമ്പു തന്നെ പ്രസിദ്ധവുമായിരുന്നു. കി.പി. എഴാം ശതകത്തില്‍ ജീവിച്ചിരുന്ന തിരുജ്ഞാനസംബന്ധര്‍, ഒമ്പതാം ശതകത്തില്‍ മാണിക്കവാചകര്‍ മുതല്‍ പേര്‍ അവരുടെ തേവാരപ്പാട്ടുകളില്‍ കിളിയേക്കൊണ്ട്‌ പാടിക്കുകയുണ്ടായി. എഴുത്തച്ഛന്‍ കുറെക്കാലം തമിഴ്‌ നാട്ടില്‍ ഉപരിപഠനാര്‍ഥം സഞ്ചരിക്കുകയുണ്ടായെന്ന് മുമ്പ്‌ പ്രസ്താവിക്കുകയുണ്ടയല്ലോ. അപ്പോള്‍ എഴുത്തച്ഛന്‌ കിട്ടിയ അറിവാണ്‌ കിളിയേക്കൊണ്ട്‌ പാടിക്കുകയെന്നത്‌. അവയെ അഴിച്ചുകൂട്ടി ഒരു പുതിയ വൃത്തം കേകയല്ലെങ്കില്‍ കിളിപ്പാട്ടുവൃത്തം എന്ന പേരില്‍ ആചാര്യന്‍ അവതരിപ്പിച്ചു. താണ്ഡവരായ സ്വാമികള്‍ എന്ന തമിഴ്‌ കവി പാടിയ 'കൈവല്യനവനീത' മെന്ന വേദന്തപ്രതിപാദനകൃതിയാണ്‌ എഴുത്തച്ഛന്‍ ആദ്യമായി കിളിപ്പാട്ടു രീതിയില്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തവതരിപ്പിച്ചത്‌."ഉരത്തോരജ്ഞാനത്തില്‍ പെരുത്ത നാരായവേ-രറുത്തു ബോധം നല്‍കും കൈവല്യനവനീതംസ്ഫുരിച്ചു തമിള്‍പ്പൊരുളറിയാതെ ഞങ്ങള്‍ക്കര്‍ഥംതിരിച്ചു ചൊല്ലേണം നീ കേരളഭഷയാലേ".തങ്ങളുടെ അദ്വൈത വേദാന്തജ്ഞാന തൃഷ്ണമാറിക്കിട്ടുവാന്‍ ഒരു വഴി ആരാഞ്ഞപ്പോള്‍ ആ മഹാജനങ്ങളോട്‌ കിളിപറയുന്നമാതിരിയാണ്‌ തുടക്കം."ഗുരുശ്രീകര ശ്രീമല്‍ ഗുരുകീര്‍ത്തനം സമു-ച്ചരിച്ചു സുഖേന സഞ്ചരിക്കും കിളിപ്പെണ്ണേ!കുറുക്കും പാലും പഞ്ചസാരയും പക്വങ്ങളുംവെറുതെ മധുവുമാസ്വദിച്കു യഥാസാരം."ഗുരുവന്ദനം ആചാര്യവന്ദനം, ഈശ്വരവന്ദനം എന്നിവക്കുശേഷം വിവര്‍ത്തനം ആരംഭിക്കുന്നു. ഒരു മതൃക ഇവിടെ പകര്‍ത്തിക്കാണിക്കാം. അതില്‍ നിന്നും എഴുത്തച്ഛന്റെ മൂലകൃതി പദാനുപദ തര്‍ജ്ജമ ചെയ്യുമ്പോഴും സ്വതന്ത്രകൃതിയെന്ന് തോന്നിക്കത്തക്ക വിധത്തിലുള്ള ഉടച്ചുവാര്‍ക്കല്‍ അനുവാചകര്‍ക്ക്‌ മനസ്സിലാക്കാം. മൂലം:"പടര്‍ന്തവേതാന്തമെന്നുംപാര്‍ക്കടല്‍മൊണ്ടു മുന്നൂര്‍കുടങ്കളില്‍ നിറൈത്തുവൈത്താര്‍ കു-രുവര്‍കളെല്ലാം കാച്ചികുടൈത്തെടുത്തളിത്തേനിന്തക്കൈ-വല്ല്യ നവനീതത്തെഅടൈന്തവര്‍ വിടയമണ്ടിന്റലൈ-വരോ പചിയിലാരേ".വിവര്‍തനം:"പരന്ന വേദാന്തമാം പാല്‍ക്കടല്‍ നിന്നു കോരിനിറച്ച ശാസ്ത്രങ്ങളാം കുടങ്ങള്‍ നിറഞ്ഞെങ്ങുംപരിചില്‍ പാനം ചെയ്തുകൊള്ളുവാന്‍ വെച്ചുമുന്നംപരമ കൃപാലുക്കളാകിയ ഗുരുക്കന്മാര്‍അതിനെക്കാച്ചികടഞ്ഞെടുത്തു തന്നീടുന്നുമധുരതരമായ കൈവല്ല്യ നവനീതംഅതിഭാഗ്യത്താലിതു ലഭിച്ചു പയ്യില്ലാത്തോ-രധമാവിഷയമാര്‍ന്നതിനാല്‍ വലഞ്ഞീടാ."അദ്ധ്യാത്മരാമായണത്തിലേയ്ക്കു കടക്കുമ്പോഴേക്കും എഴുത്തച്ഛന്റെ ഭക്തിപാരവശ്യം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചതായിക്കാണാം. രാമായണം തുടങ്ങുന്നതുതന്നെ ശ്രീരാമനാമം പാടിവരുന്ന പൈങ്കിളിപ്പെണ്ണിനെ അവതരിപ്പിച്ചു കൊണ്ടാണല്ലോ.ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്രജയശ്രീരാമ രാമ രാമ ശ്രീരാമ ഭദ്ര ജയശ്രീരാമ രാമ രാമ സീതാഭി രാമ ജയശ്രീരാമ രാമ രാമ ലോകാഭി രാമ രാമശ്രീരാമ രാമ രാമ രാവണാന്തക രാമശ്രീരാമ മമ ഹൃദി രമതാം രാമ രാമശ്രീരാഘവാത്മാ രാമ ശ്രീരമ രമാപതേശ്രീരാമ രമണീയ വിഗ്രഹ നമോസ്തുതേനാരായണായ നമോ നാരായണായ നമോനാരായണായ നമോ നാരായണായ നമോ:അദ്ധ്യാത്മരാമായണം മൂലത്തെ മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്ത്‌ സ്വന്തം ശൈലിയില്‍ കവിതാത്മകമായി രചിക്കുകയാണല്ലോ എഴുത്തച്ഛന്‍ ചെയ്തിട്ടുള്ളത്‌. എന്നാല്‍ ആ തര്‍ജ്ജമ ഒന്നു കൊണ്ടുതന്നെ അദ്ദേഹം ഒരു മഹാകവി പട്ടത്തിനര്‍ഹനായി എന്നതാണ്‌ സത്യവസ്ഥ. അദ്ദേഹത്തിന്റെ പ്രത്യേക ശൈലിക്കനുസ്സരിച്ച്‌ പ്രസ്തുത കൃതിയെ കൊണ്ടുവരുന്നതിനായി പല സ്ഥലത്തും മൂലകൃതിയില്‍നിന്ന് വ്യതിചലിച്ചിട്ടുണ്ട്‌. കിളിപ്പാട്ടും, മൂലവുമായി ഒരു താരതമ്യ പഠനം നടത്തിയാല്‍ സഹൃദയദൃഷ്ടിക്ക്‌ ഈ വത്യാസം അനുഭവപ്പെടുന്നതാണ്‌.


കലികാലത്തിന്റെ നീര്‍ച്ചാലില്‍ കിടന്നു കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക്‌ അതില്‍നിന്നും മുക്തി ലഭിക്കുവാനൊരു വഴി ആരാഞ്ഞ്‌ നാരദമഹര്‍ഷി ബ്രഹ്മാവിന്റെ അടുക്കല്‍ചെന്ന അവസരത്തില്‍, 'ശ്രീപരമേശ്വരന്‍ ഉപദേശരൂപേണ പാര്‍വതിയോട്‌ ചൊല്ലിയ രാമകഥ വായിച്ചുകേള്‍ക്കുക എന്നാല്‍ പരിഹാരമുണ്ടാകും' എന്ന് സമാധാനിപ്പിക്കുന്നു. അപ്പ്രകാരം പാര്‍വതി പരമേശ്വരനില്‍നിന്ന് കഥ കേള്‍ക്കുന്ന രൂപത്തിലാണ്‌ മൂലം ആരംഭിക്കുന്നത്‌. ഉമാമഹേശ്വര സംവദം തുടങ്ങുന്നതിനുമുമ്പ്‌ ശിവന്റെ ശ്രീരമനാമം ജപിച്ചിരിക്കുന്ന മുഖം എഴുത്തച്ഛന്‍ വരച്ചുകാട്ടുന്നുണ്ട്‌.

"രാമനാമത്തെസ്സദാകാലവും ജപിച്ചീടും
കാമനാശനനുമാവല്ലഭന്‍ മഹേശ്വരന്‍
ശ്രീമഹാദേവന്‍ പരമേശ്വരന്‍ സര്‍വ്വേശ്വരന്‍
മാമകേ മനസി വാണീടുവാന്‍ വന്ദിക്കുന്നേന്‍."

മൂലത്തില്‍ രാമായണ മാഹാത്മ്യം വിവരിക്കുന്ന സര്‍ഗ്ഗം എഴുത്താച്ഛന്‍ വിട്ടുകളയുകയുണ്ടായി. ആകപ്പാടെ നോക്കുകയണെങ്കില്‍ കിളിപ്പാട്ടിന്റെ ആരംഭം ഒരു നാടകീയ പരിവേഷം പൂണ്ടതക്കാന്‍ അദ്ദേഹം പരിശ്രമിച്ചുവെന്നും അതില്‍ അങ്ങേയറ്റം വിജയിച്ചു എന്നുമുള്ളതാണ്‌.

കൈലാസാഗ്രത്തില്‍ ധ്യാനനിഷ്ഠനായി രത്നപീഠത്തില്‍ ഭഗവതി (പാര്‍വ്വതി) യുമൊന്നിച്ചിരിക്കുന്ന ശിവനോട്‌ ദേവിചോതിക്കുന്ന ഒരു ശ്ലോകം അദ്ധ്യാത്മരാമായണം മൂലത്തില്‍ താഴെക്കാണുംവിധം ഉണ്ട്‌.

