Sunday, 2 March 2008

Kallarakkal Temple Samucchayam

കല്ലറയ്ക്കല്‍ മഹാദേവ-മഹാവിഷ്ണു ക്ഷേത്രം - ഒരു വീക്ഷണം.
(രാജുവിളാവത്ത്‌).

ഒരിയ്ക്കലെങ്കിലും മലനാട്‌ സന്ദര്‍ശിച്ചിട്ടുള്ളവര്‍, ആ ദൃശ്യ സൗന്ദര്യം ആസ്വദിച്ചിട്ടുള്ളവര്‍, പറയുന്ന ഒരുകാര്യമുണ്ട്‌. അതെന്താണെന്നുവച്ചാല്‍ ദൈവം കനിഞ്ഞു നല്‍കിയ വരദാനം തന്നെ. അതായത്‌ "പ്രകൃതിഭംങ്ങി" തന്നെ. അല്ലാതെന്ത്‌! വിദേശികളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട.!എല്ലാവരാലും ഒരേപോലെ പുകഴ്ത്തുന്ന കേരളത്തിന്റെ ഒരുഭാഗത്ത്‌ ശാന്തസുന്ദരമായ ഒരുഗ്രാമമുണ്ട്‌. കൂവപ്പടി. എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനും കാലടിക്കും എതാണ്ട്‌ മദ്ധ്യ ഭാഗത്തായി കിടക്കുന്ന ഒരുഗ്രാമമാണിത്‌.ഈ നാട്ടുകാര്‍ക്ക്‌ ഒരാശ്രയമായി, സകലപാപസങ്കടനിവാരണാര്‍ത്ഥം നിലകൊള്ളുന്ന ഒരു പുണ്ണ്യ ക്ഷേത്രമാണ്‌ കല്ലറക്കല്‍ മഹാദേവ-മഹാവിഷ്ണു ക്ഷേത്രം.

ഐതീഹ്യം: വാമൊഴി പ്രകാരം ഈ ക്ഷേത്രം ശങ്കരാചാര്യരുടെ കാലത്തിനു മുമ്പോ അക്കാലം തൊട്ടോ നിലനിന്നിരുന്നതായി കാണുന്നു. ശങ്കരാചാര്യരുടെ കാലം എട്ടാം നൂറ്റാണ്ടിന്റെ അവസാനവും ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യവും ആണെന്നിരിയ്ക്കെ (788-820) പ്രസ്തുത ക്ഷേത്രത്തിന്‌ ആയിരത്തി ഇരുനൂറു കൊല്ലത്തെ പഴക്കം ഉണ്ടെന്നനുമാനിയ്ക്കാം. വേറൊരൈതീഹ്യമുള്ളത്‌ ഇങ്ങിനെയാണ്‌. ടിപ്പു സുല്‍താന്റെ കാലത്ത്‌, അദ്ദേഹത്തിന്റെ പടയോട്ടക്കാലത്ത്‌, ഈ ക്ഷേത്രവും അക്രമിച്ച്‌ കേടുവരുത്തിയതായി പറയുന്നുണ്ട്‌. ഏതായാലും ക്ഷെത്രം പത്തുനാല്‍പതുവര്‍ഷം മുന്‍പ്‌ കിടന്നിരുന്ന സ്ഥിതി കണ്ടിട്ടുള്ളവര്‍ക്ക്‌ പ്രസ്തുത ഐതീഹ്യം വാസ്ഥവമല്ലേ എന്നു തോന്നുന്നതില്‍ അത്ഭുതമില്ല. പണ്ടു കാലത്ത്‌ ഇവിടം കേരള ബ്രാഹ്മണരെന്നറിയപ്പെട്ടിരുന്ന നമ്പൂതിരിമാരുടെ അഗ്രഹാരമയിരുന്നു എന്നാണ്‌ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്‌. വെട്ടുകല്ലു(അഥവാ ചെങ്കല്ല്‌)കൊണ്ടു നാലുവശവും ചതുരാകൃതിയില്‍ മേല്‍കൂരയില്ലാതെയായിരുന്നു ശ്രീകോവില്‍ പണിതിരുന്നത്‌. പ്രസ്തുതശ്രീകോവില്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍ എന്റെ കുട്ടിക്കാലത്ത്‌ കാണാനിടവന്നിട്ടുണ്ട്‌. കല്ലറയ്ക്കല്‍ എന്ന നാമവും ഇങ്ങിനെ കല്ലുകൊണ്ടുണ്ടാക്കിയതായതുകൊണ്ടാണെന്നൂഹിക്കാം.

