Saturday 5 April 2008

Gita Chapter 18.

ഭഗവദ്‌ ഗീത - അദ്ധ്യായം-
പതിനെട്ട്‌ - മോക്ഷസന്യാസയോഗം - ഭാഷ.


ശ്ലോകം - 1

പാര്‍ത്ഥന്‍പറഞ്ഞു,തന്‍ സാരഥിയോടിത്ഥം
"ആഗ്രഹമുണ്ടെനിക്കെല്ലാമറിയുവാന്‍
ത്യാഗസന്ന്യാസസ്യ തത്വങ്ങള്‍ വെവ്വേറെ-
കേശിനിമര്‍ദ്ദന ശക്താ മഹാപ്രഭോ".

ശ്ലോകം - 2:

സ്വധര്‍മ്മകര്‍മ്മങ്ങള്‍ ഫലേച്ചകൂടാതെ
ചെയ്തുതീര്‍ക്കുന്നവന്‍ ത്യാഗിയെന്നോര്‍ക്കണം
കാമ്യകര്‍മ്മാദികള്‍ പാടെ നിക്ഷേധിക്കും
ജ്ഞാനികള്‍ക്കുത്തമം സന്യാസസാധകം.

ശ്ലോകം - 3:

മനീക്ഷികള്‍ ചിലര്‍ ചെയ്യുന്നകര്‍മ്മങ്ങള്‍
യുക്തിക്കുചേരായ്ക,കൊണ്ടുപേക്ഷിക്കുവാന്‍,
യജ്ഞാദികര്‍മ്മങ്ങള്‍ ഉത്തമമാകയാല്‍
വര്‍ജ്ജിയ്ക്കവേണ്ടെന്നൊരുമതം വേറേയും.

ശ്ലോകം - 4:

ഭാരതശ്രേഷ്ഠാ,നീ കേള്‍ മമ നിശ്ചയം
ത്യാഗത്തിനര്‍ത്ഥം പറയുന്നതുണ്ടിപ്പോള്‍;
"ത്യാഗത്തെ മൂന്നായി വര്‍ണ്ണനം ചെയ്തിടാം-
ഓര്‍ക്കുക, ശ്രേഷ്ഠപുരുഷ; മമ സഖേ!"

ശ്ലോകം - 5:

"നിഷ്കാമകര്‍മ്മവും,സാത്വികദാനവും
സിദ്ധന്മാരെപ്പോഴും പാലിയ്ക്കണം ദൃഡം
യജ്ഞദാനാദികള്‍; താപസ്യ കര്‍മ്മവും
ശുദ്ധിയ്ക്ക്‌ കാരണഭൂതമെന്നോര്‍ക്കണം.

ശ്ലോകം - 6:

പാര്‍ത്ഥാ,ധരിച്ചാലും മാമകാ,ഭിപ്രായം
"ആസക്തിയും ഫലചിന്തയുമില്ലാതെ
ഏതുകര്‍മ്മങ്ങളും ആവശ്യം ചെയ്യണം
ആയതുതന്നെ മഹത്വം ധരിച്ചാലും.

ശ്ലോകം - 7:

"നിയമേന ചെയ്യും ധര്‍മ്മകര്‍മ്മാദികള്‍
വര്‍ജ്ജിക്കയെന്നതു സത്യവിരുദ്ധമാം.
അജ്ഞതകൊണ്ടുപേക്ഷിക്കുമനുഷ്ടാനം
"താമസ'മായി,പ്പരികീര്‍ത്തിക്കപ്പെടും."

ശ്ലോകം - 8:

ത്യാഗകൃത്യം ചെയ്തതിന്‍ ഫലം നേടുവാന്‍
'ഏതവന്‍ ബുദ്ധിമുട്ടാണെന്നു കല്‍പിച്ച്‌
ക്ലേശഹീനനായ്ക്കൊണ്ടു കര്‍മ്മകാര്യങ്ങള്‍
ത്യാജ്യകോടിയില്‍പ്പെടുത്തുന്നോനൊക്കില്ല".

ശ്ലോകം - 9:

ഇതുതാന്‍ കര്‍ത്തവ്യമെന്നുള്ള ചിന്തയില്‍
ഇച്ചയില്ലാതെ,യനുഷ്ടാന കര്‍മ്മങ്ങള്‍
ചെയ്തുതീര്‍ക്കുന്നതിനര്‍ജ്ജുനാ,മല്‍സഖേ'
തല്‍ത്യാഗം 'സാത്വിക' ധര്‍മ്മം ധരിച്ചാലും.

ശ്ലോകം - 10:

ത്യാഗിയും സാത്വിക ബുദ്ധിസ്ഥിരതനും
ഒന്നുമേസംശയംഹൃത്തിലില്ലാത്തോനും
കര്‍മ്മഫലദു:ഖ മേല്‍ക്കുകയില്ലെന്നും
ദു:ഖദകര്‍മ്മത്തെ വര്‍ജ്ജിക്കുമോര്‍ക്കുക.

ശ്ലോകം - 11:

ദേഹസ്ഥജീവിക്ക്‌ കര്‍മ്മം സമസ്തവും-
പാടെനിരസ്സിയ്ക്ക സാദ്ധ്യ മല്ലായ്‌വരും.
ഏതവന്‍ കര്‍മ്മഫലങ്ങള്‍ ത്യജിക്കുമോ
ആയവന്‍ 'ത്യാഗി'പദത്തിനു ചേര്‍ന്നവന്‍.

ശ്ലോകം - 12:

അനിഷ്ട,മിഷ്ട,മവചേര്‍ന്ന മറ്റൊന്നും
കര്‍മ്മഫലം മൂന്നുവിധം ജീവശേഷം
ത്യാഗഹീനര്‍ക്കനുഭവസിദ്ധം ദൃഢം
ത്യാഗികള്‍ക്കവ സിദ്ധവുമല്ലനുനം.

ശ്ലോകം - 13:

സാംഖ്യദര്‍ശനാന്തേ പ്രോക്തം ഇത്ഥമഞ്ചു-
കാരണങ്ങള്‍ കേള്‍ക്കുക, ഹേമഹാബാഹോ
മാമകമൊഴിയാലെ കര്‍മ്മസിദ്ധാര്‍ത്ഥം
ജ്ഞാനികളെപ്പോഴു,മറിയേണ്ടുന്നവ.

ശ്ലോകം - 14:

ജീവാത്മാവാകുംശരീരം; അതിന്‍'കര്‍ത്താ'-
വടുത്തതഞ്ചുഭിന്ന 'കരണ',ങളും,
നാലാമന്‍ പലവിധ 'ചേഷ്ട' കളപ്പോള്‍-
പ്പഞ്ചമമായിത്തീരും 'യാദൃച്ചികത'.

ശ്ലോകം - 15:

"ഗാത്രംവാക്ക്മനസ്സിത്യാദികൊണ്ടേവം-
ന്യായമായ്ത്തോന്നീതായാലുമില്ലെങ്കിലു-
മതില്‍ ഹേതുവായ്‌ മുന്നില്‍നില്‍ക്കുന്നത്‌
ഈയഞ്ചുകാരണ മെന്നുധരിച്ചാലും."

ശ്ലോകം - 16:

തല്‍പഞ്ചൈ കാരണം കര്‍മ്മങ്ങള്‍ക്കിരിക്കെ
ആരുപാര്‍ക്കുന്നുവോ കേവലാത്മാവിനെ
സംസ്കാരശൂന്യത കാരണം കര്‍ത്താവായ്‌
ആയവന്‍ ദര്‍ശിയ്ക്കയില്ലായഥാര്‍ത്ഥ്യത്തെ.

ശ്ലോകം - 17:

ആര്‍ക്കുഞ്ഞാന്‍ കര്‍ത്താവെന്ന ഭാവമില്ലയോ
ആരുടെബുദ്ധിയാസക്തമാകില്ലയോ
ആയൊ,രുവനീ ജനത്തെഹനിക്കുകില്‍
ബദ്ധനാകില്ലവന്‍; ഹനിക്കുന്നുമില്ല.

ശ്ലോകം - 18:

ജ്ഞാനംതത്‌വിഷയം ജ്ഞാതാവെന്നിങ്ങനെ
കര്‍മ്മചോദനം(പ്രേരണ) ത്രിവിധമറികനീ;
ഇന്ദ്രിയകര്‍മ്മകര്‍ത്താദികളെന്നുള്ള
കര്‍മ്മാശ്രമങ്ങളും മൂന്നെന്നറിയുക.

ശ്ലോകം - 19:

ജ്ഞാനവും കര്‍മ്മവും കര്‍ത്താവും ത്രിവിധം
സത്വാദിഗുണവ്യത്യാസം പ്രമാണിച്ചു
സാങ്ഖ്യശാസ്ത്രത്തില്‍പ്പറയുന്ന-
തും കേട്ടുധരിക്ക സംശയമെന്നിയേ.

ശ്ലോകം - 20:

വിഭക്തങ്ങളായ സര്‍വ്വഭൂതത്തിലും
അവ്യയവും അവിഭക്തവുമായുള്ള
ഏകഭാവത്തെ ഏതൊരുജ്ഞാനത്തിനാല്‍-
കാണുമോ തത്ജ്ഞാനം 'സാത്വിക'മോര്‍ക്കണം.

ശ്ലോകം - 21:

സകലഭൂതങ്ങളിലും ചരാചരം
ഏതൊരുജ്ഞാനത്താല്‍ അനേകത്വങ്ങളെ
വെവ്വേറെയായ്ക്കൊണ്ടു,വെവ്വേറെ കാണുന്നോ
തത്ജ്ഞാനം 'രാജസ'മായിഗണിച്ചിടം.

ശ്ലോകം - 22:

യഥാര്‍ത്ഥവുമല്ലാ പൂര്‍ണമല്ലാത്തതും
യുക്തിവിരുദ്ധവും ഷുദ്രവുമായുള്ള
ഏതൊരുജ്ഞാനത്തെ പൂര്‍ണ്ണമയ്ത്തോന്നുന്നോ
തത്‌ജ്ഞാനം 'താമസ'ജ്ഞാനമെന്നോര്‍ക്കുക.

ശ്ലോകം - 23:

ഏതവന്‍തെല്ലും ഫലകാംഷയില്ലാതെ-
നിസ്സങ്ങതയോടും രാഗദ്വേഷങ്ങളി-
ല്‍ തല്‍പ്പരനല്ലാഞ്ഞു കര്‍ത്തവ്യകര്‍മ്മങ്ങള്‍
ചെയ്‌വതിന്ന് സാത്വികകര്‍മ്മമെന്നുപേര്‍.

ശ്ലോകം - 24:

ഫലസിദ്ധിതല്‍പ്പരനായ്ക്കൊണ്ടേതവന്‍
ക്ലേശിച്ചഹങ്കാരത്തോടെയനുഷ്ഠിക്കും
സല്‍പ്പേരിനായുള്ള കര്‍മ്മംസമസ്തവും
'രാജസ്സ'കര്‍മ്മ നാമത്താലറിയുന്നു.

ശ്ലോകം - 25:

മോഹങ്ങള്‍ക്കടിമയായിട്ടേതൊരുവന്‍
ഭാവിഫലങ്ങളും നാശനഷ്ടങ്ങളും
പരദ്രോഹ പൗരുഷമേതും കാണാതെ
ചെയ്യുന്ന കര്‍മ്മങ്ങള്‍ 'താമസ' കര്‍മ്മമാം.

ശ്ലോകം - 26:

സാത്വികകര്‍മ്മത്തിന്നധിപനായ്‌ വരും-
ഏതൊരുവന്‍ നിരഹങ്കാരനും, ധൈര്യ-
മുത്സാഹശീലന്‍ നിസ്സങ്ങനും, സിദ്ധിയു-
മസിദ്ധിയും നിരാകരിക്കുന്നോ അവന്‍.

ശ്ലോകം - 27:

ആസക്തിയും ഫലമിച്ചിക്കുമേവനും
ധനകാംഷിയും പരദ്രോഹതല്‍പ്പരന്‍
ആഹ്ലാദദു:ഖാദികള്‍ക്കടിമയും ശു-
ചിത്വ(മില്ലാത്തോനും)ഹീനനും 'രാജസ'നായിടും.

ശ്ലോകം - 28:

താമസനായിഗണിക്കപ്പെടുന്നവന്‍
യോഗനിഷ്ഠാദിവിനയാവിഹീനനും
പ്രാക്രിതനും തഥ കര്‍മ്മവിമുഖനും
ദീര്‍ഘസൂത്രിമടിവിഷാദവും ദ്രിഢം.

ശ്ലോകം - 29:

ധനഞ്ജയ, ബുദ്ധിധൈര്യാതിഗുണങ്ങള്‍ക്ക്‌
ഹേതുവയ്‌ ത്രിവിധ ഭേദത്തെ പ്രത്യേക-
മുപദേശിക്കുന്നതുണ്ടുഞ്ഞാന്‍ കേള്‍ക്കുക-
ശ്രദ്ധയോടെയവയൊക്കെയും മല്‍സഖേ.

ശ്ലോകം - 30:

ഹേ പാര്‍ത്ഥ. കര്‍മ്മാ,കര്‍മ്മങ്ങളും ഭയവു-
മഭയവും, കര്‍ത്തവ്യാ,കര്‍ത്തവ്യങ്ങളും
മുക്തിയും ബന്ധവും ആരാലറിയുന്നോ
തല്‍ബുദ്ധി 'സാത്വിക' ബുദ്ധിയറിയുക.

ശ്ലോകം - 31:

ഏതൊരുബുദ്ധി ധര്‍മ്മാ,ധര്‍മ്മങ്ങളും
കാര്യാ,കാര്യങ്ങളും അയഥാര്‍ത്ഥ്യമെന്നു-
കാണുന്നോ ആ ബുദ്ധി പാര്‍ത്ഥാധരിച്ചാലും,
കേവലം 'രാജസ' ബുദ്ധിയെന്നുള്ളത്‌.

ശ്ലോകം - 32:

പാര്‍ഥ, മല്‍സഖേ, അജ്ഞാനാന്ധകാരത്തി-
ലേതൊരു ബുദ്ധി വിചാരിക്കുന്നുവോര-
ധര്‍മ്മത്തെ ധര്‍മ്മമെന്നും മറ്റുള്ളതെല്ലാം
വിപരീതമെന്നതും 'താമസ' ബുദ്ധി.

ശ്ലോകം - 33:

ധൈര്യസമേതനായ്‌ ഏതൊരുപ്രാണിയും
വ്യതിചലനമെന്യേ യോഗനിഷ്ടയാല്‍
ആഘാതങ്ങളെ,യെല്ലാം നിയന്ത്രിക്കുന്നോ
ആയത്‌'സാത്വിക' ധൈര്യമെന്നോര്‍ക്കനീ.

ശ്ലോകം - 34:

കുന്തീസുതനായ അര്‍ജ്ജുനാ കേള്‍ക്കനീ
ഏതൊരു ധൈര്യത്താല്‍ മാനുഷ്യന്‍ ധര്‍മ്മാര്‍ത്ഥ-
കാമം ധരിച്ചതിനാസക്തിയാല്‍ഫല-
മിച്ചിക്കുന്നോ അത്‌ 'രാജസ' മാകുന്നു.

ശ്ലോകം - 35:

പാര്‍ത്ഥിവരേന്ദ്ര സുനോ മമ വാക്കുകള്‍
ഏതൊന്നിനാല്‍ സ്വപ്നഭയദു:ഖാദികള്‍
ത്യാജ്യകോടിതന്നില്‍,തള്ളുന്നതില്ലയോ
ആധ്രിതി 'താമസ'മെന്നുധരിക്കുക.

ശ്ലോകം - 36 & 37:

ഭരതകുലശ്രേഷ്ഠാ,ര്‍ജ്ജുനാ കേള്‍ക്കണം
ത്രിവിധസുഖത്തെക്കുറിച്ചെന്‍ഭാഷിതം.
ഏതൊരുസുഖത്തില്‍ അഭ്യാസബലത്തെ-
ക്കൊണ്ട്‌രമിക്കയും ദു:ഖാന്ത്യേനിശ്ചയം
പ്രാപിക്കചെയ്യുന്നോ; ഏതുസുഖമഗ്രേ
വിഷസമമായും അന്ത്യേ,മൃതതുല്യ-
മാകുമാസുഖം ആത്‌മബുദ്ധിപ്രസാദ-
മാകകൊണ്ട്‌ 'സാത്വിക'മെന്നോര്‍ക്കവേണം.

ശ്ലോകം - 38:

രൂപരസശബ്ദാദിവിഷയങ്ങളും-
നേത്ര,രസാശ്രോത്രാദിന്ദ്രിയങ്ങളും
ചേര്‍ന്നാദ്യമമൃതമായും പിന്നെവിഷ-
മായും തോന്നുന്നുവോ തല്‍സുഖം 'രാജസം'.

ശ്ലോകം - 39:

ആദിമദ്ധ്യാന്തങ്ങളിലേതൊരുസുഖ-
മാത്മാവിന്‌ മോഹമുളവാക്കുന്നതു-
മാലസ്യാദികളില്‍നിന്നുണ്ടാകുന്നുവോ
ആ സുഖം 'താമസ'മെന്നുഗണിക്ക നീ.

ശ്ലോകം - 40:

ഭൂമിയിലോ സ്വര്‍ഗ്ഗത്തില്‍ ദേവന്മാരിലോ
കാണുകയില്ലെന്നു നിര്‍ണ്ണയം ത്രിവിധ-
പ്രകൃതിഗുണമുക്തയായൊന്നുവേറെ-
ത്രിഗുണാതീതന്‍ പരബ്രഹ്മമാകയാല്‍.

ശ്ലോകം - 41:

ശത്രുനാശനാ,സൂഷ്മമായറിഞ്ഞാലും
'സത്വാദിഗുണത്തെയടിസ്ഥാനമാക്കി-
യിട്ടല്ലോവിഭജനം ചെയ്തിതുകര്‍മ്മ-
ങളെനാലുവര്‍ണ്ണാശ്രമികള്‍ക്കെന്നത്‌.

ശ്ലോകം - 42:

ജ്ഞാനവിജ്ഞാനവും ഈശ്വരസേവയും
ഇന്ദ്രിയാദിയെ നിയന്ത്രിക്കയെന്നതും
ശൗചംക്ഷമവക്രതയില്ലായ്മകളും
ബ്രാഹ്മണ കര്‍മ്മ സ്വഭാവമറിഞ്ഞാലും.

ശ്ലോകം - 43:

ധൈര്യവും ശൗര്യവും തേജസ്സും ദാഷ്യവും
യുദ്ധമദ്ധ്യേ ഒളിച്ചോടാതിരിക്കയും
ഔദാര്യശീലവും പ്രഭുത്വഭാവവും
ക്ഷത്രിയധര്‍മ്മസ്വഭാവം ധരിച്ചാലും.

ശ്ലോകം - 44:

ശൂദ്രവൈശ്യാദി സ്വഭാവിക കര്‍മ്മങ്ങള്‍
ശൂദ്രനു 'സേവനം' ചെയ്കെന്ന കര്‍മ്മവും
വൈശ്യന്ന്‌ വാണിജ്യം ഗോരക്ഷണം കൃഷി
ഇത്യാദി ജന്‍മസിദ്ധമായ്‌ ധരിച്ചാലും.

ശ്ലോകം - 45:

അവരവര്‍തന്നുടെ കര്‍മ്മത്തില്‍ ദൃഢ-
നിഷ്ഠനായ്‌ മാനവര്‍ ലക്ഷ്യത്തെ നേടുന്നു.
സ്വകര്‍മ്മതല്‍പ്പരനേതുവിധം കാര്യ-
സിദ്ധിവരിക്കുന്നതെന്നതുകേള്‍ക്ക നീ?

ശ്ലോകം - 46:

പ്രാണിതന്‍ ചേഷ്ഠകള്‍ ആരില്‍നിന്നാകുന്നോ
ആരാല്‍ജഗത്തിന്നധിപനായ്‌ വാഴുന്നോ
ആസവ്യസാചിയെ സ്വസ്വകര്‍മ്മംകൊണ്ട്‌
പൂജിച്ച്‌ ലക്ഷ്യത്തിലെത്തുന്നു മാനുഷര്‍.

ശ്ലോകം - 47:

സ്വധര്‍മ്മമുത്തമം വിഗുണമെങ്കിലും
ശ്രേഷ്ഠമായപരധര്‍മ്മാനുഷ്ടാനത്തിലും
നിഷ്കാമകര്‍മ്മമനുഷ്ഠിക്കും കര്‍മ്മിക്ക്‌
എക്കാലവും പാപമേല്‍ക്കയില്ലാദൃഢം.

ശ്ലോകം - 48:

ദോഷഭൂയിഷ്ഠമാകിലും സ്വകര്‍മ്മത്തെ
തെല്ലുപോലും ത്യജിക്കേണ്ട,കൗന്തേയ
സര്‍വ്വകര്‍മ്മങ്ങളും ധൂമത്താലഗ്നിപോല്‍
മൂടപ്പെട്ടുകിടക്കുന്നതിദോഷത്താല്‍.

ശ്ലോകം - 49:

സര്‍വ്വകാര്യത്തിലും ആസക്തിയില്ലാതെ
ഇന്ദ്രിയാദിമനസ്സിനേയും ജയിച്ചെ-
പ്പോഴും കര്‍മ്മത്തില്‍ ഫലേശ്ച്ചയില്ലാത്തവന്‍
പരമനൈഷ്കര്‍മ്മ്യസിദ്ധിപ്രാപിച്ചീടും.

ശ്ലോകം - 50:

കേള്‍ക്കുക,കൗന്തേയ,സംഗ്രഹിച്ചോതുന്നു
നൈഷ്കര്‍മ്മ്യസിദ്ധി പ്രാപിച്ചവനെങ്ങിനെ
ബ്രഹ്മപദത്തിന്നധികാരിയാകതും
ആ ബ്രഹ്മജ്ഞാനം പരമകാഷ്ഠ: ദൃഢം.

ശ്ലോകം - 51-52-53:

ഏതൊരുവന്‍ നിര്‍മ്മലമാനസ്സനാകുന്നോ-
നിഷ്കാമകര്‍മ്മസാധകങ്ങളില്‍ക്കൂടി
ആയവന്‍ധൈര്യത്താലാത്മനിയന്ത്രണം
സാധിച്ചുവിഷയാസക്തിത്യജിച്ചേവ-
മുപേക്ഷിക്കുക രാഗദിദ്വേഷങ്ങള്‍
പിന്നെ ഏകാന്തമായ്‌ മിതാഹാരിയായി-
ധ്യാനനിരതനായ്തീരുന്നോന്‍നിര്‍മ്മലന്‍-
പരബ്രഹ്മനായ്‌ത്തീരുവാനര്‍ഹനാം.

ശ്ലോകം - 54:

ആവിധം ബ്രഹ്മമായ്‌തീര്‍ന്നവന്‍ നിര്‍മ്മലന്‍
പ്രസന്നചിത്തനും ദു:ഖ വിഹീനനും
ആഗ്രഹമില്ലാതെ സര്‍വ്വഭൂതത്തിലും
സമദര്‍ശിക്കെന്നില്‍ ഭക്തിഭവിക്കുനു (ലഭിക്കുന്നു).

ശ്ലോകം - 55:

തല്‍ഭക്തികൊണ്ടവനെന്നെയറിയുന്നു
ആരുഞ്ഞാനെന്നതും എങ്ങനെയെന്നതും
എന്നെയറിഞ്ഞതിന്‍ ശേഷമവനുമ-
ല്‍ കാരുണ്ണ്യംകൊണ്ട്‌ സായൂജ്യം സിദ്ധിക്കുന്നു.

ശ്ലോകം - 56:

എന്നെസദാകാലം സര്‍വ്വകര്‍മ്മാദിയാല്‍
ഏതൊരുവന്‍ പരമാശ്രയിക്കുന്നുവോ
മല്‍പ്രസാദത്തിന്നവനര്‍ഹനാവതു-
മാത്രമോ,യെന്‍പദം പ്രാപിക്കും നിശ്ചയം.

എസ്‌.ലോകം - 57:

സര്‍വ്വകര്‍മ്മങ്ങളും മനസാ എന്നില-
ഋപ്പിച്ചുമല്‍പ്രസാദം പരമോല്‍കൃഷ്ടമായ്‌-
ക്കണ്ടിട്ട്‌ ബുദ്ധിയോഗസ്തനായിസ്സദാ-
ചിന്തിക്കണമെന്നെ,യെന്നതറിഞ്ഞാലും.

ശ്ലോകം - 58:

മല്‍പ്രസാദകൊണ്ട്‌ സര്‍വ്വക്ലേശങ്ങളും
മറികടക്കേണമെന്നെഭജിച്ചു നീ;
നാശംനിനക്കു ഭവിക്കുമെന്ന്‌ ദൃഢം
ലേശമഹങ്കാരതല്‍പ്പരനാകുകില്‍.

ശ്ലോകം - 59:

വ്യര്‍ത്ഥമാകും തവ നിശ്ചയം നീയുദ്ധം-
ചെയ്കയില്ലെങ്കിലഹങ്കാരദാര്‍ഢ്യത്താല്‍.
പ്രകൃതിതന്‍ നിശ്ചയം വ്യര്‍ത്ഥമാവില്ല
യുദ്ധമനുഷ്ടിക്ക ക്ഷത്രിയധര്‍മ്മമാം.

ശ്ലോകം - 60:

കൗന്തേയ, സ്വസ്വഭാവിക കര്‍മ്മബദ്ധന്‍
ഏതൊന്നു ചെയ്‌വാന്‍ മടികാണിചീടുന്നോ
തല്‍ക്കര്‍മ്മമെല്ലാം കഥയില്ലായ്മമൂലം
വിലക്കാന്‍ നീ,യസ്വതന്ത്രനാണു നൂനം.

ശ്ലോകം - 61:

സര്‍വഭൂതാദിതന്‍ ഹൃദയമദ്ധ്യത്തിങ്കല്‍
സര്‍വേശ്വരന്‍ കുടികൊള്ളുന്നിതര്‍ജ്ജുനാ-
മായയാല്‍ ദാരുയന്ത്രംപോല്‍ഭ്രമിപ്പിച്ചെ-
ല്ലായിപ്പോഴുമ്മോര്‍ക്കണം ചിത്തത്തില്‍ മല്‍സഖേ.

ശ്ലോകം - 62:

ആഹൃദസ്ഥനാ,മീശ്വരന്‍ തന്നെനീ
മാതാപിത്രുഗുരുസുഹൃത്‌ ഭാവേന
പ്രാപിക്കണം ശരണാര്‍ത്ഥമപ്പോള്‍വരും
ശാശ്വതസ്താനവും ശാന്തിയും ഭാരത.

ശ്ലോകം - 63:

ഇപ്രകാരം ഞാനുപദേശമായ്‌ചൊന്ന-
പരമരഹസ്യമാം ശാസ്ത്രതത്വങ്ങളെ
യുക്തിയുക്തം താന്‍ നിരുപണം ചെയ്തിട്ട്‌
ഇച്ചയേതോ അത്‌ സ്വീകരിച്ചീടേണം.

ശ്ലോകം - 64:

ഗീതാരഹസ്യം പറയുന്നതുണ്ടിനീ-
കേള്‍ക്കണം ശ്രദ്ധയോടെയവയൊക്കവേ
ഇഷ്ടരില്‍ ശ്രേഷ്ഠനായ്‌ വാഴുന്നുനീയെനി-
ക്കെന്നു കരുതിപ്പറയുന്നിതേവിധം.

ശ്ലോകം - 65:

പ്രേമപ്രഭാവേന നിത്യവുമെന്നെനീ
ഏകാഗ്രചിത്ത: ശരണം ഗമിക്കണം
എന്നില്‍ദൃഢമായ വിശ്വാസം പൂണ്ടു നീ-
ഭക്ത്യാഗമിക്കുകില്‍ മുക്തിയും നിശ്ചയം.

ശ്ലോകം - 66:

ധര്‍മ്മങ്ങളെല്ലാമുപേക്ഷിച്ചുകൊണ്ടു നീ
എന്നെയൊരാളെശരണംപ്രാപിക്കുകില്‍
സകലപാപവിമുക്തനായ്‌ത്തീര്‍ന്നിട്ട്‌
ദു:ഖ്‌ങ്ങളെല്ലാം ഉപേക്ഷിക്കു ഭാരത.

