Friday 20 June 2008

ഇരയിമ്മൻ തമ്പി - ഒരു ഗുരുവായൂർ ഭക്തനോ?"

ഓമനതിങ്കൾക്കിടാവോ നല്ല കോമളത്താമര പൂവോ!" എന്നാരംഭിക്കുന്ന താരാട്ട്‌ കേട്ട്‌ നിർവ്വൃതിയടയാത്ത, അതു പാടി തങ്ങളുടെ ഒമനമക്കളെ ഉറക്കാത്ത അമ്മമാരോ മലനാട്ടിൽ ഉണ്ടായിരിയ്ക്കാനിടയില്ല.സ്വാതിയുടെ പിറവിയുമായി ബന്ധപ്പെട്ടാണ്‌ പ്രസ്തുത കൃതിയുടെ നാമം നിലനിൽക്കുന്നത്‌ ഇതിന്റെ വിശദാംശങ്ങൾ ഗവേക്ഷണം ചെയ്ത്‌ കണ്ടുപിടിയ്ക്കേണ്ടതായിട്ടുണ്ട്‌. തന്റെ ഓമനപ്പൈതലിനോട്‌ അമ്മമാർക്കുണ്ടാകുന്ന മൃദുലവികാരങ്ങളും, വാത്സല്യവും ഉടനീളം പതിഞ്ഞിരിക്കുന്നതുകൊണ്ട്‌ ശ്രവണമാത്രയിൽത്തന്നെ പിഞ്ചോമനകൾ ഉറങ്ങാൻ തുടങ്ങുന്നു. ലോകസാഹിത്യത്തിൽ മുഴുവൻ തിരഞ്ഞാലും ഇത്രയും മനോഹരമായ ഒരു താരാട്ട്‌ കണ്ടുകിട്ടുക വിഷമമാണെന്നുള്ളതിന്‌ തെളിവാണ്‌ പാശ്ചാത്യസംഗീതശാസ്ത്രപണ്ഡിതനായ "ഫോക്സ്‌ സ്ട്രേൻജ്‌വേയ്സ്‌" തന്റെ "മൂസിക്ക്‌ ഓഫ്‌ ഹിന്ദുസ്ഥാൻ" എന്ന കൃതിയിൽ ഈ താരാട്ട്‌ ഇംഗ്ലിഷിൽ തർജ്ജമ ചെയ്ത്‌, പാടുന്ന രീതി പാശ്ചാത്യ മട്ടിൽ സ്വരപ്പെടുത്തി ചേർത്തിരിക്കുന്നത്‌. തിരുവിതാംകൂർ രാജസദസ്സിൽ, രണ്ടു റാണിമാരുടേയും, മൂന്ന് രാജാക്കന്മാരുടേയും, ഭരണകാലത്ത്‌, കവിസാർവ്വഭൗമൻ, സംഗീതജ്ഞൻ എന്നീ നിലകളിൽ കൊട്ടാരത്തെ അലംകരിച്ചിരുന്ന ഒരമൂല്യ രത്നമായ ഇരയിമ്മൻ തമ്പിയാണ്‌ ഈ താരാട്ടിന്റെ കർത്താവ്‌. കരമന അണ്ടിയിറക്കത്ത്‌ പുതുമന അമ്മവീടെന്ന് പ്രസിദ്ധിപെറ്റ കുടുംബത്തിൽ പാർവ്വതിപ്പിള്ളത്തങ്കച്ചിയുടേയും, ചേർത്തലനടുവിലെ കോവിലകത്ത്‌ കേരളവർമ്മ ശാസ്ത്രി തമ്പാന്റേയും പുത്രനായി കൊല്ലവർഷം 958-ൽ (1782) തമ്പി ഭൂജാതനായി. അച്ഛന്റെയും, മൂത്താട്ട്‌ ശങ്കരൻ ഇളയതിന്റേയും അടുക്കൽനിന്ന് യഥാവിധി സംകൃതവും, മലയാളവും, ശാസ്ത്രങ്ങളും അഭ്യസിച്ചു. ധർമ്മരാജാവെന്ന് വിശ്വവിഖ്യാദതനായ കാർത്തിക തിരുനാളിന്റെ കാലത്ത്‌, നന്നേ ചെറുപ്പത്തിൽ തമ്പി കവിതകൾ എഴുതുവാൻ തുടങ്ങി. രാജാവിന്റെ പ്രോത്സാഹനവും, രാജസദസ്സിലെ സന്ദർഭോചിതമായ സാഹചര്യങ്ങളും തമ്പിക്ക്‌ ഒരുത്തമ കവിയും, ആട്ടക്കഥാകാരനും, വാഗ്ഗേയകാരനും ആകാനുള്ള കളമൊരുക്കി. ആട്ടക്കഥാസാഹിത്യത്തിന്‌ തമ്പിയിൽ നിന്ന് കിട്ടിയിട്ടുള്ള മൂന്നു കഥകളും വിലമതിക്കാനാവാത്ത മുതൽക്കൂട്ടാണ്‌. ആടിക്കാണാനും പാടിക്കേൾക്കാനും ഒരു പോലെ ഉത്തമങ്ങളാണ്‌ തമ്പിയുടെ കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നീ അട്ടക്കഥകൾ. ശാസ്ത്രീയസംഗീതത്തിന്റെ നാനാവശങ്ങളും തമ്പിക്കധീനമായിരുന്നു വെന്ന് അദ്ദേഹത്തിന്റെ കഥകളിപ്പദങ്ങളിൽ നിന്നും വ്യക്തമാണ്‌. പ്രസിദ്ധിയാർജ്ജിച്ചചില പദങ്ങൾ താഴെ കൊടുക്കുന്നു. കീചകവധം:ശശിമുഖീ, വരിക - കാമോദരി - ചെമ്പടമാലിനീരുചിരഗുണ - പാടി - ചെമ്പട.ഉത്തരാസ്വയംവരം:ജയജയ! നാഗകേതന - കാമോദരി - ചെമ്പട.വീരവിരാടകുമാരവിഭോ - കുമ്മി.(വിരാട രാജപുത്രനായ ഉത്തരനും, അന്ത:പുരസുന്ദരിമാരുമായുള്ള മദനകേളിയാണ്‌ സന്ദർഭം).ദക്ഷയാഗം:പൂന്തേൻവാണി - കാമോദരി - ചെമ്പട.കണ്ണിണയ്ക്കാനന്ദം - കല്യാണി - ചെമ്പട."ക്ഷോണീന്ദ്രപത്നിയുടെ വാണീം", എന്നു തുടങ്ങുന്ന "കീചകവധത്തിലെ" ദണ്ഡകം അർത്ഥചമത്‌കാരം തുളുമ്പിനിൽക്കുന്നവയും, സന്ദർഭോചിതവുമായ സൃഷ്ടിയാണ്‌. വിരാട പത്നി സുഭേഷ്ണ, തന്റെ സഹോദരനായ കീചകന്റെ കിടപ്പറയിലേക്ക്‌ വീഞ്ഞുമായി അസ്സമയത്ത്‌ പോകുവാൻ പാഞ്ചാലിയോടാജ്ഞാപിക്കുമ്പോൾ, പാഞ്ചാലിക്കുണ്ടാകുന്ന വിവിധഭാവഭേദങ്ങളാണ്‌ സന്ദർഭം. ഇതുപോലുള്ള പല വികാരോജ്ജ്വലവും, രസ്സാത്മകവുമായ സന്ദർഭങ്ങൾ (ഭാവങ്ങൾ) ഈ മൂന്നു സൃഷ്ടികളിൽ നിന്നും കണ്ടെടുക്കാൻ കഴിയും. തമ്പിയുടെ കവനചാതുരി ഉൽകൃഷ്ടമായി പരിലസ്സിക്കുന്നത്‌ ആട്ടക്കഥകളിലാണെങ്കിലും മറ്റു രചനകളായ കിളിപ്പാട്ടുകൾ (വാസിഷ്ഠം, രാസക്രീഡ), തിരുവാതിരപ്പാട്ട്‌ (സുഭദ്രാഹരണം), നവരാത്രിപ്രബന്ധം, മുറജപം പാന, കീർത്തനങ്ങൾ, പദങ്ങൾ, വർണ്ണങ്ങൾ, മുക്തകങ്ങൾ എന്നിവയും ആ കാവ്യസമുദ്രത്തിലെ മുത്തുകളായി എന്നും പ്രശോഭിക്കുന്നു. ഇവയിൽ ദാക്ഷീണാത്യസംഗീതത്തിന്‌ തമ്പിയുടെ സംഭാവനകളായ വർണ്ണം, പദം, കീർത്തനം മുതലായവ പ്രത്യേകിച്ചും സ്മരണീയങ്ങൾ തന്നെ. അവയുടെ ഒരു സാമാന്യ വിമർശ്ശനം ഈ ലേഖനത്തിന്റെ മുഖ്യ ഉദ്ദേശമാകുന്നു.ദാക്ഷീണാത്യ സംഗീതത്തിന്‌ കേരളത്തിന്റെ സംഭാവനയെക്കുറിച്ച്‌ പറയുമ്പോൾ ആദ്യം സ്മരിക്കേണ്ടത്‌ സ്വാതിതിരുനാൾ മഹാരാജാവിനെയാണ്‌. അതിനടുത്ത സ്ഥാനം അർഹിക്കുന്നത്‌ തമ്പി തന്നെയാണെന്ന് വിതർക്കിതമാകുന്നു. അദ്ദേഹം 500-ൽ പരം കൃതികൾ രചിച്ചിട്ടുള്ളതായിപ്പറയപ്പെടുന്നുണ്ടെങ്കിലും, പലതവണകളായി കണ്ടുകിട്ടിയിട്ടുള്ളത്‌ നൂറോളം കൃതികളാണ്‌. മലയാളം, സംസ്കൃതം എന്നീ ഭാഷകളിലാണ്‌ തമ്പിയുടെ രചനകൾ മിക്കവാറും കാണുന്നത്‌. പുറമെ തമിഴിലും രണ്ടു മൂന്നു കൃതികൾ കണ്ടുകിട്ടിയിട്ടുണ്ട്‌. തമിഴ്‌കൃതികൾ അദ്ദേഹത്തിന്റെ തന്നെയാണെന്ന് മതിയായ ലക്ഷ്യങ്ങളില്ലെങ്കിലും, പത്മനാഭ മുദ്രയുള്ളതുകൊണ്ട്‌ അദ്ദേഹത്തിന്റെതന്നെയെന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. സാഹിത്യ മർമ്മജ്ഞന്മാർ വരുത്താനിടയിലാത്ത ചില തെറ്റുകളും അവയിൽ കാണുന്നതുകൊണ്ട്‌ ഇവയും തമ്പിയുടെ തന്നെ രചനകളായിരിക്കാം, എന്ന് പണ്ഡിതപക്ഷമുണ്ട്‌. തമിഴ്‌ കൃതികൾക്ക്‌ പ്രചാരം ഒട്ടുംതന്നെയില്ല.ഗുരുമുഖത്തുനിന്ന് സംഗിതതത്ത്വങ്ങൾ പഠിച്ചതായി രേഖകൾ ഒന്നും ഇല്ലെങ്കിലും, പ്രായോഗികതലത്തിലും, സിദ്ധാന്തത്തിലും അപാര പണ്ഡിത്യം നേടിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സംഗീത കൃതികൾ സാഷ്യം വഹിക്കുന്നു. കർണ്ണാടക സംഗീതത്തിന്റെ തനി തഞ്ചാവൂർ ഛായ തിരുവിതാംകൂറിൽ ആവാഹിക്കപ്പെട്ടത്‌ സ്വാതിതിരുനാളിന്റെ കാലത്താണ്‌. അതിന്‌ മുൻപ്‌ ഈ സമ്പ്രദായം കേരളത്തിൽ പല ദിക്കിലും ആവിർഭവിച്ചിട്ടുണ്ടായിരുന്നെങ്കിലും, സാർവ്വത്രികമായ അംഗികാരം കിട്ടിയിരുന്നില്ല. മഹാരാജാവിനെ സംഗീതം പഠിപ്പിക്കുവാൻ വന്ന പ്രഗത്ഭരായ സംഗീതജ്ഞന്മാരുമായുള്ള