"കൈലാസാഗ്രേ കദാചിദ്രവിശത വിമലേ
മന്ദിരേ രത്നപീഠേ
സംവിഷ്ടം ധ്യാനനിഷ്ഠം ത്രിണയനമഭയം
സേവിതം സിദ്ധസംഘ്യൈ:
ദേവീ വാമാങ്കസംസ്ഥാ ഗിരിവരതനയാ
പാര്‍വ്വതീ ഭക്തിനമ്രാ
പ്രാഹേദം ദേവമീശം സകലമലഹരം
വാക്യമാനന്ദകന്ദം:

കിളിപ്പാട്ടില്‍ എഴുത്തച്ഛന്‍ ഈ ശ്ലോകം അങ്ങിനെതന്നെ വിവര്‍ത്തനം ചെയ്ത്‌ ചേര്‍ത്തിട്ടുണ്ട്‌. മൂലം ആദിയിലുള്ള മറ്റുശ്ലോകങ്ങളെല്ലാം വിട്ട്‌ ആചാര്യന്‍ കഥാരംഭത്തിലേയ്ക്ക്‌ കടക്കുന്നതീശ്ലോകത്തോടുകൂടിയാണെന്നുള്ളതാണ്‌ ഒരു പ്രത്യേകത. മൂലത്തിലെ ആശയങ്ങളെല്ലാം അതേപടി സ്വീകരിച്ചുവെന്നു മാത്രമല്ല ചില പദങ്ങളും എടുത്ത്‌ പെരുമാറിയിട്ടുണ്ടെന്ന് കാണാം. എന്നിരുന്നാലും, തര്‍ജ്ജമയുടെ മനോഹാരിത, പദങ്ങളുടെ സമ്മേളനം, ഭാഷയുടെ ലാളിത്യം മുതലായ ഉപാധികള്‍വച്ചു താരതമ്യപ്പെടുത്തിയാല്‍ മൂലത്തെ അതിശയിക്കുന്ന ഒരു ഭാഷാനുവാദമാണിതെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. നോക്കുക.

"കൈലാസാചലേ സൂര്യകോടിശോഭിതേവിമ-
ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ടം
ഫാലലോചനം മുനിസിദ്ധ ദേവാദിസേവ്യം
നീലലോഹിതം നിജഭര്‍ത്താരം വിശ്വേശ്വരം
വന്ദിച്ചു വാമോത്സംഗേ വാഴുന്ന ഭഗവതി
സുന്ദരീ ഹൈമവതി ചോദിച്ചു ഭക്തിയോടെ".

ആചാര്യന്‍ ഓരോ കാണ്ഡവും തുടങ്ങുന്നത്‌ പൈങ്കി-
ളിയുടെ കളകള ഗാനത്തോടെയാണല്ലോ.

"ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ."

എന്നാജ്ഞാപിക്കുമ്പോള്‍,

"ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമ സ്മൃതിയോടെ പറഞ്ഞു തുടങ്ങിനാള്‍."

എന്ന് രാമകഥ കിളിയുടെ മധുരമധുരമായ ശബ്ദത്തില്‍ ആരംബിക്കുകയായി. അതുപോലെ ഓരോ കാണ്ഡവും അവസാനിക്കുന്നതും കിളിയുടെ കളമൊഴിയോടെയാണല്ലോ. ഈ പ്രക്രിയ, ഇതേരൂപത്തില്‍ സ്വന്തം കൃതികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നവര്‍ എഴുത്തച്ഛനുപുറമേ ഭാരതിയ സാഹിത്യ ചരിത്രത്തില്‍ വേറെ ആരും ഇല്ലെന്നുതന്നെ പറയാം. സ്വതവേ സ്വതന്ത്രകാവ്യമെന്ന് തോന്നിക്കാന്‍ പോന്ന ബാഹ്യസൗന്ദര്യമെഴുത്തച്ഛരാമായണത്തിനുണ്ടെന്ന് മുമ്പ്‌ പറഞ്ഞല്ലോ, അതിനൊരു കണ്ഠാഭരണം കൂടിയായാല്‍പ്പിന്നെ പറയാനുമില്ലല്ലോ!

ആചാര്യന്റെ കിളിപ്പാട്ടിലേയും, മൂലത്തിലേയും ശ്ലോകങ്ങള്‍ പ്രത്യേകമായെടുത്ത്‌ പഠിക്കുകയാണെങ്കില്‍ വിവര്‍ത്തനം ഏതാണ്ട്‌ എണ്‍പതുശതമാനവും സ്വതന്ത്രകാവ്യമെന്ന് തോന്നുന്നവയും, പലയിടത്തും മൂലത്തെ അതിശയിക്കുന്നവയാണെന്നും സഹൃദയര്‍ക്ക്‌ കാണാന്‍ പ്രയാസമില്ല. ഒന്നുരണ്ടുദാഹരണങ്ങള്‍ പ്രദര്‍ശിപ്പിക്കാം. ആദ്യമായി ബാലകാണ്ഡംതന്നെയെടുക്കാം. ജ്യോതിശ്ശാസ്ത്രത്തില്‍ ആറ്‌ അംഗങ്ങളാണ്‌ "ജാതകഗോള നിമിത്തപ്രശ്നമുഹൂര്‍ത്താഖ്യാഗണിതനാമാനി" എന്ന വചനപ്രകാരം കാണുന്നത്‌. ഈ ഷടംഗങ്ങളില്‍ ജാതകം, പ്രാശ്നം, മുഹൂര്‍ത്തം എന്നീ അംഗങ്ങളില്‍ സാമാന്യപരിജ്ഞാനമെങ്കിലും ഇല്ലാത്തവര്‍ക്ക്‌,

"മധുമാസേ സിതേ പക്ഷേ
നവമ്യാം കര്‍ക്കടേ ശുഭേ
പുനര്‍വ്വസ്വൃക്ഷ്സഹിതേ
ഉച്ചസ്ഥേ ഗ്രഹ പഞ്ചകേ
മേഷം പൂഷണി സമ്പ്രാപ്തേ
പുഷ്പവൃഷ്ടിസമാകുലേ
ആവിരാസീജ്ജഗന്നാഥ:
പരമാത്മാ സനാതന:"

എനീ 26 വരികളില്‍ മൂലത്തില്‍ രാമാവതാരകാഥ വിവരിച്ചിരിക്കുന്നത്‌ പൂര്‍ണമായും മനസ്സിലാക്കാനും,

"ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്നകാലത്തിങ്ക-
ലച്യുതനയോദ്ധ്യയില്‍ കൗസല്യാത്മജനായാന്‍
നക്ഷത്രം പുനര്‍വസു നവമിയല്ലോ തിഥി
നക്ഷത്രാധിപനോടു കൂടവേ ബൃഹസ്പതി
കര്‍ക്കിടത്തിങ്കലത്യുച്ചസ്ഥിത്നായിട്ടല്ലോ
അര്‍കനുമത്യുച്ച്സ്ഥനഭയം കര്‍ക്കടകം
അര്‍ക്കജന്‍ തുലാത്തിലും ഭാര്‍ഗ്ഗവന്‍ മീനത്തിലും
വക്രനുമുച്ചസ്ഥനായ്‌ മകരം രാശിതന്നില്‍
..............................സാക്ഷാല്‍ ശ്രീനാരായണന്‍ 
താനിതെന്നറിഞ്ഞപ്പോള്‍
സുന്ദരഗാത്രിയായ കൗസല്യാദേവിതാനും
വന്ദിച്ചുതെരുതെരെ സ്തുതിച്ചു തുടങ്ങിനാള്‍",

എന്ന് 36 വരികളിലായി നീണ്ടുകിടക്കുന ഭാഷാനുവാദം ഇത്രയും മനോഹരമായി വികസിപ്പിക്കുകയും, അതുപോലെതന്നെ അവതാരസമയത്തെ ഓരോ രാശികളുടേയും, ഗ്രഹങ്ങളുടേയും നിലയും മറ്റും ഇത്ര തന്മയത്തോടെ എഴുതിഭലിപ്പിക്കാനും പറ്റുമെന്ന് തോന്നുന്നില്ല. ജ്യോതിശാസ്ത്രത്തിലുള്ള എഴുത്തച്ഛന്റെ പരിഞ്ഞാനം തെളിയിക്കുവാന്‍ വേറെ വിശദീകരണങ്ങളൊന്നും വേണമെന്നില്ല. ഇതും പദാനുപദ തര്‍ജ്ജമയല്ലെന്നു മാത്രമല്ല, മൂലത്തെ പതിന്മടങ്ങ്‌ അതിശയിക്കാന്‍ പോന്ന മനോഹാരിതയും ഉണ്ട്‌. ഒരുദാഹരണംകൂടി കാണിച്ചുകോണ്ട്‌ ഞാനീ പരിശ്രമത്തില്‍നിന്ന് വിരമിക്കുകയാണ്‌. കാരണം രാമായണം കിളിപ്പാട്ടിന്റെ സൗന്ദര്യാദി ഗുണങ്ങളെ മുഴുവന്‍ എഴുതി ഫലിപ്പിക്കാന്‍ പറ്റുകയില്ലെന്നതുതന്നെ.

ശ്രീരമചന്ദ്രനെ അഭിഷേകം ചെയ്ത്‌ രാജാവായി വാഴിയ്ക്കാന്‍ ദശരഥമഹാരാജാവും സകല ജനങ്ങളും നിശ്ചയിക്കുകയും, ആ സന്തോഷത്താല്‍ ആ ശുഭമുഹൂര്‍ത്തം, അടുത്തുവരുവാന്‍ കാത്തിരിക്കുന്ന കൈകേയി, മന്ഥരയുടെ ദുഷ്ടവാക്കുകള്‍ കേട്ട്‌ സമാധാനം പറയുന്ന മൂലത്തിലെ,

"ഭരതാദധികോ രാമ:
പ്രിയകൃന്മേ പ്രിയംവദ:
കൗസല്യാം മാം സമം പശ്യല്‍
സദാശുശ്രൂഷതേ ഹി മാം
രാമാദ്ഭയം കമിഠപന്നം
തനു മൂഢേ വദസ്വ മേ"

ഇത്രയും വരികളെ 

"എന്നുടെ രാമകുമാരനോളം പ്രിയ-
മെന്നുള്ളിലാരെയുമില്ല മറ്റോര്‍ക്കനി.........................."

എന്ന് പതിനെട്ടോളം വരികളില്‍ വികസിപ്പിച്ചിരിക്കുന്നത്‌ ഒന്നു കാണേണ്ടതുതന്നെയാണ്‌.

മഹാഭാരതം കിളിപ്പാട്ട്‌:

ആചാര്യന്റെ മൃതികളില്‍ ഏറ്റവും വലുതും, ഉല്‍കൃഷ്ടവും ഭാരതം കിളിപ്പാട്ടാണെന്നതില്‍ പക്ഷാന്തരത്തിന്‌ അവകാശമില്ല. വേദവ്യാസകൃതമായ മൂലഭാരതത്തില്‍ പതിനെട്ടു പര്‍വ്വങ്ങളിലായി പറഞ്ഞിരിക്കുന്ന കഥാകഥനങ്ങളുടെ സാരസംഗ്രഹമാണ്‌ അദ്ദേഹത്തിന്റെ കിളിപ്പാട്ട്‌, ഭഗവല്‍ ഭക്തന്മാരുടെ ചരിതങ്ങളും, ഭഗവല്‍ ചരിതവും, അവരുടെ ഗുണഗണങ്ങളും, പറഞ്ഞുകേള്‍ക്കുകയും, അവരെ ധ്യാനിച്ചും പരമാന്ദരൂപനായി കാലം നയിക്കുവാന്‍ കിളി മാലോകരോടുരചെയ്യുന്നതായിട്ടാണല്ലോ സംഭവപര്‍വ്വരംഭം തന്നെ. അവസരം കിട്ടുമ്പോഴെല്ലാം നാമകീര്‍ത്തനത്തിന്‌ ഒട്ടും മടിക്കാതെ പുരോഗമിക്കുന്നുണ്ടെന്നുള്ളത്‌ ഇവിടേയും ഒരു പ്രത്യേകതയാണ്‌.

