Saturday 11 October 2008

Mahakavi Vatakkumkur.

മഹാകവി വടക്കൂംകൂര്‍ രാജരാജ വര്‍മ്മ രാജ - ഒരനുസ്മരണം.
(രാജു-വിളാവത്ത്‌-കൂവ്വപ്പടി.)

ആധുനീക കേരളസാഹിത്യ നഭോമണ്ഡലത്തിലെ ഉന്നതന്മാരില്‍ എന്തുകൊണ്ടും ഒരഭ്യര്‍ഹികസ്ഥാനത്തെ അലങ്കരിക്കാന്‍ പോന്നവരാണല്ലോ മഹാകവിത്രയം എന്നറിയപ്പെട്ടിരുന്ന ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങിയവര്‍. ആശാന്റെ "ഖണ്ഡകാവ്യങ്ങള്‍, ഉള്ളൂരിന്റെ "ഉമാകേരളം-കേരളസാഹിത്യചരിത്രം, വള്ളത്തോളിന്റെ "ചിത്രയോഗം-ഋഗ്വേദാദി" തര്‍ജ്ജമകള്‍ മുതലായവയാണു അവരെ പരമോന്നത പദവിയിലേയ്ക്കുയര്‍ത്തിയതെന്ന് സംശയമില്ല. 'വിദ്യാ ദദാതി വിനയം' എന്ന ആപ്തവാക്യത്തെ സമ്പന്നമാക്കികൊണ്ട്‌ കൈരളീദേവിയെ സേവ ചെയ്ത്‌, അനേകം ഉത്തമഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ച്‌ ഭാഷയെ പോഷിപ്പിച്ച ദേഹമാണ്‌, 'പണ്ഡിതമണ്ഡലമണ്ഡിതനും, മഹാജ്ഞാനിയുമായിരുന്ന കവിതിലകന്‍ വടക്കൂംകൂര്‍ രാജരാജവര്‍മ്മ രാജ'. മഹാകവിത്രയത്തെപ്പോലെയോ, തദധികമായോ മലയാളികള്‍ ആരാധിയ്ക്കേണ്ട ഒരു നാമധേയമാണു വടക്കൂംകൂറിന്റേതെന്നു പറഞ്ഞാല്‍ അതൊരധികപ്പറ്റാവില്ല. പക്ഷേ അനുഭവം മറിച്ചാണ്‌, ചില സംസ്കൃതഭാഷ സ്നേഹികള്‍ക്കൊഴിച്ച്‌ മറ്റാര്‍ക്കും ഇന്നദ്ദേഹത്തെക്കുറിച്ചൊന്നുമറിഞ്ഞുകൂടാത്ത സ്ഥിതിയിലാണ്‌. പ്രാചീന കേരളത്തിലെ പ്രസിദ്ധിപെറ്റ പല നാട്ടുരാജ്യങ്ങളില്‍ ഒന്നായിരുന്നു വെമ്പലനാട്‌. അതില്‍നിന്ന് പൊട്ടിമുളച്ചവയാണ്‌ വടക്കുംകൂര്‍-തെക്കുംകൂര്‍ രാജാവംശങ്ങള്‍. വൈക്കം വഴുതനക്കാട്ടു കൊട്ടാരത്തില്‍ കാവുക്കുട്ടിത്തമ്പുരാട്ടിയുടെയും, ശുകപുരം ഗ്രാമത്തില്‍ തോട്ടുപുറത്ത്‌ ഇല്ലത്തെ പുരുഷോത്തമന്‍ അച്യുതന്‍ നമ്പൂതിരിയുടെയും പുത്രനായി നമ്മുടെ കഥാനായകന്‍ ജനിച്ചു. അത്തമായിരുന്നു ജന്മനക്ഷത്രം. അദ്ദേഹത്തിന്റെ പത്താമത്തെ വയസില്‍ മാതാവന്തരിച്ചു. മതൃസഹോദരി അമ്മാളുക്കുട്ടിത്തമ്പുരാട്ടിയാണ്‌ പിന്നീടദ്ദേഹത്തെ പരിലാളിച്ച്‌ വളര്‍ത്തിയത്‌. വൈക്കം ഗവ. സ്കൂളിലാണ്‌ വിദ്യാഭ്യാസം ചെയ്തത്‌. സംസ്കൃതത്തിനോടായിരുന്നു ചെറുപ്പം മുതല്‍ അഭിരുചി. ഗുരുമുഖത്തുനിന്ന് പഠിച്ചതില്‍ക്കൂടുതല്‍ സ്വന്തം പരിശ്രമംകൊണ്ടാണ്‌ കരസ്ഥമാക്കിയത്‌. സംസ്കൃതത്തില്‍ കിട്ടാവുന്നിടത്തോളം ഗ്രന്ഥങ്ങള്‍ വാങ്ങി വായിച്ചു പഠിക്കുക അദ്ദേഹത്തിനൊരു വിനോദമായിരുന്നു. നിത്യപാരായണം ചെയ്തുവന്നിരുന്ന പുരാണഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഭാരതം, രാമായണം, രഘുവംശം മുതലായവയും ഉള്‍ക്കൊണ്ടിരുന്നു. പേരാമ്പ്രദേശത്തെ ലക്ഷ്മികെട്ടിലമ്മ എന്ന മഹതിയെ തമ്പുരാന്‍ വിവാഹം ചെയ്തിരുന്നുവെങ്കിലും സന്താനങ്ങളൊന്നുമില്ലായിരുന്നു. ജീവിതത്തിന്റെ മുഴുവന്‍ സമയവും സാഹിത്യപോഷണത്തിനായി വിനിയൊഗിച്ചിരുന്നതുകൊണ്ട്‌, കുടുംബജീവിതവും അദ്ദേഹത്തിന്‌ ബ്രഹ്‌മചര്യപോലെതന്നെയായിരുന്നു. സംസ്കൃതത്തിലുണ്ടായിട്ടുള്ള പുരാണപ്രസിദ്ധങ്ങളായ കഥകളെ ഉപജീവിച്ച്‌ ഭാഷയില്‍ മഹാകാവ്യങ്ങള്‍, ഖണ്ഡകാവ്യങ്ങള്‍, വ്യാഖ്യാനങ്ങള്‍, എന്നിവയെഴുതി ജനമദ്ധ്യത്തില്‍ ആര്‍ഷസംസ്കാരത്തിന്റെ കാതലുറപ്പിക്കുകയായിരുന്നു വടക്കുംകൂറിന്റെ മുഖ്യാദര്‍ശം എന്നു പറയാം. സംസ്കൃതത്തില്‍ സാഹിത്യസംബന്ധമായ ഏതു വിഷയത്തെക്കുറിച്ചും അനായാസേന പ്രസംഗിയ്ക്കുവാന്‍ അദ്ദേഹത്തിന്‌ കഴിവുണ്ടായിരുന്നു എന്നാണ്‌ പറഞ്ഞുകേട്ടിട്ടുള്ളത്‌.സുപ്രസിദ്ധ സമകാലിക സാഹിത്യകാരന്മാരും, പണ്ഡിതന്മാരും അദ്ദേഹവുമായി സൗഹൃദബന്ധം പുലര്‍ത്തിപ്പോന്നിരുന്നു. അവരില്‍ ശ്രീമാന്‍ ഡീ.പി. ഉണ്ണി,സാഹിത്യകുശലന്‍ ടി.കെ. കൃഷ്ണമേനോന്‍, മഹാകവികള്‍ വള്ളത്തോള്‍, ഉള്ളൂര്‍, പണ്ഡിതര്‍ ഇ.വി. രാമന്‍ നമ്പൂതിരി, കോളത്തേരി ശങ്കര മേനോന്‍, എം. രാജരാജ വര്‍മ, തുടങ്ങിയവര്‍ മുഖ്യന്മാരാണ്‌. പണ്ഡിതരാജന്‍ ആറ്റൂരിനോട്‌ അദ്ദേഹത്തിന്‌ പ്രത്യേകമായൊരു ആദരവുണ്ടായിരുന്നതായി രേഖപ്പെടുത്തി കണ്ടിട്ടുണ്ട്‌. സംസ്കൃതസാഹിത്യമായിരുന്നു അദ്ദേഹത്തിന്റെ ജീവനാഡിയെന്നിരുന്നാലും, വാങ്മയങ്ങളെല്ലാം മലയാളത്തിലാണെന്നുള്ളതാണ്‌ പ്രത്യേകത. സംസ്കൃതത്തില്‍ കവനംചെയ്യാന്‍ കഴിവില്ലാത്തതുകൊണ്ടല്ല, സംസ്കൃതാനഭിജ്ഞന്മാരായ ജനസമുദായത്തിന്‌ മനസ്സിലാക്കാന്‍ പറ്റിയ ഭാഷയില്‍ എഴുതിയാലേ അതുകൊണ്ട്‌ പ്രയോജനമുള്ളു എന്ന് കരുതിയാണ്‌.'ഉമാകേരളം' മുന്നാംസര്‍ഗ്ഗം സംസ്കൃതത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുള്ളതുകൂടാതെ, 'കന്യാകുമാരീസ്തവം'എന്നൊരു ശാര്‍ദൂലവിക്രീഡിതത്തില്‍ എഴുതപ്പെട്ട ഒരു സ്തോത്രകാവ്യവും സംസ്കൃതത്തിലുണ്ട്‌.ശേഷിച്ചതെല്ലാം മലയാളത്തിലാണ്‌. മഹാകവി, ജീവചരിത്രകാരന്‍, നിരൂപകന്‍, ലേഖകന്‍, വ്യാഖ്യാതാവ്‌, ഗവേഷകന്‍, ശാസ്ത്രകാരന്‍ എന്നീ നിലകളിലാണ്‌ വടക്കുംകൂറിന്റെ പ്രശസ്തി നാം കണ്ടറിയുന്നത്‌. വിവിധവിഷയങ്ങളെക്കുറിച്ച്‌ അദ്ദേഹം എഴുതിയിട്ടുള്ള ലേഖനങ്ങള്‍ക്കും അതുപോലെതന്നെ നിരൂപണങ്ങള്‍ക്കും അക്ഷരാര്‍ത്ഥത്തില്‍തന്നെ കണക്കില്ല. അനേകം ഗ്രന്ഥങ്ങള്‍ക്ക്‌ അവിടുന്നെഴുതിയിട്ടുള്ള അവതാരികകളും, അഭിപ്രായങ്ങളും വേറെ. തൊടുന്നതെല്ലാം പൊന്നാക്കി മാറ്റുകയെന്നതാണ്‌ അദ്ദേഹത്തിന്റെ പ്രത്യേകത. വടക്കുംകൂര്‍ ഗ്രന്ഥനിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന ഭാഷ വളരെ ലളിതവും, സുന്ദരവും ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതുമാണ്‌. ഉള്ളൂരിന്റെ "കേരളസാഹിത്യചരിത്രവും", വടക്കുംകൂറിന്റെ "കേരളീയ സംസ്കൃത സാഹിത്യചരിത്രവും" തമ്മില്‍ ഒരു താരതമ്യപഠനം നടത്തിയാല്‍ ഈ സംഗതി വായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. ചുരുക്കം ചില ഗ്രന്ഥങ്ങളൊഴിച്ച്‌ ബാക്കിയുള്ളവയുടെയെല്ലാം വിഷയങ്ങള്‍ ഗഹനങ്ങളും, ശാസ്ത്രീയവുമായതുകൊണ്ട്‌ സാധാരണക്കാര്‍ക്ക്‌ അഭിരുചി ഉണ്ടാകുകയില്ല എന്നൊരു ദോഷം വടക്കുംകൂര്‍ കൃതികള്‍ക്കില്ലായ്കയില്ല.വടക്കുംകൂറിന്റെ മുഖ്യകൃതികളെക്കുറിച്ചൊരു ലഘുസൂചന തരികമാത്രമേ ഈ ലേഖനത്തിലൂടെ ഞാനുദ്ദേശിയ്ക്കുന്നുള്ളു. അല്ലാതെ നിരൂപണത്തിനൊന്നും മുതിരുന്നില്ല. അദ്ദേഹത്തിന്റെ സര്‍വകൃതികളേയും സ്പര്‍ശിച്ചുകൊണ്ടൊരവലോകനം നടത്തണമെങ്കില്‍ ഒരു വലിയ ഗ്രന്ഥം തന്നെ എഴുതേണ്ടതായിവരും. വടക്കുംകൂര്‍ കൃതികളെ 1) മഹാകാവ്യങ്ങള്‍; 2) ഖണ്ഡകാവ്യങ്ങള്‍; 3) പരിഭാഷകള്‍; 4) നിരൂപണങ്ങള്‍; 5) നിഘണ്ടുക്കള്‍; 6) വ്യാഖ്യാനങ്ങള്‍; 7) ജീവചരിത്രങ്ങള്‍; 8) സാഹിത്യചരിത്രം; 9) സാഹിത്യശാസ്ത്രം; 10) ഉപന്യാസങ്ങളുടേയും നിരൂപണങ്ങളുടെയും സമാഹാരങ്ങള്‍ എന്നിങ്ങനെ പലതായി തരംതിരിയ്ക്കാം.മഹാകാവ്യങ്ങള്‍:ഒന്നിലധികം മഹാകാവ്യങ്ങള്‍ രചിച്ചിട്ടുള്ള ഒരേ ഒരു കേരളീയന്‍ വടക്കുംകൂറിനുമുമ്പ്‌ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍ മാത്രമായിരുന്നു. സംസ്കൃതത്തിലും, മലയാളത്തിലുമായി എഴോളം മഹാകാവ്യങ്ങള്‍ രചിച്ച മഹാനാണദ്ദേഹം. മഹാകാവ്യ രചനയില്‍ വടക്കുംകൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‌ എതാണ്ട്‌ സമശീര്‍ഷനാണെന്ന് പറയാം. നാലോ അഞ്ചോ മഹാകാവ്യങ്ങള്‍ മലയാളത്തില്‍ അദ്ദേഹം രചിച്കിട്ടുള്ളതായി കേട്ടിട്ടുണ്ട്‌. രഘുവീരവിജയം, രാഘവാഭ്യുദയം, ഉത്തരഭാരതം, എനീ മൂന്നു മഹാകാവ്യങ്ങള്‍ പ്രസിദ്ധീകൃതങ്ങളാണ്‌. ഭാഷയുടെ ഉന്നമനത്തിന്‌ മഹാകാവ്യത്തോളം ഉതകുന്ന മറ്റൊന്നില്ലെന്ന് ഉറച്ചുവിശ്വസ്സിക്കുന്ന വ്യക്തിയാണ്‌ വടക്കുംകൂര്‍. അതുമല്ല ദ്രാവിഡവൃത്തങ്ങളേക്കാള്‍ സംസ്കൃതവൃത്തമാണ്‌ ഭാഷാപദ്യങ്ങള്‍ക്ക്‌ കൂടുതല്‍ യോചിച്ചതെന്നും അവിടുന്ന് വിശ്വസിച്ചിരുന്നു."നക്ഷത്രതാരാഗ്രഹസങ്കുലാപിജ്യോതിഷ്മതീചന്ദ്രമസൈവരാത്രീ". (നക്ഷത്രാദികള്‍ എത്രതന്നെ ശോഭിച്ചാലും രാത്രിയില്‍ വെളിച്ചം കിട്ടണമെങ്കില്‍ ചന്ദ്രന്‍ ഉദിക്കുകതനനെ വേണം. അനേകം ചെറുകാവ്യങ്ങളുണ്ടായാലും ഒരു മഹാകാവ്യരചനയുടെ ഉദ്ദേശം സഫലമാക്കാന്‍ അവ ഉപകരിക്കുകയില്ല എന്നൊരു സംശയം മേലുദ്ധരിച്ച വരികളില്‍ അദ്ദേഹം കാണുന്നുണ്ട്‌.).എന്ന കാളിദാസവചനമാണ്‌ മഹാകാവ്യരചനക്ക്‌ വടക്കുംകൂറിന്‌ മാര്‍ഗ്ഗദര്‍ശി എന്നു പറയാം.'രഘുവീരവിജയ' മാണ്‌ അദ്ദേഹത്തിന്റെ മൂന്ന് കാവ്യങ്ങളില്‍ വച്ച്‌ ചെറുത്‌. പത്ത്‌ സര്‍ഗ്ഗങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഒന്നുമുതല്‍ മൂന്നുവരെയുള്ള സര്‍ഗ്ഗങ്ങളില്‍ രഘുവന്ദനം, വാല്മീകി മുതല്‍ കുഞ്ചന്വരെയുള്ള കവികളെ സ്മരിക്കുക, മഹാകാവ്യരചനയുടെ മുഖ്യമായ ഉദ്ദേശവും, അതിന്‌ പരിപാലിയ്ക്കേണ്ട നിയമങ്ങളും, സൂര്യവര്‍ണന, രാഘവാദികളുടെ ബാല്യകാലലീലകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നാലുമുതല്‍ പത്തുവരെയുള്ള സര്‍ഗ്ഗങ്ങളില്‍ വിച്ഛിന്നാഭിക്ഷേകം മുതല്‍ ശ്രീരാമന്റെ ചിത്രകൂടപ്രവേശം വരെയുള്ള രാമായണകഥ ആഖ്യാനം ചെയ്തിരിക്കുന്നു. അര്‍ത്ഥകല്‍പ്പനാചാതുര്യം, പ്രതിപാദനവൈശിഷ്ട്യം, രചനസുഷമ, ശബ്ദഭംഗി, രസാലങ്കാരനിബന്ധന എന്നീ വിഷയങ്ങളില്‍ ഈകാവ്യം പരമോന്നതപദവി പ്രാപിക്കുന്നു. അംഗിയായ രസം ശാന്തമാണ്‌.'രാഘവാഭ്യുദയ' വും രാമായണകഥയെ ഉപജീവിച്ച്‌ എഴുതിയിട്ടുള്ളതാണ്‌. ഇരുപത്തിരണ്ടു സര്‍ഗ്ഗങ്ങളുള്ള ഈ മഹാകാവ്യത്തിന്റെ ഇതിവൃത്തം 'രാമലക്ഷ്മണന്മാര്‍ വിശ്വാമിത്രന്റെ യാഗരക്ഷ ചെയ്യുന്നതുതുടങ്ങി ജനകന്റെ മകള്‍ സീതയെ രാമന്‍ വരിക്കുന്നതുവരെയുള്ള കഥയാണ്‌. ഈ കൃതിയെപ്പോലെ 'സാഹിത്യദര്‍പ്പണകാരന്റേയും, 'കാവ്യാദര്‍ശകാരന്റേയും' സര്‍വവിധ ലക്ഷണങ്ങളുമൊത്ത വേറെ മഹാകാവ്യങ്ങള്‍ മലയാളത്തില്‍ നാളിതുവരെ ഉണ്ടായിട്ടില്ലെന്നാണ്‌ പണ്ഡിതപക്ഷം. ശബ്ദാര്‍ത്ഥപരങ്ങളായ എല്ല അലകാരങ്ങളും പ്രയോഗിക്കുക; പ്രകൃതിവിലാസങ്ങളെ വേണ്ടപോലെ വര്‍ണിക്കുക; നൂതനകല്‍പനകള്‍കൊണ്ട്‌ കാവ്യത്തെ ഭാസുരമാക്കുക തുടങ്ങിയവ ഈ കാവ്യത്തില്‍ സുലഭമാണ്‌. അദ്ദേഹത്തിന്റെ കാവ്യത്തില്‍ ദ്വിതിയാക്ഷരപ്രാസം വളരെ ശ്രദ്ധയോടുകൂടി ഉപയോഗിക്കാത്ത ഒറ്റ പദ്യംപോലും കാണുകയില്ല. പ്രാസം കാവ്യങ്ങളില്‍ വേണാമെന്നുള്ള ഒരലിഖിതനിയമത്തെ അദ്ദേഹം പിന്തുടരുന്നുണ്ടെന്ന് വായനക്കാര്‍ക്ക്‌ തോന്നിപ്പോകും. ഇതരകവികള്‍ക്ക്‌ നാലില്‍ രണ്ടു പാദങ്ങളില്‍പോലും പ്രാസപ്രയോഗം 'ബാലികേറാമല' എന്നിരിക്കേ വടക്കുംകൂര്‍ നാലു പാദങ്ങളിലും പ്രാസം നിഷ്‌പ്രയാസം കൈകാര്യംചെയ്തിരിക്കുന്നതു കാണാം. കാവ്യാലങ്കാരാദി സ്വരൂപനിരൂപണത്തിന്‌ തക്കതായ ഉദാഹരണം ആവശ്യമായിവരുമ്പോള്‍ അദ്ദേഹത്തിന്റെ ശാസ്ത്രകൃതിയായ 'സാഹിതീസര്‍വസ്വത്തില്‍' ഉദ്ധരിച്ച്ചേര്‍ത്തിരിക്കുന്നത്‌ മിക്കതും 'രാഘവാഭ്യുദയ' ത്തില്‍നിന്നെടുത്തതാണെന്ന് കാണുമ്പോള്‍ പ്രസ്തുത കാവ്യത്തിന്‌ എത്രമാത്രം സാങ്കേതിക പൂര്‍ണത കൈവന്നിട്ടുണ്ടാകുമെന്ന് സഹൃദയര്‍ക്ക്‌ ബോദ്ധ്യമാകും.മൂന്നാമത്തെ കാവ്യം ഉത്തരഭാരതമാണ്‌. ഗാത്രപുഷ്ടികൊണ്ട്‌ വടക്കുംകൂറിന്റെ മഹാകാവ്യങ്ങളില്‍ ഈ കാവ്യം മുന്നിട്ടുനില്‍ക്കുന്നു. 45 സര്‍ഗങ്ങളുള്ള പ്രസ്തുതകാവ്യത്തിന്റെ ഇതിവൃത്തം ഭാരതയുദ്ധത്തിന്‌ ശേഷം പാണ്ഡവരുടെ രാജ്യഭരണം മുതല്‍ സ്വഗ്ഗാരോഹണം വരെയുള്ള കഥയാണ്‌. ഈ കാവ്യത്തിന്‌ തല്‍കര്‍ത്താവൊരു അവതാരികയെഴുതിയിട്ടുണ്ട്‌. മഹാഭാരതത്തെക്കുറിച്ക്‌ സമഗ്രമായൊരു നിരുപണവുംകൂടിയായ ഈ അവതാരിക 452 പേജോളം വരുന്നതാണ്‌. ലോകം അറിഞ്ഞിരിക്കേണ്ട അനേകം 'ധര്‍മതത്ത്വങ്ങള്‍' അദ്ദേഹം ഈ കാവ്യത്തില്‍ക്കൂടി ഉപദേശിക്കുന്നുണ്ട്‌. ഇതിവൃത്തമഹത്വം, യുധിഷ്ടിര ഭരണം. ഭരണരീതി, യാഗം, ധൃതരാഷ്ട്രരുടെ വാനപ്രസ്ഥം, ആശ്രമവാസം, വ്യാസാഗമനം, യുദ്ധത്തില്‍ മരിച്ചവരെ വ്യാസന്‍ തപോബലംകൊണ്ട്‌ വരുത്തുന്നത്‌, യാദവകുലനാശം, സ്വര്‍ഗാരോഹണം തുടങ്ങി അസംഖ്യം കഥകള്‍ ഉത്തരഭാരതത്തില്‍ ചുരുക്കിയും, വിസ്തരിച്ചും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രസങ്ങളില്‍ ശാന്തം, (ഭാരതത്തിലെ അംഗിയായ രസം ശാന്തമാണെന്നാണ്‌ പണ്ഡിതമതം) കരുണം, (ഭക്തിയും ഒരു രസമായി ഇതില്‍ പ്രയോഗിച്ചിരിക്കുന്നു), ശൃംഗാരം, ബീഭത്സം, (രണ്ടും പേരിനുമാത്രം) എന്നിവ മുഖ്യമായി പ്രയോഗിച്ചിരിക്കുന്നു. ബീഭത്സത്തിനൊരുദാഹരണം കാണിക്കാം. "പച്ചമാംസനിരപാകമാക്കുവാന്‍വെച്ചതില്‍ കൃമികള്‍ സഞ്ചരിപ്പതായ്‌.........................വാട്ടമാളിന മൃഗാസ്ഥിതന്‍ മുറി-ക്കൂട്ടമങ്കണതലത്തിലുള്ളതായ്‌" എന്ന് അറപ്പും വെറുപ്പും തോന്നത്തക്കവിധം പ്രയോഗിച്ചിരിക്കുന്നു. ദേശകാലാതിവര്‍ണനകള്‍, വിവിധാലങ്കാരപ്രയോഗം മുതലായ ഉത്തമകാവ്യങ്ങള്‍ക്ക്‌ വിഷയീഭവിക്കേണ്ടതെല്ലാം ഈ കാവ്യത്തിലും ഉടനീളം കാണാം. വ്യാസാശ്രമവര്‍ണന തുടങ്ങുന്ന ഭാഗം നോക്കുക.'ഹരിണം ഹരി ഗോവ്യാഘ്രം കരിയിജ്ജന്തു പംക്തികള്‍തരിക്കും വൈരമില്ലാതെപരിക്രീഡിച്ചിടുന്നതായ്‌'.(ആശ്രമസമീപത്തില്‍ വസിക്കുന്ന ദുഷ്ടമൃഗങ്ങളും ശാന്തമൃഗങ്ങളും ജന്മനാ ബദ്ധശത്രുക്കളെങ്കിലും തപശക്തികൊണ്ട്‌ പരിപാവനമായിരിക്കുന്ന പുണ്യഭൂവില്‍ അവ ശത്രുതയെല്ലം വെടിഞ്ഞ്‌ മിത്രങ്ങളെന്നോണം മേവുന്നുവെന്ന് സാരം.).സരസമായ ഒരു മധുപാനവര്‍ണനയുടെ ഭാഗം ഉദ്ധരിക്കാം.'അനന്യസാധാരണമുള്‍പ്രമോദ-മനന്തമേകം മധുദേവിയാളെവിനഷ്ടസര്‍വെതരചിന്തരായ-ജ്ജനങ്ങള്‍ സേവിപ്പതിനുദ്യമിച്ചാല്‍..........................മിടുക്കു കൈകൊണ്ടഥ മദ്യകുംഭ-മെടുത്തു വക്തത്തൊടു ചേര്‍ത്തൊരുത്തന്‍,അടുത്തിരിപ്പോര്‍ കൊതി പൂകിടുമ്മാ-റൊടുക്കമില്ലാതെ കുടിച്ചു താനേ!'യാദവന്മാര്‍ക്കു കിട്ടിയ ശാപഫലോദയകാലം സമാഗതമായപ്പോള്‍ അര്‍ക്കിടയില്‍ മദ്യപാനവും തുടര്‍ന്ന്‌ പരസ്പരം കലഹങ്ങളും മൂലം യാദവകുലം നശിക്കുന്നതിനെയാണ്‌ മുകളിലെ പദ്യങ്ങളില്‍ വര്‍ണിച്ചിരിക്കുന്നത്‌. ഈ കാവ്യത്തെപ്പറ്റി വളാരെയേറെ പറയാനുണ്ടെങ്കിലും, വിസ്തരഭയത്താല്‍ ഇവിടെ അവസാനിപ്പിക്കുകയാണ്‌.കാവ്യങ്ങള്‍:ഖണ്ഡകാവ്യങ്ങള്‍ നാലെണ്ണം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. "ലഘുമഞ്ജരി" മഹാഭാരതത്തില്‍ പുരുവിന്റെ കഥയെ ആസ്പദമാകിയുള്ളതാണ്‌. മഹാഭാരതത്തിലെ സൗപ്തികപര്‍വത്തില്‍ വിവരിച്ചിരിക്കുന്ന ദ്രോണപുത്രനായ അശ്വത്ഥാമാവിനെയും ധൃഷ്ടദ്യുന്മനെയും മറ്റും വധിക്കുന്ന കഥയാണ്‌ 'ദ്രൗണീപ്രഭാവം' എന്ന കാവ്യത്തിലെ വിഷയം. ഉള്ളൂരിന്റെ ചരമത്തെ അനുശോചിച്ചെഴുതിയതാണ്‌ 'മഹച്ചരമം' എന്ന കാവ്യം.91 പദ്യങ്ങളടങ്ങിയ ഒരു സ്തോത്രകാവ്യമാണ്‌ 'ഗൗരീലഹരീസ്തോത്രം'. 'സ്രഗ്ദ്ധരാവൃത്ത'ത്തില്‍ ഈ കാവ്യം എഴുതപ്പെട്ടിരിക്കുന്നു. വ്യാഖ്യാനങ്ങള്‍: പല സംസ്കൃതകാവ്യങ്ങളില്‍നിന്നും പ്രധാനപ്പെട്ട ഭാഗങ്ങള്‍ തെരഞ്ഞെടുത്ത്‌ അവയെ പരിഭാഷചെയ്ത്‌ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതാണ്‌ 'അന്യോക്തിമുക്താലത' എന്ന ഗ്രന്ഥം. 'ശൈലീപ്രദീപം' എന്നൊരു നിഘണ്ടു വടക്കുംകൂര്‍ രചിച്ചിട്ടുണ്ട്‌. സാധാരണ നടപ്പിലിരിക്കുന്ന പഴയ ശൈലികളുടേയും, പഴഞ്ചൊല്ലുകളുടേയും അര്‍ഥം ഉദാഹരണസഹിതം ഇതില്‍ വിവരിച്ചിരിക്കുന്നു. പല സ്തോത്രങ്ങള്‍ക്കും കാവ്യങ്ങള്‍ക്കും വടക്കുംകൂര്‍ വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്‌. ജഗനാഥപണ്ഡിത മഹാകവിയുടെ 'കരുണാലഹരി' എന്ന സ്തോത്രത്തിന്‌ ഒരു വിസ്തൃതമായ വ്യാഖ്യാനം അദ്ദേഹം എഴുതിയിട്ടുണ്ട്‌. മേല്‍പത്തൂരിന്റെ പ്രസിദ്ധമായ 'നാരായണീയ'ത്തിന്‌ സംകൃതത്തിലും മലയാളത്തിലും അനേകം വ്യാഖ്യാനങ്ങള്‍ ഉള്ളതുകൂടാതെ പദാനുപദവിവര്‍ത്തനവും ഉണ്ട്‌. നാരായണീയത്തിന്‌ പണ്ഡിതരാജന്‍ പി. എസ്‌. അനന്തനാരായണ ശാസ്ത്രിയും വടക്കുംകൂറും ചേര്‍ന്നെഴുതിയ ഭാഷാവ്യാഖ്യാനം മംഗളോദ്യം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അറുപതാം ദശകത്തിനുശേഷമുള്ള വ്യാഖ്യാനം വടക്കുംകൂറിന്റെതാണ്‌.കേരളത്തില്‍നിന്നുണ്ടായിട്ടുള്ള സംസ്കൃതസന്ദേശകാവ്യങ്ങളില്‍ എന്തുകൊണ്ടും ഉല്‍കൃഷ്ടസ്ഥാനത്തെ അര്‍ഹിക്കുന്ന ഒന്നാണ്‌ ലക്ഷ്മീദാസന്റെ 'ശുകസന്ദേശം'. വ്യംഗ്യാര്‍ഥത്തിന്‌ പ്രാധാന്യം കൊടുത്തുകൊണ്ടാണ്‌ ഈ കാവ്യം രചിച്ചിരിക്കുന്നതെന്ന് കൈവാക്യത്താല്‍ സ്പഷ്ടമാണ്‌."വ്യങ്ങ്‌ഗ്യോത്തം സൈരിവരസ വിദസ്സല്‍ക്ക-വീനാം പ്രബന്ധൈ:പ്രീതിര്‍മന്യേ മനസി ഭവതസ്ഫീത-താമേഷ്യതീതി".("ഉണ്ടാം വ്യംഗാര്‍ഥമേന്തും സരസകവികള്‍ തന്‍കാവ്യബന്ധങ്ങള്‍ കണ്ടി-ട്ടുണ്ടാകുംപോലെയുള്ളില്‍സ്സരസവര! രസംകൂടുമേറ്റം ദൃഢം തേ". --തര്‍ജ്ജമ: കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍.)ഇങ്ങിനെയുള്ള കാവ്യങ്ങള്‍ എത്രയും ശ്രദ്ധയോടുകൂടി ഭാഷാന്തരീകരിച്ചാലും മൂലത്തിന്റെ പൂര്‍ണത കൈവരികയില്ല. എന്നിരുന്നാലും മഹാകവി കുഞ്ഞിക്കുട്ടന്തമ്പുരാന്‍ ഈ വിഷയത്തില്‍ ലക്ഷ്മീദാസന്റെ അരികില്‍ചെന്നെത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പറയാം. 'ഭാഷാശുകസന്ദേശത്തിനാണ്‌' വ്ടക്കുംകൂര്‍ വ്യാഖ്യാനം രചിച്ചിട്ടുള്ളത്‌. വിവര്‍തനകാരന്‌ എത്തിപ്പിടിക്കാന്‍ പറ്റാത്ത പല ആശയങ്ങളും വ്യാഖ്യാതകാരന്‍ വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്‌. ഭാരതത്തിലെ പ്രമുഖ സംസ്കൃത വ്യാഖ്യാതാവായ 'മല്ലിനാഥ'ന്‌ സമശീര്‍ഷനായ 'പൂര്‍ണസരസ്വതി'യുടെ വ്യാഖ്യാനശൈലിയെ അനുകരിച്ചാണ്‌ വ്ടക്കുംകൂര്‍ വ്യാഖ്യാനമെഴുതിര്യിരിക്കുന്നത്‌.ആ മഹാന്റെ (പൂര്‍ണസരസ്വതി) വ്യാഖ്യാനസരണി മല്ലിനാഥനടക്കം മറ്റു ഭാരതീയവ്യാഖ്യാനകാരന്മാരില്‍നിന്നും പല വിധത്തിലും വേര്‍പെട്ടു നില്‍ക്കുന്നതുകൊണ്ടും, സര്‍വലക്ഷണയുക്തമായതിനാലും, ആ ശൈലി ഭഷയിലും ഉണ്ടായി അഭിവൃദ്ധിപ്പെടണമെന്ന വടക്കുംകൂറിന്റെ ആഗ്രഹമാണ്‌ ഇങ്ങനെ അനുകരിക്കാന്‍ കാരണമെന്ന് അദ്ദേഹംതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഈ വ്യാഖ്യാനത്തിന്റെ മറ്റൊരു പ്രത്യേകത ശ്ലോകങ്ങളുടെ വ്യാഖ്യാനം മാത്രമല്ല ഇതിലുള്ളത്‌ എന്നതാണ്‌. സന്ദേശകാവ്യങ്ങളില്‍, സന്ദേശവുമായി പോകുമ്പോള്‍ മാര്‍ഗമധ്യേയുള്ള പല സ്ഥലങ്ങളുടേയും, പ്രത്യേകിച്ച്‌ അമ്പലങ്ങള്‍, രാജകൊട്ടാരങ്ങള്‍, ഉദ്യാനങ്ങള്‍ അതാത്‌ സ്ഥലങ്ങളിലെ ഭൂമിശസ്ത്രം എന്നിവയെയും പരിചയപ്പെടുത്റ്റുക പതിവാണല്ലോ. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വ്യാഖ്യാതാവ്‌ ദേശചരിത്രങ്ങളും, ഐതീഹ്യങ്ങളും പ്രതിപാദ്യവിഷയമാക്കിയിട്ടുണ്ട്‌. മൂലവും ചേര്‍ത്താണ്‌ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നൊരു മേന്മയും ഇതിനുണ്ട്‌.വടക്കുംകൂറിന്റെ വ്യാഖ്യാനങ്ങളില്‍ എറ്റവും കൂടുതല്‍ ജനപ്രീതിനേടിയിട്ടുള്ളതും, മുഖ്യമായതും 'കൃഷ്ണഗാഥാ'വ്യാഖ്യാനമാണ്‌. അതിനദ്ദേഹം എഴുതിച്ചേര്‍ത്തിട്ടുള്ള 'ഗാഥപ്രവേശിക'യും, 'ടിപ്പണി'യും വായിച്ചുപഠിച്ചാല്‍ കൃഷ്ണഗാഥയെന്ന ഉല്‍കൃഷ്ടകൃതിയെക്കുറിച്ച്‌ അറിയേണ്ടതെല്ലാം ലഭ്യമാകും. കൃഷ്ണഗാഥയുടെ കര്‍ത്താവ്‌ ചെറുശ്ശേരി നമ്പൂതിരിയാണെന്ന് സകലരും വിശ്വസിക്കുന്നുണ്ടെകിലും, വടക്കുംകൂരിന്റെ അഭിപ്രായം 'പുന'മാണെന്നാണ്‌. കൃഷ്ണഗാഥയുടെ കിട്ടാവുന്നത്ര താളിയോലഗ്രന്ഥങ്ങളും അതുപോലെതന്നെ അച്ചടിച്ച പുസ്തകങ്ങളും ശ്രദ്ധയോടെ പരിശോധിച്ച്‌ വിട്ടുപോയതും സ്ഥാനം തെറ്റിയതുമായ വരികളേയും മറ്റും വേണ്ടതായ സ്ഥാനത്ത്‌ ചേര്‍ത്ത്‌ ശുദ്ധപാഠം തയ്യാറാക്കി വടക്കുംകൂര്‍ ഈ കൃതി പ്രസിദ്ധീകരിച്ചത്‌ സഹൃദയലോകത്തിന്‌ വളരെ ഉപകാരമായിട്ടുണ്ട്‌.ജീവചരിത്രങ്ങള്‍:സംസ്കൃതസാഹിത്യത്തിലെയും ഭാഷാസാഹിത്യത്തിലെയും തലയെടുപ്പുള്ള നായകന്മാരുടെ ജീവചരിത്രങ്ങള്‍ രചിച്ച്‌ മലയാളികളുടെ അറിവ്‌ വര്‍ദ്ധിപ്പിക്കണമെന്ന ആഗ്രഹത്താല്‍ അദ്ദേഹം രചിച്ചവയാണ്‌ (1) ശ്രീ കാളിദാസന്‍; (2) മേല്‍പ്പത്തൂര്‍ നാരായണ ഭട്ടത്തിരി; (3) ജഗദ്ഗുരു ശങ്കരാചാര്യര്‍; (4) ക്ഷേമേന്ദ്രന്‍; (5) ശ്രീ വാല്മീകി; (6) ഉള്ളൂര്‍ മഹാകവി; (7) മഹാകവി രാമപാണിവാദന്‍ എന്നീ കൃതികള്‍.സാഹിത്യചരിത്രം:വടക്കുംകൂറിനെപ്പറ്റി എഴുതുമ്പോള്‍ വിസ്മരിക്കാന്‍ പാടില്ലാത്ത ഒന്നാണ്‌ അദ്ദേഹം വളരെ ക്ലേശങ്ങല്‍ സഹിച്ചും, വര്‍ഷങ്ങളോളം ഗവേഷണം ചെയ്തും, എഴുതിയ 'കേരളീയ സംസ്കൃതസാഹിത്യചരിത്രം'. ലോകസാഹിത്യത്തിലെ തന്നെ മഹാത്ഭുതങ്ങളില്‍ ഒന്നായി ഇതിനെ ഗണിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഭാരതത്തിലെ വേറൊരു സംസ്ഥാനത്തെ സംസ്കൃതസാഹിത്യത്തെക്കുറിച്ചും ഇത്രയും വിപുലവും സര്‍വലക്ഷണവുമൊത്തൊരു ചരിത്രം ആരും ഇന്നുവരെ രചിച്ചിട്ടുമില്ല. ആറു ഭാഗങ്ങളായിട്ടാണ്‌ പ്രസ്തുതഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ഒന്നാം ഭാഗം കേരളത്തിന്റെ ഉത്ഭവവും, പഴക്കവും, മാഹാത്മ്യവും, മറ്റും വിവരിച്ചുകൊണ്ടാണ്‌ ആരംഭിക്കുന്നത്‌. കേരളത്തിലെ അനേകം സ്വകാര്യഗ്രന്ഥപ്പുരകളേയും, അവിടെ ചിതലിനിരയായിക്കൊണ്ടിരിക്കുന്നതുമായ താളിയോലഗ്രന്ഥങ്ങളെക്കുറിച്ച്‌ അടുത്തതായി പ്രതിപാദിക്കുന്നു. കേരളത്തിലെ സംസ്കൃതവിദ്യാഭ്യാസത്തെപ്പറ്റിയുള്ള വിവരണമാണ്‌ അടുത്തത്‌. വേദാന്തം, വ്യാകരണം, ജ്യോതിഷം, മന്ത്രതന്ത്രാദികള്‍, കഥകളി, ശില്‍പ്പം, രാജനീതി എന്നിവയെ പരാമര്‍ശിചശേഷം, വരരുചി, പ്രഭാകരമിശ്രന്‍, സുകുമാരന്‍, കുലശേഖരന്‍, വാസുദേവഭട്ടത്തിരി, തോലന്‍, ശങ്കരാചാര്യര്‍, വില്വമംഗലം, ശക്തിഭദ്രന്‍, രാഘവാനന്ദന്‍, വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരി, നീലകണ്ഠസോമയാജി, ദേശമങ്ങലത്തു വാര്യന്മാര്‍ തുടങ്ങി അസംഖ്യം കവികളെയും, ശസ്ത്രകാരന്മാരെപ്പറ്റി ദീര്‍ഘമായിത്തന്നെ ചര്‍ച ചെയ്യുന്നുണ്ട്‌. രണ്ടാംഭാഗത്തില്‍ കേരളത്തിന്റെ പൂര്‍വസ്ഥിതി, സംസ്കൃതത്തിന്റെ ആഗമം, സംസ്കൃതവും മലയാളഭാഷയുടെ പരിവര്‍ത്തനവും, കേരളത്തിലെ ആചാരങ്ങളും വിശേഷാഘോഷങ്ങളും, ജനസമുദായം, ദേവാലയങ്ങളും സംസ്കാരാഭിവൃത്തിക്ക്‌ അവ്ക്കുള്ള ബന്ധം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പ്രഗത്ഭമാംവണ്ണം വിവരിക്കുന്നു. പൂര്‍ണ്ണ സരസ്വതി മുതല്‍ അച്യുതപിഷാരൊടിവരെ അസംഖ്യം മഹാന്മാരെയും, അവരുടെ കൃതികളെയും കുരിച്ചുള്ള പഠനമാണ്‌ അടുത്തത്‌. കാളിദാസന്റെ 'മേഘദൂതി'ന്‌ സംസ്കൃതത്തിലും മറ്റു ഭാരതീയ ഭാഷകളിലുമായി അസംഖ്യം വ്യാഖ്യാനങ്ങളുണ്ട്‌. സംസ്കൃത വ്യാഖ്യാനങ്ങളില്‍ മല്ലിനാഥന്റെയും, പൂര്‍ണ്ണസരസ്വതിയുടെ 'വിദ്യുല്ലത'യും, പയ്യൂര്‍പട്ടേരിമാരിലാരോ രചിച്ച 'സുമനോരമണി'യും പ്രാധാന്യമര്‍ഹിയ്ക്കുന്നവയാകുന്നു. ഈ മൂന്നു വ്യാഖ്യാനങ്ങളെയും കുരിച്ചൊരു താരതമ്യപഠനം നടത്തി ഓരോരൊ അംശങ്ങളില്‍ അവരിലോരോരുത്തര്‍ക്കുമുള്ള മഹത്വത്തെ വടക്കുംകൂര്‍ കേരളീയ സംസ്കൃത സാഹിത്യചരിത്രത്തില്വിവരിക്കുന്നത്‌ വായിക്കേണ്ട ഒന്നാണ്‌. മൂന്നാംഭാഗം മഹാനായ മേല്‍പത്തൂര്‍ നാരായണ ഭട്ടതിരിയേയും അദ്ദേഹത്തിന്റെ കൃതികളെയും കുറിച്ചുള്ള പഠനത്തോടെ ആരംഭിക്കുന്നു. 180 പേജോളം വരുന്ന ഈ അദ്ധ്യായം കേരള സംസ്കൃത സാഹിത്യചരിത്രത്തിലെ നാഴികക്കല്ലാണെന്നു പറയാം. മേല്‍പത്തൂരിനെക്കുറിച്ച്‌ പല പുതിയ വിവരങ്ങളും വടക്കുംകൂര്‍ വെളിപ്പെടുത്തുന്നുണ്ട്‌. മേല്‍പത്തൂരിന്റെ സാഹിത്യസംഭാവനകളില്‍ മുഖ്യമായി പരിലസിക്കുന്ന പ്രബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ജീവിതകാലം, എത്രവയസ്സുവരെ ജീവിച്ചിരുന്നു എന്നുള്ളതും മറ്റുമാണീ പുതിയ അറിവുകള്‍. പിന്നീട്‌ മേല്‍പത്തൂരിന്റെ സമകാലികരായ മാനവേദന്‍, നാരായണപണ്ഡിതന്‍, കുട്ടഞ്ചേരി തുടങ്ങിയവരെക്കുറിച്ക്‌ പരാമര്‍ശിക്കുന്നു. മംഗലശ്ശേരി-പണക്കാട്‌ നമ്പൂതിരിമാര്‍, രുദ്രദാസന്‍, മഹാനദപൂര്‍ണന്‍, രവിവര്‍മകുലശേഖരന്‍ തുടങ്ങിയവരെപ്പറ്റിയാണ്‌ അനന്തരപരാമര്‍ശം. നാലാംഭാഗം രാമപാണിവാദന്റെ ദീര്‍ഘമായൊരു ചര്‍ചയോടെ ആരംഭിക്കുന്നു. 150 പേജോളം വരുന്ന ഈ ഭാഗത്ത്‌ പാണിവാദന്റെ നാനാമുഖമായ സാഹിത്യസപര്യയെ വിലയിരുത്തുന്നു. "രാമപാണിവാദനും കുഞ്ചന്‍ നമ്പ്യാരും രണ്ടുപേര്‍ തന്നെ" എന്ന വടക്കുംകൂരിന്റെ അഭിപ്രായത്തെ ഇവിടെ ആവര്‍ത്തിച്ച്‌ പറയുന്നുണ്ട്‌. രാഷ്ട്രത്തിന്റെ സ്ഥിതി, ചില ജ്യോതിഷഗ്രന്ഥങ്ങള്‍, സ്വാതിതിരുനാള്‍, അശ്വതിതിരുനാള്‍ തുടങ്ങി കൈക്കുളങ്ങര രാമവാര്യര്‍ വരെ അസംഖ്യം പ്രഗത്ഭവ്യക്തികളെക്കുറിച്ച്‌ പിന്നീട്‌ പരാമര്‍ശിക്കുന്നു. അഞ്ചാംഭാഗം "കേരളവര്‍മ വലിയകോയിത്തമ്പുരാ"ന്റെ ചരിത്രത്തോടെ ആരംഭിക്കുന്നു. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങി ആധുനികരായ കവികളെക്കുറിച്ച്‌ ഇതില്‍ തുടര്‍ന്നു പരാമര്‍ശിക്കുന്നു. ആറാംഭാഗം 13 അദ്ധ്യായങ്ങളുള്ളതാണ്‌. കവിത്രയങ്ങളടക്കം അസംഖ്യം ആധുനിക കവികളെയും പണ്ഡിതന്മാരെയും അവരുടെ കൃതികളെയും കുറിച്ച്‌ ഈ ഭാഗത്തില്‍ വിലയിരുത്തുന്നുണ്ട്‌. ഇത്രയുംകൊണ്ട്‌ വടക്കുംകൂറിന്റെ 'കേരള സംസ്കൃത സാഹിത്യചരിത്രം' പരിസമാപ്തിയിലെത്തുന്നു. മഹാകവി ഉള്ളൂരിന്റെ "കേരളസാഹിത്യചരിത്രത്തിന്‌" വടക്കുംകൂര്‍ രചിച്ച 'ചര്‍ച്ചയും പൂരണവും' രണ്ടുവാല്യങ്ങളിലായി മംഗളോദയം 1967-ല്‍ പ്രസിദ്ധീകരിച്ചു. ഒന്നാം ഭാഗത്തില്‍ സാഹിത്യചരിത്രത്തിലെ മൂന്നു ഭാഗങ്ങളും, രണ്ടാം ഭാഗത്തില്‍ ശേഷിച്ച രണ്ടു ഭാഗങ്ങളും ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നു. ഉള്ളൂരിന്റെ കാലശേഷം വടക്കുംകൂറിന്‌ ഗവേഷണഫലമായി കിട്ടിയ പല പുതിയ അറിവുകളും, സാഹിത്യചരിത്രത്തില്‍ എതദ്വിഷയകമായിപ്പറഞ്ഞിരിക്കുന്ന കാര്യങ്ങളും യഥാവിധി പരിശോധിച്ച്‌, തെറ്റുകള്‍ കടന്നുകൂടിയിട്ടുള്ളവയെ തിരുത്തുകയും കൂട്ടിച്ചേര്‍ക്കേണ്ടവയെ ചേര്‍ക്കുകയും, അവയെ വേണ്ടപ്രകാരത്തില്‍ വ്യാഖ്യാനിച്ചും ഈ കൃതി രചിച്ചിരിക്കുന്നു. ഉള്ളൂരിനോട്‌ വടക്കുംകൂറിനുണ്ടായിരുന്ന അകമഴിഞ്ഞ ആദരമൊന്നുമാത്രമാണ്‌ ഈ പൂരണത്തിന്‌ അദ്ദേഹത്തെ പ്രേരിപ്പിച്ച സംഗതി എന്ന് മുഖവുരയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. നാല്‍പ്പതോളം പേജുകള്‍ വരുന്ന മുഖവുരതന്നെ ഉള്ളൂരിന്റെ സാഹിത്യവ്യവസായത്തിലെ നാനാമുഖനേട്ടങ്ങളെ വിലയിരുത്തുന്ന ഒന്നാണ്‌. 'ഓടുന്നവനും, ഓടിക്കുന്നവനും', ബുദ്ധിമുട്ട്‌ ഒന്നുപോലെയാണെന്ന് പറയുന്ന മാതിരി, സാഹിത്യചരിത്രമെഴുതാന്‍ ഉള്ളൂര്‍ എത്രമാത്രം കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ടോ, അത്രയുംതന്നെ മുദ്ധിമുട്ടിയാണ്‌ വടക്കുംകൂര്‍ അതിന്‌ പൂരണമെഴുതിയിരിക്കുന്നതെന്ന് കാണാന്‍ കഴിയും.സാഹിത്യശാസ്ത്രം, സാഹിത്യമഞ്ജുഷിക (മൂന്നുഭാഗം), സംസ്കൃതസാഹിത്യം, സാഹിത്യഹൃദയം, സാഹിത്യകൗസ്തുഭം, സാഹിത്യനിധി, കൈരളീ മാഹാത്മ്യം, സാഹിത്യവും പുരുഷാര്‍ഥവും, ഭാഷാചമ്പു, മഹാഭാരതനിരൂപണം എന്നിവയാണ്‌ അദ്ദേഹത്തിന്റെ മുഖ്യ ഇതര കൃതികള്‍. കൂടാതെ അസംഖ്യം ഭാഷാകൃതികളും, സംസ്കൃതകൃതികളും പ്രസാധനം ചെയ്ത്‌ കൈരളിയെ ധന്യമാക്കിയിട്ടുണ്ട്‌. എണ്ണിയാല്‍ തീരാത്തത്രയും കവിതകളും, ലേഖനങ്ങളും, അഭിപ്രായങ്ങളും എഴുതി പല മാസികകളിലും, ആഴ്ചപ്പതിപ്പുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഏറ്റവും വലിയ നിരൂപണം 'ഭാരത നിരൂപണ'മാണ്‌. മഹാഭാരതത്തെക്കുറിച്ച്‌ സമഗ്രവും, വിജ്ഞേയവുമായ ഒരു പഠനമാണിത്‌. ലോകതത്വങ്ങള്‍ മഹാഭാരതത്തില്‍ അടങ്ങിയിട്ടുള്ളവയെല്ലാം വിദഗ്ദ്ധമാംവണ്ണം കൈകാര്യം ചെയ്ത്‌ അവയെ വായനക്കാരുടെ ഹൃദയത്തില്‍ പ്രതിഷ്ടിക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌. പ്രസ്തുത കൃതി ഇതുവരെ അച്ചടിച്ചിട്ടില്ലാ എന്നു കാണുന്നു. അച്ചടിച്ചാല്‍ ഏകദേശം 2000 പുറത്തോളം വരുമെന്നാണ്‍` അതിന്റെ കയ്യെഴുത്തുപ്രതി കണ്ടിട്ടുള്ളവര്‍ അഭിപ്രായം പ്രകടിപ്പിച്കിരിക്കുന്നത്‌. അപ്പോള്‍ കേ. സംസ്കൃതസാഹിത്യചരിത്രത്തിന്റെ മൂന്നില്‍ രണ്ടു വലിപ്പമെങ്കിലും ഈ കൃതിക്ക്‌ വന്നേക്കാവുന്നതാണ്‌. ഈ നിരൂപണം അദ്ദേഹത്തിന്റെ അവതാരികയ്ക്ക്‌ പുറമേയാണെന്ന് ഓര്‍ക്കുന്നതു കൊള്ളാം.എഴുത്തച്ഛനേയും, മഹാകവി വള്ളത്തോളിനേയും പോലെ സംസ്കൃതംകൊണ്ട്‌ മലയാളാത്തെ പോഷിപ്പിച്ചവരില്‍ ഒരഗ്രിമസ്ഥാനം കവിതിലകന്‍ വടക്കുംകൂറിനുണ്ടെന്ന് സംശയം കൂടാതെ പറയാം. യഥാര്‍ഥപണ്ഡിതശൃംഖലയുടെ അവസാന കണ്ണിയെന്ന് വിശേഷിപ്പിക്കേണ്ടുന്ന വടക്കുംകൂര്‍ കേരളീയ സാഹിത്യവേദിയെ അനാഥമാക്കിക്കൊണ്ട്‌ 1970 ഫെബ്രുവരി 27-ന്‌ വൈകുന്നേരം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.------00000------15.6.08