ശ്ലോകം - 67:

എന്നാലുപദേശരൂപേണചൊല്ലിയ
തത്വശാസ്ത്രം തപോനിഷ്ഠാവിഹീനനും
ഭക്തിഹീനര്‍ക്കും പരദോക്ഷകാംഷിക്കും
ചൊല്ലിക്കൊടുത്തുകൂടെന്നതറിഞ്ഞാലും.

ശ്ലോകം - 68:

ഇങ്ങിനെയുള്ളയീഗീതാരഹസ്യത്തെ
മല്‍ഭക്തന്മ്മാര്‍ക്കുപദേശിക്കുന്നുവോ-
തല്‍ഭക്തനുത്തമഭക്തനയ്‌ മാറിയി-
ട്ടെന്നെ പ്രാപിക്കുമതിനില്ല സംശയം.

ശ്ലോകം - 69:

ഗീതോപ,ദേഷ്ടാവായ്‌ വാഴുമവനേക്കാള്‍
മല്‍പ്രിയമേറുകയില്ല മറ്റാരോടും
അവ്വണ്ണം പ്രിയതരനായൊരുവനും
ഭൂവിങ്കലുണ്ടാകയില്ലെന്നു നിര്‍ണ്ണയം.

ശ്ലോകം - 70:

നമ്മുടെ സംവാദം ആരാല്‍ പഠിക്കുമോ
ജ്ഞാനയജ്ഞത്താലവന്‍ പരമോത്തമ-
നായി എക്കാലവും എന്നെമറികട-
നീടുമതിനില്ല സംശയമേതുമേ.

ശ്ലോകം - 71:

പ്രാപിച്ചിടും ശുഭലോകം നരനവന്‍
ശ്രദ്ധയോടുമനസൂയ,യോടുമവ-
നീസംഭാഷണം ശ്രവിച്ചീടുകെന്നാകി
ലോപാപമുക്തനയ്‌ സന്നേഹമില്ലതില്‍.

ശ്ലോകം - 72:

ശ്രദ്ധയോടേകാഗ്രചിത്തനായ്‌കേട്ടുവോ
പാര്‍ത്ഥാ,നീനക്കുപദേശിച്ചതൊക്കവേ?
നിന്‍റെയജ്ഞാനസംമോഹ,മശേഷവും
വിനാശം പ്രാപിച്ചുകാണുകയില്ലയോ?

ശ്ലോകം - 73:

ഇത്ഥം പരഞ്ഞതുകേട്ടര്‍ജുനന്‍ ചൊന്നാന്‍
"ത്വല്‍പ്രസാദത്താലെന്‍ മതിഭ്രമം പാടെ
ശമിച്ചാത്മബോധം വീണ്ടെന്നിലച്ച്യുതാ-
താവകസന്ദേശം ഭക്ത്യാഗ്രഹിച്ചതില്‍".

ശ്ലോകം 74 & 75:

ഈവിധം പാര്‍ത്ഥനും കൃഷ്ണനും തമ്മിലു-
ള്ളത്ഭുത അസംവാദം ശ്രവിച്ചിതാശ്ചര്യം.
വ്യാസപ്രസാദേന ആയോഗം കേട്ടുഞ്ഞാന്‍
കൃഷ്ണനാ,ലോതുന്ന പോലവേ നേരിട്ട്‌.

ശ്ലോകം - 76, 77, 78.

കൃഷ്ണാര്‍ജ്ജുനന്മാര്‍തന്‍സംവാദം മന്നവാ-
സ്മരിച്ചിട്ടാനന്ദം കൊള്ളുന്നു ഞാനെന്നും.
ശ്രീഹരിതന്നുടെ രൂപംസ്മരിച്ചുഞ്ഞാ-
നെപ്പോഴും കോള്‍മയിര്‍കൊള്ളുന്നുവിസ്മയാല്‍.
കൃഷ്ണന്‍ യോഗേശ്വരന്‍ പാര്‍ത്ഥന്‍ ധനുര്‍ദ്ധരന്‍
പക്ഷത്തില്‍ വിജയൈശ്വര്യാദികള്‍ ദൃഢം.

(ഇതിരാജുവിരചിതം ഭാഷാഗീതാഷ്ടാദശാദ്ധ്യായ:).

മുംബൈ, ഡോംബിവലി.
സെപ്റ്റെംബര്‍ 5, 2007.

No comments: