Saturday 17 August 2019

"തുഞ്ചത്ത്‌ ഗുരുപാദര്‍"(രാജു-വിളാവത്ത്‌-കൂവ്വപടി).മലയാള ഭാഷയുടെ പിതാവ്‌, മലയാളികളുടെയെല്ലാം ആചാര്യന്‍ എന്നെല്ലാം അന്വര്‍ത്ഥമായി വിശേഷിപ്പിക്കാവുന്ന ഒരു കവിവര്യന്‍ നമുക്കുണ്ട്‌. ലളിതകോമളമായ ഭാഷയില്‍ അദ്ധ്യാത്മരാമായണവും, മഹാഭാരതവും, കിളിപ്പാട്ടാക്കി നമുക്ക്‌ സംഗ്രഹിച്ചുതന്ന തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍ തന്നെയാണ്‌ ആ മഹാന്‍. എഴുത്തച്ഛന്റെ ജീവിതകാലം, അച്ഛനമ്മമാര്‍, അദ്ദേഹത്തിന്റെ കൃതികള്‍, എന്നുവേണ്ട, ശരിയായ പേരുപോലും നമുക്ക്‌ ഖണ്ഡിതമായി തെളിയിക്കുവാന്‍ സാധിച്ചിട്ടില്ല. ചിറ്റൂര്‍ ഗുരുമഠത്തില്‍ തലമുറകളായി പ്രചരിച്ചു വരുന്ന ഐതീഹ്യങ്ങളില്‍നിന്നും ഉടലെടുത്ത ഊഹാപോഹങ്ങളെ ആധാരമാകി ചിലതെല്ലാം ചരിത്രകാരന്മാര്‍ സ്ഥാപിച്ചെടുത്തിട്ടുണ്ടെന്നുള്ളത്‌ ശരിതന്നെ. എന്നിരുന്നാലും അദ്ദേഹത്തിന്റെ ജനനസ്ഥലം തിരൂരാണെന്നതില്‍ തര്‍ക്കമില്ല.ജനനവും, വിദ്യാഭ്യാസവും:-സംസ്കൃതത്തില്‍ കവികള്‍ "പ്രകാശം" എന്ന് വിവഷിക്കുന്ന വാക്കിന്‌ നാം ഭാഷയില്‍ "വെട്ടം, വെളിച്ചം" എന്നൊക്കെപ്പറയാറുണ്ട്‌. പ്രകാശമെന്ന പദംതന്നെ മലയാളത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുമുണ്ട്‌."ലക്ഷ്മ്യാ പ്രകാശവിഷയം രഞ്ജയന്‍ നിജയാനിജംനിത്യമുദ്യന്‍ വിജയതേ സുകൃതാലംബനം രവി";"ജഗദാനന്ദയന്‍ ഗോഭി:സതാം മാര്‍ഗ്ഗം സനാഥയന്‍പ്രകാശശ്രീകരോ രാജാ രവിവര്‍മ്മാ വിരാജതേ". മേല്‍ക്കാണിച്ച ശ്ലോകാര്‍ദ്ധങ്ങളില്‍ ആദ്യത്തേത്‌ തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരൊടി അദ്ദേഹത്തിന്റെ വ്യാകരണഗ്രന്ഥമായ "പ്രവേശക"ത്തിലും, രണ്ടാമത്തേത്‌ "ഭ്രമരസന്ദേശ"ത്തില്‍ വാസുദേവ കവിയും, വെട്ടത്തു (പ്രകാശ) രാജാവായ രവിവര്‍മ്മാവിനെ സ്തുതിക്കുന്നതാണ്‌.സ്വയം പണ്ഡിതന്മാരും, എന്നാല്‍ ഇതരപണ്ഡിതന്മ്മാരെയും, കവികളേയും, പ്രോത്സാഹിപ്പിക്കുന്നതില്‍ മുങ്കയ്യെടുത്തവരുമായി രണ്ടു രാജാക്കന്മ്മാര്‍ വെട്ടത്തു നാട്ടില്‍ ഭരണം നടത്തുകയുണ്ടായി. രാജരാജ വര്‍മ്മാവും, രവിവര്‍മ്മയുമായിരുന്നു അവര്‍. കൊ. വ. എഴുനൂറിനും, എണ്ണൂറിനും ഇടയിലുള്ള ശതാബ്ദമായിരുന്നു അവരുടെ ഭരണകാലം. നാനാശാസ്ത്രങ്ങളിലും, സാഹിത്യസരണിയിലും, പ്രഗത്ഭരായിരുന്ന അനേകം പണ്ഡിതന്മാര്‍ക്ക്‌ കല്‍പവൃക്ഷമായിരുന്നു അവര്‍. വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരി, പുതുമന ചോമാതിരി, കേളല്ലൂര്‍ നീലകണ്ഠ സോമയാജി, തിരുമംഗലത്ത്‌ നീലകണ്ഠന്‍ നമ്പീശന്‍, തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരോടി, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടത്തിരി, അദ്ദേഹത്തിന്റെ അച്ഛന്‍, ഇങ്ങനെ പോകുന്നു അക്കാലത്തെ പണ്ഡിതവിരാജിതമായ രാജസദസ്സിലെ അംഗങ്ങളുടെ പട്ടിക. അങ്ങിനെയുള്ള വെട്ടത്തുനാട്ടിലാണ്‌ ആചാര്യന്‍ ജനിച്ചത്‌. ശരിയായി പറഞ്ഞാല്‍ തിരൂരിലുള്ള തൃക്കണ്ടിയൂര്‍ തുഞ്ചത്തു ഭവനത്തിലാണെന്ന് തെളിയിക്കാന്‍ രേഖകളുണ്ട്‌. ഷൊര്‍ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക്‌ യാത്രചെയ്യുമ്പോള്‍ തിരൂര്‍ തീവണ്ടി കാര്യാലയത്തില്‍നിന്ന് ഒരുനാഴിക തെക്കുപടിഞ്ഞാറായി ഈ സ്ഥലം കാണാം. കൊ.വ. 700-നും 800-നും ഇടക്കാണ്‌ എഴുത്തച്ഛന്‍ ജീവിച്ചിരുന്നതെന്ന് ഗവേഷകന്മാര്‍ ഒരു നിഗമനത്തിലെത്തിയിട്ടുണ്ട്‌. എഴുത്തച്ഛന്റെ അമ്മ ഒരു ചക്കാലയുടമയായ നായര്‍ സ്ത്രീയും അച്ഛന്‍ ഒരു ബ്രാഹ്മണനും ആയിരുന്നുവെന്ന ഐതീഹ്യത്തെ നമുക്ക്‌ പാടേ നിരസ്സിക്കേണ്ടതില്ല. നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകള്‍ക്ക്‌ പുടവകൊടുക്കുന്ന ഏര്‍പ്പാട്‌ ഈ അടുത്ത കാലംവരെ കേരളത്തില്‍ നിലനിന്നിരുന്നതാണല്ലോ എന്ന് സമാധാനിച്ചാല്‍ മതി.ജ്യോതിഷപണ്ഡിതനായ ഒരു നമ്പൂരി തിരുവനന്തപുരത്തുനിന്ന് വടക്കോട്ട്‌, സ്വന്തം നാട്ടിലേക്ക്‌ യാത്ര തിരിച്ചു. വഴിയില്‍ ആവശ്യത്തിലധികം യാത്രാതടസം നേരിട്ടതുകൊണ്ട്‌, വീട്ടില്‍ എത്തണമെന്നുദ്ദേശിച്ച ദിവസം തൃക്കണ്ടിയൂരേ എത്താന്‍ കഴിഞ്ഞുള്ളു.അപ്പോള്‍ത്തന്നെ ഏതാണ്ട്‌ സന്ധ്യയായതിനാല്‍ അടുത്തുള്ള വല്ല നമ്പൂതിരി ഇല്ലത്തും അന്തിയുറങ്ങി പിറ്റേന്ന് യാത്ര തുടരാന്‍ തീരുമാനിച്ചു. അത്താഴം കഴിഞ്ഞു കിടന്നപ്പോള്‍ നമ്പൂതിരിക്ക്‌ ഉറക്കം വരുന്നില്ല. സ്വന്തം ഇല്ലത്തെത്താന്‍ പറ്റിയില്ലല്ലോ എന്ന വ്യസനത്താല്‍ രാത്രി അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി.ഇല്ലത്തൊരു ദാസി നമ്പൂരിയുടെ പരിഭ്രമം കണ്ട്‌ കാരണമാരാഞ്ഞപ്പോള്‍, ജാതക പ്രകാരം ഈ ശുഭമുഹൂര്‍ത്തത്തില്‍ ഒരു വിശിഷ്ടനായ ഉണ്ണി പിറക്കാന്‍ എനിക്ക്‌ യോഗമുണ്ടെന്നും, ആ സമയത്ത്‌ സ്വന്തം ഇല്ലത്തെത്താന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത്‌ വിഷമിക്കുകയാണെന്നും പറഞ്ഞു. എന്നാല്‍ ആ ഉണ്ണി എന്റെ ഉദരത്തില്‍ വളരാന്‍ കനിവുണ്ടാകണേ എന്ന് ദാസി യാചിച്ചുവെന്നും, ആങ്ങിനെയാണ്‌ എഴുത്തച്ഛന്റെ പിറവിയെന്നും ഐതീഹ്യമുണ്ട്‌.പണ്ടുകാലം മുതല്‍ കേരളത്തില്‍ ജന്മിമാരും,ആഡ്യന്മാരുമായ നമ്പൂരിമാരുടെ ഇല്ലങ്ങളില്‍ ശൂദ്രസ്ത്രീകള്‍, അന്തര്‍ജനങ്ങള്‍ക്ക്‌ സഹായത്തിനായി പാര്‍ത്തുവരാറുണ്ട്‌. ഇവരെ "ഇരിക്കണമ്മ"മാര്‍ എന്ന് പറഞ്ഞുവന്നിരുന്നു. അങ്ങിനെ ബ്രഹ്മണ ഇല്ലങ്ങളില്‍ പാര്‍ത്തുവന്നതുകൊണ്ടായിരിക്കാം എഴുത്തച്ഛന്റെ മാതാവിന്‌ ഒരു വിശിഷ്ട ബ്രാഹ്മണനില്‍നിന്ന് സന്താന ലാഭം ഉണ്ടാകാന്‍ കാരണം. എഴുത്തച്ഛന്റെ അമ്മ ഈശ്വരവിശ്വാസിയും ഞ്ജാനിയുമായിരിക്കാനാണ്‌ വഴികാണുന്നത്‌. അവര്‍ സ്തോത്രങ്ങളും മറ്റും പതിവായി രണ്ടുനേരവും ചൊല്ലുകയും, നിത്യനാമജപം മുതലായവ അനുഷ്ടിക്കുകയും ചെയ്തിരിക്കണം. ബാലനായ എഴുത്തച്ഛന്‍ ഇതെല്ലാം കേട്ട്‌ പഠിച്ചപ്പോള്‍ ആസ്തീക്യബോധം മനസ്സില്‍ വളരുകകൂടാതെ, ജന്മസിദ്ധമായ അദ്ദേഹത്തിന്റെ അത്ഭുതബുദ്ധിക്കൊരുത്തേജനവുമായി എന്ന് തീര്‍ച്ച.ഇനി എഴുത്തച്ഛന്റെ ഗുരുനാഥന്മാരെപ്പറ്റി അല്‍പം വിചിന്തനം ചെയ്യാം. എഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍,"അഗ്രജന്‍ മമ സതാം വിദുഷാമഗ്രേസരന്‍മല്‍ഗുരുനാഥനനേകാന്തേവാസികളോടുംഉള്‍ക്കരുന്നിങ്കല്‍ വാഴ്ക, രാമനാമാചാര്യനുംമുഖ്യന്മാരായ ഗുരുഭൂതന്മാര്‍ മറ്റുള്ളോരും,"എന്ന് പ്രാര്‍ഥിക്കുന്നുണ്ടല്ലോ. ഇതില്‍നിന്നും നാം മനസ്സിലാക്കേണ്ടത്‌ തുഞ്ചത്ത്‌ എഴുത്തുകളരി നടത്തി വന്നിരുന്ന വിദ്വാനായ ഒരു ജേഷ്ഠനാണ്‌ എഴുത്തച്ഛന്റെ ആദ്യഗുരു എന്നാണ്‌. മുഖ്യന്മാരായ ഗുരുഭൂതന്മാരുടെ കൂട്ടത്തില്‍ ഒരു "രാമ"നാചാര്യനേയും സ്മരിക്കുന്നുണ്ട്‌. എഴുത്തച്ഛന്‍ എന്ന വാകുതന്നെ എഴുത്തു പഠിപ്പിക്കുന്ന ആശാന്‍ "എഴുത്തശ്ശന്‍" എന്നതിന്റെ രൂപഭേദമാണ്‌.എഴുത്തുകളരിയില്‍ കുട്ടികളെ പഠിപ്പിക്കലിനു പുറമെ ഗ്രന്ഥങ്ങള്‍ ഓലയില്‍ പകര്‍ത്തി എഴുതിക്കൊടുക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നു. ഈ കാണുന്ന ജ്യേഷ്ടനെ എഴുത്തച്ഛന്‍ ഒരാചാര്യന്‍ എന്ന നിലയിലാണ്‌ കരുതിയിരുന്നതെന്നുള്ളതുകൊണ്ട്‌, എഴുത്തച്ഛനിന്നിന്ന് വളരെ പ്രായക്കൂടുതല്‍ ഉള്ളതായിത്തോന്നുന്നു. അ നിലക്ക്‌ ഒരമ്മക്ക്‌ ജനിച്ച ജ്യേഷ്ടനാണോ അതോ വലിയമ്മയുടെ മകന്‍ ആയിരിക്കുമോ എന്ന് തീര്‍ത്തു പറയുക പ്രയാസമാണ്‌. സാദ്ധ്യത വലിയമ്മയുടെ മകനാകാനാണ്‌. എഴുത്തും വായനയും, കണക്ക്‌, അമരകോശം, സിദ്ധരൂപം, ശ്രീരാമോദന്തം, എന്നീ സംസ്കൃത ലഘു കാവ്യങ്ങള്‍ ഈ കളരിയില്‍ ജ്യേഷ്ടന്റെ അടുക്കല്‍നിന്ന് പഠിച്ചിരിക്കാനിടയുണ്ട്‌. മേല്‍,വിവരിച്ചിരിക്കുന്നവയോക്കെയാണല്ലോ സംസ്കൃതത്തിലെ പ്രാഥമിക പാഠങ്ങള്‍. കൂട്ടത്തില്‍ ജ്യോതിഷവും, ഗണിതവും അവിടെനിന്ന് പഠിച്ചു. എഴുത്തച്ഛന്‌ ജ്യോതിഷത്തില്‍ പരിഞ്ജാനമുണ്ടായിരുന്നുവെന്ന് അധ്യാത്മരാമായണം കിളിപ്പാട്ടിലും, മഹാഭാരതം കിളിപ്പാട്ടിലും തെളിവുകള്‍ കാണാം. എതാണ്ട്‌ പത്തിരുപതുവയസുവരെ ജ്യേഷ്ടന്റെ കളരിയില്‍ സ്വയം പഠിച്ചും, കുട്ടികളെ പഠിപ്പിച്ചും, ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതിയും കഴിച്ചിരിക്കണം. ജേഷ്ഠനും, രാമനാചാര്യനും കഴിഞ്ഞാല്‍ പിന്നെയുള്ള ഗുരുക്കന്മാരാരെല്ലാമാണെന്ന് പറയുവാന്‍ വിഷമാണ്‌. ചിന്താരത്നം എന്ന കൃതിയില്‍ ഒരു ശാസ്ത്രികളുടെ നാമം എടുത്തുപറയുന്നുണ്ട്‌. ഈ ശാസ്ത്രികളോ. അതുപോലെ മറ്റുവല്ല ശാസ്ത്രികളില്‍നിന്നുമായിരിക്കാം എഴുത്തച്ഛന്‌ ഉപരിവിദ്യാഭ്യാസം ലഭിച്ചത്‌. തമിഴ്‌നാട്ടില്‍ പണ്ടുമുതല്‍ക്ക്‌ സംസ്കൃതപണ്ഡിതന്മാരേയും, വേദപണ്ഡിതന്മാരേയും ശാസ്ത്രികള്‍ എന്നാണ്‌ വിളിച്ചുവന്നിരുന്നത്‌. എഴുത്തച്ഛന്‍ യൗവ്വനത്തില്‍ ഉപരിപഠനാര്‍ഥം തമിഴ്‌നാട്ടില്‍ അഞ്ചാറുകൊല്ലം സഞ്ചരിച്ചിരുന്നതായി അറിവുണ്ട്‌. തമിഴ്‌നാട്ടിലുള്ള പ്രഗത്ഭരായ ശാസ്ത്രികളില്‍ നിന്നുമായിരിക്കും എഴുത്തച്ഛന്‍ വേദവേദാന്താതികളെല്ലാം വശത്താക്കിയത്‌. അബ്രാഹ്മണര്‍ക്ക്‌ കേരളത്തില്‍ വേദാദ്ധ്യായനവും മറ്റും ആദ്യകാലത്ത്‌ വിലക്കപ്പെട്ടിരുന്നു എന്നുള്ള ഐതീഹ്യം ഒരു പക്ഷേ ശരിയായിക്കൂടെന്നില്ല. അതുകൊണ്ടാണ്‌ അവ പഠിക്കണമെന്നും വേദാന്തതത്ത്വങ്ങളില്‍ക്കൂടി സഞ്ചരിക്കണമെന്നും അദ്ദേഹം ഉറച്ചതും. അനിനുള്ള ലക്ഷ്യം തേടി തമിഴ്‌നാട്ടില്‍ സഞ്ചരിച്ചുകാണും. അവിടെ പറയത്തക്ക പ്രയാസമൊന്നും കൂടാതെ കാര്യം സാധിച്ചപ്പോള്‍ ഗുരുക്കന്മാരായ 'ശാസ്ത്രി'കളോട്‌ ഒരു പ്രത്യേക പ്രതിപത്തി ഉണ്ടായി. ഹരിനാമകീര്‍ത്തനത്തില്‍,"ഹരിനാമകീര്‍ത്തന മിതുരചെയ്‌വതിന്നുഗുരു-മരുളാലെ ദേവകളുമരുള്‍ ചെയ്തു ഭൂസുരം"എന്ന് തുടക്കത്തിലും,"കരുണാപയോധി മമ ഗുരുനാഥ നിസ്തുതിയെ-വിരവൊടു പാര്‍ത്തു വഴിപോലെ തീര്‍ത്തരുള്‍ക,"എന്ന് അവസാനത്തിലും ഗുരുവിന്റെ അനുഗ്രഹം കാംഷിക്കുന്നുണ്ട്‌. ഈ ഗുരുനാഥന്‍ മിക്കവാറും തുഞ്ചത്തെഴുത്തുകളരിയിലെ ജ്യേഷ്ടന്‍,തന്നെയാവാനാണ്‌ സാദ്ധ്യത. മറ്റു ഗുരുക്കന്മാരില്‍ ആരെങ്കിലുമോ, അതോ എഴുത്തച്ഛന്റെ കുലപരദേവതയായ തൃക്കണ്ടിയൂരപ്പനേയോ താഴെക്കാണുംവിധം സ്മരിച്ചു കാണുന്നു."അമ്പേണമെന്‍ മനസിശ്രീനീലകണ്ഠ ഗുരു-മംഭോരുഹാക്ഷമിത വാഴ്ത്തുന്നു ഞാനുമിഹ". ആകപ്പാടെ നോക്കുമ്പോള്‍ ഗുരുക്കന്മാരുടെ ഒരു സമൂഹം തന്നെ എഴുത്തച്ഛനുണ്ടായിരുന്നുവെന്ന് കാണാന്‍ വിഷമമില്ല. ഗുരുക്കന്മാരില്‍നിന്നും കിട്ടിയ ശിക്ഷണവും, സ്വയം അശ്രാന്തപരിശ്രമങ്ങളില്‍ക്കൂടി നേടിയെടുത്ത പരിഞ്ജാനവും വ്യര്‍ത്ഥമാക്കാതെ സാധാരണക്കാരില്‍ ആസ്തീക്യബോധവും, ഞ്ജാനവും വളര്‍ത്തിയെടുക്കാന്‍ ഉപയോഗിക്കുകയും അതിന്റെ ഫലമായി ഉണ്ടായ നിരവധി ഗ്രന്ഥങ്ങള്‍ പില്‍ക്കാലത്ത്‌ കേരളജനതയുടെ സാംസ്കാരികപരമായ ഉയര്‍ച്ചക്ക്‌ കകുടോദാഹരണമായിത്തീര്‍ന്നു എന്ന് പറയാം. കൊല്ലവര്‍ഷം 700 മുതല്‍ 800 വരെയുള്ള കാലയളവിലായിരുന്നു എഴുത്തച്ഛന്‍ ജീവിച്ചിരുന്നതെന്ന് നാം കണ്ടുവല്ലോ! മഹാകവി ഉള്ളൂര്‍, ആചാര്യന്‍ കൊ.വ. 670 മുതല്‍ 750 വരെയായി 80 വസസ്സുവരെ ജീവിച്ചിരുന്നതായി ഒരു നിഗമനത്തിലെത്തുന്നു. എന്നാല്‍ ഈ നിഗമനം, മേല്‍പ്പത്തൂരിന്‌ "നാരായണീയം" രചിക്കുവാനുള്ള പ്രചോദനം നല്‍കിയത്‌ ആചാര്യന്റെ 'മീന്തൊട്ടുകൂട്ടാ'നുള്ള ഉപദേശമാണെന്ന ഐതീഹ്യത്തെ പാടെ മറിക്കുന്നതാണ്‌. ഐതീഹ്യമാണെങ്കില്‍ പണ്ഡിതപാമരഭേതമില്ലാതെ സകല ജനങ്ങളും വളരെ കാലമായി വിശ്വസ്സിച്ചുവരുന്നതും, ശാശ്വതപ്രതിഷ്ഠ നേടിയതുമാണ്‌. ഭട്ടതിരി നാരായണീയം പൂര്‍ത്തിയാക്കിയത്‌ കൊ.വ. 762-ല്‍ ആയിരുന്നുവെന്നത്‌ ഗ്രന്ഥത്തില്‍ത്തന്നെ സൂചിപ്പിച്ചിട്ടുള്ളതുകൊണ്ട്‌, ഉപദേശം കിട്ടിയിട്ട്‌ 12 കൊല്ലം കഴിഞ്ഞാണ്‌ നാരായണീയം രചിച്ചതെന്ന് പറയാന്‍ പറ്റില്ലല്ലോ? വാതരോഗം മൂര്‍ദ്ധന്യാവസ്ഥ പ്രാപിച്ചപ്പോളാണല്ലോ കവി രോഗനിവാരണത്തിനുള്ള വഴി ആലോചിച്ചു തുടങ്ങിയതും, ആചാര്യന്റെ ഉപദേശമാരാഞ്ഞതും. ആ വഴിക്ക്‌ ചിന്തിക്കുമ്പോള്‍,ഐതീഹ്യം പരമാര്‍ഥമെങ്കില്‍ ('ഐതീഹ്യം കെട്ടുകഥകളല്ലാ' എന്ന മഹത്വചനപ്രകാരം നമ്മള്‍ മുന്നോട്ടുപോയാല്‍ നൂറു ശതമാനവും ശരിയാവാനാണ്‌ സാദ്ധ്യത), എഴുത്തച്ഛന്‍ ഏതാണ്ട്‌ 765-70 വരെയെങ്കിലും ജീവിച്ചിരുന്നിരിക്കണം. ചിറ്റൂര്‍ ഗുരുമഠത്തില്വച്ചുതന്നെയാണ്‌ ആചാര്യന്‍ സമാധിയടഞ്ഞത്‌ എന്നതിന്‌ ഒരു തെളിവ്‌, ധനുമാസത്തിലെ ഉത്രം നക്ഷത്രത്തില്‍ അവിടെവച്ച്‌ അന്നദാനവും, യോഗീശ്വര പൂജയും ഇന്നും പാരമ്പര്യമനുസരിച്ച്‌ നടത്തിവരുന്നുണ്ടെന്നുള്ളതാണ്‌. മലയാളികളുടെ സംസ്കാരോന്നമനത്തിനും, ഭാഷയുടെ വളര്‍ച്ചക്കും, കാരണക്കാരനായ ആചാര്യന്‍, ഏത്‌ കാലത്ത്‌, എവിടെ ജീവിച്ചിരുന്നതായാലും, ഗവേഷകന്മാര്‍ സൂക്ഷ്മമായി കണ്ടുപിടിച്ചാലും, ഇല്ലെങ്കിലും, മലയാളഭാഷയും മലയാളികളും ഉള്ളിടത്തോളം കാലം അവരില്‍ ഓരോരുത്തരുടെ ഹൃദയത്തിലും എഴുത്തച്ഛന്റെ യശസ്സ്‌ നിലനില്‍ക്കുമെന്നതിന്‌ രണ്ടുപക്ഷമില്ല. എഴുതതച്ഛന്റെ അത്ഭുതസിദ്ധികളെ കേന്ദ്രീകരിച്ച്‌ പ്രചരിച്ചുവരുന്ന ഐതീഹ്യങ്ങളില്‍ ചിലതെങ്കിലും ഇവിടെ ചേര്‍ത്തില്ലെങ്കില്‍ ജനനവും വിദ്യാഭ്യാസവും എന്ന തലക്കെട്ട്‌ അര്‍ഥശൂന്യമായിപ്പോകും. പ്രത്യേകിച്ചും ഇവയില്‍ നല്ലൊരു ശതമാനവും ബ്രഹ്മചര്യാശ്രമത്തില്‍ സംഭവിച്ചതായതുകൊണ്ട്‌. 1) എഴുത്തച്ഛന്‍ ബാല്യകാലത്ത്‌ അമ്മയോടൊപ്പം തൃക്കണ്ടിയൂര്‍ ക്ഷേത്രത്തില്‍ പതിവായി ദര്‍ശനം നടത്തിവന്നിരുന്നു. നിത്യേനയുള്ള ഈ സന്ദര്‍ശനം സ്വതവെ ബുദ്ധിശാലിയായിരുന്ന ബാലന്‌, അമ്പലത്തിലെ വാതില്‍മാടത്തിലിരുന്ന് ഉണ്ണികളെ ഓതിക്കന്മാര്‍ ഓത്തു ചൊല്ലിച്ചു പഠിപ്പിക്കുന്നതുകേട്ട്‌ പലതും മനസ്സിലാക്കാന്‍ വഴിതെളിയിച്ചു. അങ്ങിനെ ഒരു ദിവസം ഉണ്ണികള്‍ ഓത്ത്‌ പിഴച്ച്‌ ചൊല്ലുന്നത്‌ കേട്ട്‌ 'കാട്‌ കാട്‌' എന്നുപറയുകയുണ്ടായി. എഴുത്തച്ഛന്റെ ധാരണാശക്തിയെ തെളിയിക്കുവാന്‍ പോന്ന ഒരു സംഭവമായി ഇതിനെ കണക്കാക്കാം.2) ഒരിക്കല്‍ തൃക്കണ്ടിയൂര്‍ ക്ഷേത്രത്തില്‍ ഒരുണ്ണിനമ്പൂതിരി കുളി കഴിഞ്ഞ്‌ ഗായത്രീമന്ത്രം ജപിച്ച്‌ ജലാഞ്ജലി തൂവുകയാണ്‌. ആ സമയം ബാലനായ എഴുത്തച്ഛന്‍ അത്‌ കാണാനിട വരികയും ഉടന്തന്നെ ഉണ്ണിയോട്‌ 'ആല്വരെയെത്തിയിട്ട്‌ ജലം തൂവിയാല്‍പ്പോരെ' എന്ന് ചോതിച്ചു എന്നും അപ്പോള്‍ ഉണ്ണിക്ക്‌ തെറ്റിന്റെ പൊരുള്‍ മനസ്സിലായതായും പറഞ്ഞുവരുന്നു. 'തല്‍ (തത്‌) സവിതുര്‍വരേണ്യം ഭര്‍ഗ്ഗോ ദേവസ്യ ധീമഹീ ധിയോ യോന:പ്രചോദയാള്‍ (യാത്‌)' എന്നാണല്ലോ ഗായത്രീമന്ത്രം. ആ മന്ത്രത്തിന്റെ അവസാനത്തിലുള്ള 'ആല്‍' വരെ ചൊല്ലിയിട്ടു വേണം വെള്ളം മേല്‍പ്പോട്ടെറിയാന്‍ എന്നാണിതിന്റെ ആന്തരാര്‍ഥം. എല്ലാ മന്ത്രങ്ങളും ചൊല്ലുമ്പോള്‍ കൂട്ടത്തില്‍ കര്‍മ്മം ചെയ്യേണ്ടതില്ലെന്നും ചിലതെല്ലാം മന്ത്രോച്ചാരണത്തിനു ശേഷമാണ്‌ നിര്‍വ്വഹിക്കേണ്ടതെന്നുമാണ്‌ ശാസ്ത്രവിധി. എഴുത്തഛന്‍ ബാല്യത്തില്‍ത്തന്നെ വേദവേദാന്താദികളില്‍ പരിജ്ഞാനം നേടിയിരുന്നു എന്നുള്ളതിന്‌ തെളിവായി ഇതില്‍പ്പരം എന്തുവേണം. സാഹിത്യസംഭാവനകള്‍:ഇനി എഴുത്തച്ഛന്‍ മലയാളസാഹിത്യത്തിന്‌ നല്‍കിയിട്ടുള്ള സംഭാവനകളെക്കുറിച്ച്‌ ചിന്തിക്കാം. ആചാര്യന്‍ ഏതെല്ലാം കൃതികള്‍ ഏതെല്ലാം കാലത്ത്‌ രചിച്ചു എന്നെല്ലാം കണ്ടുപിടിക്കുവാന്‍ പ്രയാസമായിട്ടുതന്നെയാണിരിക്കുന്നത്‌. ആ നിലയ്ക്ക്‌ അതിലേയ്ക്ക്‌ പ്രവേശിക്കുക വിഷമ്മാണ്‌.എഴുത്തച്ഛന്‍ ആദ്യമായി ചെയ്തത്‌ അദ്ദേഹത്തിന്റെ കാലത്ത്‌ നടപ്പിലിരുന്ന വിദ്യാഭ്യാസപദ്ധതിക്ക്‌ ചില അഴിച്ചുപണികള്‍ നടത്തി അവയെ വേണ്ടവിധത്തില്‍ ക്രമീകരിച്ച്‌, ഭാവിതലമുറയ്ക്ക്‌ ഒരു കെടാവിളക്കെന്നോണം ചെളിയിച്ചു എന്നതാണ്‌. അതിലേയ്ക്കായി അദ്ദേഹം ചിട്ടചെയ്തതാണ്‌ ഗണപതിവന്ദനം, സരസ്വതിവന്ദനം, കൃഷിവന്ദനം, ഗുരുവന്ദനം, വേദവ്യാസവന്ദനം, ഗണാഷ്ടകം, മുകുന്ദാഷ്ടകം എന്നിവ. വാല്മീകി, വ്യാസന്‍ മുതലായ പൂര്‍വകവികളുടെ ആശയങ്ങളെ പിന്തുടന്നുകൊണ്ട്‌ എഴുത്തച്ഛന്‍ ഇതെല്ലാം നിര്‍വഹിച്ചിരിക്കുന്നത്‌. ആദ്യമായി അക്ഷരം പഠിക്കുന്നവര്‍ക്ക്‌ ഉച്ഛാരണശുദ്ധി മുതലായവ വേണ്ടവിധത്തില്‍ പുഷ്ടിപ്രാപിക്കുന്നതിനും മറ്റും വേണ്ടിയാണ്‌ മേല്‍പ്പറഞ്ഞ സ്തോത്രങ്ങളില്‍ക്കൂടി ഇങ്ങനെ ഒരു പാഠപദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്‌. സംസ്കൃതമായാലും, മലയാളമായാലും വിദ്യാര്‍ഥികള്‍ 57 അക്ഷരവും പഠിക്കണമെന്നും, ഏതുഭാഷ പഠിക്കാനും ഒരേ ലിപി തന്നെ മതിയെന്നും എഴുത്തച്ഛന്‍ തീര്‍ച്ചപ്പെടുത്തി. ഈ ക്രമീകരണം നമ്മള്‍ ഇന്നും പരമ്പരയായി തുടര്‍ന്നു വരുന്നുണ്ടല്ലോ. അതിലേക്കായി എഴുത്തച്ഛന്‍ രചിച്ച കൃതിയാണ്‌ ഹരിനാമകീര്‍ത്തനം. "ഓം, ഹരി:ശ്രീഗണപതയേ നമ:........യരവഷ:" ഈ അക്ഷരങ്ങളും ഇടയില്‍ വിട്ടു പോയവയും ക്രമമായി എടുത്ത്‌ ഓരോ അക്ഷരവും ഓരോ സ്ലോകത്തിന്റെ തുടക്കമായി 60 ശ്ലോകങ്ങള്‍ കൊണ്ട്‌ രചിച്ചിരിക്കുന്നതാണ്‌ ഈ കൃതി." അറുപതു ശ്ലോകങ്ങല്‍ക്കു പുറമെ,ആചാര്യവന്ദനം, ഗുരുവന്ദനം, മുതലായി ആറു ശ്ലോകങ്ങള്‍ തുടക്കത്തിലും, അവസാനത്തിലുമായി കാണുന്നു. കീര്‍ത്തനം തുടങ്ങുന്നതുതന്നെ,"ഓംകാരമായ പൊരുള്‍ മൂന്നായ്‌ പിരിഞ്ഞുടനെ-യാങ്കാരമായതിനു താന്‍ തന്നെ സാക്ഷിയതുബോധം വരുത്തുവതിനാളായി നിന്ന പര-മാചാര്യരൂപ ഹരി നാരായണ നമ:" എന്നാണല്ലോ. ഹരിനാമകീര്‍ത്തനം രചിക്കാന്‍ എഴുത്തച്ഛന്‌ പ്രചോദനം കിട്ടിയത്‌ ഒന്നുകില്‍ വാല്മീകി, ശങ്കരാചാര്യര്‍ മുതല്‍ പേരുടെ കൃതികളോ, അല്ലെങ്കില്‍ വേറെ വല്ല ആചാര്യന്മാരുടെ കൃതികളോ ആയിരിക്കാം. പഞ്ചാക്ഷരസ്തോത്രം, സപ്തസ്വരകീര്‍തനം, മുതലായവ പ്രസിദ്ധങ്ങളായ ഭജന കൃതികളാണല്ലോ. ഈ കൃതിയില്‍ അദ്വൈതമാണ്‌ പ്രതിപാദ്യവിഷയമെങ്കിലും, സൗകര്യം കിട്ടുമ്പോഴൊക്കെ "ഹരി: നാരായണ നം:" എന്ന പല്ലവി ആവര്‍ത്തിക്കാതിരുന്നില്ല. കുട്ടികളായിരിക്കുമ്പോള്‍ത്തന്നെ ഓരോരുത്തരുടേയും മനസ്സില്‍ ദൈവവിശ്വാസം വളര്‍ത്താനും കൂടിയായിരിക്കും ഇതിന്റെ ഉദ്ദേശം.ഇരുപത്തിനാലുവൃത്തം:നവവിധഭക്തി അല്ലെങ്കില്‍ ഭക്തിയുടെ ഒന്‍പതു വകഭേദങ്ങള്‍ ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിവയാണല്ലോ, ഇവയില്‍ നാമകീര്‍ത്തനത്തിനാണ്‌ എഴുത്തച്ഛന്‍ പ്രാധാന്യം കല്‍പിച്ചിരിക്കുന്നത്‌. ഹരിനാമകീര്‍തനം എന്നുവേണ്ട രാമായണം, ഭാരതം, ഭാഗവതം തുടനിയവയിലും ഇതിന്റെ ധ്വനി നമുക്ക്‌ കേള്‍ക്കാന്‍ കഴിയും. രണ്ടുമൂന്നുദാഹരണങ്ങള്‍ കാണിക്കാതിരുന്നാല്‍ പരമാര്‍ഥം ബോദ്ധ്യമാവുകയില്ല."രാമഹരി രാമഹരി രാമഹരി രാമരാമരജനീചര കുലന്തക തൊഴുന്നേന്‍പ്രാണനകലും പൊഴുതു നിന്‍ മഹിതരൂപംകാണണമെനിക്കു തെളിഞ്ഞാശു ഹരിരാമ(ഒന്നാം വൃത്തം)"ഗോവിന്ദാ ഹരി ഗോവിന്ദാ ഗോവിന്ദാഗോവിന്ദാ ഹരി മാധവാ പാഹിമാംജാനകി നയനാമൃത ഭാജന-രൂപം കാണുമാറാകണം ഗോവിന്ദ (രണ്ടാം വൃത്തം)"മാലാറുമാറരിയ രാമായണംകഥയെബാലാദിപോലുമുരചെയ്കില്‍ ത്രിലൊകപെരു-മാളാമവന്‍ പരനൊടേകീ ഭവിപ്പതിനു-മാളായ്‌ വരുന്നു ഹരി നാരായണായ നമ:(ഇരുപത്തഞ്ചാം വൃത്തം)മേല്‍പ്പറഞ്ഞ കൃതിയും വിദ്യാഭ്യാസ വിഷയമായി ആചാര്യന്‍ നിര്‍മിച്ചിട്ടുള്ളവയാണ്‌. കുട്ടിക്കാലത്ത്‌ കിട്ടുന്ന ആറിവാണല്ലോ എല്ലാവരിലും അവരവരുടെ പില്‍ക്കാലജീവിതത്തിനാധാരം."ചെറുപ്പകാലങ്ങളിലുള്ള ശീലംമറക്കുമോ മാനുഷനുള്ള കാലം."എന്ന നമ്പ്യാരുടെ പ്രയോഗം പ്രസിദ്ധമാണല്ലോ. ചെറുപ്പത്തില്‍ത്തന്നെ സകല മനസ്സിലും ജ്ഞാനത്തൊടൊപ്പം ഈശ്വരവിശ്വാസവും വളര്‍ന്നു വികസിക്കണമെന്ന എഴുത്തച്ഛന്റെ ഉദ്ദേശം സഫലീകരിക്കാന്‍ പോന്നതാണ്‌ അദ്ദേഹത്തിന്റെ മിക്ക കൃതികളും.ഭാഗവതം കിളിപ്പാട്ട്‌:- വ്യാസമഹര്‍ഷിയാണല്ലോ ഭാഗവതപുരാണത്തിന്റെ നിര്‍മാതാവ്‌. വേദമന്ത്രങ്ങളെ ചിട്ട ചെയ്ത്‌ വിഭജിക്കുകയും, മഹഭാരതം രചിക്കുകയും ചെയ്തിട്ടും വ്യാസഭഗാവ്നില്‍ എന്തോ ഒന്നുകൂടി ചെയ്തു തീര്‍ക്കാത്തതിനാലുള്ള മന:ക്ലേശം കൊടുമ്പിരിക്കൊണ്ടിരുന്നു. ശ്രീകൃഷ്ണചരിതം സവിസ്തരം പ്രതിപാതിക്കുന്ന ഒരു ഗ്രന്ഥം നിര്‍മിക്കുക കൂടി ചെയ്താല്‍ അങ്ങയുടെ വിഷദമെല്ലാം മാറുമെന്ന നാരദമഹര്‍ഷിയുടെ ഉപദേശമാണ്‌ പതിനെണ്ണായിരം ശ്ലോകങ്ങളുള്ള മഹാഭാഗവതത്തിന്റെ ഉല്‍പത്തിക്ക്‌ നിദാനം.അങ്ങിനെ വേദവ്യാസനാല്‍ രചിക്കപ്പെട്ട ഭാഗവതം എഴുത്തച്ചന്‍ മലയാളത്തിലേക്ക്‌ വിവര്‍ത്റ്റനം ചെയ്ത്‌ കിളിപ്പാട്ടാക്കി എന്നാണ്‌ ഭൂരിപക്ഷം ഗവേഷകരും കരുതുന്നത്‌. എന്നാല്‍ ഇതിനൊരു എതിര്‍പക്ഷ്മില്ലെന്നില്ല. എന്തു തന്നെയായാലും ഭാഷയുടെ ശൈലി നോക്കുമ്പോള്‍ എഴുത്തച്ഛന്‍ തന്നെയായിരിക്കണം ഇതിന്റേയും പ്രണേതാവ്‌ എന്ന് വിശ്വസിക്കാം."എത്രയുമെളുതായി മുക്തിയെ ലഭിക്കുന്നഭക്തിമാര്‍ഗത്തെ പ്രതിപാദിപ്പാന്‍ വേദവ്യാസന്‍ഉത്തമശ്ലോക ചരിത്രങ്ങളും നാമങ്ങളുംഉത്തമധ്യാനങ്ങളും മിശ്രമായ്‌ വിശുദ്ധമായ്‌ചമച്ചു ഭാഗവത മതിങ്കല്‍ നിരന്തരംരമിപ്പാനായിട്ടത്രേ മറ്റുള്ള കഥയെല്ലാം."എന്ന് കിളിപ്പാട്ടിന്റെ ശൈലി കാണിക്കാന്‍ ഇവിടെ പകര്‍ത്തുന്നു.രാമായണം കിളിപ്പാട്ട്‌:-ആചാര്യന്‍ രാമായണം കിളിപ്പാട്ടായി രചിക്കാനുണ്ടായ ഒരൈതീഹ്യമുണ്ട്‌. അമ്പലപ്പുഴ പൂരാടം തിരുനാള്‍ ദേവനാരായണന്‌ ഒരിക്കല്‍ അദ്ധ്യാത്മരാമായണം മൂലകൃതിയുടെ തെലുങ്കക്ഷരത്തില്‍ എഴുതിയ ഒരു ഗ്രന്ഥം കിട്ടാനിടയായി. അദ്ധ്യാത്മരാമായണത്തെക്കുറിച്ച്‌ തമ്പുരാനും അറിവുണ്ടാൂീരുന്നില്ല. മാത്രമല്ല, തെലുങ്കക്ഷരം വായിക്കാനും. അപ്പോള്‍ ആരില്‍ നിന്നോ എഴുത്തച്ഛന്‌ തെലുങ്ക്‌ വായിക്കാനും പര്‍ത്തിയെഴുതാനും അറിയാമെന്ന വിവരം രാജാവിന്‌ കിട്ടി.ഉടനെ ആളയച്ച്‌ അദ്ദേഹത്തെ വരുത്തിക്കുകയും, തത്കൃതിയുടെ മലയാളം ലിപിയിലൊരു പകര്‍പ്പെടുപ്പിക്കയും ചെയ്തു. അക്കൂട്ടത്തില്‍ എഴുത്തച്ഛനും അതിന്റെ ഒരു പകര്‍പ്പ്‌ എടുക്കുകയും, താമസിയതെ അത്‌ കിളിപ്പാട്ടായി വിവര്‍ത്തനം ചെയ്യുകയും ചെയ്തു. ഇതാണ്‌ രാമായണം കിളിപ്പാട്ടിന്റെ ഉത്ഭവ കഥ.കിളിയെക്കൊണ്ട്‌ പറയിക്കുകയോ, കിളിയോട്‌ പറയുന്ന സമ്പ്രദായമോകേരളത്തില്‍ എഴുത്തച്ഛന്‌ മുമ്പ്‌ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ സമ്പ്രദായം തമിഴില്‍ വളരെ മുമ്പു തന്നെ പ്രസിദ്ധവുമായിരുന്നു. കി.പി. എഴാം ശതകത്തില്‍ ജീവിച്ചിരുന്ന തിരുജ്ഞാനസംബന്ധര്‍, ഒമ്പതാം ശതകത്തില്‍ മാണിക്കവാചകര്‍ മുതല്‍ പേര്‍ അവരുടെ തേവാരപ്പാട്ടുകളില്‍ കിളിയേക്കൊണ്ട്‌ പാടിക്കുകയുണ്ടായി. എഴുത്തച്ഛന്‍ കുറെക്കാലം തമിഴ്‌ നാട്ടില്‍ ഉപരിപഠനാര്‍ഥം സഞ്ചരിക്കുകയുണ്ടായെന്ന് മുമ്പ്‌ പ്രസ്താവിക്കുകയുണ്ടയല്ലോ. അപ്പോള്‍ എഴുത്തച്ഛന്‌ കിട്ടിയ അറിവാണ്‌ കിളിയേക്കൊണ്ട്‌ പാടിക്കുകയെന്നത്‌. അവയെ അഴിച്ചുകൂട്ടി ഒരു പുതിയ വൃത്തം കേകയല്ലെങ്കില്‍ കിളിപ്പാട്ടുവൃത്തം എന്ന പേരില്‍ ആചാര്യന്‍ അവതരിപ്പിച്ചു. താണ്ഡവരായ സ്വാമികള്‍ എന്ന തമിഴ്‌ കവി പാടിയ 'കൈവല്യനവനീത' മെന്ന വേദന്തപ്രതിപാദനകൃതിയാണ്‌ എഴുത്തച്ഛന്‍ ആദ്യമായി കിളിപ്പാട്ടു രീതിയില്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തവതരിപ്പിച്ചത്‌."ഉരത്തോരജ്ഞാനത്തില്‍ പെരുത്ത നാരായവേ-രറുത്തു ബോധം നല്‍കും കൈവല്യനവനീതംസ്ഫുരിച്ചു തമിള്‍പ്പൊരുളറിയാതെ ഞങ്ങള്‍ക്കര്‍ഥംതിരിച്ചു ചൊല്ലേണം നീ കേരളഭഷയാലേ".തങ്ങളുടെ അദ്വൈത വേദാന്തജ്ഞാന തൃഷ്ണമാറിക്കിട്ടുവാന്‍ ഒരു വഴി ആരാഞ്ഞപ്പോള്‍ ആ മഹാജനങ്ങളോട്‌ കിളിപറയുന്നമാതിരിയാണ്‌ തുടക്കം."ഗുരുശ്രീകര ശ്രീമല്‍ ഗുരുകീര്‍ത്തനം സമു-ച്ചരിച്ചു സുഖേന സഞ്ചരിക്കും കിളിപ്പെണ്ണേ!കുറുക്കും പാലും പഞ്ചസാരയും പക്വങ്ങളുംവെറുതെ മധുവുമാസ്വദിച്കു യഥാസാരം."ഗുരുവന്ദനം ആചാര്യവന്ദനം, ഈശ്വരവന്ദനം എന്നിവക്കുശേഷം വിവര്‍ത്തനം ആരംഭിക്കുന്നു. ഒരു മതൃക ഇവിടെ പകര്‍ത്തിക്കാണിക്കാം. അതില്‍ നിന്നും എഴുത്തച്ഛന്റെ മൂലകൃതി പദാനുപദ തര്‍ജ്ജമ ചെയ്യുമ്പോഴും സ്വതന്ത്രകൃതിയെന്ന് തോന്നിക്കത്തക്ക വിധത്തിലുള്ള ഉടച്ചുവാര്‍ക്കല്‍ അനുവാചകര്‍ക്ക്‌ മനസ്സിലാക്കാം. മൂലം:"പടര്‍ന്തവേതാന്തമെന്നുംപാര്‍ക്കടല്‍മൊണ്ടു മുന്നൂര്‍കുടങ്കളില്‍ നിറൈത്തുവൈത്താര്‍ കു-രുവര്‍കളെല്ലാം കാച്ചികുടൈത്തെടുത്തളിത്തേനിന്തക്കൈ-വല്ല്യ നവനീതത്തെഅടൈന്തവര്‍ വിടയമണ്ടിന്റലൈ-വരോ പചിയിലാരേ".വിവര്‍തനം:"പരന്ന വേദാന്തമാം പാല്‍ക്കടല്‍ നിന്നു കോരിനിറച്ച ശാസ്ത്രങ്ങളാം കുടങ്ങള്‍ നിറഞ്ഞെങ്ങുംപരിചില്‍ പാനം ചെയ്തുകൊള്ളുവാന്‍ വെച്ചുമുന്നംപരമ കൃപാലുക്കളാകിയ ഗുരുക്കന്മാര്‍അതിനെക്കാച്ചികടഞ്ഞെടുത്തു തന്നീടുന്നുമധുരതരമായ കൈവല്ല്യ നവനീതംഅതിഭാഗ്യത്താലിതു ലഭിച്ചു പയ്യില്ലാത്തോ-രധമാവിഷയമാര്‍ന്നതിനാല്‍ വലഞ്ഞീടാ."അദ്ധ്യാത്മരാമായണത്തിലേയ്ക്കു കടക്കുമ്പോഴേക്കും എഴുത്തച്ഛന്റെ ഭക്തിപാരവശ്യം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചതായിക്കാണാം. രാമായണം തുടങ്ങുന്നതുതന്നെ ശ്രീരാമനാമം പാടിവരുന്ന പൈങ്കിളിപ്പെണ്ണിനെ അവതരിപ്പിച്ചു കൊണ്ടാണല്ലോ.ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്രജയശ്രീരാമ രാമ രാമ ശ്രീരാമ ഭദ്ര ജയശ്രീരാമ രാമ രാമ സീതാഭി രാമ ജയശ്രീരാമ രാമ രാമ ലോകാഭി രാമ രാമശ്രീരാമ രാമ രാമ രാവണാന്തക രാമശ്രീരാമ മമ ഹൃദി രമതാം രാമ രാമശ്രീരാഘവാത്മാ രാമ ശ്രീരമ രമാപതേശ്രീരാമ രമണീയ വിഗ്രഹ നമോസ്തുതേനാരായണായ നമോ നാരായണായ നമോനാരായണായ നമോ നാരായണായ നമോ:അദ്ധ്യാത്മരാമായണം മൂലത്തെ മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്ത്‌ സ്വന്തം ശൈലിയില്‍ കവിതാത്മകമായി രചിക്കുകയാണല്ലോ എഴുത്തച്ഛന്‍ ചെയ്തിട്ടുള്ളത്‌. എന്നാല്‍ ആ തര്‍ജ്ജമ ഒന്നു കൊണ്ടുതന്നെ അദ്ദേഹം ഒരു മഹാകവി പട്ടത്തിനര്‍ഹനായി എന്നതാണ്‌ സത്യവസ്ഥ. അദ്ദേഹത്തിന്റെ പ്രത്യേക ശൈലിക്കനുസ്സരിച്ച്‌ പ്രസ്തുത കൃതിയെ കൊണ്ടുവരുന്നതിനായി പല സ്ഥലത്തും മൂലകൃതിയില്‍നിന്ന് വ്യതിചലിച്ചിട്ടുണ്ട്‌. കിളിപ്പാട്ടും, മൂലവുമായി ഒരു താരതമ്യ പഠനം നടത്തിയാല്‍ സഹൃദയദൃഷ്ടിക്ക്‌ ഈ വത്യാസം അനുഭവപ്പെടുന്നതാണ്‌. (തുടരും......).