ഈ ഗ്രാമ നിവാസിയായ ഒരു ബ്രാഹ്മണ ദമ്പതിമാര്‍ക്ക്‌ വിവാഹശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സന്താനഭാഗ്യം ഉണ്ടായില്ല.ത്രിശിവപേരൂര്‍ വടക്കുംനാഥന്റെ ഒരുത്തമ ഭക്തയായ ആ അന്തര്‍ജനത്തിന്റെ നിര്‍ബന്ധം നിമിത്തം അവര്‍ വടക്കുംനാഥന്റെ നടയില്‍ 41-ന്ന് ദിവസ്സം ഭജനമിരിക്കാന്‍ നിശ്ചയിച്ചു. ആതുപ്രകാരം 41-ന്ന് ദിവസ്സത്തെ ഭജനം കഴിഞ്ഞ്‌ സ്വഗൃഹത്തിലേക്കു മടങ്ങി. അധികം താമസ്സിയാതെ അന്തര്‍ജനം ഗര്‍ഭം ധരിക്കുകയും ഒരാണ്‍കുഞ്ഞിന്‌ ജന്മം നല്‍കുകയും ചെയ്തു.ഭഗവാനോടുള്ള അമിതമായ ഭക്തി നിമിത്തം ആ കുടുംബക്കാരും നാട്ടുകാരും ചേര്‍ന്ന്‌ ഒരമ്പലം പണിത്‌ അതില്‍ ശിവപ്രതിഷ്ഠ നടത്തി, കൂടാതെ മറ്റൊരു ശ്രീകോവിലില്‍ ശ്രീകൃഷ്ണനേയും ഇരുത്തി നിത്യപൂജ, ഉത്സവം മുതലായവ മുടങ്ങാതെ നടത്തിവന്നു. ക്ഷേത്രത്തിന്റെ വടക്കുകിഴക്കായി ഒരു ദേവിചൈതന്യം കാണുന്നതായും അവിടെ ആദ്യകാലത്ത്‌ ഒരു ക്ഷേത്രം നിലനിന്നിരുന്നതായും ദേവപ്രശ്നത്തില്‍ കാണുകയുണ്ടായി. കരിമ്പനയ്ക്കല്‍ ഭഗവതിയെന്നപേരില്‍ അറിയപ്പെടുന്ന ദേവി ഇവിടെകുടികൊള്ളാനുണ്ടായ ഐതീഹ്യവും രസകരമാണ്‌. പെരുമ്പാവൂരുനടുത്ത്‌ ഏകദേശം എട്ടുപത്ത്‌ കിലോമീറ്റര്‍ അകലെ മേത്തലയില്‍ കല്ലില്‍ എന്നൊരു പ്രദേശത്തെ പുരാതനവും പ്രസ്സിദ്ധവുമായ ഒരു ക്ഷേത്രമാണ്‌ കല്ലില്‍ ഭഗവതിയുടേത്‌. കല്ലറക്കല്‍ ദേവന്മാരുടെ സാഹോദര്യത്വം വഹിക്കുന്ന ദേവി ഇടയ്ക്കിടയ്ക്ക്‌ കല്ലറക്കല്‍ വന്നുപോകാറുണ്ട്‌. കരിമ്പനക്കല്‍ ദേവിയുടെ ഒരുത്തമ ഭക്ത ഈ പ്രദേശത്തുണ്ടായിരുന്നു. അവര്‍ കല്ലില്‍ ക്ഷേത്രം സന്ദര്‍ശിച്ചിട്ടില്ലെങ്കിലും ഭഗവതിയോടുള്ള ഭക്ത്തിവാത്സല്ല്യം അപാരമായിരുന്നു. കല്ലറക്കല്‍ നിന്ന്‌ കല്ലില്‍ വരെ പോകുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അക്കാലാത്ത്‌. എന്നിരുന്നാലും അഗ്രഹം ഉള്ളിലൊതുക്കി അവര്‍ പതിവായി ദേവിയെ വിളിക്കുമായിരുന്നു. ഒരുദിവസം ദേവി സഹോദരങ്ങളെ കാണാന്‍ അവിടെ വന്നിട്ടുണ്ടെന്നും, എന്റെ ഭക്തര്‍ക്കായി അംബലത്തിന്റെ വടക്കുകിഴക്കു ഭാഗത്തായി എന്റെ ചൈതന്ന്യം അനുഭവപ്പെടുമെന്നും അവിടെ ഒരു ചെറിയ ക്ഷേത്രം പണിത്‌ കുടിയിരുത്താനും അവര്‍ക്കരുള്‍പ്പാടുണ്ടായി. അന്നവിടെ ക്ഷേത്രം പണിതതായിട്ട്‌ തീര്‍പ്പ്‌ പറയാന്‍ പറ്റിയ തെളിവൊന്നുമില്ലെങ്കിലും, ദേവിയെ ആരാധിച്ചിരുന്നതായി കേട്ടറിവുണ്ട്‌. മാത്രമല്ല മുടിയേറ്റ്‌, തൂക്കം മുതലായ ക്ഷേത്രകലകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഉത്സവങ്ങളും ഇവിടെ നടന്നിരുന്നതായി കേട്ടുകേള്‍വിയുണ്ട്‌. ഏഴെട്ടുകൊല്ലം മുമ്പ്‌ ക്ഷേത്രം പണിത്‌ പ്രതിഷ്ഠ നടത്തുകയുണ്ടായി. ആദ്യകാലത്ത്‌ മറ്റുക്ഷേത്രാങ്കണങ്ങളേപ്പോലെ ഇവിടേയും സര്‍പ്പങ്ങളുടെ വിഹാരരംഗമായിരുന്നെന്നു മാത്രമല്ല സര്‍പ്പപ്രതിഷ്ഠയും പൂജാദികളും മുറയ്ക്കു നടത്തിയിരുന്നതായി കാണുന്നു.

