Thursday, 20 April 2017

Shatkala Govinda Marar (1795-1838?)

ഷട്കാല ഗോവിന്ദമാരാർ.
(രാജു-വിളാവത്ത്‌).


      
ദക്ഷിണഭാരതത്തിലെ മറ്റുമൂന്നുസംസ്ഥാനങ്ങളേപ്പോലെ കേരളം സംഗീതകലയോട്‌ നീതിപുലര്‍ത്തിയിട്ടില്ലെന്നൊരു മിഥ്യാബോധം നമ്മുടെയിടയില്‍ വളരെക്കാലമായി പ്രചരിച്ചുവരുന്ന ഒന്നാണല്ലോ! എന്നാലിത്‌ നേരമ്പോക്കിനുവേണ്ടിയുള്ള ഒരു അബദ്ധ പ്രചരണമാണെന്ന്‌ ഗണിച്ച്‌ തള്ളിക്കളയാവുന്നതല്ലെന്ന്‌ സൂഷ്മ നിരീക്ഷണം കൊണ്ട്‌ ബോദ്ധ്യമാകുന്നതാണ്‌.
പണ്ഡിതന്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നതിനും, സാഹിത്യാദി ഇതര കലകളെ പോഷിപ്പിക്കുന്നതിനും വേണ്ടി സ്വയം ജീവിതം ഉഴിഞ്ഞുവച്ചിരുന്ന പലരാജക്കന്മാരും പ്രഭുക്കന്മാരും സ്വാതിതിരുന്നാളിനേപ്പോലെ സംഗിതകലയെ തുല്ല്യനിലയില്‍ പരിഗണിച്ചിരുന്നില്ല. അവരും അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ നമുക്കീ അധപ്പതനത്തിനിടവരില്ലായിരുന്നുവെന്ന്‌ വിചാരിക്കാനേ ഇപ്പോളവകാശമുള്ളു. പത്രമാസികകളും ഈ വിഷയത്തില്‍ രാജാക്കന്മാരെ അന്ധമായി അനുകരിക്കുകയാണ്‌ ചെയ്തുപോന്നിട്ടുള്ളത്‌. കേരളസംഗിതപാരമ്പര്യത്തെക്കുറിച്ച്‌ അറിവുണ്ടായിരുന്ന പലമഹാത്മാക്കളും അവഗണനയുടെ ക്രൂരമ്പേറ്റ്‌ നിലമ്പതിച്ചു. സ്ഥിതിഗതികള്‍ ഇങ്ങിനെയൊക്കെയായിരുന്നെങ്കിലും, വാനത്തെ പൂര്‍ണ്ണചന്ദ്രനെപ്പോലെ സംഗിത ലോകത്ത്‌ ഉദിച്ചുയര്‍ന്ന്‌, അഖിലഭാരത പ്രശ:സ്തിനേടിയ, പല സംഗിത വിദ്വാന്മാരും മലനാട്ടിലുണ്ടായിരുന്നതായിക്കാണാം. അക്കൂട്ടത്തില്‍ സര്‍വകലാവല്ലഭനായി സംഗിത നഭസ്സില്‍ ശോഭിച്ചു വന്നിരുന്ന "ഷട്കാല ഗോവിന്ദ മാരാരെ"പ്പറ്റി അല്‍പമൊന്നു ചിന്തിച്ചു നോക്കാം. 

      
കാലത്തിന്റെ മാറ്റങ്ങള്‍ ഒട്ടും ഗൗനിക്കാതെ ശാന്തമായി ഇന്നും പ്രവഹിച്ചുകൊണ്ടിരിക്കുന്ന മുവ്വാറ്റുപുഴയാറിന്റെ തീരത്ത്‌ പ്രസിദ്ധമായ രാമമംഗലം ക്ഷേത്രം നിലകൊള്ളുന്നു. ക്ഷേത്ര ദേവതയായ ബാലനരസിംഹമൂര്‍ത്തിയേ സേവിച്ച്‌, ഇരുപത്തിയാറുദിവസത്തെ ക്ഷേത്രോത്സവങ്ങളും, അതുപോലെതന്നെ സകല ക്ഷേത്രകലകളും പ്രഗത്ഭമാംവണ്ണം പരമ്പരയായി കൈകാര്യം ചെയ്തുപോന്നിരുന്ന അഞ്ചുമാരാര്‍ കുടുംബങ്ങള്‍ പ്രസ്തുത ക്ഷേത്രത്തിന്‌ ചുറ്റുമായി നിലനിന്നിരുന്നു. അവയില്‍ ചിലകുടുംബങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നു മാത്രമല്ലാ, ഒരു പാരമ്പര്യത്തിന്റെ കണ്ണിയായി, സോപാനസംഗിതം; ചെണ്ട, തിമില, എടക്ക എന്നീ വാദ്യോപകരണങ്ങളും, അനായാസേനകൈകാര്യം ചെയ്യാന്‍ പ്രഗത്ഭന്മാരായവര്‍ ഇവിടെ ധാരാളമുണ്ടായിരുന്നു. ഇന്നും അതിനൊരു കുറവും ആ കുടുംബത്തില്‍ ഉണ്ടായിട്ടില്ലെന്നാണറിയാന്‍ കഴിഞ്ഞിട്ടുള്ളത്‌. 

      
ഷട്കാലബിരുദം (ആറുകാലങ്ങളില്‍ പല്ലവി പാടുവാനുള്ള കഴിവിനെപുരസ്കരിച്ച്‌ കിട്ടുന്ന ബിരുദനാമം) ദക്ഷിണഭാരത സംഗീതലോകത്ത്‌ ഒരുവ്യക്തിയുടെ നാമധേയത്തിന്‌ മുമ്പില്‍ സ്ഥിരപ്രതിഷ്ഠയായിക്കിടക്കുന്നു. അത്‌ മറ്റാരുടേയുമല്ലാ; സാക്ഷാല്‍ ഗോവിന്ദമാരാര്‍ എന്ന അമാനുഷ സംഗീതജ്ഞന്റെ പേരിന്‌ മുന്നില്‍ത്തന്നെ! (ഗോവിന്ദമാരാര്‍ക്ക്‌ മുന്‍പ്‌ രണ്ടുവ്യക്തികള്‍ ഷട്കാലബിരുദധാരികളായി ഉണ്ടായിരുന്നുവെന്നും, അവര്‍ ചോളദേശത്തുകാര്‍ ആയിരുന്നുവെന്നും കാണുന്നു. ഗോവിന്ദമാരാരുടെയത്ര പ്രസിദ്ധി അവര്‍ക്കില്ലാതെ പോയതുകൊണ്ടായിരിക്കാം പില്‍ക്കാലചരിത്രഗ്രന്ഥങ്ങളില്‍ അവരെപ്പറ്റി രേഖകള്‍ കാണാത്തത്‌ എന്നനുമാനിക്കാം).

      
മുകളില്‍പ്പറഞ്ഞ അഞ്ച്‌ കുടുംബങ്ങളില്‍ "കരവട്ടേടത്ത്‌" എന്ന ഗൃഹത്തില്‍ ഗോവിന്ദമാരാര്‍ കൃസ്തുവര്‍ഷം 1795-ല്‍ ജനിച്ചു. വളരെ ചെറുപ്പത്തില്‍ത്തന്നെ സോപാനസംഗീതത്തിലും, ഇതര ക്ഷേത്രകലകളിലും പ്രഗത്ഭമാംവണ്ണം പ്രാവീണ്യമ്നേടി. യൗവ്വനത്തിലേക്ക്‌ കാല്‍ വച്ചപ്പോള്‍ത്തന്നെ ഒരു മാറാവ്യാധിയായ വാതരോഗത്താല്‍ പീഡിതനാകയാല്‍, വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വന്നു. ഉള്ളിലൊളിഞ്ഞുകിടന്നിരുന്ന സംഗീതം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍, സംഗീതത്തിന്റെ മാസ്മര വിദ്യകളെക്കുറിച്ച്‌ പഠിക്കണമെന്ന ആഗ്രഹത്താല്‍ ജന്മനാടുപേക്ഷിച്ച്‌ ദേശസഞ്ചാരത്തിന്‌ പുറപ്പെട്ടു. ഈസഞ്ചാരത്തിനിടയില്‍ തിരുവനന്തപുരത്ത്‌ വരികയും, രാമസ്വാമിഭാഗവതര്‍ എന്ന പ്രഗത്ഭസംഗീതജ്ഞന്റെ കൂടെ ആറുവര്‍ഷക്കാലം കര്‍ണ്ണാടകസംഗീതമഭ്യസ്സിക്കയും ചെയ്തു. (തിരുവനന്തപുരത്തുവച്ച്‌ ഹരിഹരഭാഗവതരാണ്‌ മാരാരെ സംഗീതമഭ്യസിപ്പിച്ചതെന്നും, ഈ ഭഗവതര്‍ ഉണ്ണായിവാര്യരുടെ ശിഷ്യനായിരുന്നുവെന്നും, "മലയാള ഭാഷാചരിത്ര"ത്തില്‍ ഗോവിന്ദപ്പിള്ള പറയുന്നു.). 

      
അവിടെനിന്നദ്ദേഹം ത്ജന്റെ ജന്മനായുള്ള സംഗീതവാസനയെ വേണ്ടവിധത്തില്‍ സാധകം ചെയ്തുകൊണ്ട്‌ ഉപരിപഠനാര്‍ത്ഥം, ചോളദേശത്തേക്ക്‌ യാത്രതിരിച്ചു. കര്‍ണാടകസംഗീതത്തിന്റെ വിളനിലമായ തഞ്ചാവൂര്‍, കുംഭകോണം, ശ്രീരംഗം മുതലായ സ്ഥങ്ങളില്‍ സഞ്ചരിച്ച്‌ സംഗീതത്തിന്റെ ഗ്രഹിക്കാവുന്ന തത്ത്വങ്ങളൊക്കെ സ്വായത്തമാക്കി തിരിച്ച്‌ തിരുവനന്തപുരത്ത്‌ തന്നെ വരികയുണ്ടായി. ഈ സമയം തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്‌ സംഗീതജ്ഞരില്‍
രാജാവും, രാജാക്കന്‍മാരില്‍ സംഗീതഞ്ഞ്നനും എന്ന്‌ അന്വര്‍ഥമായി പ്രകീത്ത്തിക്കപ്പെട്ടിരുന്ന സാക്ഷാല്‍ സ്വാതി തിരുനാള്‍ ആയിരുന്നു. മാരാരുടെ സംഗീത പ്രാഗത്ഭ്യത്തെ കണ്ടറിഞ്ഞ രാജാവ്‌ അദ്ദേഹത്തെ കൊട്ടാരം ഗായകനായി അവരോധിക്കുകയു, സ്വയം സംഗീതത്തിന്റെ സൂക്ഷ്മതത്ത്വങ്ങള്‍ മനസ്സിലാക്കുവാന്‍ മാരാരുടെ സിദ്ധികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. തമിള്‍നാട്ടിലെ സഞ്ചാരവേളയില്‍ മാരാര്‍ക്ക്‌ അനേകം വിശിഷ്ട സംഗീത കൃതികള്‍ പഠിക്കാനും അവകളെ പകര്‍ത്തി ശേഖരിക്കാനും അവസരം ലഭിച്ചു. സംഗീതത്തില്‍ ഒരാചാര്യനും, വിശിഷ്യ ഒരുത്തമ വാഗ്ഗേയകാരനുമായിരുന്ന ശേഷയ്യങ്കാരുടെ കൃതികളും അവയില്‍പ്പെട്ടിരുന്നു. ഈ കൃതികളെല്ലാം മാരാര്‍ രാജാവിനെ പാടിക്കേള്‍പ്പിച്ചപ്പോള്‍, അയ്യങ്കാരുടെ വിശിഷ്ടകൃതികള്‍ രാജാവിന്‌ ഏട്ടവും ആകര്‍ഷകമായിത്തീര്‍ന്നു. സ്വാതിതിരുനാള്‍ സ്വന്തം കൃതികള്‍ രചിക്കാന്‍ മാതൃകയായെടുത്തതും മേല്‍പ്പറഞ്ഞ അയ്യങ്കാര്‍ കൃതികളാണെന്നാണ്‌ പണ്‍ഢിതപക്ഷം.

      
മാരാരുടെ അത്ഭുതാവഹമായ ഗവേക്ഷണ ഭലമായി അദ്ദേഹം സ്വന്തമായൊരു തംബുരു ഏഴു തന്ത്രികളില്‍ പരിഷ്കരിച്ചെടുക്കുകയുണ്ടായി. സാധാരണ നിലവിലുള്ള തംബുരക്ക്‌ നാലുകംബികളാണുള്ളത്‌. പഞ്ചമം, സാരണ, അനുസാരണ, മന്ത്രം എന്നിങ്ങനെ യഥാക്രമം കംബികളെ സംജ്ഞചെയ്തിരിക്കുന്നു. ഏഴു കംബികള്‍ ആധാരഷഢ്ജത്തിന്‌ മൂന്ന്‌, മന്ത്രഷഢ്ജത്തിന്‌ മൂന്ന്‌, മന്ത്രപഞ്ചമത്തിന്‌ മൂന്ന്‌ എന്ന വിധത്തിലാണ്‌, മാരാര്‍ തംബുരയില്‍ തന്ത്രികളെ ക്രമീകരിച്ചിരുന്നത്‌. വളരെ കൃത്യനിഷ്ടയോടുകൂടി മീട്ടിയില്ലെങ്കില്‍ അപശ്രുതിയുണ്ടാകാന്‍ എളുപ്പമാണ്‌. അപ്പോള്‍ ശ്രുതിക്കനുസരിച്ച്‌ ഗായകന്‌ ആലാപനം സാധിക്കാതെവരും. (മൈസൂര്‍ ചൗഢയ്യയെന്ന പ്രസിദ്ധ വയലിന്‍ വിദ്വാന്‍ ഏഴുതന്ത്രികളിലൊരു വയലിന്‍ പരിഷ്കരിച്ചെടുക്കുകയുണ്ടായി. ഇതിനു പ്രചോദനം കിട്ടിയത്‌ മാരാരുടെ തംബുരയില്‍ നിന്നായിരിക്കാം എന്ന്‌ ചില പണ്ഢിതന്‍മാര്‍ സംശയിക്കുന്നതില്‍ പരമാര്‍ത്ഥ മൂണ്ട്‌.).  ഈ തംബുരമീട്ടി ആറുകാലങ്ങളില്‍ പല്ലവിപാടുകയെന്നത്‌ അദ്ദേഹത്തിന്റെ ഒരമാനുഷികസിദ്ധിയായിരുന്നു. വിശേഷപ്പെട്ട ഈ തംബുരയില്‍ ചാര്‍ത്താനായി ഒരു വൈജയന്തി (ചെറിയ കൊടി) മഹാരാജാവ്‌ അദ്ദേഹത്തിന്‌ സമ്മാനിക്കുകയുണ്ടായി.

      
രാജകീയ സല്‍ക്കാരങ്ങള്‍ക്കും, ബഹുമതികള്‍ക്കും അത്രതന്നെ വിലകല്‍പ്പിക്കാതിരുന്ന മാരാര്‍ അധികനാള്‍ തിരുവനന്തപുരത്ത്‌ തങ്ങുകയുണ്ടായില്ല. ദേശാടനപ്രിയനായിരുന്നതിനാല്‍, തന്റെ കൊടികെട്ടിയ തംബുരുവുമായി തിരുവനന്തപുരം വിട്ടു. അനേകം പുണ്ണ്യ ക്ഷേത്രങ്ങളും, സംഗീതകേന്ദ്രങ്ങളും സന്ദര്‍ശിച്ച്‌ അവിടെയുള്ള മഹാന്മാരെ തന്റെ സംഗീത പാടവം പ്രദര്‍ശിപ്പിച്ച്‌ യാത്രതുടര്‍ന്നു. ഈ യാത്രാവേളയില്‍, തന്റെ സമകാലികനും കര്‍ണാടക സംഗീതത്തിലെ ശുക്രനക്ഷത്രവുമായിരുന്ന ത്യാഗരാജസ്വാമികളേയും സന്നര്‍ശിക്കുകയുണ്ടായി. 

      
പുളകജനകമായ ആ കൂടിക്കാഴ്ച്ചയെ അധികരിച്ച്‌ പല വത്യസ്ഥാീതീഹ്യങ്ങളും സംഗീത ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌.   വിശ്വസ്സിക്കാന്‍ വയ്യാത്ത അതിശയോക്തി അതിലൊന്നുംതന്നെയില്ലെംകിലും, ആധുനീകന്മാര്‍ അവകളെ പുച്ചിച്ചുതള്ളുന്നു. സമകാലികരും, ത്യാഗരാജസ്വമികളുടെ തന്നെ ശിഷ്യന്മ്മാരുമയിരുന്ന പലരും ഈ ഋഷിതുല്ല്യരുടെ കൂടിക്കാഴ്ചയും, അതിനോടനുബന്ധമായുണ്ടായ സംഭവവികാസങ്ങളും അവരുടെ സംഗീതചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിവച്ചിട്ടുണ്ട്‌. പിന്നെ ഇതില്‍ അവിസ്വസനീയമായി എന്താണ്‌ ഉള്ളതെന്നറിയില്ല!.

      
തിരുവനന്തപുരത്തെ ഒരു പ്രഗത്ഭ വാഗ്ഗേയകാരനും, വിശിഷ്യ ഒരു വൈണീകനുമായിരുന്ന ടി. ലക്ഷ്മണന്‍ പിള്ളാ, സംഗീതശാസ്ത്രഞ്ഞന്മാരില്‍ അഗ്രഗണ്ണ്യനായിരുന്ന എം. എസ്‌. രാമസ്വാമിയയ്യര്‍; പ്രൊഫ്‌. പി. സാംബമൂര്‍തി; ഡോ. എസ്‌. വെങ്കിടസുബ്രഹ്മണ്യ അയ്യര്‍ മുതലായവര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ യഥര്‍ത്ഥത്തിലുണ്ടായ സത്യാവസ്ഥകളെ അതിശയോക്തിസ്പര്‍ശമില്ലാതെ എഴുതിയിട്ടുണ്ട്‌. ഇവര്‍ തമ്മില്‍ കാണാന്‍ കളമൊരുക്കിയ സാഹചര്യവും, അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും ചുരുക്കത്തിലെങ്കിലും സ്പര്‍ശിക്കാതെ മുമ്പോട്ടു പോകുന്നത്‌ ഉചിതമായിരിക്കുമെന്ന്‌ തോന്നുന്നില്ല.

      
ത്യാഗരാജശിഷ്യനായിരുന്ന കണ്ണയ്യാ ഭാഗവതരും, ദീക്ഷിതരുടെ ശിഷ്യനായിരുന്ന വടിവേലുവും, സ്വാതി തിരുനാളിന്റെ സംഗീതസദസ്സിലെ പ്രമുഖവ്യക്തികളായിരുന്നു. ത്യാഗരാജസ്വാമികളുടെ കൃതികള്‍ ഇവര്‍ പാടുന്നതുകേട്ട മഹാരാജവിന്‌, ആ മഹാത്മാവിനെ നേരില്‍ക്കാണണമെന്ന്‌ ആഗ്രഹം തോന്നി. അദ്ദേഹത്തെ തിരുവയ്യാറില്‍ ചെന്ന്! കൂട്ടികൊണ്ടുവരുന്നതിനായി വടിവേലുവിനേയും, ഗോവിന്ദമാരാരേയും മഹാരാജവ്‌ നിയോഗിച്ചു. അവര്‍ക്ക്‌ കൂട്ടിനായി നല്ലതമ്പി മുതലിയാരേയും ഏര്‍പ്പാടാകി. അങ്ങിനെ 1838-39-ല്‍ ഒരേകാദശിയോടനുബന്ധിച്ച്‌ സംഗീതോത്സവം നടന്നുകൊണ്ടിരിക്കെ ഇവര്‍ മൂവരും ത്യാഗരാജസന്നിധിയിലെത്തി. ശിഷ്യന്മാരെല്ലാം ചേര്‍ന്നുപാടുന്ന ആ ഭജനയുടെ രസം നുകര്‍ന്നുകൊണ്ട്‌ സ്വാമികള്‍ മദ്ധ്യസ്ഥനത്ത്‌ ഇരിക്കുകയാണ്‌. ഒഴിഞ്ഞുകിടന്നിരുന്ന ഒരു മൂലയില്‍ മൂവ്വരും ഇരിപ്പുറപ്പിച്ചു. ഭജനയുടെ പൂര്‍വഭാഗം സമാപിച്ചപ്പോള്‍ സ്വമികലുടെ പാട്ടൊന്നു കേട്ടാല്‍ കൊള്ളമെന്ന്‌ ഗോവിന്ദമാരാര്‍ ആഗ്രഹം പ്രകടിപ്പിച്ചു. തന്നോട്‌ പാടാന്‍ ആഞ്ഞാപിച്ചതാരാണെന്ന്‌ ആദ്യം സ്വാമികള്‍ക്ക്‌ മനസ്സിലായില്ലെങ്കിലും, വടിവേലുവില്‍ നിന്ന്‌ കാര്യം ഗ്രഹിച്ചു. ഉടന്തന്നെ മാരാര്‍ക്ക്‌ പാടാന്‍ സ്വമികളുടെ അനുമതി ലഭിച്ചു. കിട്ടിയ അവസരം പാഴാക്കാതെ അദ്ദേഹം പാടാന്‍ തീരുമാനിച്ചു. എല്ലാ വാദ്യോപകരണങ്ങളും നിസ്ചലമാക്കാനാഞ്ഞാപിച്ചുകൊണ്ട്‌ മാരാര്‍ അദ്ദേഹത്തിന്റെ ഏഴുകമ്പികളുള്ള തമ്പുരമീട്ടി പന്തുവരാളിരാഗം ആലാപനം തുടങ്ങി. ഒന്നാം കാലം രണ്ടാം കാലം മൂന്നാം കാലം എന്നിവ നിഷ്പ്രയാസം കടന്ന്‌ ആലാപനം ആറാം കാലത്തിലെത്തിയപ്പോള്‍ ത്യാഗരജസ്വാമികളടക്കം സദസ്സ്യര്‍ എല്ലാവരും അത്യത്ഭുതത്താല്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കാന്‍ തുടങ്ങി. ശേഷം ഗീതഗോവിന്ദത്തിലെ "ചന്ദനചര്‍ച്ചിതനീലകളേബര" എന്ന അഷ്ടപതി ഒരു പല്ലവിയായെടുത്ത്‌ ഷറ്റ്കാലത്തിലും പാടി രാഗമാലികയില്‍ അവസാനിച്ചപ്പോള്‍ ത്യാഗരാജസ്വാമികള്‍ക്കു മാരാരോടു തോന്നിയ ഭക്തിയും ബഹുമാനവും അളവറ്റതായിരുന്നു. ആതിധേയന്റെ അത്ഭുതസിദ്ധിക്കൊരു പാരിതോഷികമെന്നോണം ശ്രീരാഗത്തില്‍ "എന്തരോ മഹാനുഭാവുലു അന്തരികി വന്ദനമു" എന്നു തുടങ്ങുന്ന കീത്തനം പാടി വിശിഷ്ടാതിഥിക്കു സമര്‍പ്പിച്ചു. "ഗോവിന്ദസ്വാമി" എന്ന ബഹുമാനസൂചകമായ നാമവും ത്യഗരാജന്‍ ഈ അവസരത്തില്‍ നല്‍കിയതായി പറയപ്പെടുന്നു.

      
സ്വാമികളുടെ നിര്‍ദ്ദേശപ്രകാരം മാരാര്‍ കുറേദിവസം അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചശേഷം തന്റെ വടക്കോട്ടുള്ള യാത്ര തുടര്‍ന്നു. ഏതായാലും മാരാര്‍ തിരിച്ച്‌ തിരുവന്തപുരത്തേക്ക്‌ പോകുകയുണ്ടായില്ല. ഉത്തര ഭാരതത്തിലെ പല പുണ്യക്ഷേത്രങ്ങള്‍ സന്നര്‍ശിക്കുകയും, ചിലയിടങ്ങളില്‍ വിദ്വാന്മാരുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്ത്‌ അവസാനം മഹാരഷ്ട്രയിലുള്ള പണ്ഡരീപുരം വിഠല ക്ഷേത്രത്തില്‍ ഭജനമിരിക്കുകയും, അവിടെവച്ച്‌ 1842-ല്‍ ആ 'മഹാനുഭാവലു' മര്‍ത്യപഞ്ജരമുപേക്ഷിക്കുകയും ചെയ്തു. 

      
ഗോവിന്ദസ്വാമി ഒരു ഗാനസാമ്രാട്ട്‌ മാത്രമായിരുന്നില്ല, ഉന്നതനായ ഒരു വാഗ്ഗേയകാരനും കൂടിയായിൂരുന്നു, ഗോവിന്ദസ്വാമി വര്‍ണ്ണങ്ങള്‍ എന്ന പേരില്‍ മാരാരുടെ കൃതികള്‍ തമിള്‍നാട്ടില്‍ പ്രചാരത്തിലിരുന്നതായി പ്രൊ. സാംബമൂര്‍തി തുടങ്ങിയവര്‍ പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം രചിച്ചു പാടിയ കൃതികളൊന്നും പകര്‍ത്തിവച്ചിട്ടില്ലാത്തതുകൊണ്ടും, അദ്ദേഹത്തിന്റെ ശിഷ്യപരമ്പരകളെക്കുറിച്ച്‌ രേഖകളില്ലാത്തതുകൊണ്ടും പൂര്‍ണ്ണരൂപത്തില്‍ അവകളുടെ മാതൃക കിട്ടാന്‍ വിഷമമായിത്തന്നെയാണിരിക്കുന്നത്‌. ആയതിനാല്‍ ഏതുവകഭേതത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്ന്‌ പറയുക വിഷമമാണ്‌. സ്വരജതികള്‍മാതിരിയാണെന്നും, വര്‍ണ്ണ മതൃകയിലാണെന്നും, അതുമല്ല, ത്യാഗരാജസ്വാമികളുടെ പഞ്ചരത്ന കൃതികള്‍ പോലെ വര്‍ണങ്ങളുടേയും, സ്വരജതികളുടെയും, ഏകീകൃത രൂപത്തിലുള്ള പ്രബന്ധങ്ങള്‍ ആണെന്നും പലപ്രകാരത്തില്‍ പറഞ്ഞുവരുന്നുണ്ട്‌. ഗോവിന്ദസ്വാമി വര്‍ണങ്ങള്‍ എന്നപേരില്‍ തമിള്‍നാട്ടിലും മറ്റും ഈ കൃതികള്‍ പ്രാചാരത്തിലിരുന്ന കാര്യം ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. 'യതുകുലഗാംബോജി'യിലും, 'മോഹന'ത്തിലും അദ്ദേഹം രചിച്ച വര്‍ണങ്ങള്‍ കണ്ടുകിട്ടിയിട്ടുള്ളതായി ശ്രീമതി ലീലാ ഓംചേറി രേഖപ്പെടുത്തിയതായി ഓര്‍ക്കുന്നു.

      
സോപാന സംഗീതത്തിന്റെയും, കര്‍ണാടക സംഗീതത്തിന്റെയും ചുവടു പിടിച്ച്‌ ആ രണ്ടു പ്രസ്ഥാനങ്ങളിലും സര്‍വസാധാരണമായിരുന്ന വ്യത്യസ്ഥ്‌ ഗാനരൂപങ്ങളെല്ലാം ഗോവിന്ദമാരാര്‍ രചിച്ചിരിക്കാമെന്ന്‌ അനുമാനിക്കുന്നതില്‍ അപാകതയില്ല. സംകൃതം, തെലുങ്ക്‌, മണിപ്രവാളം എന്നീ ഭാഷകള്‍ അവക്കായി ഉപയോഗപ്പെടുത്തിയുമിരിക്കാം. ആധുനീക കര്‍ണ്ണടക സംഗീതത്തിന്റെ പ്രാഥമിക തത്ത്വങ്ങള്‍ വളരെ ഭംഗിയായും, എഴുപത്തിരണ്ടു മേളകര്‍ത്താരാഗങ്ങളുടെയും, അവയുടെ ജന്യരാഗങ്ങളുടെയും ലക്ഷണങ്ങള്‍ വളരെ വിശദമായും വിവരിക്കുന്ന ഒരുല്‍കൃഷ്ടഗ്രന്ഥമാണ്‌ "സംഗ്രഹചൂഡാമണി".
ഈ കൃതിയുടെ കര്‍ത്താവൊരു "ഗോവിന്ദാചാര്യ"രാണെന്നറിയാമെങ്കിലും ആ മഹാത്മാവിന്റെ മറ്റുവിവരങ്ങളൊന്നും ലഭ്യമല്ല. ഗോവിന്ദമാരാര്‍ സംഗീതനഭോമണ്ടലത്തിലെ ഒരു ധ്രുവാചാര്യനായി വിഹരിച്ചിരുന്നുവെന്നതിന്‌ പല തെളിവുകളും പ്രത്യക്ഷമായുണ്ട്‌. ഈ നിലയില്‍ നോക്കുമ്പോള്‍ "സംഗ്രഹചൂഡാമണി"യുടെ കര്‍ത്താവ്‌ അദ്ദേഹമായിരിക്കുകയില്ലേ, എന്നൊരു ചോദ്യം നമ്മുടെ മുമ്പില്‍ പ്രത്യക്ഷീഭവിക്കുന്നുണ്ട്‌. ഒരുപക്ഷേ നിരന്തരമായ ഗവേഷണത്തില്‍ക്കൂടെ അത്‌ തെളിയിച്ചെടുക്കനും സാധിച്ചേക്കും. അതുപോലെതന്നെ അദ്ദേഹത്തിന്റെ കൃതികളും. പൂര്‍വികരേയും, അവരുടെ വിലമതിക്കാനാവാത്ത സംഭാവനകളേയും കുറിച്ചൊരു അവബോധം നമുക്കുണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അശ്രധ, അവഗണന,അനാദരവ്‌ മുതലായവകൊണ്ട്‌ അമൂല്യകലാസൃഷ്ടികളെ കുറച്ചൊക്കെ ഒതുക്കിവെക്കാമെങ്കിലും, അത്‌ ശാശ്വതമായി നിലനിര്‍ത്താനൊക്കുകയില്ലെന്ന പ്രത്യാശയോടെ നമുക്കേവര്‍ക്കും കാത്തിരിക്കാം.

      
കര്‍ണ്ണാടക സംഗീതവും, സോപാന സംഗീതവും ഭാരതത്തിലുള്ളിടത്തോളം കാലം, ആ സംഗീതശാഖാമൂല്യങ്ങള്‍നാടിന്റെ നാനഭാഗത്തും പ്രചരിപ്പിക്കാനും, അതിലൂടെ ഒരേകാത്മഭാരതത്തെ കാണാന്‍ ശ്രമിക്കുകയും ചെയ്ത ആ പുണ്യാത്മാവിന്റെ നാമധേയം നിലനില്‍ക്കുമെന്നുതന്നെ നമുക്ക്‌ പ്രത്യാശിക്കാം.

                                             ooooo00000ooooo.