ബ്രഹ്മാവ്‌ മറ്റു ദേവന്മാരുമായി ഭൂമിദേവിയുടെ സങ്കടമുണര്‍ത്തികാന്‍ കൈലാസത്തില്‍ ചെല്ലുന്ന അവസരത്തില്‍ ശിവന്റെ നാമങ്ങള്‍ നിരത്തിയിരിക്കുന്നതു കാണുക,

'ദേവ ദേവേശനീശനീശ്വരന്‍ ശംഭുവാമ-
ദേവ നംബികാപതി ശങ്കരന്‍ മഹേശ്വരന്‍
ശ്രീകണ്ഠന്‍ ശിതികണ്ഠന്‍ ത്രീക്ഷണന്‍ ത്രിപുരാരി
വൈകുണ്ഠ നമസ്കൃത നീശാനന്‍ പശുപതി
ത്ര്യംബകന്‍ ചദ്രചൂഡന്‍ ശംബരാരാതി വൈരീ
ഗംഗാവല്ലഭന്‍ ഗൗരീവല്ലഭന്‍ കാലാരാതി
മത്തഹസ്തീന്ദ്രാസുരമര്‍ദ്ദനന്‍ ഭൂതാധിപ-
നസ്ഥിഭൂഷണന്‍ കൃത്തിവസനന്‍ മൃത്യുജ്ജയന്‍
അദ്രിമന്ദിരനദ്രിചാപ നദ്രിജാകാന്തന്‍
രുദ്രന്‍ വാണരുളീടും കൈലാസാചലം പൂക്കാന്‍'

പിന്നീട്‌ ദേവന്മാരെല്ലാം ഒന്നിച്ച്‌ പാലാഴിയില്‍ ചെന്ന് മഹാവിഷ്ണുവിനോട്‌ സങ്കടമുണര്‍ത്തിക്കുമ്പോള്‍ മഹാവിഷ്ണുവിനെ മുപ്പതോളം നാമത്തില്‍ കീര്‍ത്തിക്കുന്നുണ്ട്‌. ദശാവതാരകഥയിലെ ഓരോ അവതാരനാമവും കൂട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്‌.

പുരുഷോത്തമ ഹരേ പുണ്ഡരീകാക്ഷ പര-
മ്പൂരുഷ പുരാതന പൂര്‍വ്വദേവാരേ ജയ
ചരണ സരസിജ യുഗള നത ജന-
ദുരിതവിനാശന കരുണാനിധേ ജയ
വേദജ്ഞപ്രിയ ജയ വേദാര്‍ത്ഥ്ത്മക ജജ
വേദാന്തവേദ്യ ജയ വേദവിഗ്രഹ ജയ
പ്രകൃതിപുരുഷ ഭിന്നത്മക ജയജയ
സുകൃതിജന മനോ മന്ദിര ജയജയ
..............................ഇപ്പോഴുമതില്‍പ്പരമാപത്തു മുഴുത്തിതു
ചില്‍പ്പുമാനായ ജഗതീപതേ രമാപതേ,

എന്ന് മുപ്പത്തിനാലോളം വരികളിലായിട്ടാണ്‌ പ്രസ്തുത ഭാഗം കിടക്കുന്നത്‌. അതുപോലെ ഓരോ പര്‍വ്വങ്ങളിലും നാമാവലികള്‍ ഘടിപ്പിച്ചിരിക്കുന്നതായിക്കാണാം. ഇവകളെല്ലാം പ്രധാന കഥസാരത്തിന്‌ പുറമേയാണെന്നുള്ളത്‌ പ്രത്യേകം ഓര്‍ക്കേണ്ടതാണ്‌. നാമകീര്‍ത്തനത്തിന്റെ മഹാത്മ്യം എഴുത്തച്ഛന്‍ ശ്രീകൃഷ്ണാവതാരത്തിന്റെ ഗുണത്തെ വര്‍ണ്ണിക്കുമ്പോള്‍,

'കാമിച്ച ജനങ്ങള്‍ക്കും മോഹിച്ച ജനങ്ങള്‍ക്കും
നാമത്തെചൊല്ലുവോര്‍ക്കും രൂപത്തെ ധ്യാനിപ്പോര്‍ക്കും
ഭക്തരായുള്ളവര്‍ക്കും സക്തരായുള്ളവര്‍ക്കും
മുക്ത്തിയെ വരുത്തുവാനോരോരോ തരത്തിലെ
പാരില്‍ വന്നവതരിച്ചീടിനാന്‍ നാരായണന്‍
താരിന്മാതാദിയാകും പരിവാരങ്ങളോടും'

ഇപ്രകാരം പറഞ്ഞുകാണുന്നു.

ഭാരതം കിളിപ്പാട്ടിലെ ഓരോ വരികളും മനോഹരമാണെന്നിരിയ്ക്കെ അതില്‍നിന്നും ഒന്നോ രണ്ടോ തിരഞ്ഞെടുത്ത്‌ കാണിയ്ക്കേണ്ട ആവശ്യം വരുന്നില്ല. എന്നിരുന്നാലും ആ മഹാകാവ്യം വയിച്ചുകഴിയുമ്പോള്‍ മനസ്സിലും, ഹൃദയത്തിലും മായാതെനില്‍കാന്‍ പോന്ന ചില ഭാഗങ്ങളുണ്ട്‌. അവയിലൊന്ന് നാമകീര്‍ത്തനത്തിന്റെ ഭാഗമായിത്തന്നെ കണക്കാക്കാം. കര്‍ണ്ണപര്‍വത്തില്‍ പാര്‍ത്ഥസാരഥിയായി യുദ്ധരംഗത്തെത്തുന്ന ഭഗവാനെ എത്ര മനോഹരമായാണ്‌ ആചാര്യന്‍ ചിത്രീകരിക്കുന്നതെന്ന് കാണുക.

'പരന്നപോര്‍ക്കളം നിറഞ്ഞു വന്‍പട
നിരന്നതു കണ്ടു തധടിതി പാണ്ഡവര്‍
പതിനാറാംദിനമുഷസി ലോകൈക
പതി, വസുമതി, രമാപതി-
പതി, ധര്‍മ്മപതി, സതാമ്പതി
സുരപതി, സ്വാഹാപതി, പിതൃപതി
നിര്യതി, യാദസാമ്പതി, സദാഗതി
നിധിപതി, പശുപതി, കരാഷ്ടക-
പതി, ഗോപിജനപതി, മമപതി
യദുപതി, ദയാനിധി, മഖപതി
സുരപതി, സുതരഥമതിലേറി
സുരുചിരമായ വപുഷാകണ്ടാശു
സുഖിച്ചു പോരിന്നു പുറപ്പെട്ടാരല്ലോ'

ശ്രീകൃഷ്ണന്റെ പല പര്യായപദങ്ങളും നാമെല്ലാവരും കേട്ട്‌ തഴമ്പിച്ചവതന്നെ. എന്നാല്‍ നാം കേള്‍ക്കാത്ത പല പുതിയ നാമങ്ങളും മുകളില്‍ കാണാം. ഇതെല്ലാം ആചാര്യന്റെ പുതിയ സൃഷ്ടികളാണെന്ന് വരുമ്പോള്‍ ആ സിദ്ധിക്കു മുമ്പില്‍ നാമറിയാതെ കൈകൂപ്പിപ്പോകുകതന്നെ ചെയ്യും. 

ഇനിയും വര്‍ണ്ണപ്പകിട്ടാര്‍ന്ന പീലികള്‍ നിരക്കവേകുത്തി, നെറുകയില്‍ കൂട്ടിത്തിറമോടെ കെട്ടി, സാരഥിവേഷമവലംബിച്ചുനില്‍ക്കുന്ന കൃഷ്ണന്റെ ആകാരവേഷഭൂഷാദികളെ വര്‍ണ്ണിക്കുന്ന ഭാഗം നോക്കുക.

'നിറന്ന പീലികള്‍ നിരക്കവേകുത്തി
നെറുകയില്‍ കൂട്ടിത്തിറമോടേ കെട്ടി
കരിമുകിലൊത്ത ചികരഭാരവും
മണികള്‍ മിന്നിടും മണികിരീടവും
കുനുകുനെച്ചിന്നും കുറുനിരതന്മേല്‍
നനുനനെപ്പോടിഞ്ഞൊരു പൊടിപറ്റി
തിലകവുമൊട്ടു വിയര്‍പ്പിനാല്‍ പൊടി-
ഞുലകം സൃസ്ടിച്ചു ഭരിച്ചു സംഹരി-
ച്ചിളകുന്ന ചില്ലിയുഗളഭംഗിയും
അടിയാരെക്കുറിച്ചൊരു കരുണയും
കഠിനദുഷ്ടരോടെഴുന്ന കോപവും
മടുമൊഴിമാരില്‍ വളര്‍ന്ന രാഗവും
കലഹം കണ്ടൊരത്ഭുത രസങ്ങളും
ചപലന്മാരോടു കലര്‍ന്ന ഹാസവും
എതിരിടുന്നോര്‍ക്കു ഭയങ്കരത്വവും
പലവുമിങ്ങനെ നവനവരസ-
മിടയിക്കൂടെക്കലര്‍ന്നനേത്രവും
.... ..... ...... ......
പദസരോരുഹയുഗവുമെന്നുടെ
ഹൃദയം തന്നിലങ്ങിരിയ്ക്കുമ്പോലവേ
മണിവര്‍ണ്ണന്‍ തന്നെത്തെളിഞ്ഞുകണ്ടു,ഞാന്‍.'

"നിറഞ്ഞ ഭാവനയോടുകൂടിയ ഒരാള്‍ക്കുമാത്രമേ ഇത്തരത്തിലൊരു ചിത്രം തന്റെ ഹൃദയ മുകുരത്തില്‍ത്തന്നെ പ്രതിബിംബിപ്പിക്കുവാന്‍ കഴിയുകയുള്ളു. അതിനെ ഇത്രയും സജീവമായും, ആകര്‍ഷകമായുമുള്ള രീതിയില്‍ വക്കുകളിലൂടെ പകര്‍ത്തുവാന്‍ അനുഗൃഹീതനായ ഒരു മഹാകവിയുടെ നാരായം തന്നെ വേണം.ഇവയില്‍ ബാകി ഭഗങ്ങളെല്ലാം രവിവര്‍മ്മയെപ്പോലുള്ള ഒരു ചിത്രകാരന്റെ തൂലിക, പക്ഷേ എഴുതിയൊപ്പിച്ചേക്കാം, എന്നാല്‍, കരുണയും, കോപവും, രാഗവും, അത്ഭുതവും, ഹാസവും, ഭയങ്കരത്വവും, ചേര്‍ന്നു നവരസമിടയിടക്കൂടെകലര്‍ന്ന, ആ മനോഹര നേത്രങ്ങളുടെ മുമ്പാകെ ചിത്രകാരന്‍ തൂലികവെച്ചു സാഷ്ടാംഗപ്രണാമം ചെയ്യുകയല്ലാതെ എന്തു നിവൃത്തി?" എന്ന സാഹിത്യദാസന്‍ എം. ആര്‍. നായരുടെ (സാഹിത്യനികഷം-ഒന്നാം പുസ്തകം) വാക്കുകള്‍ ഇവിടെ പ്രസക്തിയേറുന്നവതന്നെ. 
