തീര്‍ത്ഥക്കുളം: ഈ ക്ഷേത്രത്തിന്റെ വടക്കുകിഴക്കായി ഉണ്ടായിരുന്ന കുളം മൂടിപ്പോയിരിക്കുന്നതായി അറിവായിട്ടുണ്ട്‌. പ്രസ്തുത ജലാശയം വീണ്ടെടുത്ത്‌ പുനര്‍നിര്‍മ്മിക്കേണ്ടുന്ന ഒരു ഭാരിച്ച ചുമതലകൂടി ഉള്ളതായി കാണാന്‍ കഴിഞ്ഞു. പ്രതിഷ്ഠ: ലക്ഷ്മീനരസിംഹമൂര്‍ത്തീഭാവമാണ്‌ മഹാവിഷ്ണുവില്‍ കുടികൊള്ളുന്നത്‌. ശാന്തനും കാരുണ്യസമേതനുമായി സര്‍വാലങ്കാരഭൂഷിതനായിലക്ഷ്മീദേവീസമേതനായി കുടികൊള്ളുന്നു. അതുപോലെ പാര്‍വതീസമേതനായി ശിവനും കന്നിമൂലത്തില്‍ വിരാചിക്കുന്നു. എന്നാല്‍ ഗണപതി പ്രതിഷ്ഠ ഉണ്ടായിരുന്നതായി കാണുന്നില്ല.പുനരുദ്ധാരണത്തിനുള്ള ആലോചന നാട്ടുകാര്‍ക്കിടയില്‍ തുടങ്ങിയത്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ്‌. നാട്ടിലെപ്രമാണിമാരായ ചിലര്‍ ഒത്തുകൂടി ഒരു കമ്മിറ്റി രൂപികരിച്ച്‌ പ്രവര്‍ത്തനം തുടങ്ങുകയും താമസ്സിയാതെ ഇന്നുകാണുന്ന തരത്തിലുള്ള ശ്രീകോവില്‍ പടുത്തുയര്‍ത്തി പ്രതിഷ്ടാ കലശം എന്നിവ നിര്‍വഹിക്കയും ചെയ്തു. അന്നത്തെ പ്രശ്നത്തിലും ദേവിചൈതന്ന്യം ഉള്ളതായി കണ്ടിരുന്നെങ്കിലും പരിമിതമായ ധനസ്ഥിതി ശ്രികോവില്‍ പണിത്‌ ദേവിയെ പ്രതിഷ്ടിക്കുന്നതിനനുവദിച്ചില്ല.ക്ഷേത്രപുനരുദ്ധാര്‍ണം:കൊല്ലവര്‍ഷം അയിരത്തി ഒരുനൂറ്റി എഴുപത്തിനാല്‌ മകരത്തില്‍ നടത്തിയ അഷ്ടമംഗല്യ പ്രശ്നപ്രകാരം ക്ഷേത്രം പുനരുദ്ധരിച്ച്‌ പുനപ്രതിഷ്ഠ, കലശം, ഉത്സവം മുതലായവ ആഘോഷപൂര്‍വം കൊണ്ടാടുകയും, ഭാവി നടപടികള്‍ നിശ്ചയിയ്ക്കുകയും അതിലേയ്ക്കു വേണ്ടുന്ന പ്രവര്‍ത്തക സമിതി രൂപീകരിക്കുകയും ചെയ്തു. കൊ.വ. എഴുപത്താറാം മാണ്ടോടുകൂടി സര്‍വതും പ്രവര്‍ത്തനയോഗ്യമായി.വഴുപാടുവിവരം: ക്ഷേത്രത്തിലേക്ക്‌ പൊതുവായും, പ്രത്യേകം ഓരോരൊ ദേവീദേവന്മാര്‍ക്കും നടത്തപ്പെടേണ്ടതായ വഴുപാടു വിവരങ്ങള്‍ സന്നിധിയില്‍ പരസ്യം ചെയ്തിട്ടുള്ളതുകൊണ്ട്‌ ഭക്ത ജനങ്ങല്‍ക്ക്‌ ഉപകാരപ്രദമാണ്‌.
---:ശുഭം:---
കല്ലറയ്ക്കല്‍ മൂര്‍ത്തീസ്തോത്രം:
(രാജു-വിളാവത്ത്‌.).