സഹവാസവും, കേരളത്തിൽ മുമ്പേ നിലനിന്നിരുന്ന ശാസ്ത്രീയ സംഗീതത്തിലുള്ള പാണ്ഡിത്യവും നിമിത്തം തമ്പിക്ക്‌ തഞ്ചാവൂർ സംഗീതത്തിന്റെ സൂഷ്മതത്വങ്ങൾ നിഷ്‌പ്രയാസമായ്‌ ഭവിച്ചതിൽ അത്ഭുതമില്ല. മൂലതത്വങ്ങൾ മനസ്സിലാകിയാൽ പിന്നെ തമ്പിയേപ്പോലുള്ള പണ്ഡിതന്മാർക്ക്‌ ഗാനരചന ഒരു വിനോദമായി മാറുമെന്നുള്ളതാണ്‌ വാസ്തവം. സമകാലികരായിരുന്നതുകൊണ്ടും ഒരേ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്നതുകൊണ്ടും, തമ്പിയുടേയും, സ്വാതിതിരുനാളിന്റെയും, പരമേശ്വരഭാഗവതരുടേയും രചനകൾക്ക്‌ ബാഹ്യദൃഷ്ട്യാ സാമ്യത തോന്നുമെങ്കിലും സൂഷ്മമായ്‌ വിശകലനം ചെയ്തുനോക്കിയാൽ ആസ്വാദനസ്വഭാവം വ്യത്യസ്ഥമായനുഭവപ്പെടും. ഇക്കാരണത്താൽത്തന്നെ തമ്പിയുടെ കൃതികൾ സ്വാതിതിരുനാളിന്റെതെന്നോ, പരമേശ്വരഭാഗവതരുടേതെന്നോ (സമകാലികരായ ചോളദേശഗാനകൃത്തുക്കളുടേതെന്നോ) മറിച്ചോ ഉള്ള വാദകോലാഹലങ്ങൾ അസ്ഥാനത്താണെന്നു വന്നുകൂടുന്നു.തമ്പിയുടെ കണ്ടുകിട്ടിയിട്ടുള്ള അഞ്ച്‌ വർണ്ണങ്ങളും ഉൽകൃഷ്ടരചനകളാണ്‌. മൂന്ന് പദവർണ്ണങ്ങൾ സംസ്കൃതത്തിലും, ഒരു പദവർണ്ണവും, ഒരു സ്തവവർണ്ണവും മലയാളത്തിലുമാണ്‌ രചിച്ചിട്ടുള്ളത്‌. പദവർണ്ണങ്ങൾ സധാരണഗതിയിൽ ശൃംഗാരപരമായിരിക്കും. എന്നാൽ അതിൽനിന്നും വ്യത്യസ്തമായരീതിയിൽ ദേവന്മാരെ സ്തുതിപരങ്ങളായി സാഹിത്യത്തിൽ ഉൾക്കൊള്ളിക്കുന്നവ സ്തവവർണ്ണങ്ങളെന്ന പേരിനർഹമാണ്‌. ഇത്തരം രചനകൾ സ്വാതിതിരുന്നാളും, ഇരയിമ്മൻതമ്പിയും മാത്രമേ രചിച്ചിട്ടുള്ളതായി അറിവുള്ളു.കേരളത്തി ചില ഗായകരും, ഭരതനാട്യക്കാരും, മോഹിനിയാട്ടക്കാരും സാധാരണയായി അവരുടെ പരിപാടികളിൽ ഉൾപ്പെടുത്തിവരുന്നതും, തമ്പിയുടെ രചനാവൈഭവം എടുത്തുകാണിക്കുന്നതും ആയ ചില ഗാനങ്ങൾ താഴെ കൊടുക്കുന്നു. 1). വർണ്ണങ്ങൾ: അംബ, ഗൗരി, ഗിരികന്യേ-ആരഭി-അടന്ത;മനസിമേ പരിതാപം ദുസ്സഹമയ്യോ-ശങ്കരാഭരണം-ചെമ്പട(മലയാളം); സായം കീം മേ-നീലാംബരി-ചെമ്പട(സംസ്കൃതം); തവസാഭിമതാ-ഭൈരവി-പഞ്ചാരി(സംസ്കൃതം); 2) കീർത്തനങ്ങൾ: പാഹി നിഖില ജനനി-നാട്ട-ചെമ്പട (സംസ്കൃതം); വരദേ ശശിധര-തോടി-പഞ്ചാരി; കരുണചെയ്‌,വാനെന്തു- ശ്രീ-ചെമ്പട; നീലവർണ്ണ പാഹിമാം-സുരുട്ടി-ചെമ്പട; അടിമലരിണതന്നെ-മുഖാരി-ചെമ്പട(മലയാളം).3) പദങ്ങൾ: ആരോടുചൊൽ,വേൻ-ഇന്ദിസ-ചെമ്പട; പ്രാണനാഥനെനിക്കുനൽകിയ-കാമോദരി-ചെമ്പട; വരനോസ്മരനോ-നീലാംബരി-ആദി; കാമകൃതേ കാന്ത-യദുകുലകാംബോജി.ഇന്ന് വളരെ പ്രചാരത്തിലില്ലാത്തവയും, എന്നാൽ പണ്ട്‌,കാലങ്ങളിൽ കേരളത്തിൽ പ്രചാരത്തിലിരുന്നവയെന്നും അനുമാനിയ്ക്കാവുന്ന കുകുഭ, ഇൻ ദിശ എനീ രാഗങ്ങളിൽ തമ്പി ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌.തമ്പിയുടെ കണ്ടുകിട്ടാത്ത കൃതികൾ തേടിപ്പിടിച്ച്‌ പ്രസിദ്ധീകരിക്കാനോ, പ്രചരിപ്പിക്കാനോ സംഗീതപ്രേമികൾ കാര്യമായി ശ്രമിച്ചതായി അറിവില്ല. കണ്ടുകിട്ടിയവയെയിൽത്തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ളവ വളരെ കുറവാണ്‌. തമ്പിയുടെ കൃതികൾ എല്ലാംതന്നെ സംഗീതപ്രിയന്മാർക്കെന്നപോലെ സഹൃദയർക്കും അസ്വാദന ജനകമാണ്‌. എന്തുകൊണ്ടെന്നാൽ, രസാത്മകമായ സംഗീതം ഉൾക്കൊള്ളുന്നതിനു പുറമെ ഈ കൃതികളെല്ലാം ഉത്തമകാവ്യങ്ങളുമാണെന്നതുതന്നെ. അതുകൊണ്ട്‌ മുകയ്യെടുക്കുന്ന പ്രസിദ്ധീകരണശാലകൾക്ക്‌ തമ്പിയുടെ കൃതികൾ സമാഹരിച്ച്‌ അച്ചടിച്ചാൽ ഒരു നല്ല ശതമാനം ലാഭമുണ്ടാക്കാൻ സാധിക്കുമെന്നത്‌ ഒരു സത്യമാണ്‌. ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിലൂടേയും, ചില കേരളീയ ഗായകരിലൂടേയും, തമ്പിയുടെ ഗാനങ്ങൾ നാമമാത്രമായി കേൾക്കാമെന്നല്ലാതെ, അർഹിക്കുന്ന തരത്തിൽ അവയെ പ്രചരിപ്പിക്കുന്നതായോ, പ്രചരിപ്പിക്കുവാൻ ശ്രമങ്ങൾ നടക്കുന്നതായോ അറിവില്ല. കേരള ജനത ആദ്യകാലങ്ങളിൽ തമിഴ്‌ നാട്ടുകാരോ, തെലുങ്കാനക്കാരോ, കർണ്ണാടകക്കാരോ പുലർത്തിയിരുന്ന ആരാധന മനോഭാവം, കർണ്ണാടകാംഗീതത്തോട്‌ കാണിച്ചിരുന്നില്ല. ഇന്നതിന്‌ ചിലമാറ്റങ്ങൾ കണ്ടുവരുന്നുണ്ട്‌. സംഗീത വിദ്യാലയങ്ങൾ പലതും കേരളത്തിൽ വന്നുതുടങ്ങിയതോടുകൂടി ശാസ്ത്രീയസംഗീതം പ്രഗത്ഭമാംവണ്ണം കൈകാര്യം ചെയ്യാൻ സാധിക്കുന്ന യുവഗായകർ ഉണ്ടാകാൻ തുടങ്ങി. ഇതരസംസ്ഥാനങ്ങളിലെ ഗായകരോട്‌ കിടപിടിച്ചുനിൽകാൻ പോന്ന പല ഗായകരും നമുക്കിന്നുണ്ട്‌. എണ്ണംകൊണ്ടും വണ്ണംകൊണ്ടും ഇതര ദക്ഷിണേന്ത്യൻ ഭാഷാഗാനങ്ങളോട്‌ സമാനത പുലർത്തുന്ന ഒരു ഗാനസമ്പത്ത്‌ നമുക്കുണ്ടായിട്ടും അവയിൽ ഒന്നുപോലും ഈ സംഗീതജ്ഞരുടെ കച്ചേരികളിൽ കേൾക്കാൻ കഴിയാത്തത്‌ പരിതാപകരം തന്നെ.സംഗീതാസ്വാദനത്തിന്‌ ഭാഷ ഒരു പ്രശ്നമല്ലാ എന്ന് പറയാറുണ്ടെങ്കിലും, സാഹിത്യാർത്ഥം മനസ്സിലാക്കിയുള്ള ആസ്വാദനത്തിനൊരു പ്രത്യേകത വേറെയാണ്‌. കേരളത്തിൽത്തന്നെ തെലുങ്കോ, തമിഴോ അറിയാതെ മറുനാട്ടുകാരായ ഗായകരുടെ കച്ചേരികേട്ട്‌ ആത്മനിർവ്വൃതി അടയുന്ന അനേകംപേർ ഉണ്ട്‌. ഈ അവസ്ഥ മനസ്സിൽ വച്ചുകൊണ്ട്‌, മറുനാട്ടിൽ കച്ചേരികൾ നടത്തുന്ന കേരളഗായകർ, തമ്പിയുടേയും മറ്റും മലയാള ഗാനങ്ങൾ കച്ചേരികളിൽ ഉൾക്കൊള്ളിച്ച്‌, ഭാഷ അറിയാതിരുന്നാലും സംഗീതാസ്വാദനം സാധിക്കുമെന്ന് അവരെ മനസ്സിലാക്കി കൊടുക്കണം. എന്നാൽ മാത്രമേ, മലയാള ഗാനങ്ങൾക്ക്‌ അംഗീകാരം കിട്ടുകയുള്ളു. അറിഞ്ഞോ അറിയാതേയോ അവഗണനയുടെ മൂടുപടത്തിൽ ഒളിഞ്ഞു കിടക്കുന്ന തമ്പിയുടെ സംഗീതസത്തകളെ പുറത്തുകൊണ്ടുവരാനും, വേണ്ടത്ര പ്രചാരം നൽകുവാനും, അദ്ദേഹത്തിന്റെ അനുയായികളെന്നഭിമാനിക്കുന്ന നമ്മുടെ സംഗീതപ്രേമികൾക്ക്‌ ഒരു കടമയില്ലെ? കർണ്ണാടക സംഗീതത്തിന്‌, കേരള സംഗീതത്തിന്‌ പ്രത്യേകിച്ച്‌, മറക്കാനാവാത്ത അമൂല്യനിധികൾ സംഭാവന ചെയ്ത്‌, കിരീടത്തിന്‌ വർണ്ണചുട്ടികളെന്നപോലെ, സംഗീത സഹിത്യ സാമ്രാജ്യത്തിലെ ഉജ്ജ്വല നക്ഷത്രമായി ശോഭിച്ച തമ്പി 1856-ൽ എഴുപത്തിനാലാം വയസ്സിൽ അന്തരിച്ചു. അച്ഛന്റെ കാൽപാടുകളെ പിൻതുടർന്ന മകൾ, കുട്ടിക്കുഞ്ഞു തങ്കച്ചിയെ ഈ അവസരത്തിൽ സ്മരിക്കുന്നത്‌ ഉചിതമായിരിക്കും. "മുറ്റത്തെ മുല്ലക്ക്‌ മണമില്ല" എന്ന പഴംചൊല്ല് തമ്പിയുടെ സംഗീത കൃതികളുടെ കാര്യത്തിൽ ഇവിടെ ഓർമ്മിക്കുന്നത്‌ നന്നായിരിക്കും. തമ്പിയൊരുത്തമ ശ്രീകൃഷ്ണഭക്തനും അതിലുപരി ഒരുഗുരുവായൂർ ഭക്തനൊ ആയിരുന്നില്ലെ എന്നനുമാനിക്കാൻ വകതരുന്നതാണ്‌ അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങൾ. നമുക്കേവർക്കും സുപരിചിതമായ ഗുരുവായൂരപ്പനെ പ്രകീത്തിച്ചുകൊണ്ടദ്ദേഹം എഴുതിയിട്ടുള്ള ശ്രീരാഗ കീർത്തനം "കരുണചെയ്‌,വാനെന്തു താമസം കൃഷ്ണ", നീലവർണ്ണപാഹിമം", അടിമലരിണതന്നെ", തുടങ്ങിയവ ഈ വിഷയത്തിൽ നമുക്ക്‌ ചൂണ്ടിക്കാണിക്കാവുന്നതാണ്‌.തമ്പിയുടെ തമിഴ്‌ കീർത്തനങ്ങളെക്കുറിച്ച്‌ മുമ്പ്‌ പറയുകയുണ്ടായല്ലൊ. അക്കൂട്ടത്തിൽ കണ്ടുകിട്ടിയിട്ടുള്ള രണ്ടെണ്ണം താഴെ പകർത്തുന്നു. ഇരയിമ്മൻ തമ്പിയുടെ രണ്ടു തമിഴ്‌ കൃതികൾ.രാഗം: ദേവഗാന്ധാരി താളം: ചമ്പട.പല്ലവി:കഞ്ചമിഴിയാലെ കൊഞ്ചം എന്മേലെകരുണയുടൽ പാരമ്മ (കഞ്ച...)അനുപല്ലവി:കൊഞ്ചും കിളിയെ കയ്യിൽ പിടിത്ത-വടിവ്‌ ഉൻതാൻകൊടികൊടിത്തരം കുമ്പിട്ടുകിന്റ്രേൻ (കഞ്ച...)ചരണം:പത്മനാഭരുക്കു തങ്കയായ്‌ പിറന്തപരമഞ്ഞാനരൂപിണീ അമ്മാ ഉൻകടൽ അടിമയെ കർപ്പതല്ലാവൊമുറൈ ഉലകമിന്റെ കരനിമങ്ക്ണമൈ ചുറ്റും മലയിരുന്തുമുന്നംമനത്തിറങ്കി കൊണ്ടുവന്താ പൂരണിഎങ്കൽ വിനയൊഴിത്തു നിനൈത്ത--വരങ്കൽ തരാഉലകം തന്നിൽ വളരുമീശ്വരിയേ -- ഉന്താൻ (കാഞ്ച)2. രാഗം: പന്തുവരാളിതാളം : ആദി.പല്ലവി:കാരിയം വേണമ നാൻ പണത്തെ മുടിപ്പായ്‌ കെട്ടികയ്യിലെ കടും സ്വാമിഅനുപല്ലവി:പാരിൽ മികവുമിന്ത വേശച്ചിറുമികൽക്കുപണത്തിലെ നാട്ടമല്ലാതുകണത്തിലെ നാട്ടമുണ്ടോ (കാരിയം.....)ചരണം:നിനയ്‌ത്തപൊരുൾ കയ്യിലെ കിടയ്‌ത്താലേവരും ചെരിനീതികൾക്കില്ലെയ്‌ പാതിപേതമയ്യാവനത്തിലെ കുരങ്കുക്കു കടിത്തതെല്ലാം കരിമ്പ്‌വകുത്തറിവെൻപതില്ലൈ കലവി ചെയ്യ (കാരിയം...)(തമിഴ്‌,കൃതികൾക്കവലംബം - ശ്രീമതി ലീലാ ഓംചേരിയുടെ ലേഖനം - കുങ്കുമം വാരിക - 6-2-1983;).