Saturday 11 October 2008

Mahakavi Vatakkumkur.

മഹാകവി വടക്കൂംകൂര്‍ രാജരാജ വര്‍മ്മ രാജ - ഒരനുസ്മരണം.
(രാജു-വിളാവത്ത്‌-കൂവ്വപ്പടി.)

ആധുനീക കേരളസാഹിത്യ നഭോമണ്ഡലത്തിലെ ഉന്നതന്മാരില്‍ എന്തുകൊണ്ടും ഒരഭ്യര്‍ഹികസ്ഥാനത്തെ അലങ്കരിക്കാന്‍ പോന്നവരാണല്ലോ മഹാകവിത്രയം എന്നറിയപ്പെട്ടിരുന്ന ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങിയവര്‍. ആശാന്റെ "ഖണ്ഡകാവ്യങ്ങള്‍, ഉള്ളൂരിന്റെ "ഉമാകേരളം-കേരളസാഹിത്യചരിത്രം, വള്ളത്തോളിന്റെ "ചിത്രയോഗം-ഋഗ്വേദാദി" തര്‍ജ്ജമകള്‍ മുതലായവയാണു അവരെ പരമോന്നത പദവിയിലേയ്ക്കുയര്‍ത്തിയതെന്ന് സംശയമില്ല. 'വിദ്യാ ദദാതി വിനയം' എന്ന ആപ്തവാക്യത്തെ സമ്പന്നമാക്കികൊണ്ട്‌ കൈരളീദേവിയെ സേവ ചെയ്ത്‌, അനേകം ഉത്തമഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ച്‌ ഭാഷയെ പോഷിപ്പിച്ച ദേഹമാണ്‌, 'പണ്ഡിതമണ്ഡലമണ്ഡിതനും, മഹാജ്ഞാനിയുമായിരുന്ന കവിതിലകന്‍ വടക്കൂംകൂര്‍ രാജരാജവര്‍മ്മ രാജ'. മഹാകവിത്രയത്തെപ്പോലെയോ, തദധികമായോ മലയാളികള്‍ ആരാധിയ്ക്കേണ്ട ഒരു നാമധേയമാണു വടക്കൂംകൂറിന്റേതെന്നു പറഞ്ഞാല്‍ അതൊരധികപ്പറ്റാവില്ല. പക്ഷേ അനുഭവം മറിച്ചാണ്‌, ചില സംസ്കൃതഭാഷ സ്നേഹികള്‍ക്കൊഴിച്ച്‌ മറ്റാര്‍ക്കും ഇന്നദ്ദേഹത്തെക്കുറിച്ചൊന്നുമറിഞ്ഞുകൂടാത്ത സ്ഥിതിയിലാണ്‌. പ്രാചീന കേരളത്തിലെ പ്രസിദ്ധിപെറ്റ പല നാട്ടുരാജ്യങ്ങളില്‍ ഒന്നായിരുന്നു വെമ്പലനാട്‌. അതില്‍നിന്ന് പൊട്ടിമുളച്ചവയാണ്‌ വടക്കുംകൂര്‍-തെക്കുംകൂര്‍ രാജാവംശങ്ങള്‍. വൈക്കം വഴുതനക്കാട്ടു കൊട്ടാരത്തില്‍ കാവുക്കുട്ടിത്തമ്പുരാട്ടിയുടെയും, ശുകപുരം ഗ്രാമത്തില്‍ തോട്ടുപുറത്ത്‌ ഇല്ലത്തെ പുരുഷോത്തമന്‍ അച്യുതന്‍ നമ്പൂതിരിയുടെയും പുത്രനായി നമ്മുടെ കഥാനായകന്‍ ജനിച്ചു. അത്തമായിരുന്നു ജന്മനക്ഷത്രം. അദ്ദേഹത്തിന്റെ പത്താമത്തെ വയസില്‍ മാതാവന്തരിച്ചു. മതൃസഹോദരി അമ്മാളുക്കുട്ടിത്തമ്പുരാട്ടിയാണ്‌ പിന്നീടദ്ദേഹത്തെ പരിലാളിച്ച്‌ വളര്‍ത്തിയത്‌. വൈക്കം ഗവ. സ്കൂളിലാണ്‌ വിദ്യാഭ്യാസം ചെയ്തത്‌. സംസ്കൃതത്തിനോടായിരുന്നു ചെറുപ്പം മുതല്‍ അഭിരുചി. ഗുരുമുഖത്തുനിന്ന് പഠിച്ചതില്‍ക്കൂടുതല്‍ സ്വന്തം പരിശ്രമംകൊണ്ടാണ്‌ കരസ്ഥമാക്കിയത്‌. സംസ്കൃതത്തില്‍ കിട്ടാവുന്നിടത്തോളം ഗ്രന്ഥങ്ങള്‍ വാങ്ങി വായിച്ചു പഠിക്കുക അദ്ദേഹത്തിനൊരു വിനോദമായിരുന്നു. നിത്യപാരായണം ചെയ്തുവന്നിരുന്ന പുരാണഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഭാരതം, രാമായണം, രഘുവംശം മുതലായവയും ഉള്‍ക്കൊണ്ടിരുന്നു. പേരാമ്പ്രദേശത്തെ ലക്ഷ്മികെട്ടിലമ്മ എന്ന മഹതിയെ തമ്പുരാന്‍ വിവാഹം ചെയ്തിരുന്നുവെങ്കിലും സന്താനങ്ങളൊന്നുമില്ലായിരുന്നു. ജീവിതത്തിന്റെ മുഴുവന്‍ സമയവും സാഹിത്യപോഷണത്തിനായി വിനിയൊഗിച്ചിരുന്നതുകൊണ്ട്‌, കുടുംബജീവിതവും അദ്ദേഹത്തിന്‌ ബ്രഹ്‌മചര്യപോലെതന്നെയായിരുന്നു. സംസ്കൃതത്തിലുണ്ടായിട്ടുള്ള പുരാണപ്രസിദ്ധങ്ങളായ കഥകളെ ഉപജീവിച്ച്‌ ഭാഷയില്‍ മഹാകാവ്യങ്ങള്‍, ഖണ്ഡകാവ്യങ്ങള്‍, വ്യാഖ്യാനങ്ങള്‍, എന്നിവയെഴുതി ജനമദ്ധ്യത്തില്‍ ആര്‍ഷസംസ്കാരത്തിന്റെ കാതലുറപ്പിക്കുകയായിരുന്നു വടക്കുംകൂറിന്റെ മുഖ്യാദര്‍ശം എന്നു പറയാം. സംസ്കൃതത്തില്‍ സാഹിത്യസംബന്ധമായ ഏതു വിഷയത്തെക്കുറിച്ചും അനായാസേന പ്രസംഗിയ്ക്കുവാന്‍ അദ്ദേഹത്തിന്‌ കഴിവുണ്ടായിരുന്നു എന്നാണ്‌ പറഞ്ഞുകേട്ടിട്ടുള്ളത്‌.സുപ്രസിദ്ധ സമകാലിക സാഹിത്യകാരന്മാരും, പണ്ഡിതന്മാരും അദ്ദേഹവുമായി സൗഹൃദബന്ധം പുലര്‍ത്തിപ്പോന്നിരുന്നു. അവരില്‍ ശ്രീമാന്‍ ഡീ.പി. ഉണ്ണി,സാഹിത്യകുശലന്‍ ടി.കെ. കൃഷ്ണമേനോന്‍, മഹാകവികള്‍ വള്ളത്തോള്‍, ഉള്ളൂര്‍, പണ്ഡിതര്‍ ഇ.വി. രാമന്‍ നമ്പൂതിരി, കോളത്തേരി ശങ്കര മേനോന്‍, എം. രാജരാജ വര്‍മ, തുടങ്ങിയവര്‍ മുഖ്യന്മാരാണ്‌. പണ്ഡിതരാജന്‍ ആറ്റൂരിനോട്‌ അദ്ദേഹത്തിന്‌ പ്രത്യേകമായൊരു ആദരവുണ്ടായിരുന്നതായി രേഖപ്പെടുത്തി കണ്ടിട്ടുണ്ട്‌. സംസ്കൃതസാഹിത്യമായിരുന്നു അദ്ദേഹത്തിന്റെ ജീവനാഡിയെന്നിരുന്നാലും, വാങ്മയങ്ങളെല്ലാം മലയാളത്തിലാണെന്നുള്ളതാണ്‌ പ്രത്യേകത. സംസ്കൃതത്തില്‍ കവനംചെയ്യാന്‍ കഴിവില്ലാത്തതുകൊണ്ടല്ല, സംസ്കൃതാനഭിജ്ഞന്മാരായ ജനസമുദായത്തിന്‌ മനസ്സിലാക്കാന്‍ പറ്റിയ ഭാഷയില്‍ എഴുതിയാലേ അതുകൊണ്ട്‌ പ്രയോജനമുള്ളു എന്ന് കരുതിയാണ്‌.'ഉമാകേരളം' മുന്നാംസര്‍ഗ്ഗം സംസ്കൃതത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുള്ളതുകൂടാതെ, 'കന്യാകുമാരീസ്തവം'എന്നൊരു ശാര്‍ദൂലവിക്രീഡിതത്തില്‍ എഴുതപ്പെട്ട ഒരു സ്തോത്രകാവ്യവും സംസ്കൃതത്തിലുണ്ട്‌.ശേഷിച്ചതെല്ലാം മലയാളത്തിലാണ്‌. മഹാകവി, ജീവചരിത്രകാരന്‍, നിരൂപകന്‍, ലേഖകന്‍, വ്യാഖ്യാതാവ്‌, ഗവേഷകന്‍, ശാസ്ത്രകാരന്‍ എന്നീ നിലകളിലാണ്‌ വടക്കുംകൂറിന്റെ പ്രശസ്തി നാം കണ്ടറിയുന്നത്‌. വിവിധവിഷയങ്ങളെക്കുറിച്ച്‌ അദ്ദേഹം എഴുതിയിട്ടുള്ള ലേഖനങ്ങള്‍ക്കും അതുപോലെതന്നെ നിരൂപണങ്ങള്‍ക്കും അക്ഷരാര്‍ത്ഥത്തില്‍തന്നെ കണക്കില്ല. അനേകം ഗ്രന്ഥങ്ങള്‍ക്ക്‌ അവിടുന്നെഴുതിയിട്ടുള്ള അവതാരികകളും, അഭിപ്രായങ്ങളും വേറെ. തൊടുന്നതെല്ലാം പൊന്നാക്കി മാറ്റുകയെന്നതാണ്‌ അദ്ദേഹത്തിന്റെ പ്രത്യേകത. വടക്കുംകൂര്‍ ഗ്രന്ഥനിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന ഭാഷ വളരെ ലളിതവും, സുന്ദരവും ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതുമാണ്‌. ഉള്ളൂരിന്റെ "കേരളസാഹിത്യചരിത്രവും", വടക്കുംകൂറിന്റെ "കേരളീയ സംസ്കൃത സാഹിത്യചരിത്രവും" തമ്മില്‍ ഒരു താരതമ്യപഠനം നടത്തിയാല്‍ ഈ സംഗതി വായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. ചുരുക്കം ചില ഗ്രന്ഥങ്ങളൊഴിച്ച്‌ ബാക്കിയുള്ളവയുടെയെല്ലാം വിഷയങ്ങള്‍ ഗഹനങ്ങളും, ശാസ്ത്രീയവുമായതുകൊണ്ട്‌ സാധാരണക്കാര്‍ക്ക്‌ അഭിരുചി ഉണ്ടാകുകയില്ല എന്നൊരു ദോഷം വടക്കുംകൂര്‍ കൃതികള്‍ക്കില്ലായ്കയില്ല.വടക്കുംകൂറിന്റെ മുഖ്യകൃതികളെക്കുറിച്ചൊരു ലഘുസൂചന തരികമാത്രമേ ഈ ലേഖനത്തിലൂടെ ഞാനുദ്ദേശിയ്ക്കുന്നുള്ളു. അല്ലാതെ നിരൂപണത്തിനൊന്നും മുതിരുന്നില്ല. അദ്ദേഹത്തിന്റെ സര്‍വകൃതികളേയും സ്പര്‍ശിച്ചുകൊണ്ടൊരവലോകനം നടത്തണമെങ്കില്‍ ഒരു വലിയ ഗ്രന്ഥം തന്നെ എഴുതേണ്ടതായിവരും. വടക്കുംകൂര്‍ കൃതികളെ 1) മഹാകാവ്യങ്ങള്‍; 2) ഖണ്ഡകാവ്യങ്ങള്‍; 3) പരിഭാഷകള്‍; 4) നിരൂപണങ്ങള്‍; 5) നിഘണ്ടുക്കള്‍; 6) വ്യാഖ്യാനങ്ങള്‍; 7) ജീവചരിത്രങ്ങള്‍; 8) സാഹിത്യചരിത്രം; 9) സാഹിത്യശാസ്ത്രം; 10) ഉപന്യാസങ്ങളുടേയും നിരൂപണങ്ങളുടെയും സമാഹാരങ്ങള്‍ എന്നിങ്ങനെ പലതായി തരംതിരിയ്ക്കാം.മഹാകാവ്യങ്ങള്‍:ഒന്നിലധികം മഹാകാവ്യങ്ങള്‍ രചിച്ചിട്ടുള്ള ഒരേ ഒരു കേരളീയന്‍ വടക്കുംകൂറിനുമുമ്പ്‌ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍ മാത്രമായിരുന്നു. സംസ്കൃതത്തിലും, മലയാളത്തിലുമായി എഴോളം മഹാകാവ്യങ്ങള്‍ രചിച്ച മഹാനാണദ്ദേഹം. മഹാകാവ്യ രചനയില്‍ വടക്കുംകൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‌ എതാണ്ട്‌ സമശീര്‍ഷനാണെന്ന് പറയാം. നാലോ അഞ്ചോ മഹാകാവ്യങ്ങള്‍ മലയാളത്തില്‍ അദ്ദേഹം രചിച്കിട്ടുള്ളതായി കേട്ടിട്ടുണ്ട്‌. രഘുവീരവിജയം, രാഘവാഭ്യുദയം, ഉത്തരഭാരതം, എനീ മൂന്നു മഹാകാവ്യങ്ങള്‍ പ്രസിദ്ധീകൃതങ്ങളാണ്‌. ഭാഷയുടെ ഉന്നമനത്തിന്‌ മഹാകാവ്യത്തോളം ഉതകുന്ന മറ്റൊന്നില്ലെന്ന് ഉറച്ചുവിശ്വസ്സിക്കുന്ന വ്യക്തിയാണ്‌ വടക്കുംകൂര്‍. അതുമല്ല ദ്രാവിഡവൃത്തങ്ങളേക്കാള്‍ സംസ്കൃതവൃത്തമാണ്‌ ഭാഷാപദ്യങ്ങള്‍ക്ക്‌ കൂടുതല്‍ യോചിച്ചതെന്നും അവിടുന്ന് വിശ്വസിച്ചിരുന്നു."നക്ഷത്രതാരാഗ്രഹസങ്കുലാപിജ്യോതിഷ്മതീചന്ദ്രമസൈവരാത്രീ". (നക്ഷത്രാദികള്‍ എത്രതന്നെ ശോഭിച്ചാലും രാത്രിയില്‍ വെളിച്ചം കിട്ടണമെങ്കില്‍ ചന്ദ്രന്‍ ഉദിക്കുകതനനെ വേണം. അനേകം ചെറുകാവ്യങ്ങളുണ്ടായാലും ഒരു മഹാകാവ്യരചനയുടെ ഉദ്ദേശം സഫലമാക്കാന്‍ അവ ഉപകരിക്കുകയില്ല എന്നൊരു സംശയം മേലുദ്ധരിച്ച വരികളില്‍ അദ്ദേഹം കാണുന്നുണ്ട്‌.).എന്ന കാളിദാസവചനമാണ്‌ മഹാകാവ്യരചനക്ക്‌ വടക്കുംകൂറിന്‌ മാര്‍ഗ്ഗദര്‍ശി എന്നു പറയാം.'രഘുവീരവിജയ' മാണ്‌ അദ്ദേഹത്തിന്റെ മൂന്ന് കാവ്യങ്ങളില്‍ വച്ച്‌ ചെറുത്‌. പത്ത്‌ സര്‍ഗ്ഗങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഒന്നുമുതല്‍ മൂന്നുവരെയുള്ള സര്‍ഗ്ഗങ്ങളില്‍ രഘുവന്ദനം, വാല്മീകി മുതല്‍ കുഞ്ചന്വരെയുള്ള കവികളെ സ്മരിക്കുക, മഹാകാവ്യരചനയുടെ മുഖ്യമായ ഉദ്ദേശവും, അതിന്‌ പരിപാലിയ്ക്കേണ്ട നിയമങ്ങളും, സൂര്യവര്‍ണന, രാഘവാദികളുടെ ബാല്യകാലലീലകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നാലുമുതല്‍ പത്തുവരെയുള്ള സര്‍ഗ്ഗങ്ങളില്‍ വിച്ഛിന്നാഭിക്ഷേകം മുതല്‍ ശ്രീരാമന്റെ ചിത്രകൂടപ്രവേശം വരെയുള്ള രാമായണകഥ ആഖ്യാനം ചെയ്തിരിക്കുന്നു. അര്‍ത്ഥകല്‍പ്പനാചാതുര്യം, പ്രതിപാദനവൈശിഷ്ട്യം, രചനസുഷമ, ശബ്ദഭംഗി, രസാലങ്കാരനിബന്ധന എന്നീ വിഷയങ്ങളില്‍ ഈകാവ്യം പരമോന്നതപദവി പ്രാപിക്കുന്നു. അംഗിയായ രസം ശാന്തമാണ്‌.'രാഘവാഭ്യുദയ' വും രാമായണകഥയെ ഉപജീവിച്ച്‌ എഴുതിയിട്ടുള്ളതാണ്‌. ഇരുപത്തിരണ്ടു സര്‍ഗ്ഗങ്ങളുള്ള ഈ മഹാകാവ്യത്തിന്റെ ഇതിവൃത്തം 'രാമലക്ഷ്മണന്മാര്‍ വിശ്വാമിത്രന്റെ യാഗരക്ഷ ചെയ്യുന്നതുതുടങ്ങി ജനകന്റെ മകള്‍ സീതയെ രാമന്‍ വരിക്കുന്നതുവരെയുള്ള കഥയാണ്‌. ഈ കൃതിയെപ്പോലെ 'സാഹിത്യദര്‍പ്പണകാരന്റേയും, 'കാവ്യാദര്‍ശകാരന്റേയും' സര്‍വവിധ ലക്ഷണങ്ങളുമൊത്ത വേറെ മഹാകാവ്യങ്ങള്‍ മലയാളത്തില്‍ നാളിതുവരെ ഉണ്ടായിട്ടില്ലെന്നാണ്‌ പണ്ഡിതപക്ഷം. ശബ്ദാര്‍ത്ഥപരങ്ങളായ എല്ല അലകാരങ്ങളും പ്രയോഗിക്കുക; പ്രകൃതിവിലാസങ്ങളെ വേണ്ടപോലെ വര്‍ണിക്കുക; നൂതനകല്‍പനകള്‍കൊണ്ട്‌ കാവ്യത്തെ ഭാസുരമാക്കുക തുടങ്ങിയവ ഈ കാവ്യത്തില്‍ സുലഭമാണ്‌. അദ്ദേഹത്തിന്റെ കാവ്യത്തില്‍ ദ്വിതിയാക്ഷരപ്രാസം വളരെ ശ്രദ്ധയോടുകൂടി ഉപയോഗിക്കാത്ത ഒറ്റ പദ്യംപോലും കാണുകയില്ല. പ്രാസം കാവ്യങ്ങളില്‍ വേണാമെന്നുള്ള ഒരലിഖിതനിയമത്തെ അദ്ദേഹം പിന്തുടരുന്നുണ്ടെന്ന് വായനക്കാര്‍ക്ക്‌ തോന്നിപ്പോകും. ഇതരകവികള്‍ക്ക്‌ നാലില്‍ രണ്ടു പാദങ്ങളില്‍പോലും പ്രാസപ്രയോഗം 'ബാലികേറാമല' എന്നിരിക്കേ വടക്കുംകൂര്‍ നാലു പാദങ്ങളിലും പ്രാസം നിഷ്‌പ്രയാസം കൈകാര്യംചെയ്തിരിക്കുന്നതു കാണാം. കാവ്യാലങ്കാരാദി സ്വരൂപനിരൂപണത്തിന്‌ തക്കതായ ഉദാഹരണം ആവശ്യമായിവരുമ്പോള്‍ അദ്ദേഹത്തിന്റെ ശാസ്ത്രകൃതിയായ 'സാഹിതീസര്‍വസ്വത്തില്‍' ഉദ്ധരിച്ച്ചേര്‍ത്തിരിക്കുന്നത്‌ മിക്കതും 'രാഘവാഭ്യുദയ' ത്തില്‍നിന്നെടുത്തതാണെന്ന് കാണുമ്പോള്‍ പ്രസ്തുത കാവ്യത്തിന്‌ എത്രമാത്രം സാങ്കേതിക പൂര്‍ണത കൈവന്നിട്ടുണ്ടാകുമെന്ന് സഹൃദയര്‍ക്ക്‌ ബോദ്ധ്യമാകും.മൂന്നാമത്തെ കാവ്യം ഉത്തരഭാരതമാണ്‌. ഗാത്രപുഷ്ടികൊണ്ട്‌ വടക്കുംകൂറിന്റെ മഹാകാവ്യങ്ങളില്‍ ഈ കാവ്യം മുന്നിട്ടുനില്‍ക്കുന്നു. 45 സര്‍ഗങ്ങളുള്ള പ്രസ്തുതകാവ്യത്തിന്റെ ഇതിവൃത്തം ഭാരതയുദ്ധത്തിന്‌ ശേഷം പാണ്ഡവരുടെ രാജ്യഭരണം മുതല്‍ സ്വഗ്ഗാരോഹണം വരെയുള്ള കഥയാണ്‌. ഈ കാവ്യത്തിന്‌ തല്‍കര്‍ത്താവൊരു അവതാരികയെഴുതിയിട്ടുണ്ട്‌. മഹാഭാരതത്തെക്കുറിച്ക്‌ സമഗ്രമായൊരു നിരുപണവുംകൂടിയായ ഈ അവതാരിക 452 പേജോളം വരുന്നതാണ്‌. ലോകം അറിഞ്ഞിരിക്കേണ്ട അനേകം 'ധര്‍മതത്ത്വങ്ങള്‍' അദ്ദേഹം ഈ കാവ്യത്തില്‍ക്കൂടി ഉപദേശിക്കുന്നുണ്ട്‌. ഇതിവൃത്തമഹത്വം, യുധിഷ്ടിര ഭരണം. ഭരണരീതി, യാഗം, ധൃതരാഷ്ട്രരുടെ വാനപ്രസ്ഥം, ആശ്രമവാസം, വ്യാസാഗമനം, യുദ്ധത്തില്‍ മരിച്ചവരെ വ്യാസന്‍ തപോബലംകൊണ്ട്‌ വരുത്തുന്നത്‌, യാദവകുലനാശം, സ്വര്‍ഗാരോഹണം തുടങ്ങി അസംഖ്യം കഥകള്‍ ഉത്തരഭാരതത്തില്‍ ചുരുക്കിയും, വിസ്തരിച്ചും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രസങ്ങളില്‍ ശാന്തം, (ഭാരതത്തിലെ അംഗിയായ രസം ശാന്തമാണെന്നാണ്‌ പണ്ഡിതമതം) കരുണം, (ഭക്തിയും ഒരു രസമായി ഇതില്‍ പ്രയോഗിച്ചിരിക്കുന്നു), ശൃംഗാരം, ബീഭത്സം, (രണ്ടും പേരിനുമാത്രം) എന്നിവ മുഖ്യമായി പ്രയോഗിച്ചിരിക്കുന്നു. ബീഭത്സത്തിനൊരുദാഹരണം കാണിക്കാം. "പച്ചമാംസനിരപാകമാക്കുവാന്‍വെച്ചതില്‍ കൃമികള്‍ സഞ്ചരിപ്പതായ്‌.........................വാട്ടമാളിന മൃഗാസ്ഥിതന്‍ മുറി-ക്കൂട്ടമങ്കണതലത്തിലുള്ളതായ്‌" എന്ന് അറപ്പും വെറുപ്പും തോന്നത്തക്കവിധം പ്രയോഗിച്ചിരിക്കുന്നു. ദേശകാലാതിവര്‍ണനകള്‍, വിവിധാലങ്കാരപ്രയോഗം മുതലായ ഉത്തമകാവ്യങ്ങള്‍ക്ക്‌ വിഷയീഭവിക്കേണ്ടതെല്ലാം ഈ കാവ്യത്തിലും ഉടനീളം കാണാം. വ്യാസാശ്രമവര്‍ണന തുടങ്ങുന്ന ഭാഗം നോക്കുക.'ഹരിണം ഹരി ഗോവ്യാഘ്രം കരിയിജ്ജന്തു പംക്തികള്‍തരിക്കും വൈരമില്ലാതെപരിക്രീഡിച്ചിടുന്നതായ്‌'.(ആശ്രമസമീപത്തില്‍ വസിക്കുന്ന ദുഷ്ടമൃഗങ്ങളും ശാന്തമൃഗങ്ങളും ജന്മനാ ബദ്ധശത്രുക്കളെങ്കിലും തപശക്തികൊണ്ട്‌ പരിപാവനമായിരിക്കുന്ന പുണ്യഭൂവില്‍ അവ ശത്രുതയെല്ലം വെടിഞ്ഞ്‌ മിത്രങ്ങളെന്നോണം മേവുന്നുവെന്ന് സാരം.).സരസമായ ഒരു മധുപാനവര്‍ണനയുടെ ഭാഗം ഉദ്ധരിക്കാം.'അനന്യസാധാരണമുള്‍പ്രമോദ-മനന്തമേകം മധുദേവിയാളെവിനഷ്ടസര്‍വെതരചിന്തരായ-ജ്ജനങ്ങള്‍ സേവിപ്പതിനുദ്യമിച്ചാല്‍..........................മിടുക്കു കൈകൊണ്ടഥ മദ്യകുംഭ-മെടുത്തു വക്തത്തൊടു ചേര്‍ത്തൊരുത്തന്‍,അടുത്തിരിപ്പോര്‍ കൊതി പൂകിടുമ്മാ-റൊടുക്കമില്ലാതെ കുടിച്ചു താനേ!'യാദവന്മാര്‍ക്കു കിട്ടിയ ശാപഫലോദയകാലം സമാഗതമായപ്പോള്‍ അര്‍ക്കിടയില്‍ മദ്യപാനവും തുടര്‍ന്ന്‌ പരസ്പരം കലഹങ്ങളും മൂലം യാദവകുലം നശിക്കുന്നതിനെയാണ്‌ മുകളിലെ പദ്യങ്ങളില്‍ വര്‍ണിച്ചിരിക്കുന്നത്‌. ഈ കാവ്യത്തെപ്പറ്റി വളാരെയേറെ പറയാനുണ്ടെങ്കിലും, വിസ്തരഭയത്താല്‍ ഇവിടെ അവസാനിപ്പിക്കുകയാണ്‌.കാവ്യങ്ങള്‍:ഖണ്ഡകാവ്യങ്ങള്‍ നാലെണ്ണം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. "ലഘുമഞ്ജരി" മഹാഭാരതത്തില്‍ പുരുവിന്റെ കഥയെ ആസ്പദമാകിയുള്ളതാണ്‌. മഹാഭാരതത്തിലെ സൗപ്തികപര്‍വത്തില്‍ വിവരിച്ചിരിക്കുന്ന ദ്രോണപുത്രനായ അശ്വത്ഥാമാവിനെയും ധൃഷ്ടദ്യുന്മനെയും മറ്റും വധിക്കുന്ന കഥയാണ്‌ 'ദ്രൗണീപ്രഭാവം' എന്ന കാവ്യത്തിലെ വിഷയം. ഉള്ളൂരിന്റെ ചരമത്തെ അനുശോചിച്ചെഴുതിയതാണ്‌ 'മഹച്ചരമം' എന്ന കാവ്യം.91 പദ്യങ്ങളടങ്ങിയ ഒരു സ്തോത്രകാവ്യമാണ്‌ 'ഗൗരീലഹരീസ്തോത്രം'. 'സ്രഗ്ദ്ധരാവൃത്ത'ത്തില്‍ ഈ കാവ്യം എഴുതപ്പെട്ടിരിക്കുന്നു. വ്യാഖ്യാനങ്ങള്‍: പല സംസ്കൃതകാവ്യങ്ങളില്‍നിന്നും പ്രധാനപ്പെട്ട ഭാഗങ്ങള്‍ തെരഞ്ഞെടുത്ത്‌ അവയെ പരിഭാഷചെയ്ത്‌ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതാണ്‌ 'അന്യോക്തിമുക്താലത' എന്ന ഗ്രന്ഥം. 'ശൈലീപ്രദീപം' എന്നൊരു നിഘണ്ടു വടക്കുംകൂര്‍ രചിച്ചിട്ടുണ്ട്‌. സാധാരണ നടപ്പിലിരിക്കുന്ന പഴയ ശൈലികളുടേയും, പഴഞ്ചൊല്ലുകളുടേയും അര്‍ഥം ഉദാഹരണസഹിതം ഇതില്‍ വിവരിച്ചിരിക്കുന്നു. പല സ്തോത്രങ്ങള്‍ക്കും കാവ്യങ്ങള്‍ക്കും വടക്കുംകൂര്‍ വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്‌. ജഗനാഥപണ്ഡിത മഹാകവിയുടെ 'കരുണാലഹരി' എന്ന സ്തോത്രത്തിന്‌ ഒരു വിസ്തൃതമായ വ്യാഖ്യാനം അദ്ദേഹം എഴുതിയിട്ടുണ്ട്‌. മേല്‍പത്തൂരിന്റെ പ്രസിദ്ധമായ 'നാരായണീയ'ത്തിന്‌ സംകൃതത്തിലും മലയാളത്തിലും അനേകം വ്യാഖ്യാനങ്ങള്‍ ഉള്ളതുകൂടാതെ പദാനുപദവിവര്‍ത്തനവും ഉണ്ട്‌. നാരായണീയത്തിന്‌ പണ്ഡിതരാജന്‍ പി. എസ്‌. അനന്തനാരായണ ശാസ്ത്രിയും വടക്കുംകൂറും ചേര്‍ന്നെഴുതിയ ഭാഷാവ്യാഖ്യാനം മംഗളോദ്യം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അറുപതാം ദശകത്തിനുശേഷമുള്ള വ്യാഖ്യാനം വടക്കുംകൂറിന്റെതാണ്‌.കേരളത്തില്‍നിന്നുണ്ടായിട്ടുള്ള സംസ്കൃതസന്ദേശകാവ്യങ്ങളില്‍ എന്തുകൊണ്ടും ഉല്‍കൃഷ്ടസ്ഥാനത്തെ അര്‍ഹിക്കുന്ന ഒന്നാണ്‌ ലക്ഷ്മീദാസന്റെ 'ശുകസന്ദേശം'. വ്യംഗ്യാര്‍ഥത്തിന്‌ പ്രാധാന്യം കൊടുത്തുകൊണ്ടാണ്‌ ഈ കാവ്യം രചിച്ചിരിക്കുന്നതെന്ന് കൈവാക്യത്താല്‍ സ്പഷ്ടമാണ്‌."വ്യങ്ങ്‌ഗ്യോത്തം സൈരിവരസ വിദസ്സല്‍ക്ക-വീനാം പ്രബന്ധൈ:പ്രീതിര്‍മന്യേ മനസി ഭവതസ്ഫീത-താമേഷ്യതീതി".("ഉണ്ടാം വ്യംഗാര്‍ഥമേന്തും സരസകവികള്‍ തന്‍കാവ്യബന്ധങ്ങള്‍ കണ്ടി-ട്ടുണ്ടാകുംപോലെയുള്ളില്‍സ്സരസവര! രസംകൂടുമേറ്റം ദൃഢം തേ". --തര്‍ജ്ജമ: കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍.)ഇങ്ങിനെയുള്ള കാവ്യങ്ങള്‍ എത്രയും ശ്രദ്ധയോടുകൂടി ഭാഷാന്തരീകരിച്ചാലും മൂലത്തിന്റെ പൂര്‍ണത കൈവരികയില്ല. എന്നിരുന്നാലും മഹാകവി കുഞ്ഞിക്കുട്ടന്തമ്പുരാന്‍ ഈ വിഷയത്തില്‍ ലക്ഷ്മീദാസന്റെ അരികില്‍ചെന്നെത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പറയാം. 'ഭാഷാശുകസന്ദേശത്തിനാണ്‌' വ്ടക്കുംകൂര്‍ വ്യാഖ്യാനം രചിച്ചിട്ടുള്ളത്‌. വിവര്‍തനകാരന്‌ എത്തിപ്പിടിക്കാന്‍ പറ്റാത്ത പല ആശയങ്ങളും വ്യാഖ്യാതകാരന്‍ വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്‌. ഭാരതത്തിലെ പ്രമുഖ സംസ്കൃത വ്യാഖ്യാതാവായ 'മല്ലിനാഥ'ന്‌ സമശീര്‍ഷനായ 'പൂര്‍ണസരസ്വതി'യുടെ വ്യാഖ്യാനശൈലിയെ അനുകരിച്ചാണ്‌ വ്ടക്കുംകൂര്‍ വ്യാഖ്യാനമെഴുതിര്യിരിക്കുന്നത്‌.ആ മഹാന്റെ (പൂര്‍ണസരസ്വതി) വ്യാഖ്യാനസരണി മല്ലിനാഥനടക്കം മറ്റു ഭാരതീയവ്യാഖ്യാനകാരന്മാരില്‍നിന്നും പല വിധത്തിലും വേര്‍പെട്ടു നില്‍ക്കുന്നതുകൊണ്ടും, സര്‍വലക്ഷണയുക്തമായതിനാലും, ആ ശൈലി ഭഷയിലും ഉണ്ടായി അഭിവൃദ്ധിപ്പെടണമെന്ന വടക്കുംകൂറിന്റെ ആഗ്രഹമാണ്‌ ഇങ്ങനെ അനുകരിക്കാന്‍ കാരണമെന്ന് അദ്ദേഹംതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഈ വ്യാഖ്യാനത്തിന്റെ മറ്റൊരു പ്രത്യേകത ശ്ലോകങ്ങളുടെ വ്യാഖ്യാനം മാത്രമല്ല ഇതിലുള്ളത്‌ എന്നതാണ്‌. സന്ദേശകാവ്യങ്ങളില്‍, സന്ദേശവുമായി പോകുമ്പോള്‍ മാര്‍ഗമധ്യേയുള്ള പല സ്ഥലങ്ങളുടേയും, പ്രത്യേകിച്ച്‌ അമ്പലങ്ങള്‍, രാജകൊട്ടാരങ്ങള്‍, ഉദ്യാനങ്ങള്‍ അതാത്‌ സ്ഥലങ്ങളിലെ ഭൂമിശസ്ത്രം എന്നിവയെയും പരിചയപ്പെടുത്റ്റുക പതിവാണല്ലോ. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വ്യാഖ്യാതാവ്‌ ദേശചരിത്രങ്ങളും, ഐതീഹ്യങ്ങളും പ്രതിപാദ്യവിഷയമാക്കിയിട്ടുണ്ട്‌. മൂലവും ചേര്‍ത്താണ്‌ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നൊരു മേന്മയും ഇതിനുണ്ട്‌.വടക്കുംകൂറിന്റെ വ്യാഖ്യാനങ്ങളില്‍ എറ്റവും കൂടുതല്‍ ജനപ്രീതിനേടിയിട്ടുള്ളതും, മുഖ്യമായതും 'കൃഷ്ണഗാഥാ'വ്യാഖ്യാനമാണ്‌. അതിനദ്ദേഹം എഴുതിച്ചേര്‍ത്തിട്ടുള്ള 'ഗാഥപ്രവേശിക'യും, 'ടിപ്പണി'യും വായിച്ചുപഠിച്ചാല്‍ കൃഷ്ണഗാഥയെന്ന ഉല്‍കൃഷ്ടകൃതിയെക്കുറിച്ച്‌ അറിയേണ്ടതെല്ലാം ലഭ്യമാകും. കൃഷ്ണഗാഥയുടെ കര്‍ത്താവ്‌ ചെറുശ്ശേരി നമ്പൂതിരിയാണെന്ന് സകലരും വിശ്വസിക്കുന്നുണ്ടെകിലും, വടക്കുംകൂരിന്റെ അഭിപ്രായം 'പുന'മാണെന്നാണ്‌. കൃഷ്ണഗാഥയുടെ കിട്ടാവുന്നത്ര താളിയോലഗ്രന്ഥങ്ങളും അതുപോലെതന്നെ അച്ചടിച്ച പുസ്തകങ്ങളും ശ്രദ്ധയോടെ പരിശോധിച്ച്‌ വിട്ടുപോയതും സ്ഥാനം തെറ്റിയതുമായ വരികളേയും മറ്റും വേണ്ടതായ സ്ഥാനത്ത്‌ ചേര്‍ത്ത്‌ ശുദ്ധപാഠം തയ്യാറാക്കി വടക്കുംകൂര്‍ ഈ കൃതി പ്രസിദ്ധീകരിച്ചത്‌ സഹൃദയലോകത്തിന്‌ വളരെ ഉപകാരമായിട്ടുണ്ട്‌.ജീവചരിത്രങ്ങള്‍:സംസ്കൃതസാഹിത്യത്തിലെയും ഭാഷാസാഹിത്യത്തിലെയും തലയെടുപ്പുള്ള നായകന്മാരുടെ ജീവചരിത്രങ്ങള്‍ രചിച്ച്‌ മലയാളികളുടെ അറിവ്‌ വര്‍ദ്ധിപ്പിക്കണമെന്ന ആഗ്രഹത്താല്‍ അദ്ദേഹം രചിച്ചവയാണ്‌ (1) ശ്രീ കാളിദാസന്‍; (2) മേല്‍പ്പത്തൂര്‍ നാരായണ ഭട്ടത്തിരി; (3) ജഗദ്ഗുരു ശങ്കരാചാര്യര്‍; (4) ക്ഷേമേന്ദ്രന്‍; (5) ശ്രീ വാല്മീകി; (6) ഉള്ളൂര്‍ മഹാകവി; (7) മഹാകവി രാമപാണിവാദന്‍ എന്നീ കൃതികള്‍.സാഹിത്യചരിത്രം:വടക്കുംകൂറിനെപ്പറ്റി എഴുതുമ്പോള്‍ വിസ്മരിക്കാന്‍ പാടില്ലാത്ത ഒന്നാണ്‌ അദ്ദേഹം വളരെ ക്ലേശങ്ങല്‍ സഹിച്ചും, വര്‍ഷങ്ങളോളം ഗവേഷണം ചെയ്തും, എഴുതിയ 'കേരളീയ സംസ്കൃതസാഹിത്യചരിത്രം'. ലോകസാഹിത്യത്തിലെ തന്നെ മഹാത്ഭുതങ്ങളില്‍ ഒന്നായി ഇതിനെ ഗണിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഭാരതത്തിലെ വേറൊരു സംസ്ഥാനത്തെ സംസ്കൃതസാഹിത്യത്തെക്കുറിച്ചും ഇത്രയും വിപുലവും സര്‍വലക്ഷണവുമൊത്തൊരു ചരിത്രം ആരും ഇന്നുവരെ രചിച്ചിട്ടുമില്ല. ആറു ഭാഗങ്ങളായിട്ടാണ്‌ പ്രസ്തുതഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ഒന്നാം ഭാഗം കേരളത്തിന്റെ ഉത്ഭവവും, പഴക്കവും, മാഹാത്മ്യവും, മറ്റും വിവരിച്ചുകൊണ്ടാണ്‌ ആരംഭിക്കുന്നത്‌. കേരളത്തിലെ അനേകം സ്വകാര്യഗ്രന്ഥപ്പുരകളേയും, അവിടെ ചിതലിനിരയായിക്കൊണ്ടിരിക്കുന്നതുമായ താളിയോലഗ്രന്ഥങ്ങളെക്കുറിച്ച്‌ അടുത്തതായി പ്രതിപാദിക്കുന്നു. കേരളത്തിലെ സംസ്കൃതവിദ്യാഭ്യാസത്തെപ്പറ്റിയുള്ള വിവരണമാണ്‌ അടുത്തത്‌. വേദാന്തം, വ്യാകരണം, ജ്യോതിഷം, മന്ത്രതന്ത്രാദികള്‍, കഥകളി, ശില്‍പ്പം, രാജനീതി എന്നിവയെ പരാമര്‍ശിചശേഷം, വരരുചി, പ്രഭാകരമിശ്രന്‍, സുകുമാരന്‍, കുലശേഖരന്‍, വാസുദേവഭട്ടത്തിരി, തോലന്‍, ശങ്കരാചാര്യര്‍, വില്വമംഗലം, ശക്തിഭദ്രന്‍, രാഘവാനന്ദന്‍, വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരി, നീലകണ്ഠസോമയാജി, ദേശമങ്ങലത്തു വാര്യന്മാര്‍ തുടങ്ങി അസംഖ്യം കവികളെയും, ശസ്ത്രകാരന്മാരെപ്പറ്റി ദീര്‍ഘമായിത്തന്നെ ചര്‍ച ചെയ്യുന്നുണ്ട്‌. രണ്ടാംഭാഗത്തില്‍ കേരളത്തിന്റെ പൂര്‍വസ്ഥിതി, സംസ്കൃതത്തിന്റെ ആഗമം, സംസ്കൃതവും മലയാളഭാഷയുടെ പരിവര്‍ത്തനവും, കേരളത്തിലെ ആചാരങ്ങളും വിശേഷാഘോഷങ്ങളും, ജനസമുദായം, ദേവാലയങ്ങളും സംസ്കാരാഭിവൃത്തിക്ക്‌ അവ്ക്കുള്ള ബന്ധം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പ്രഗത്ഭമാംവണ്ണം വിവരിക്കുന്നു. പൂര്‍ണ്ണ സരസ്വതി മുതല്‍ അച്യുതപിഷാരൊടിവരെ അസംഖ്യം മഹാന്മാരെയും, അവരുടെ കൃതികളെയും കുരിച്ചുള്ള പഠനമാണ്‌ അടുത്തത്‌. കാളിദാസന്റെ 'മേഘദൂതി'ന്‌ സംസ്കൃതത്തിലും മറ്റു ഭാരതീയ ഭാഷകളിലുമായി അസംഖ്യം വ്യാഖ്യാനങ്ങളുണ്ട്‌. സംസ്കൃത വ്യാഖ്യാനങ്ങളില്‍ മല്ലിനാഥന്റെയും, പൂര്‍ണ്ണസരസ്വതിയുടെ 'വിദ്യുല്ലത'യും, പയ്യൂര്‍പട്ടേരിമാരിലാരോ രചിച്ച 'സുമനോരമണി'യും പ്രാധാന്യമര്‍ഹിയ്ക്കുന്നവയാകുന്നു. ഈ മൂന്നു വ്യാഖ്യാനങ്ങളെയും കുരിച്ചൊരു താരതമ്യപഠനം നടത്തി ഓരോരൊ അംശങ്ങളില്‍ അവരിലോരോരുത്തര്‍ക്കുമുള്ള മഹത്വത്തെ വടക്കുംകൂര്‍ കേരളീയ സംസ്കൃത സാഹിത്യചരിത്രത്തില്വിവരിക്കുന്നത്‌ വായിക്കേണ്ട ഒന്നാണ്‌. മൂന്നാംഭാഗം മഹാനായ മേല്‍പത്തൂര്‍ നാരായണ ഭട്ടതിരിയേയും അദ്ദേഹത്തിന്റെ കൃതികളെയും കുറിച്ചുള്ള പഠനത്തോടെ ആരംഭിക്കുന്നു. 180 പേജോളം വരുന്ന ഈ അദ്ധ്യായം കേരള സംസ്കൃത സാഹിത്യചരിത്രത്തിലെ നാഴികക്കല്ലാണെന്നു പറയാം. മേല്‍പത്തൂരിനെക്കുറിച്ച്‌ പല പുതിയ വിവരങ്ങളും വടക്കുംകൂര്‍ വെളിപ്പെടുത്തുന്നുണ്ട്‌. മേല്‍പത്തൂരിന്റെ സാഹിത്യസംഭാവനകളില്‍ മുഖ്യമായി പരിലസിക്കുന്ന പ്രബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ജീവിതകാലം, എത്രവയസ്സുവരെ ജീവിച്ചിരുന്നു എന്നുള്ളതും മറ്റുമാണീ പുതിയ അറിവുകള്‍. പിന്നീട്‌ മേല്‍പത്തൂരിന്റെ സമകാലികരായ മാനവേദന്‍, നാരായണപണ്ഡിതന്‍, കുട്ടഞ്ചേരി തുടങ്ങിയവരെക്കുറിച്ക്‌ പരാമര്‍ശിക്കുന്നു. മംഗലശ്ശേരി-പണക്കാട്‌ നമ്പൂതിരിമാര്‍, രുദ്രദാസന്‍, മഹാനദപൂര്‍ണന്‍, രവിവര്‍മകുലശേഖരന്‍ തുടങ്ങിയവരെപ്പറ്റിയാണ്‌ അനന്തരപരാമര്‍ശം. നാലാംഭാഗം രാമപാണിവാദന്റെ ദീര്‍ഘമായൊരു ചര്‍ചയോടെ ആരംഭിക്കുന്നു. 150 പേജോളം വരുന്ന ഈ ഭാഗത്ത്‌ പാണിവാദന്റെ നാനാമുഖമായ സാഹിത്യസപര്യയെ വിലയിരുത്തുന്നു. "രാമപാണിവാദനും കുഞ്ചന്‍ നമ്പ്യാരും രണ്ടുപേര്‍ തന്നെ" എന്ന വടക്കുംകൂരിന്റെ അഭിപ്രായത്തെ ഇവിടെ ആവര്‍ത്തിച്ച്‌ പറയുന്നുണ്ട്‌. രാഷ്ട്രത്തിന്റെ സ്ഥിതി, ചില ജ്യോതിഷഗ്രന്ഥങ്ങള്‍, സ്വാതിതിരുനാള്‍, അശ്വതിതിരുനാള്‍ തുടങ്ങി കൈക്കുളങ്ങര രാമവാര്യര്‍ വരെ അസംഖ്യം പ്രഗത്ഭവ്യക്തികളെക്കുറിച്ച്‌ പിന്നീട്‌ പരാമര്‍ശിക്കുന്നു. അഞ്ചാംഭാഗം "കേരളവര്‍മ വലിയകോയിത്തമ്പുരാ"ന്റെ ചരിത്രത്തോടെ ആരംഭിക്കുന്നു. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങി ആധുനികരായ കവികളെക്കുറിച്ച്‌ ഇതില്‍ തുടര്‍ന്നു പരാമര്‍ശിക്കുന്നു. ആറാംഭാഗം 13 അദ്ധ്യായങ്ങളുള്ളതാണ്‌. കവിത്രയങ്ങളടക്കം അസംഖ്യം ആധുനിക കവികളെയും പണ്ഡിതന്മാരെയും അവരുടെ കൃതികളെയും കുറിച്ച്‌ ഈ ഭാഗത്തില്‍ വിലയിരുത്തുന്നുണ്ട്‌. ഇത്രയുംകൊണ്ട്‌ വടക്കുംകൂറിന്റെ 'കേരള സംസ്കൃത സാഹിത്യചരിത്രം' പരിസമാപ്തിയിലെത്തുന്നു. മഹാകവി ഉള്ളൂരിന്റെ "കേരളസാഹിത്യചരിത്രത്തിന്‌" വടക്കുംകൂര്‍ രചിച്ച 'ചര്‍ച്ചയും പൂരണവും' രണ്ടുവാല്യങ്ങളിലായി മംഗളോദയം 1967-ല്‍ പ്രസിദ്ധീകരിച്ചു. ഒന്നാം ഭാഗത്തില്‍ സാഹിത്യചരിത്രത്തിലെ മൂന്നു ഭാഗങ്ങളും, രണ്ടാം ഭാഗത്തില്‍ ശേഷിച്ച രണ്ടു ഭാഗങ്ങളും ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നു. ഉള്ളൂരിന്റെ കാലശേഷം വടക്കുംകൂറിന്‌ ഗവേഷണഫലമായി കിട്ടിയ പല പുതിയ അറിവുകളും, സാഹിത്യചരിത്രത്തില്‍ എതദ്വിഷയകമായിപ്പറഞ്ഞിരിക്കുന്ന കാര്യങ്ങളും യഥാവിധി പരിശോധിച്ച്‌, തെറ്റുകള്‍ കടന്നുകൂടിയിട്ടുള്ളവയെ തിരുത്തുകയും കൂട്ടിച്ചേര്‍ക്കേണ്ടവയെ ചേര്‍ക്കുകയും, അവയെ വേണ്ടപ്രകാരത്തില്‍ വ്യാഖ്യാനിച്ചും ഈ കൃതി രചിച്ചിരിക്കുന്നു. ഉള്ളൂരിനോട്‌ വടക്കുംകൂറിനുണ്ടായിരുന്ന അകമഴിഞ്ഞ ആദരമൊന്നുമാത്രമാണ്‌ ഈ പൂരണത്തിന്‌ അദ്ദേഹത്തെ പ്രേരിപ്പിച്ച സംഗതി എന്ന് മുഖവുരയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. നാല്‍പ്പതോളം പേജുകള്‍ വരുന്ന മുഖവുരതന്നെ ഉള്ളൂരിന്റെ സാഹിത്യവ്യവസായത്തിലെ നാനാമുഖനേട്ടങ്ങളെ വിലയിരുത്തുന്ന ഒന്നാണ്‌. 'ഓടുന്നവനും, ഓടിക്കുന്നവനും', ബുദ്ധിമുട്ട്‌ ഒന്നുപോലെയാണെന്ന് പറയുന്ന മാതിരി, സാഹിത്യചരിത്രമെഴുതാന്‍ ഉള്ളൂര്‍ എത്രമാത്രം കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ടോ, അത്രയുംതന്നെ മുദ്ധിമുട്ടിയാണ്‌ വടക്കുംകൂര്‍ അതിന്‌ പൂരണമെഴുതിയിരിക്കുന്നതെന്ന് കാണാന്‍ കഴിയും.സാഹിത്യശാസ്ത്രം, സാഹിത്യമഞ്ജുഷിക (മൂന്നുഭാഗം), സംസ്കൃതസാഹിത്യം, സാഹിത്യഹൃദയം, സാഹിത്യകൗസ്തുഭം, സാഹിത്യനിധി, കൈരളീ മാഹാത്മ്യം, സാഹിത്യവും പുരുഷാര്‍ഥവും, ഭാഷാചമ്പു, മഹാഭാരതനിരൂപണം എന്നിവയാണ്‌ അദ്ദേഹത്തിന്റെ മുഖ്യ ഇതര കൃതികള്‍. കൂടാതെ അസംഖ്യം ഭാഷാകൃതികളും, സംസ്കൃതകൃതികളും പ്രസാധനം ചെയ്ത്‌ കൈരളിയെ ധന്യമാക്കിയിട്ടുണ്ട്‌. എണ്ണിയാല്‍ തീരാത്തത്രയും കവിതകളും, ലേഖനങ്ങളും, അഭിപ്രായങ്ങളും എഴുതി പല മാസികകളിലും, ആഴ്ചപ്പതിപ്പുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഏറ്റവും വലിയ നിരൂപണം 'ഭാരത നിരൂപണ'മാണ്‌. മഹാഭാരതത്തെക്കുറിച്ച്‌ സമഗ്രവും, വിജ്ഞേയവുമായ ഒരു പഠനമാണിത്‌. ലോകതത്വങ്ങള്‍ മഹാഭാരതത്തില്‍ അടങ്ങിയിട്ടുള്ളവയെല്ലാം വിദഗ്ദ്ധമാംവണ്ണം കൈകാര്യം ചെയ്ത്‌ അവയെ വായനക്കാരുടെ ഹൃദയത്തില്‍ പ്രതിഷ്ടിക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌. പ്രസ്തുത കൃതി ഇതുവരെ അച്ചടിച്ചിട്ടില്ലാ എന്നു കാണുന്നു. അച്ചടിച്ചാല്‍ ഏകദേശം 2000 പുറത്തോളം വരുമെന്നാണ്‍` അതിന്റെ കയ്യെഴുത്തുപ്രതി കണ്ടിട്ടുള്ളവര്‍ അഭിപ്രായം പ്രകടിപ്പിച്കിരിക്കുന്നത്‌. അപ്പോള്‍ കേ. സംസ്കൃതസാഹിത്യചരിത്രത്തിന്റെ മൂന്നില്‍ രണ്ടു വലിപ്പമെങ്കിലും ഈ കൃതിക്ക്‌ വന്നേക്കാവുന്നതാണ്‌. ഈ നിരൂപണം അദ്ദേഹത്തിന്റെ അവതാരികയ്ക്ക്‌ പുറമേയാണെന്ന് ഓര്‍ക്കുന്നതു കൊള്ളാം.എഴുത്തച്ഛനേയും, മഹാകവി വള്ളത്തോളിനേയും പോലെ സംസ്കൃതംകൊണ്ട്‌ മലയാളാത്തെ പോഷിപ്പിച്ചവരില്‍ ഒരഗ്രിമസ്ഥാനം കവിതിലകന്‍ വടക്കുംകൂറിനുണ്ടെന്ന് സംശയം കൂടാതെ പറയാം. യഥാര്‍ഥപണ്ഡിതശൃംഖലയുടെ അവസാന കണ്ണിയെന്ന് വിശേഷിപ്പിക്കേണ്ടുന്ന വടക്കുംകൂര്‍ കേരളീയ സാഹിത്യവേദിയെ അനാഥമാക്കിക്കൊണ്ട്‌ 1970 ഫെബ്രുവരി 27-ന്‌ വൈകുന്നേരം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.------00000------15.6.08