(1):അല്ലല്‍കൂടാതെ നിത്യേന വാഴുവാന്
‍ ഇല്ലെനിയ്ക്കു മനോബലമീശ്വരാ!
കല്ലറയ്ക്കല്‍ വസ്സിക്കും ജഗദീശാ-
തെല്ലുകാരുണ്യമേകുയെനിയ്ക്കു നീ.

(2):ശങ്ഖ്ചക്രഗദാപത്മധാരിയായ്‌-
നില്‍ക്കുംതാവകരൂപം മനോഹരം
ആര്‍ക്കുവര്‍ണിപ്പാനൊക്കുമിപ്പാരിലെ-
ന്നുള്‍ക്കാമ്പില്‍പ്പോലും ചിന്തിയ്ക്കാനാവില്ല!

(3):ലിംഗരൂപം പൂണ്ടുവസ്സിക്കുന്നു തെ-
ല്ലകലെയീക്ഷേത്രത്തില്‍ താവക-
സോദരസ്ഥാനിയായിട്ടു ശങ്കരന്
‍നിത്യദുഖനിവാരണാര്‍ത്ഥം ഭവാന്‍!

(4):ക്ലേശം മേല്‍ക്കുമേല്‍ വന്നങ്ങനുദിനം
നാശനഷ്ടത്തിലുഴലും ജനങ്ങളെ
ലേശം കാരുണ്യം കാട്ടിയീനാടിന്റെ
ഐശ്വര്യം കാത്തുരക്ഷിയ്ക്ക്കണം, ഭവാന്‍.

(5):നല്ലമാനുഷ ജന്മം ലഭിയ്ക്കുവാന്
‍വല്ലഭാതവ ലീലാവിലാസങ്ങള്
‍തെല്ലുമില്ലാതെ സാദ്ധ്യമല്ലെന്നുതാ-
നുള്ളിലെപ്പോഴും മാമകചിന്തനം.

(6):ത്രൈലോക്യപൂജിത നാഥാ മഹാവിഷ്ണൂ-
ത്രൈലോക്യപൂജിത നാഥാ മഹേശ്വര!
തിങ്ങുംഭക്തിയാല്‍ നിത്യം ഭജിയ്ക്കുമീ-
ഞങ്ങള്‍ക്കുവരം നല്‍കുമാറാകണേ!:

ശുഭം:

പാലക്കാട്‌(നൂര്‍ണി) പരമേശ്വര ഭാഗവതര്‍.
(എന്‍.ആര്‍.പിള്ളൈ(രാജു), മുംബൈ).

ശാസ്ത്രീയനിയമങ്ങളെല്ലാം നിഷ്കര്‍ഷയോടെ പരിപാലിച്ചുകോണ്ട്‌ കര്‍ണാടക സംഗീതകച്ചേരികള്‍ നടത്തുമ്പോള്‍ ഒരു താനവര്‍ണത്തോടെയായിരിക്കും പരിപാടി ആരംഭിക്കുക. താനവര്‍ണത്തോടു കൂടി കച്ചേരി ആരംഭിക്കുകയെന്നത്‌ ഇന്ന്‌ പല സംഗീതജ്ഞരും അനുസരിച്ച്‌ കാണുന്നില്ല. വര്‍ണങ്ങളിലെ സ്വരങ്ങള്‍ ചിട്ടചെയ്തിരിക്കുന്നത്‌ ഒരു പ്രത്യേക രീതിയിലാണ്‌. രാഗഭാവം അക്ലിഷ്ടമായി വെളിപ്പെടുത്തുന്ന രഞ്ജക പ്രയോഗവും അവയിലെ അപൂര്‍വവും വിശേഷവുമായ സഞ്ചാരങ്ങള്‍; ദാട്ടുപ്രയോഗങ്ങള്‍ തുടങ്ങിയവ ഇതിലെ മുഖ്യഘടകങ്ങളാണ്‌. സാഹിത്യം പരിമിതമായതുകൊണ്ട്‌ അകാരഇകാരാദികളെകൊണ്ടുള്ള പൂരണം പാട്ടുകാര്‍ക്ക്‌ അത്യന്താപേക്ഷിതമാണ്‌. 'സരസീജനാഭ മാം പാഹി സകലഭൂവനവന്ദ്യചരണ' എന്ന നാട്ടരാഗവര്‍ണം അപൂര്‍വം ചിലര്‍ കച്ചേരി തുടങ്ങുമ്പോള്‍ പാടാറുണ്ട്‌. ശാസ്ത്രീയ സംഗീതവുമായി ഇടപഴകാന്‍ വൈഷമ്യം കാണിക്കുന്ന കേരളീയരെ സംബന്ധിച്ചിടത്തോളം കര്‍ണ്ണാടകസംഗീതമെന്നുപറയുമ്പോള്‍ ആദ്യം മനസിലുദിക്കുന്ന ഗായകന്‍ യേശുദാസായിരിക്കും. അദ്ദേഹം മിക്ക കച്ചേരികളും തുടങ്ങുന്നത്‌ "ആഭോഗി" വര്‍ണ്ണത്തോടെയോ, മേല്‍പ്പറഞ്ഞ വര്‍ണ്ണത്തോടേയോ ആയിരിക്കും. ചിലസന്ദര്‍ഭങ്ങളില്‍ അദ്ദേഹവും വര്‍ണം പാടി കച്ചേരി തുടങ്ങാറില്ല. യേശുദാസിന്റെ മിക്ക കച്ചേരികളുടേയും പ്രഥമഭാഗം ശുദ്ധ കര്‍ണാടക സംഗീതം കൊണ്ടും ഉത്തര ഭാഗം ലളിതഗാനങ്ങള്‍ കൊണ്ടുമാണവതിരിപ്പിക്കാറുള്ളത്‌. ശാസ്ത്രീയ സംഗീതപ്രിയരല്ലാത്ത കേരളീയരുടെ മനോഗതത്തെ മാനിച്ചാണ്‌ അദ്ദേഹവും അങ്ങിനെ ചെയ്തുവരാറുള്ളതെന്ന്‌ തോന്നുന്നു.പ്രസ്തുത പരിപാടികളുടെ പ്രഥമഭാഗം എങ്ങിനെയായിരുന്നാലും വേണ്ടില്ല ഉത്തരഭാഗം എപ്പോള്‍ സമാഗതമാകും എന്ന്‌ മനോരാജ്യം കാണുന്നവരായിരിക്കും ശ്രോതാക്കളിലധികവും. കച്ചേരി എങ്ങിനെ എവിടെ തുടങ്ങിയെന്നൊന്നും അവര്‍ക്കൊരു പിടിപാടും കാണുകയുമില്ല. വാസ്ഥവം ഇങ്ങിനെയൊക്കെയായിരുന്നാലും കുറച്ചുപേരെങ്കിലും 'സരസീജനാഭ' എന്നവര്‍ണ്ണം അറിഞ്ഞോ അറിയാതേയോ ശ്രവിച്ചിട്ടുണ്ടായിരിയ്ക്കണം. മനോഹരമായ പ്രാസ്തുത താനവര്‍ണം രചിച്ചത്‌ സ്വാതിതിരുനാളാണെന്നും അല്ലെന്നും രണ്ടഭിപ്രായങ്ങളുണ്ട്‌. സ്വാതിതിരുന്നാളിന്റേതല്ലെങ്കില്‍ പിന്നെ ആര്യ്ടെ എന്ന പ്രശ്നത്തിനുത്തരം ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പരമേശ്വര ഭാഗവതരാകാനിടയുണ്ട്‌. ഇവിടെ ചൂണ്ടിക്കാണിച്ച വസ്തുതകള്‍ ലേഖനത്തിനൊരു മുഖവുരയെന്നല്ലാതെ കേരളീയരുടെ സംഗീതാഭിരുചിയെ ചോദ്യം ചെയ്യുന്ന വിമര്‍ശനമായി തെറ്റിദ്ധരിക്കേണ്ടതില്ല.സ്വാതിതിരുനാളിന്റെ ഭരണകാലം കേരളത്തില്‍ സംഗീതത്തിനും ഇതരകലകള്‍ക്കും ഒരു സുവര്‍ണ ഘട്ടമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. സ്വദേശികളും പരദേശികളുമായി അസംഖ്യം കലാകാരന്മാരുടെ ഒരു വിലാസരംഗമായിരുന്നു അന്നത്തെ തിരുവിതാംകൂര്‍ രാജമന്ദിരം. സ്വാതിതിരുനാളിന്റെ കലാപോഷണ കുശലതയെ കേട്ടറിഞ്ഞ പലരും അങ്ങോട്ടാനയിക്കപ്പെട്ടു. പാലക്കാട്ട്‌ നൂര്‍ണി എന്നഗ്രാമത്തില്‍ സംഗീത പാരമ്പര്യമുണ്ടായിരുന്ന ഒരു തമിള്‍ ബ്രാഹ്മണ കുടുംബത്തില്‍ 1815-ല്‍ ജനിച്ച പരമേശ്വര ഭാഗവതര്‍ക്ക്‌ ബാല്യത്തില്‍ത്തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു. ഗുരുവായുരില്‍ താമസമാക്കിയിരുന്ന മാതുലന്റെ സംരക്ഷണത്തില്‍ വളര്‍ന്നുവരവെ സംഗീതവും ഒപ്പം സംകൃതവും പഠിക്കാനുള്ള അവസരം ലഭിച്ചു. ഉപജീവനമാര്‍ഗം തേടി പരമേശ്വരഭാഗവതര്‍ 1832-ാ‍ം മാണ്ടോടടുത്ത്‌ തിരുവനതപുരത്തെത്തിച്ചേര്‍ന്നു. ശ്രീപത്മനാഭക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച്‌ നടത്തിവരുന്ന സംഗീത കച്ചേരിയില്‍ പാടാന്‍ അവസരം ലഭിച്ചതോടെ ഭാഗവതരുടെ സംഗീതത്തിന്‌ അംഗികാരം കിട്ടിത്തുടങ്ങിയെന്നു പറയാം. അന്നത്തെ കച്ചേരി കേള്‍ക്കാന്‍ സ്വാതിതിരുനാളും അദ്ദേഹത്തിന്റെ സദസ്സിലെ മുഖ്യരായിരുന്ന വടിവേലു, മേരുസ്വാമി, ഇരയിമ്മന്‍ തമ്പി തുടങ്ങിയവരും അവിടെ സന്നിഹിതരായിരുന്നു.മഹാരാജാവിനും അനുയായികള്‍ക്കും ഭാഗവതരുടെ സംഗീതത്തില്‍ അകമഴിഞ്ഞ ആനന്ദം അനുഭവപ്പെട്ടു. പിറ്റേദിവസം കൊട്ടാരത്തില്‍ ചെന്ന്‌ സ്വാതിതിരുനാളിനെ മുഖം കാണിക്കാനുള്ള ക്ഷണവും താമസിയാതെ ഭാഗവതര്‍ക്കു ലഭിച്ചു. കല്‍പ്പനപ്രകാരം രാജസന്നിധിയിലെത്തിയ ഭാഗവതരെ കൊട്ടാരം ഗായകസംഘത്തില്‍ നിയമിക്കുകയും സംഗീതത്തില്‍ ഉപരിപഠനത്തിനാവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്തുകൊടുക്കുകയും ചെയ്തു. നിരന്തരപരിശ്രമശാലിയായിരുന്ന ഭാഗവതര്‍ (പരമേശ്വരന്‍) തന്റെ ജന്മസിദ്ധമായ സംഗീതവാസനയെ വേണ്ടവിധത്തില്‍ സാധകം ചെയ്തു ജീവിതം നയിച്ചുപോന്നു. സംഗീതത്തിലുണ്ടായ പടിപടിയായുള്ള ഉയര്‍ച്ച അദ്ദേഹത്തെ കൊട്ടാരം പ്രധാന ഭാഗവതരുടെ പദവിയിലേക്ക്‌ നിയമിയ്ക്കപ്പെട്ടു. സ്വാതിതിരുനാളിന്റെ കാലശേഷവും ഈ പദവിയോടെ അദ്ദേഹം വളരെക്കാലം കൊട്ടാരത്തില്‍ കഴിഞ്ഞു പോന്നിരുന്നു. സ്വാതിതിരുനാളിന്റെ സംഗീത സദസ്സിലുണ്ടായിരുന്ന മറ്റെല്ലാ ഗായകരിലും വച്ച്‌ ഇദ്ദേഹത്തിന്‌ മുഖ്യ സ്ഥാനമുണ്ടായിരുന്നു. താനം പാടുന്നതില്‍ അതിവിദഗ്ദ്ധനായിരുന്ന ഭാഗവതര്‍ തന്റെ നിസര്‍ഗമധുരമായ നാദധാരകൊണ്ട്‌ സമകാലീനരെയെല്ലാം പുളകംകൊള്ളുമാറാക്കി. വീണ, സ്വരബത്ത്‌, വയലിന്‍ തുടങ്ങിയ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഭാഗവതര്‍ വിദഗ്ദ്ധനായിരുന്നു. സംഗീത ശാസ്ത്രത്തിലും, പ്രയോഗത്തിലും അതിപ്രഗത്ഭനായിരുന്ന ഭാഗവതരുടെ അഭിപ്രായങ്ങള്‍ക്ക്‌ സംഗീതകൃതികളുടെ മൂല്യനിര്‍ണ്ണയത്തെപ്പറ്റിയുള്ള ചര്‍ച്ചാവേളയില്‍ സ്വാതിതിരുനാള്‍ ഉന്നത വിലകല്‍പ്പിക്കപ്പെട്ടിരുന്നു. ഭാഗവതര്‍ അനേകം കീര്‍ത്തനങ്ങളും വര്‍ണങ്ങളും രചിച്ചിട്ടുള്ളതായി അറിവുണ്ട്‌. ചിലതെല്ലാം കണ്ടുകിട്ടിയിട്ടുമുണ്ട്‌. കൂട്ടത്തില്‍ അടുത്തകാലത്തായി സംഗീതജ്ഞരുടെ ഇടയില്‍ വളരെ പ്രചാരം കിട്ടിതുടങ്ങുകയും, ഈ ലേഖനത്തിന്റെ പ്രാരംഭത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടതുമായ നാട്ടവര്‍ണവും ഉള്‍പ്പെടുന്നു. കീര്‍ത്തനങ്ങളെല്ലാംതന്നെ ഭക്തി രസം തുളുമ്പുന്നവയും ഭാവാത്മകവുമാണ്‌. തിരുവിതാംകൂറിലെ ദേവീദേവന്മാരെ സ്തുതിക്കുന്നവയാണ്‌ മിക്കരചനകളെങ്കിലും മറ്റുപ്രദേശങ്ങളിലെ ദേവന്മാരെ പ്രകീര്‍ത്തിക്കുന്നവയും കൂട്ടത്തില്‍ കാണപ്പെടുന്നുണ്ട്‌. കേരളത്തിന്‌ പുറത്തുള്ള പല പുണ്യസങ്കേതങ്ങളും സന്ദര്‍ശിക്കാനവസരം ലഭിച്ച ഭാഗവതര്‍ അവിടത്തെ മുഖ്യ ദേവന്മാരെപ്പറ്റിയും ഗാനങ്ങള്‍ രചിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞു കേള്‍ക്കുന്നു. തോടി, ഗൗള, നാട്ട, വരാളി, ശങ്കരാഭരണം ശ്രീ, ആരഭി തുടങ്ങിയ രാഗങ്ങളില്‍ വര്‍ണങ്ങളും, കീര്‍ത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്‌. ശിവഭക്തിയാണദ്ദേഹത്തിന്റെ മുഖ്യ രചനകളിലും വിഷയ മെങ്കിലും മറ്റുദേവന്മാരെ പ്രകീര്‍ത്തിക്കാതിരുന്നിട്ടില്ല. ദീക്ഷിതരുടേയും, സ്വാതിതിരുനാളിന്റെയും മറ്റും കൃതികളില്‍ കണ്ടു വരുന്ന ഗാനാലങ്കാരങ്ങള്‍ മിക്കതും ഭാഗവതര്‍ സ്വകൃതികളില്‍ സ്വീകരിച്ചിട്ടുണ്ട്‌. ഗമകം, ചിട്ടസ്വരം, സ്വരസാഹിത്യം, മധ്യകാലം, മോന, പ്രാസം, അന്ത്യപ്രാസം എന്നിങ്ങനെ പലതും അവയില്‍ നമുക്ക്‌ ദര്‍ശിക്കാം. വര്‍ണത്തിന്റെയും, കീര്‍ത്തനത്തിന്റെയും മാതൃകകള്‍ താഴെ ഇദ്ധരിക്കുന്നു. വര്‍ണം-നാട്ട-ആദി.പല്ലവി: സരസീജനാഭ മാം പാഹിസകലഭൂവന വന്ദ്യ ചരണ,അനുപല്ലവി:വരസ്യാനന്ദൂര പുരാധീശവ്യാസാദിമുനിവര സന്നുത. ചരണം:മാനീത ഗുണാശ്രീത.കീര്‍ത്തനം-കാമാശ്‌-രൂപകം.പല്ലവി:സാംബശിവ കൃപാജലധേ മാംപാലയ ഭഗവന്‍.അനുപല്ലവി:സകല സുജ വന്ദിത ചരണതുംബുരു നാരദാദിമുനിതോഷിത നിശ്ഗുണഭൂഷിത (സാം)സ-നി രിസ നിസ നിപ സസമ ദനിസപദ മപമ ഗമ ഹരി സസമ ദനിസനപദ പസന നിസ സസനി പദനിസനിദനി പമഗരി സമഗമ സമഗമനി ദനിപദനി.ചരണം:മന്ദഹാസ മൃദുവദനാമഹനീയ ഗുണസദനാഇന്ദ്രാദി പൂജിതശുചീന്ദ്ര പുരീശ ഗൗരീശ.കൊട്ടാരം ഭാഗവതന്മാരിലൊരാളുടെ മകളെ അദ്ദേഹം വിവാഹം കഴിക്കുകയും അതില്‍ രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും അവിടേക്കു ജനിക്കുകയുണ്ടായി. മകനായ മഹാദേവ ഭാഗവതര്‍ അച്ചന്റെ പ്രിയ ശിഷ്യനും ഒരു വാഗ്ഗേയകാരനുമായിരുന്നു. പരമേശ്വര ഭാഗവതരുടെ ശിഷ്യഗണങ്ങളില്‍ പ്രധാനി കോയമ്പത്തൂര്‍ രാഘവയ്യ ആയിരുന്നു. ഗായകനെന്ന നിലയില്‍ പല അത്ഭുത സിദ്ധികളും രാഘവയ്യ പ്രകടിപ്പിച്ചിരുന്നതായി കേട്ടിട്ടുണ്ട്‌. "മുല്ലമൂടു മാളിക" സ്വാതിതിരുനാളിന്റെ കാലത്ത്‌ കൊട്ടാരം ഗായകര്‍ക്ക്‌ താമസിക്കുവാനായി പണികഴിച്ചതാണ്‌. ഭാഗവതരും സഹഗായകരും എന്നുവേണ്ട അവരുടെ ശിഷ്യഗണങ്ങളും ഈ മാളികയിലാണ്‌ താമസിച്ചിരുന്നതെന്നുള്ളതുകൊണ്ട്‌ അവര്‍ക്ക്‌ മുല്ലമൂടുഭാഗവതര്‍മാര്‍ എന്ന്‌ പരമ്പരാഗതമായി ഒരു നാമം സിദ്ധിച്ചുവെന്ന്‌ അഭിപ്രായമൂണ്ട്‌. പ്രസ്തുത നാമത്താലറിയപ്പെട്ടിരുന്ന ആദ്യത്തെ ഗായകന്‍ പരമേശ്വര ഭാഗവതരാണെന്ന്‌ തോന്നുന്നു. എന്തുതന്നെയായാലും ഇന്നും ഈ പരമ്പരയിലെ ചില ഗായകര്‍ ജീവിച്ചിരിക്കുന്നുണ്ട്‌ എന്നത്‌ ഒരു സത്യാമാണ്‌.ഒരു കുട്ടി ഭാഗവതരായി കൊട്ടാരം ഗായക സംഘത്തില്‍ ചേര്‍ന്ന്‌ കാലതാമസംകൂടാതെ അവരില്‍ സര്‍വ്വപ്രധാനിയായി ഉയര്‍ന്ന്‌, സ്വാതിതിരുനാള്‍ കൃതികള്‍ കേരളത്തിലും, മറ്റു ദക്ഷിണ ഭാരത മേഖലകളിലും പ്രചാരം വരുത്തുന്നതില്‍ അഗ്രിമസ്ഥാനം വഹിച്ചും, കര്‍ണാടക സംഗീതം കേരളത്തിന്റെ എല്ലാ കോണുകളിലും പടര്‍ന്നു പന്തലിക്കാന്‍ അശ്രാന്ത പരിശ്രമം ചെയ്തും ജീവിതം നയിച്ച ഭാഗവതര്‍ 79-ാ‍ം വയസ്സില്‍ നിര്യാതനായി.------:ശുഭം:------

No comments: