Thursday 24 April 2008

Swathi Thirunal


സ്വാതിതിരുനാളും ഭാരതീയ സംഗീതവും - ഒരു ചര്‍ച്ച.

എന്‍.ആര്‍.പിള്ള(രാജു-വിളാവത്ത്‌).


ഭാരതീയസംഗീതം ആദിയില്‍ ഒന്നായിരുന്നോ അതോ ഇന്നുകാണുന്നപോലെ ഔത്തരാഹമെന്നും(ഹിന്ദുസ്ഥാനി), ദാക്ഷിണാത്യമെന്നും(കര്‍ണ്ണാടക) രണ്ട്‌ പ്രത്യേക പഥങ്ങളിലൂടെയാണോ പ്രചരിച്ചിരുന്നതെന്നും സൂഷ്മമായി മനസ്സിലാക്കാന്‍ രേഖകള്‍ കിട്ടിയിട്ടില്ല. ഭാരതീയസംഗീതം ഒന്നായിരുന്നുവെന്നും ക്രി.പി. 12-13-ാ‍ം നൂറ്റാണ്ടോടുകൂടിയാണ്‌ രണ്ടു പദ്ധതികളായി വേര്‍തിരിയാന്‍ തുടങ്ങിയതെന്നുമാണ്‌ ചിലരുടെ അഭിപ്രായം. പാര്‍സിസംഗീതവും പേര്‍ഷ്യന്‍ സംഗീതവും അറബി ഉര്‍ദു തുടങ്ങിയ ഭാഷകളും കലര്‍ന്ന്‌ ഉത്തരേന്ത്യയില്‍ സംഗീതം പുതുവസ്ത്രമണിഞ്ഞ്‌ ഹിന്ദുസ്ഥാനിസംഗീതമായതുപോലെ ദക്ഷിണേന്ത്യയിലും സംഗീതം പല പരിവര്‍ത്തനങ്ങള്‍ക്കുശേഷം ഒരു വത്യസ്ഥ പഥത്തിലൂടെ സഞ്ചരിച്ച്‌ കര്‍ണ്ണാടകസംഗീതവുമുണ്ടായി എന്ന്‌ സാമാന്യമായി അനുമാനിയ്ക്കാം.

"വാഗ്ഗേയകാരപഞ്ചകം" അതാണ്‌ കര്‍ണ്ണാടകസംഗീത നഭസ്സിലെ അഞ്ച്‌ ഉത്തമവാഗ്ഗേയകാരന്മാരായിരുന്ന പുരന്ദരദാസന്‍, ത്യാഗരാജന്‍, ദീക്ഷിതര്‍, ശ്യാമശാസ്ത്രി, സ്വാതിതിരുനാള്‍ എന്നിവര്‍ക്ക്‌ പൊതുവെ പറയേണ്ട വിശേഷപദം. ഇവരില്‍ ആദ്യത്തേതായ പുരന്ദരദാസന്‍ ക്രി.പി. പതിനാറാം ശതകത്തില്‍ കര്‍ണ്ണാടക ദേശത്ത്‌ ജീവിച്ചിരുന്ന്‌ കന്നടയില്‍ അനേകം ഗാനങ്ങള്‍ നിര്‍മിച്ച്‌ 'കര്‍ണ്ണാടകസംഗീത പിതാമഹന്‍' എന്ന ബിരുദനാമത്താല്‍ അറിയപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ്‌. മറ്റുനാലുപേര്‍ സമകാലീനന്മാരും ക്രി.പി. 18-ാ‍ം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും 19-ാ‍ം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തിലുമായി ജീവിച്ചിരുന്നവരുമാണ്‌.
ആദ്യത്തെ മൂന്നു പേര്‍ സംഗീതത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്നവരും തഞ്ചാവൂര്‍ ജില്ലയില്‍ ജനിച്ച്‌ അവിടം പ്രവര്‍ത്തനകേന്ദ്രമാക്കിയവരുമാണ്‌. അവസാനത്തെ വ്യക്തിയായ 'സ്വാതിതിരുനാള്‍'തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാവും. അദ്ദേഹത്തെ ഉദ്ദേശിച്ചാണ്‌ ഈ ഉപന്യാസം തയ്യാറക്കുന്നത്‌.

സ്വാതിതിരുനാള്‍ മഹരാജാവിനെക്കുറിച്ചെഴുതുമ്പോള്‍ വേണാടിന്റെ ചരിത്രപാശ്ചാത്തലം കൂടിഉള്‍ക്കൊള്ളിച്ചാലെ എഴുതുന്നവന്റെ ഉദ്യമം പൂര്‍ത്തിയാകുകയുള്ളു. ഞാനൊരു ചരിത്രാന്വേഷിയല്ലാത്തതിനാല്‍ പ്രസ്തുത സംരംഭം അര്‍ത്ഥശൂന്യമായേക്കാമെന്നുള്ളതുകൊണ്ട്‌ അതിലേയ്ക്ക്‌ പ്രവേശിക്കുന്നില്ല. എന്നിരുന്നാലും ചെറിയൊരു പരാമര്‍ശം ആവശ്യമാണെന്നു തോന്നുന്നു. വേണാട്ടില്‍ ഭരണം നടത്തിയിട്ടുള്ള ഭൂരിപക്ഷം രാജാക്കന്മാരും കലാപോക്ഷണം ചെയ്തുപോന്നവരാണ്‌. പലനാട്ടുരാജ്യങ്ങളേയും വെട്ടിപ്പിടിച്ച്‌ വേണാട്ടില്‍ ചേര്‍ത്ത്‌ തിരുവിതാംകൂര്‍ രാജ്യം വിപുലീകരിച്ച 'വീരമാര്‍ത്തണ്ടവര്‍മ്മ'യുടെ കാലം മുതല്‍ വിവിധ കലകളേയും, കലാകാരന്മാരേയും പ്രോത്സാഹിപ്പിയ്ക്കുകയെന്നത്‌ ഭരണച്ചുമതലയുടെ ഭാഗമെന്നോണം അവര്‍ വിശ്വസിച്ചു. അദ്ദേഹത്തെ തുടര്‍ന്ന്‌ രാജ്യം ഭരിച്ച കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ ഒരു സംസ്കൃത പണ്ട്ധിതനും, മറ്റനേകം ഭാഷകളില്‍ പരിചയം ആര്‍ജ്ജിച്ചിരുന്ന വ്യക്തിയുമായിരുന്നു. സര്‍വലക്ഷണങ്ങളും ഒത്തിണങ്ങിയ ആറാട്ടകഥകളും, നരകാസുരവധം ആട്ടകഥയുടെ പ്രഥമ ഭാഗവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. മാത്രമല്ല, സംഗീതത്തിലും നാട്യത്തിലും അവിടുന്നുനേടിയിരുന്ന അവഗാഹത്തെ തെളിയിക്കുവാന്‍ പോന്നതാണ്‌ അദ്ദേഹം രചിച്ച 'ബാലരാമഭാരതം' എന്ന വിശിഷ്ട നാട്യശാസ്ത്രഗ്രന്ഥം. രാജ്യഭാരം വഹിക്കാനിടവരാത്ത അശ്വതിതിരുനാളും ഈ അവസരത്തില്‍ വിലയിരുത്തപ്പെടേണ്ട മുഖ്യ വ്യക്തികളില്‍ ഒരാളാണ്‌.

എന്നാല്‍ മേല്‍പറഞ്ഞ എല്ലവരെക്കാളും കൂടുതല്‍ തിരുവിതാംകൂര്‍ രാജവംശത്തില്‍ നമുക്ക്‌ സകലവിധത്തിലും സമാരാധ്യനായവ്യക്തി 'ഗര്‍ഭശ്രീമാന്‍' എന്ന വിശേഷനാമത്താല്‍ പ്രകീത്തിയ്ക്കപ്പെട്ടിരുന്ന സ്വാതിതിരുനാള്‍ മഹാരാജാവാണ്‌. മുഖവുരയെന്നോണം തിരുവിതാംകൂര്‍ രാജവംശചരിത്രത്തെ ഇത്രയും ചുരുക്കി പരാമര്‍ശിച്ചുകൊണ്ട്‌ ഞാന്‍ കഥാപുരുഷന്റെ ജീവിത ചരിത്രത്തിലേക്ക്‌ കടക്കുകയാണ്‌.

കാര്‍ത്തികതിരുനാളിന്റെ രാജവാഴ്ചകാലത്ത്‌ അതായത്‌ 1789-ല്‍ കോലത്തുനാട്ടില്‍നിന്നും തിരുവിതാംകൂറിലേക്ക്‌ ദത്തെടുത്ത ഭണിതിരുനാള്‍ റാണിയുടെ മൂത്തമകള്‍ ഗൗരിലക്ഷ്മീഭായിയുടെയും ചങ്ങനാശ്ശേരി രാജരാജവര്‍മ്മ കൊയിത്തമ്പുരാന്റെയും രണ്ടാമത്തെ സന്താനമായി 1813 ഏപ്രില്‍ 16-ന്‌ ജനിച്ചരാജകുമാരനാണ്‌ സ്വാതിതിരുനാള്‍. ഇരയിമ്മന്‍ തമ്പിയുടെ 'ഒമനത്തിങ്കള്‍ കിടാവോ' എന്ന താരാട്ട്‌ ഈ രാജകുമാരന്റെ പിറവിയെ ഉദ്ദേശിച്ചാണെന്ന്‌ പ്രബലമായൊരു വിശ്വാസം നിലവിലുണ്ട്‌.രുക്‌മിണിഭായി ജ്യേഷ്ട സഹോദരിയും, ഉത്രം തിരുനാള്‍ ഇളയ സഃഒദരനുമായിരുന്നു. 1811-ാ‍ം മാണ്ടുമുതല്‍ രാജ്യം ഭരിയ്ക്കാന്‍ പുരുഷ പ്രജകളില്ലാതിരുന്നതിനാല്‍ റാണി ഗൗരീലക്ഷ്മിഭായിയായിരുന്നു രാജ്യഭാരം നിര്‍വഹിച്ചിരുന്നത്‌. 1815-ല്‍ പ്രസവാലസ്യത്തെതുടര്‍ന്ന്‌ അവര്‍ മൃതിയടഞ്ഞപ്പോള്‍ അവൃടെ ഇളയ സഹോദരി ഗൗരിപാര്‍വതീഭായി രാജ്യഭാരവും, കുട്ടികളുടെ സംരക്ഷണ ചുമതലയും ഏറ്റെടുത്തു.

ബാല്യത്തില്‍ത്തന്നെ അസ്സാമാന്യബുദ്ധിവൈഭവം പ്രകടിപ്പിയ്ക്കുവാന്‍ തുടങ്ങിയ രാജകുമാരന്‌ കിട്ടിയ വിദ്യാഭ്യാസവും അതിനോടു യോജിച്ചു പോകുവാന്‍ തക്കതായിരുന്നു. അദ്ദേഹത്തിന്റെ അന്ന്യദൃശസിദ്ധികളേയും, പ്രതിഭാവിലാസത്തേയും വേണ്ടവഴിക്ക്‌ തിരിക്കുന്നതിന്‌ നാനാശാസ്ത്രവിശാരദനായ പിതാവും, ചിറ്റമ്മയും എന്നുവേണ്ട അവരുടെ ഉപദേഷ്ടാക്കളും കൂടിയാലോചിച്ച്‌ ബഹുഭാഷാ പഠനം കുമാരന്‌ അത്യന്താപേക്ഷിതമെന്ന്‌ തീരുമാനിച്ചു. അക്കാലത്തെ സംസ്കൃതപണ്ഡിതരില്‍ അഗ്രേസരനായിരുന്ന ഹരിപ്പാട്‌ കൊച്ചുപിള്ള വാരിയര്‍ കുമാരനെ തര്‍ക്കം, വ്യാകരണം, അലങ്കാരം, കാവ്യനാടകാദികള്‍ തുടങ്ങിയവ പഠിപ്പിച്ചു. കുറഞ്ഞകാലത്തിനുള്ളില്‍ സംസ്കൃതം അനായാസേന കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.മലയാളം, തെലുങ്ക്‌, തമിഴ്‌, കര്‍ണ്ണാടകം, മറാഠി, ഹിന്ദി, ആംഗലേയം (ഇംഗ്ലിഷ്‌), അറബി, ഉര്‍ദ്ദു മുതലായ ഭ്ഹഷകളില്‍ അദ്ദേഹം പാണ്ഡിത്യം നേടിയിരുന്നു. സ്വാതിതിരുനാളിന്റെ സമകാലികനെന്ന്‌ വിശ്വസിയ്ക്കപ്പെടുന്ന അജ്ഞാതനാമാവായ ഒരു കവി രചിച്ച 'രാമവര്‍മ്മ വിജയചമ്പു' എന്ന ഗ്രന്ഥത്തില്‍ 'അഷ്ടാദശഭാഷാസുകവനം ച കരോതിയ' എന്ന ശ്ലോകാര്‍ദ്ധത്തില്‍ സ്വാതിതിരുനാളിന്‌ പതിനെട്ടു ഭാഷകളില്‍ കവനം ചെയ്യാന്‍ സാധിച്ചിരുന്നുവെന്ന്‌ കാണുന്നുണ്ട്‌. കാവ്യം പൂര്‍ണ്ണമായി കിട്ടിയിട്ടില്ല.

സ്വതവേബുദ്ധിമാനായിരുന്ന കുമാരന്‌ വേണ്ടവിദ്യാഭ്യാസം തക്കസമയത്ത്‌ ലഭിച്ചപ്പോള്‍ അദ്ദേഹം ഒരു വിജ്ഞാന ഭണ്ഡാരമായിമാറി. ജനിച്ചവര്‍ഷം ആഗസ്റ്റ്‌ മാസം 29-ാ‍ം തിയതി നാലുമാസം പ്രായമായിരിയ്ക്കേ കുമാരന്‍ രാജാവായി പ്രഖ്യാപിക്കപെട്ടു. ഭാഷകള്‍ പഠിക്കുന്നതിനു പുറമെ വിവിധ കലാഭിരുചിയും ബല്യത്തിലെ കുമാരന്‍ പ്രകടിപ്പിച്ചിരുന്നു. ഇംഗ്ലിഷ്‌ അദ്ധ്യാപകനായി തഞ്ചാവൂരില്‍ നിന്നുവരുത്തപ്പെട്ട ശേഷപണ്ഡിതര്‍ സുബ്ബരായര്‍ ഇംഗ്ലിഷിനു പുറമെ അദ്ദേഹത്ത്തിന്റെ മാതൃഭാഷയായ മറാത്തിയും, കര്‍ണ്ണാടക സംഗീതത്തിന്റേയും ഹിന്ദുസ്താനിസംഗീതത്തിന്റെയും ബാലപാഠങ്ങള്‍ കുമാരനെ പഠിപ്പിച്ചു. സ്വരബിത്ത്‌ എന്ന ഉത്തരേന്ത്യന്‍ വാദ്യോപകരണവും ഇദ്ദേഹം കുമാരനെ പഠിപ്പിഹ്ചതായിക്കാണുന്നു. സ്വാതിതിരുനാളിന്റെ ഗുരുക്കന്മാരില്‍ പ്രഥമഗണനീയന്‍ തഞ്ചാവൂരില്‍ നിന്നും വന്ന മഹാരാഷ്ട്ര ബ്രാഹ്മണനന്‍ മേരുസ്വാമി എന്ന ഹരികഥാകലാക്ഷേപകനായിരുന്നു. കൊട്ടാരത്തിലെ കലാകാരന്മാരില്‍ ഏറ്റവും കൂടുതല്‍ ശബളം കൊടുത്തിരുന്നത്‌ ഇദ്ദേഹത്തിനായിരുന്നു. ഹരികഥയിലും, ഹിന്ദുസ്ഥാനിസംഗീതത്തിലും ഉന്നതസ്ഥാനം സ്വാതിതിരുനാളിന്‌ കരതലമായത്‌ ഇദ്ദേഹത്തിന്റെ ശിക്ഷണം മുഖേനയാണ്‌. മേരുസ്വാമിയെ സ്വാതിതിരുനാളിന്റെ പിന്തുടര്‍ച്ചക്കാരും ഒരു കുലഗുരുവായി ആരാധിച്ചു പോന്നിരുന്നു.

മേല്‍സൂചിപ്പിച്ചവയ്ക്കുപുറമേ ഭരതനാട്യവും, വീണ മുതലായ വാദ്യോപകരണങ്ങളും സ്വാതിതിരുനാള്‍ അഭ്യസിച്ചിരുന്നു. കൗമാരമാകും മുമ്പ്‌ പലകലകലൂം ഭാഷകള്ളും പഠിച്ച്‌ കുശാഗ്രബുദ്ധിമാനായിരിയ്ക്കെ, 16-മത്തെ വയസില്‍ (1829-ല്‍) സ്വാതിതിരുനാള്‍ സ്ഥാനാരോഹണം ചെയ്യപ്പെട്ടു. ഭരണവിഷയത്തില്‍ അദ്ദേഹം സ്വന്തമായൊരു ശൈലി കെട്ടിയുറപ്പിച്ചു. അദ്ദേഹത്തിന്റെ സ്വഭാവവിശേഷതകളില്‍ മുന്നിട്ടു നിന്നിരുന്നത്‌ അഭിപ്രായദാര്‍ഢ്യമായിരുന്നു. താന്‍ നിശ്ചയിക്കുന്നതെന്തും ഒരണുപോലും തെറ്റാതെ നടക്കണമെന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നതിന്‌ ദൃഷ്ടാന്തങ്ങളായി അനേകം സംഭവങ്ങള്‍ നടന്നിട്ടുണ്ട്‌. ഒന്നുമാത്രംചുരുക്കിവിവരിക്കാം. സോമയാഗം കഴിച്ച്‌ സോമയാജിയാകുന്നവര്‍ക്ക്‌ തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്ന്‌ വര്‍ഷംതോറും ഓരോപണക്കിഴി 'തിരുബലി' തുടങ്ങിയ അടിയന്തിരങ്ങളില്‍ കൊടുത്തുവരാറുണ്ട്‌. അങ്ങിനെ അവകാശം പറ്റിവരുന്നവര്‍ ആരെങ്കിലും മരിച്ചാല്‍ ആ വിവരം രാജാവിനെ ആദ്യം അറിയിക്കുന്ന ആളുടെകുടുംബത്തേയ്ക്ക്‌ മരിച്ചവ്യക്തിയ്ക്കവകാശപ്പെട്ട കിഴികൂടെ പതിച്ചുകൊടുക്കുക പതിവാണ്‌. വീഴില്ലം പറയുകയെന്ന ഈ പ്രക്രിയക്ക്‌ സമയം നോക്കെണ്ടതില്ല. ഒരിക്കല്‍ ഒരുനമ്പൂതിരി മരിച്ചവിവരം അറിയിക്കാന്‍ രണ്ടുപേര്‍ ഒപ്പം യാത്രയായി. ഒരേസമയം രണ്ടുവള്ളങ്ങളില്‍ അവര്‍ മറുകരയെത്തി. അപ്പോള്‍ ഒരാള്‍ ചാടിയിറങ്ങി മറ്റേവള്ളം പിടിച്ച്‌ വെള്ളത്തിലേക്ക്‌ തള്ളിവിട്ടിട്ട്‌ ഓടി നാടുവാണിരുന്ന റാണിയെക്കണ്ട്‌ കാര്യംസാധിച്ചു. മറ്റേനമ്പൂതിരി വിഷണ്ണനായി കൊട്ടാരമുറ്റത്തെത്തിയപ്പോള്‍ സമപ്രായക്കാരായ മറ്റുണ്ണികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന രാജകുമാരന്‍ അദ്ദേഹത്തിന്റെ വിഷാദകാരണം ആരാഞ്ഞു. നമ്പൂരി കാര്യങ്ങളെല്ലാം ഉണര്‍ത്തിച്ചപ്പോള്‍, ആട്ടെ, കാര്യങ്ങള്‍ക്കൊക്കെ പരിഹാരമുണ്ടാക്കാം, പോയി കുളിയും തേവാരവുമൊക്കെ കഴിച്ചുവരൂ, എന്ന്‌ കല്‍പനയുണ്ടായി.രാജകുമാരന്‍ വിവരം പകടശാലയിലേക്ക്‌ (സെക്രട്ടറിയേറ്റ്‌) എഴുതി അറിയിച്ചപ്പോള്‍ ചിറ്റമ്മ വിഷമത്തിലായി. അവര്‍ അതിനുമുമ്പ്‌ താനം അറ്റേനമ്പൂതിരിയുടെ പേരില്‍ പതിച്ചിരുന്നതുകോണ്ട്‌ തിരുത്താന്‍ പറ്റാത്ത നിലവന്നു. അവര്‍ കുമാരനെ വിളിപ്പിച്ച്‌ ദീര്‍ഘമായി ചര്‍ച്ചചെയ്തെങ്കിലും ഫലമുണ്ടായില്ല. അവസാനം കുമാരന്‍ കല്‍പിക്കുന്നതെന്തും എനിയ്ക്ക്‌ സമ്മതമാണെന്ന്‌ അറിയിച്ചു. കുമാരന്റെ നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ ഒരാളുടെ പേരിലുള്ളത്‌ രണ്ടുപേര്‍ക്കുമായി ഒന്നുപകുതിവീതം പതിച്ച്‌ കൊടുക്കുകയും ഒരാളുടെ മരണശേഷം അദ്ദേഹത്തിന്റെ പകുതി കൂടി ജീവിച്ചിരിക്കുന്നയാളുടെ പേരില്‍ അക്കാമെന്നും നിശ്ചയിക്കുകയും ചെയ്തു.

മുന്‍ഗാമികളായിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാരെയെല്ലാം വെല്ലുവാന്‍ പോന്ന പല പരിഷ്കാരങ്ങളും അദ്ദേഹം രാജ്യത്ത്‌ നടപ്പിലാക്കി. നീതിശാസ്ത്രവിശാരദനായ തിരുവള്ളൂര്‍ അദ്ദേഹത്തിന്റെ 'തിരുക്കുറല്‍'എന്ന ഗ്രന്ഥത്തില്‍ ഒരുത്തമരാജാവിനുണ്ടായിരിക്കേണ്ട മഹിമകളെന്തെല്ലാമെന്ന്‌ വര്‍ണ്ണിക്കുന്നതു നോക്കുക.

"രാഷ്ട്രവും സൈന്യവും, കോശം മിത്രവും സവിചനുന്മ്‌
കോട്ടയുമുള്ളോനത്രെ മന്നനെന്നറിയേണം.
ധീരത,ദാനം,ജ്ഞാന,മുത്സാഹമിവനാലും
ചേരണം തെറ്റാതെകണ്ടുര്‍വരാപാലന്മാരില്‍
ജാഗ്രത, വിദ്യാദാനം പൗരുഷമെന്നീമൂന്നും
യോഗ്യരാം നൃപാലന്മാര്‍ക്കെപ്പോഴുമുണ്ടാകേണം."
(തര്‍ജ്ജിമ: വെണ്ണിക്കുളം).

സ്വാതിതിരുനാളിനെ സംബന്ധിച്ചിടത്തോളം മേല്‍വിവരിച്ച സകലയോഗ്യതകള്‍ക്കും പുറമെ കവിത്വം, സംഗീതനൃത്യാതികളില്‍ പരിജ്ഞാനം, വിദ്വജന പ്രോത്സാഹന വ്യഗ്രത തുടങ്ങിയവകൊണ്ട്‌ അദ്ദേഹത്തിന്റെ രാജമഹിമ ദ്വിഗുണീഭവിക്കുകകൂടിചെയ്യുന്നുണ്ട്‌.

രജ്യഭരണസംബന്ധമായ കാര്യങ്ങളെല്ലാം മന്ത്രിമാരേയും മേലുദ്യോഗസ്ഥന്മാരെയും മറ്റും ഏല്‍പിച്ച്‌ കൊട്ടാരത്തിലെ സുഖാനുഭൂതിയില്‍ മുങ്ങി ജീവിതം നയിച്ചുപോന്നിരുന്ന ഭാരതത്തിലെ ഇതര നാട്ടു ഭരണാധികാരികളെ പിന്‍തുടരാന്‍ സ്വാതിതിരുന്നാളിന്റെ വിശിഷ്ട വ്യക്തിത്വം അനുവദിച്ചില്ല. ദൈനംദിന ഭരണ കാര്യങ്ങള്‍ അതാതുദിവസങ്ങളില്‍ താന്‍ തന്നെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥന്മാരുമായി കൂടിയാലോചിച്ച്‌ നടപടികള്‍ എടുക്കുകയെന്ന നയം മുഖ്യമായി അദ്ദേഹം നടപ്പില്‍വരുത്തി. ഓരോരോകര്യങ്ങള്‍ക്കും പ്രത്യേകംപ്രത്യേകം സമയവും സ്ഥലവും നിശ്ചയിച്ചുറപ്പിച്ചു. കണ്ടെഴുത്ത്‌ (ലാന്റ്‌ സര്‍വെ), പാശ്ചാത്യ ചികിത്സാ സമ്പ്രദായം മുതലായവ നടപ്പില്‍വരുത്തുക; റോടുകള്‍, പാലങ്ങള്‍, അണക്കെട്ടുകള്‍ എന്നിവനിര്‍മിയ്ക്കുക; ക്ഷീരവികസനം, ഇംഗ്ലിഷ്‌ വിദ്യാഭ്യാസം നടപ്പിലാക്കുക; വാണിജ്യാഭിവൃത്തിക്കുവേണ്ടി സ്വീകരിച്ച പുതിയനയം; അനാചാരങ്ങള്‍, അഴിമതികള്‍ തുടങ്ങിയവ നിര്‍ത്തലാക്കുക; ആദ്യത്തെ പബ്ലിക്‌ ലൈബ്രറി സ്ഥാപിയ്ക്കുക; തെന്നിന്ത്യയിലെ പ്രഥമ നക്ഷത്രകേന്ദ്രം സ്ഥാപിയ്ക്കുക മുതലായവ അദ്ദേഹത്തിന്റെ ഭരണകാലത്തെ നേട്ടങ്ങളില്‍ ചിലതാണ്‌. ജനങ്ങളുടെ താല്‍പര്യത്തിനു നിരക്കുന്ന ഭരണം നടപ്പിലാക്കാന്‍ അദ്ദേഹത്തിന്റെ കൂടെനിന്ന്‌ പ്രവര്‍ത്തിച്ചവര്‍ നിരവധിയാണ്‌. ചിറ്റമ്മയും പിതാവും കൂടാതെ അവരില്‍ പ്രധാനികളായചിലരെ മാത്രം പ്രസ്താവിയ്ക്കാം. ഒന്നാമതായി അദ്ദേഹത്തിന്റെ ഗുരുനാഥനും പിന്നീട്‌തിരുവിതാംകൂര്‍ ദിവാനുമായിത്തീര്‍ന്ന സുബ്ബരായരെയാണ്‌ പരാമര്‍ശിക്കേണ്ടത്‌. പലവിശിഷ്ടവ്യക്തിത്വങ്ങളും കരഗത മായിരുന്ന രായര്‍ രാജാവിന്റെ വിശ്വസ്ഥ ഉപദേഷ്ടാവയിരുന്നു. നീതിന്യായനിര്‍വഹണം ഫലപ്രാപ്തിയില്‍ വരുത്തുന്നതിനുള്ള കോടതിസംവിധാനം ആവശ്യമായിവന്നതുകൊണ്ട്‌ ആവിഷയത്തില്‍ വിദഗ്ദ്ധനായിരുന്ന കണ്ടര്‍മേനോനെ വരുത്തി സാധരണക്കാര്‍ക്ക്‌ നീതിലഭിക്കുന്നതിന്‌ ചെറുകിടകോടതികളും; വിവിധ ആവശ്യങ്ങള്‍ക്കുപകരിക്കും പ്രകാരമുള്ള 'നിയമ സംഹിത' രൂപവല്‍ക്കരിക്കുന്നതിനും ഏര്‍പ്പാടുചെയ്തു. അതിലേക്കായി മേനോന്റെ അദ്ധ്യക്ഷതയില്‍ ഒരുസമിതി നിയമിക്കുകയും ആ സമിതി താമസിയാതെ ഒരു സംഹിതക്ക്‌ രൂപം നല്‍കുകയും ചെയ്തു. മൂന്നാമതായി പറയേണ്ടത്‌ ശങ്കരനാഥജ്യോത്സ്യരെയാണ്‌. ഇദ്ദേഹം അഖിലഭാരത പ്രശസ്തിയാര്‍ജ്ജിച്ചിരുന്ന ഒരുവ്യക്തിമാത്രമല്ലാ, പഞ്ചാബിലെ മഹാരാജാ രഞ്ജിത്‌സിങ്ങിന്റെ(1789-1858) വിശ്വസ്ഥമന്ത്രിയുമായിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരത്തുവരുത്തി സ്വാതിതിരുനാള്‍ പലസ്ഥാനമാനങ്ങളും നല്‍കി ആദരിച്ചു. സ്വാതിതിരുനാളിന്റെ 16 കൊല്ലത്തെ രാജ്യഭരണം കൊണ്ട്‌ ആധൂനിക കേരലത്തിനുണ്ടായിട്ടുള്ള നേട്ടങ്ങള്‍ അനവധിയാണ്‌.
കലാപോഷണത്തിന്‌ സ്വാതിതിരുനാള്‍ ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ച്‌ ചര്‍ച്ചചെയ്യുകയെന്നതാണ്‌ നമ്മുടെ മുഖ്യ ഉദ്ദേശം. മുപ്പത്തിനാലുകൊല്ലത്തെ ജീവിതംകൊണ്ട്‌ ഒരുവ്യക്തിക്ക്‌ ഇന്നത്തെ ഇലക്ട്രൊണിക്ക്‌ യുഗത്തില്‍ പോലും ഒന്നും ചെയ്തുതീര്‍ക്കാന്‍ പറ്റാത്തവിധത്തിലാണ്‌ കാണുന്നത്‌. ഇന്നത്തെ അനുകൂലസാഹചര്യങ്ങളും ഒന്നരനൂറ്റാണ്ടു മുമ്പുള്ള പരിതസ്ഥിതികളും തമ്മില്‍ തുലനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അമാനുഷികം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും. സ്വാതിതിരുനാളിന്റെ വ്യക്തിത്വത്തില്‍ സര്‍വോന്നതമായിരിക്കുന്ന പ്രതിഭ വാഗ്ഗേയകാരന്റേതാണ്‌. ഭാരതീയസംഗീതലോകത്ത്‌ നമുക്കിന്ന്‌ ലബ്‌ധമായിട്ടുള്ളതും പ്രചാരത്തിലിരിക്കുന്നത്റ്റുമായ ഗാനങ്ങളുടെ രചയിതാക്കളില്‍ നാം കണ്ടുമുട്ടുന്ന ഏറ്റവും പ്രാചീനനായ വാഗ്ഗേയകാരന്‍ ഗീതഗോവിന്ദകര്‍ത്താവയ ജയദേവരാണ്‌. ക്രി.പി. പന്ത്രണ്ടാം ശതകമാണ്‌ അദ്ദേഹത്തിന്റെ ജീവിതകാലമെന്ന്‌ പറയപ്പെടുന്നു. അന്നുതൊട്ടവതാരംചെയ്തസകലവാഗ്ഗേയകാരന്മാരും ഒന്നുകില്‍ ഹിന്ദുസ്ഥാനി ശൈലിയില്‍ അല്ലെങ്കില്‍ കര്‍ണ്ണാടകശൈലിയില്‍ മാത്രം കൃതികള്‍ രചിച്ചവരാണ്‌. രണ്ടും ഒരേപോലെ കൈകാര്യം ചെയ്തവര്‍ ആരുംതന്നെയില്ല. രണ്ടുപദ്ധതികളിലും ഒരേപോലെ സഞ്ചരിച്ച്‌ അവയ്ക്ക്‌ അനര്‍ഘങ്ങളായ സംഭാവനകള്‍ നല്‍കിയ ഏകവ്യക്തി സ്വാതിതിരുനാളാണ്‌. അദ്ദേഹത്തിന്റെ കാലത്ത്‌ ഔത്തരാഹസംഗീതവും ദാക്ഷിണാത്യസംഗീതവും തിരുവിതാംകൂറില്‍ അഹമഹമികയാ സമ്മേളിച്ചിരുന്നതായി കാണാം. കര്‍ണ്ണാടകസംഗീതം, സോപാനസംഗീതം, ഹിന്ദുസ്ഥാനിസംഗീതം, ഭരതനാട്യം, കഥക്‌, മയിലാട്ടം, തുള്ളല്‍, മോഹിനിയാട്ടം, ഹരികഥകലാക്ഷേപം, ചിത്രമെഴുത്ത്‌ തുടങ്ങിയ എല്ലാ കലകളും അദ്ദേഹത്തിന്റെ പോഷണത്തിന്‌ വിഷയീഭവിച്ചിട്ടുണ്ട്‌. വിസ്‌മൃതിയിലാണ്ടുപോയിതുടങ്ങിയ മോഹിനിയാട്ടത്തെ പരിഷ്കരിച്ച്‌ ഉന്നതകലാരൂപമാക്കിമാറ്റിയത്‌ അദ്ദേഹമാണ്‌.

ഭാരതീയസംഗീതത്തിന്‌ സ്വാതിതിരുനാളിന്റെ സംഭാവനകളെക്കുറിച്ച്‌ അടുത്തതായി ചിന്തിയ്ക്കാം. ആദ്യമായി ഉത്തരേന്ത്യന്‍ സമ്പ്രദായത്തെയെടുക്കാം. ഹിന്ദിയുടെ ഒരു പ്രാചീനരൂപമായ "വ്രജഭാഷ"യിലാണ്‌ അദ്ദേഹം കൃതികള്‍ രചിച്ചിരിക്കുന്നത്‌. ഇതില്‍ പേര്‍ഷ്യന്‍, അറബി, സംസ്കൃതം മുതലായഭാഷകള്‍ ചേര്‍ന്ന്‌ ഒരു പ്രത്യേക ശൈലിയില്‍ പ്രചരിച്ചുവന്ന ഭാഷയാണ്‌ 'ദക്ക്ഖിനി' ഹൈദരാബാദ്‌ കേന്ദ്രമാക്കിപ്രചരിച്ചുവന്ന 'ദക്ക്ഖിനി' ദക്ഷിണ ഭാരതത്തിലെ മിക്ക മുസ്ലീം കുടുംബങ്ങളിലേയും സംഭാഷണ ഭാഷകൂടിയാണ്‌. സ്വാതിതിരുനാളിന്റെ ഹിന്ദുസ്ഥാനികൃതികളില്‍ ഈ ഭാഷ ഉപയോഗിച്ചിരിയ്ക്കുന്നു. കൃതികളെല്ലാം സ്തോത്ര രൂപത്തിലുള്ളവയാണ്‌. ഹിന്ദുസ്ഥാനി സമ്പ്രദായത്തിലുള്ള മിയ്ക്ക വകഭേദങ്ങളിലും അദ്ദേഹത്തിന്റെ കൃതികള്‍ കാണാം. ധ്രൂപദ്‌, ഠപ്പ, ഖ്യാല്‍, ഭജന്‍, തരാന മുതലായ ഗാനരൂപങ്ങളിലായി 38 ഗാനങ്ങള്‍ ഉണ്ട്‌. ഗായകന്റെ ഗാനപാടവത്തെ വിലയിരുത്തുന്നത്‌ ദ്രൂപദ്‌, ഖ്യാല്‍ എന്നിവപാടുന്നതിലുള്ള സാമര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തിയാണ്‌. സ്വാതിതിരുനാള്‍ കൃതികളില്‍ മുമ്പില്‍ നില്‍ക്കുന്നത്‌ 'ഖ്യാല്‍' എന്ന ഗാനരൂപങ്ങളാണ്‌. 15 എണ്ണം ഈ ഇനത്തില്‍പ്പെടുന്നു. അടുത്തസ്ഥാനം പത്തോളം വരുന്ന "ധ്രൂപതി"നാകുന്നു. ഭജന്‍ ഒന്‍പതും, ഠപ്പ മൂന്നും, തരാന ഒന്നും ഇവകളില്‍ക്കാണാം.

ഖ്യാല്‍ എന്നഗാനരൂപം പണ്ഡിതന്മാര്‍ക്കും പാമരന്മാര്‍ക്കും ഒന്നുപോലെ ആസ്വദിക്കാനുതകുംവിധം സാഹിത്യത്തിനുംകൂടിസ്ഥാനം കൊടുത്തുകൊണ്ടുള്ള രചനകളാണ്‌. താനത്തിന്‌ പ്രാധാന്യം കൊടുക്കുകയും, ശീഘ്രഗതിയിലുള്ള രാഗച്ചായാവിഷ്കരണവും ഇതിലെ മുഖ്യഘടകങ്ങളാണ്‌. സ്വാതിതിരുനാളിന്റെ രചനകള്‍ മിക്കതും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്നവയായതുകോണ്ട്‌ അവകളില്‍ 'ജതി'കള്‍ അഥവാ 'ബോലു'കള്‍ ഘടിപ്പിച്ചിരിക്കുന്നതുകാണാം. യമന്‍കല്യാണ്‍ രാഗത്തിലും ചൗതാളത്തിലുമുള്ള 'ആജു ആയേ ശ്യാം' എന്ന ഖ്യാലില്‍,

"ആജ്ജു ആയേ ശ്യാമമോഹന്‍
രാസ മണ്ഡല ലേഖനേ!!
ബാംസൂരീ കീ ധുന്‍ മേലാഗേ തന തനന നതോം തതോം!
ബാജേ താല മൃദംഗ്‌ കീ ധുന്‍ ധൃകുട തകിട തക ധൃ കുട ത തോം!!
നാച്‌ രഹേ ഗോരി താന ധൈയാ ധൈത്‌ ധൈ തൈ തകരി തോം!
ബാജേ പായല്‌ ച്ചാംച്ചന നനന ഝനന നനന തനന തോം!!
താന ഗാവോം തകദീം തദി ധിരകത തക തോം
ന ധോം വീം തകിട!
തകധീം ന കിടതക ധീം തകിട തക തക ത ധോം!!
എന്നും, "നാച്ചേ രഘുനാഥ്‌ രംഗ്‌" എന്ന ധന്യാസി കൃതിയില്‍,

ഝനക ഝനക്‌ കനക തോം തതാരി തന തനാരി!
ധൃകിട ധൃകിട ധാ ധിലംകമധുര ധുന്‍ ബജാവേ!!
ഥിരക ഥിരക ഥൈ ഥൈദീം, തഥീം ത തകഥ ഥൈ!
ധൃകിട ധീം ധൃകിട ധീം തധീം ന താന സുര്‍ മിലാവേ!!

എന്നും നൃത്യോപയോഗത്തിനുതകുന്ന "ബോലു"കള്‍ കാണാം.

ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഗാനരൂപം "ധ്രൂപദ്‌" ആകുന്നു."ഹോറി" എന്നതും ഒരുതരം ധ്രൂപദ്‌ തന്നെയാണ്‌. പതിനാല്‌ മാത്രകളുള്ള 'ധമാര്‍' താളം മാത്രം ഇതിലുപയോഗിക്കുന്നതുകൊണ്ട്‌ 'ധമാര്‍' എന്നുതന്നെ ഇതിനെ പറഞ്ഞുവരുന്നു. കര്‍ണ്ണാടകസംഗീതത്തിലെ കൃതിക്ക്‌ തുല്ല്യമാണ്‌ ധ്രൂപദ്‌. സ്ഥായി, അന്തരാ, സഞ്ചാരി, ആഭോഗ്‌ എന്നീ നാലംഗങ്ങളായി തിരിച്ച്‌ ആലാപനം മുഖ്യമായി നിര്‍വഹിക്കുന്നു. സാഹിത്യത്തിന്‌ പറയത്തക്ക പ്രാധാന്യമില്ല. ധ്രൂപദ്‌ പാടുന്നതില്‍ പ്രാഗത്ഭ്യം സിദ്ധിച്ചുകഴിഞ്ഞാലെ ഒരു യോഗ്യനായ ഹിന്ദുസ്താനിഗായകനായിത്തീരുകയുള്ളു എന്നു പറഞ്ഞാല്‍ തെറ്റില്ല. സ്വാതിതിരുനാള്‍ രചിച്ച പത്ത്‌ ധ്രൂപദ്‌കളും ലളിതമായ ഭാഷയില്‍ വിരചിതമാണ്‌. പാടിക്കേള്‍ക്കാന്‍ വളരെ രസമുള്ളവയുമാണ്‌. സോഹനി, ദീപ്‌, ബീഭാസ്‌, മല്ലാര്‍, മണിരംഗ്‌, യമന്‍, സാരംഗ്‌, ഹിന്ദോള്‍, ആഠാണ, ശ്യാം എന്നീ രാഗങ്ങള്‍ കോര്‍ത്തിണക്കി ഒരുരാഗമാല അദ്ദേഹം രചിക്കുകയുണ്ടായി. കാണുക. ഇതും ദ്രൂപദ്‌ ഇനത്തില്‍ പെട്ടതാണ്‌.

"സോഹനി സ്വരുപ കാന്ത
മുഖ്‌ തേജ്‌ ദ്വീപ്‌ ചന്ദ-ചല്‍ ചാല്‍ നട്‌ ബീഭാസ്‌
ശ്രീമല്ലാര്‍ മന്‌ മേം!! മണിരംഗ്‌ ഗുണ മൂല്‍ പാന്‍
യമന്‍ സോരസൂ കാന്‍ഹഢോ

സ്വരൂപ്‌ ലാഗേ സാരംഗ്‌ മന്‌ മേം!!
ഗുജഗീ ഹിന്ദോള്‍ ഝൂല്‍ - ജീമ്‌നേ ആഠണ ചൗസ്‌
തേരേമ്‌ ഹീ സ്വരൂപ്‌ ശ്യാം - പദ്‌മനാഭ്‌ തന്‍ മേം!!

'കാനഢ' രാഗത്തിലുള്ള 'ദേവന്‍ കേ പതി ഇന്ദ്ര' വളരെ പ്രചാരമുള്ളതാണ്‌.

ദേവന്‍ കേ പതി ഇന്ദ്ര-
താരാ കേ പതി ചന്ദ്ര
വിദ്യാ കേ പതി ശ്രീഗണേശ്‌ ദു:ഖ്‌ ഭാരഹാരി!!
രാഗ്‌പതി കാനഢ, ബാജന്‍ കേ പതി ബീന്‍ (വീണ)
ഋതുപതി ഹായ്‌ വസന്ത്‌ രതിസുഖകാരി!!
മുനിജനപതി വ്യാസ്‌, പഞ്ചീപതി ഹംസ്‌ ഹായ്‌
നരപതി രാമ്‌ അപധബിഹാരി!!
ഗിരിപതി ഹിമാചല്‍, ഭൂതന്‍ കേ പതി മഹേശ്‌
തീന്‍ ലോക്‌ പതി ശ്രീപത്മനാഭ്‌ ഗിരിധാരി!!.

സാധാരണക്കാര്‍ക്ക്‌ മനസിലാക്കാവുന്ന ലളിതമായ ഭാഷയിലാണ്‌ മേലുദ്ധരിച്ചിരിക്കുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നതെന്ന്‌ കാണാന്‍ വിഷമമില്ല. സ്വാതിതിരുനാള്‍ ഒന്‍പത്‌ 'ഭജന്‍' രചിച്ചിട്ടുണ്ട്‌. ഈ ഇനത്തില്‍പ്പെട്ടവയെല്ലാം പ്രചാരം നേടിയവയാണ്‌. സ്വരൂപം കാണിക്കാന്‍ ഒരെണ്ണം താഴെ ഉദ്ധരിയ്ക്കുന്നു.
ബജത ബധാ ഈ നഗരീരഘുരായി
സരജ്ജു തീരബിഗാരി രതിപതികേസമച്ചായി
ജനക സുതാ കേ സഹായി - പത്മനാഭ്‌ മാരോ ശരണ-
ചരണ തു മാരോ - ഫണിവര കേ പരശായി.
(രാഗം : ഗൗരി-ആദി).

ജാവളിക്കു സമാനമാണ്‌ 'ഠപ്പാ' എന്ന ഗാനരൂപം. അബ്‌ തോ ബൈരാഗിന്‍ - ഖമാജ്‌; ആ ജി മേം തോ - പൂര്‍വി; ഗോറി മത്‌മാരോ - ഝിംഝോടി തുടങ്ങിയ മൂന്നെണ്ണം സ്വാതിതിരുനാളിന്റേതായിട്ടുണ്ട്‌.

ശുദ്ധനൃത്തത്തിനുപയോഗിക്കത്തക്കവണ്ണം ജതികള്‍ രാഗതാളാദികളോട്‌ ഇണക്കിനിര്‍മ്മിക്കുന്ന ഗാനവിഭാഗമാണ്‌ 'തില്ലാന'(കര്‍ണ്ണാടകം) അഥവാ 'തരാന(ഹിദുസ്ഥാനി) എന്നത്‌. ധനാശ്രിരാഗത്തില്‍ സ്വാതിതിരുനാള്‍ രചിച്ച ഹിദുസ്താനി തരാന (ഗീധു നടി കുട) വളരെ പ്രസിദ്ധമാണ്‌. സ്വാതിതിരുനാളിന്റെ ഹിന്ദുസ്ഥാനി ഗാനങ്ങള്‍ക്ക്‌ ഉത്തരേന്ത്യന്‍ ഗായകരുടെയിടയിലും പ്രചാരം വന്നുതുടങ്ങിയിട്ടുണ്ടെന്നുള്ളത്‌ നമുക്കാനന്ദമുളവാക്കുന്ന സംഗതിയാണ്‌. സൂര്‍ദാസ്‌. മീരാഭായ്‌, തുക്കാരാം, സ്വാമിഹരിദാസ്‌ മുതലായ ഹിന്ദി സാഹിത്യശിരോമണികളുടെ ഗാനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കെല്‍പ്പുറ്റവയാണ്‌ സ്വാതിയുടെ ഹിന്ദിഗാനങ്ങള്‍ എന്ന്‌ സമ്മതിച്ചേ പറ്റു.

കര്‍ണ്ണാടകസംഗീത പദ്ധതിയില്‍ പല്ലവി, അനുപല്ലവി, ചരണങ്ങള്‍ എന്നീ വിഭജനത്തോടുകൂടിയുള്ള കൃതികളുടെ ആവിര്‍ഭാവം പുരന്ദരദാസാന്റെ കാലത്തോടടുത്തായിരിക്കണം. ചില ആധുനീക സംഗീത ശാസ്ത്രകാരന്മാര്‍ കൃതിയും കീര്‍ത്തനവും രണ്ടാണെന്നു സമര്‍ത്ഥിക്കാന്‍ ചിലനിയമങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ട്‌. അവയൊന്നും അത്രകാര്യമാക്കേണ്ടതില്ല. പ്രയോഗസാദ്ധ്യത അവക്കില്ലെന്നതുതന്നെ മുഖ്യകാരണം. പുരന്ദരദാസന്റെ കാലം മുതല്‍ക്ക്‌ ആയിരമായിരം രചനകള്‍ ഓരോരെ വിഭാഗത്തിലായി കര്‍ണ്ണാടകസംഗീതത്തിന്‌ പല വാഗ്ഗേയകാരന്മാരില്‍ നിന്നും കിട്ടിയിട്ടുണ്ട്‌. എന്നാല്‍ ഇവരിലാരുംതന്നെ എല്ലാഗാനരൂപങ്ങളുമുള്‍ക്കൊള്ളുന്ന കൃതികള്‍ രചിച്ചിട്ടില്ല. താനവര്‍ണ്ണം, ചൗക്കവര്‍ണ്ണം, ജാവളി, സ്വരജതി, കീര്‍ത്തനം, പദം, തില്ലാന എന്നീ രൂപഭേദങ്ങളിലെല്ലാം ഈടുറ്റ സംഭാവനകള്‍ നല്‍കിയവരില്‍ ഒരു പരമോന്നത പദവിയെ അലങ്കരിച്ചിരുന്ന വ്യക്തിയാണ്‌ സ്വാത്ഗിതിരുനാള്‍.
അദ്ദേഹത്തിന്റെ സമകാലികന്മാരായിരുന്ന ദാക്ഷിണഭാരതത്തിലെ പല പ്രഗത്ഭസംഗീതജ്ഞരും, ഭരതശാസ്ത്രകാരന്മാരും, വിദ്വല്‍മണികളും തിരുവനന്തപുരം കൊട്ടാരത്തെ അലങ്കരിച്ചിരുന്നു. ഷട്‌കാല ഗോവിന്ദമാരാര്‍, ഇരയിമ്മന്‍ തമ്പി, മേരുസ്വാമി, വടിവേലുസഹോദരന്മാര്‍, പരമേശ്വര ഭാഗവതര്‍, കന്നയ്യ ഭാഗവതര്‍, ക്ഷീരാബ്ധിശാസ്ത്രി എന്നിവര്‍ അക്കൂട്ടത്തിലെ ചിലരാണ്‌. ഇങ്ങനെയുള്ള മഹാന്മാരുമായുണ്ടായ നിത്യസമ്പര്‍ക്കം നിമിത്തം സ്വാതിതിരുനാളിന്‌ ലഭിച്ച നേട്ടങ്ങള്‍ നിരവധിയാണ്‌. അവയെ സമുചിതമാംവണ്ണം വിനിയോഗിക്കുകയും, തല്‍ഫലമായി അദ്ദേഹം വിശിഷ്ടങ്ങളായ നാനൂറോളം കീര്‍ത്തനങ്ങള്‍ രചിച്ച്‌ പാടി കുലദേവതയായ ശ്രീ പത്മനാഭന്‌ അര്‍പ്പിച്ചതാണ്‌ കര്‍ണ്ണാടകസംഗീതലോകത്തിന്‌ കിട്ടിയിട്ടുള്ള സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങള്‍.

അദ്ദേഹത്തിന്റെ സംഭാവനയായി ദാക്ഷിണാത്യ സംഗീത ശാഖക്ക്‌ കിട്ടിയിട്ടുള്ളതില്‍ 200 കീര്‍ത്തനങ്ങള്‍; 65 പദങ്ങള്‍, 23 വര്‍ണ്ണങ്ങള്‍; 6 തില്ലാനകള്‍; 6 സ്വരജതികള്‍; രണ്ടു ജാവളികള്‍ എന്നിവ മുഖ്യങ്ങളാണ്‌. ബാക്കിയുള്ളവയെല്ലാം കാവ്യങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്നവയാണ്‌. 'വര്‍ണ്ണാന്തം വാഗ്ഗേയകാരത്വം'. വര്‍ണ്ണങ്ങള്‍ രചിക്കാനുള്ള കഴിവാണ്‌ ഒരുത്തമ വാഗ്ഗേയകാരന്റെ മുഖ്യ ലക്ഷണം. വര്‍ണ്ണരചയിതാവെന്ന നിലയില്‍ സ്വാതി സംഗീതലോകത്ത്‌ അദ്വിതീയനാണ്‌. വര്‍ണ്ണങ്ങള്‍ താനവര്‍ണ്ണമെന്നും ചൗക്കവര്‍ണ്ണമെന്നും രണ്ടുവിധമൂണ്ട്‌. താനവര്‍ണ്ണം കച്ചേരികള്‍ തുടങ്ങുമ്പോള്‍ പാടേണ്ടവയും പല്ലവി, അനുപല്ലവി, ചരണങ്ങള്‍ എന്നിവകളീല്‍ മാത്രം സാഹിത്യം ഉള്‍ക്കൊണ്ടതും മദ്ധ്യകാലത്തില്‍ ആലപിക്കേണ്ടതുമാണ്‌. സ്വാതിതിരുനാള്‍ രണ്ട്‌ താനവര്‍ണ്ണങ്ങള്‍ രചിച്ചിട്ടുണ്ട്‌. തെലുങ്കിലുള്ള പ്രസ്തുത വര്‍ണ്ണങ്ങള്‍ സംഗീതലോകത്ത്‌ നല്ല പ്രചാരം സിദ്ധിച്ചവയാണ്‌. "സരസീജനാഭ" (കാംബോജി), 'ചലമേല' (ശങ്കരാഭരണം) എന്നിവയാണത്‌. ചൗക്കവര്‍ണ്ണത്തിന്‌ പദവര്‍ണ്ണമെന്നും പേരുണ്ട്‌. എല്ല ഭാഗങ്ങള്‍ക്കും സാഹിത്യമൂണ്ടായിരിക്കും. വിളംബിതകാലത്തില്‍ ആലപിക്കേണ്ടതും അഭിനയസാദ്ധ്യത വളരെയുള്ളതുകൊണ്ടും ഇവയെ നാട്യത്തില്‍ ഉപയോഗിക്കുന്നു. സ്വാതിതിരുനാള്‍ ഇരുപത്തിയൊന്നു പദവര്‍ണ്ണങ്ങള്‍ രചിച്ചിട്ടുണ്ട്‌. 'ഇന്ദുമുഖി നിശമയ എന്നഴല്‍ നീ ശമയ' എന്ന ഒരു മണിപ്രവാളവര്‍ണ്ണമൊഴിച്ചാല്‍ ശേഷിച്ചതെല്ലാം സംസ്കൃതത്തിലാണ്‌. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ വര്‍ണ്ണരചയിതാക്കളിലാരും സംസ്കൃതത്തില്‍ വര്‍ന്‍ണങ്ങള്‍ രചിച്ചിട്ടില്ല. തെലുങ്കില്‍ മാത്രമേ വര്‍ണ്ണരചനകള്‍ ക്ഷിപ്രസാദ്ധ്യമാകുകയുള്ളു എന്നൊരു മിഥ്യാബോധമാണിതിന്‌ കാരണമെന്നുതോന്നുന്നു. എതായാലും ഈ വിഷയത്തില്‍ അദ്ദേഹം മറ്റുള്ളവര്‍ക്കൊരു മാര്‍ഗ്ഗദര്‍ശിയായിരുന്നു. ശങ്കരാഭരണരാഗത്തിലും അടതാളത്തിലും രചിച്ച 'ഇന്ദുമുഖി' തന്നെ സ്വാതിതിരുനാളിന്റെ വര്‍ണ്ണരചനയിലുള്ള അപാരസിദ്ധിയെ തെളിയിക്കാന്‍ ഉദാഹരണമായി താഴെ ചേര്‍ക്കുന്നു. പ്രസ്തുത കൃതി മണിപ്രവാളസാഹിത്യത്തിന്റെ മുതല്‍ക്കൂട്ടുകൂടിയാണ്‌.

പ: ഇന്ദുമുഖി നിശമയ എന്നഴല്‍ നീ ശമയ.

അ.പ. സുന്ദരാംഗനായിടും ശ്രീ പത്മനാഭന്‍
താനെന്നിഹ വന്നു പുണരുന്‍ നു. (ഇന്ദു...)

ചി.സ്വ: സാരസവദനേ സരസനോടയേ നീ കഥയ-
സാസുമശരാസനജനിതവിഷമരാഗ-
തിവിഗളിതധൃതികഥാഹമിഹ ബഹു ശോചാമി
രുതമപി കിമപി പരദൃതശുകനികര-
സരളമധുപകലിതമിഹ ഹി തരസാ,
രുജ്ജുമുപാകലയതേ ഹേ കമനി.

ച്‌: അന്യനില്ല മേ ശരണം.

മേല്‍ക്കാണിച്ച വര്‍ണ്ണം ആറുഖണ്ഡങ്ങളായിട്ടാണ്‌ രചിച്ചിരിക്കുന്നത്‌. ചരണം കഴിഞ്ഞ്‌ സ്വരങ്ങള്‍ അനുബന്ധം എന്ന രണ്ടു ഖണ്ഡങ്ങള്‍ കൂടിയുള്ളതിനുപുറമേ സ്വരത്തെ നാലായിവിഭജിച്ചിരിക്കുന്നു. ഗാനാലങ്കാര പ്രയോഗത്തില്‍ സ്വാതിതിരുനാളിന്റെ അടുത്തുനില്‍ക്കാന്‍ പോലും പറ്റിയ ഗാനരചയിതാക്കള്‍ വിരളമാണ്‌. പാടിക്കേള്‍ക്കുമ്പോള്‍ ഗാനങ്ങള്‍ക്ക്‌ ഉജ്ജ്വലതയും മാധുര്യവും കൂടുതല്‍ തോന്നുന്നതിനുവേണ്ടിയാണ്‌ അലങ്കാരങ്ങള്‍ പ്രയോഗിക്കാറുള്ളത്‌. മുഹന, പ്രാസം, അന്ത്യപ്രാസം എന്നീശബ്ദാലങ്കാരങ്ങള്‍ മാതു (സാഹിത്യം)വിനെ ആശ്രയിച്ചും, ഗമകം, സംഗതി, ചിട്ടസ്വരം, സ്വരസാഹിത്യം, ചൊല്‍ക്കെട്ട്‌, മധ്യകാലം, സ്വരാക്ഷരം എന്നിവ ധാതു(സ്വരങ്ങള്‍)വിനേയും ആശ്രയിച്ചിരിക്കുന്നു, മുദ്രയും അലങ്കാരംതന്നെയാണ്‌. മുകളില്‍ക്കാണിച്ചവയില്‍ 'സംഗതി' എന്ന അലങ്കാരമൊഴിച്ച്‌ ബാക്കിയെല്ലാം സ്വാതിതിരുനാള്‍ കൃതികളില്‍ പ്രയോഗിച്ചിട്ടുണ്ട്‌. പ്രാസപ്രയോഗവും സ്വരാക്ഷരപ്രയോഗവുമില്ലാത്ത ഒരു വര്‍ണ്ണമ്പോലും സ്വാതിതിരുനാളിന്റേതായിട്ടില്ല. ഉദാഹരിച്ച പദവര്‍ണ്ണത്തില്‍ നൂറ്റിരണ്ടോളം സ്ഥാനങ്ങളില്‍ ഈ പ്രയോഗം കാണാം. ധാതുവിലെ സ്വരവും മാതുവിലെ അക്ഷരവും ഒന്നിച്ച്‌ ഒരേസ്ഥാനത്ത്‌ വരുന്നതിനെയാണ്‌ സ്വരാക്ഷരമെന്ന്‌ വിശേഷിപ്പിക്കുന്നത്‌. സ്വാതിതിരുനാളിന്റെ പദവര്‍ണ്ണങ്ങളില്‍ കാണുന്ന മറ്റൊരുസവിശേഷത പൂര്‍വാംഗത്തേയും ഉത്തരാംഗത്തേയും യോജിപ്പിക്കുന്ന അനുബന്ധമെന്ന അംശമാണ്‌. പ്രാചീനസംഗീതാചാര്യന്മാരെ പിന്തുടര്‍ന്നാണ്‌ അനുബന്ധം അദ്ദേഹം കൃതികളില്‍ പ്രയോഗിച്ചിരിക്കുന്നത്‌. സുപ്രസിദ്ധമായ 'വീരിബോണി' വര്‍ണ്ണം ഉദാഹരണം. സാധാരണഗതിയില്‍ സംഗീതജ്ഞര്‍ പ്രസ്തുത ഭാഗത്തെ അവഗണിക്കുകയാണ്‌ പതിവ്‌. തല്‍ഫലമായി അവയ്ക്ക്‌ നിലനില്‍പ്പില്ലാതെ പോയി എന്നു മാത്രമല്ല ശ്രോതാക്കള്‍ക്ക്‌ അവയുടെ ഗുണാംശത്തെ മനസ്സിലാക്കാനുള്ള അവസരവും നഷ്ടപ്പെട്ടു.

സ്വാതിതിരുനാളിന്റെ ഇരുനൂറില്‍പ്പരം കീര്‍ത്തനങ്ങള്‍ കിട്ടിയിട്ടുള്ളതില്‍ 'പത്മനാഭ' പദമോ അതിന്റെ പര്യായങ്ങളോ മുദ്രയായി സ്വീകരിച്ചിരിക്ക്കുന്നു. മുദ്രയില്ലാത്തവയും കൂട്ടത്തില്‍ ചിലതുണ്ട്‌. ഇഷ്ടദേവതയുടെ മഹാത്മ്യത്തെ പാടിപ്പുകഴ്ത്താന്‍ വേണ്ടിയാണ്‌ അദ്ദേഹം മുഖ്യമായും കൃതികള്‍ രചിച്ചത്‌. ശ്രീപത്മനാഭനെക്കൂടാതെ ഗണപതി, ശിവന്‍, സരസ്വതി, പാര്‍വതി, ഹനുമാന്‍, കുമാരന്‍ മുതലായ ദേവീദേവന്മാരെയും പ്രകീര്‍ത്തിച്ച്‌ അദ്ദേഹം പാടിയിട്ടുണ്ട്‌.
തിരുവിതാംകൂര്‍ സംസ്ഥാനത്തെ ദേവന്മാരാണ്‌ കീര്‍ത്തനത്തിന്‌ ഏറിയകൂറും വിഷയീഭവിച്ചിട്ടുള്ളത്‌. കൂട്ടത്തില്‍ ഗുരുവായൂരപ്പനെപ്പറ്റി "പാഹി പങ്കജനയന പാവന മൂര്‍ത്തേ" എന്നൊരു കൃതിയും കാണാം. തുടര്‍ച്ചയായൊരു കഥാഖ്യാനം സ്വാതികൃതികളില്‍ ദൃശ്യമാണ്‌. ദശാവതാരകഥ, രാമായണകഥ, കൃഷ്ണാവതാരകഥ, ഭാഗവതകഥ തുടങ്ങിയവയെല്ലാം ചിലകൃതികളില്‍ സംഗ്രഹിച്ചിട്ടുണ്ട്‌. ഘനരാഗങ്ങളിലും, രക്തിരാഗങ്ങളിലും, അപൂര്‍വരാഗങ്ങളിലും അദ്ദേഹം ഗാനരചന നടത്തിയിട്ടുണ്ട്‌.

മറ്റുവാഗ്ഗേയകാരന്മാരെപ്പോലെ സ്വാതിതിരുനാളും രണ്ട്‌ കൃതിസമുച്ചയങ്ങള്‍ രചിച്ചിട്ടുണ്ട്‌. പ്രഹ്ലാദചരിതപ്രോക്തമായ നവവിധഭക്തിമാര്‍ഗ്ഗങ്ങളെ ആവിഷ്കരിക്കുന്ന "നവരത്ന മാലികാ" കീര്‍ത്തനങ്ങള്‍, ഭക്തിയുടെ ഒമ്പതു വകഭേദങ്ങളെ ഭൈരവി, കേദാരഗൗളം, നീലാംബരി, തോടി, ബിലഹരി, ബേഗഢ, ആഹിരി, മുഖാരി, നാഥനാമക്രിയ എന്നീരാഗത്താല്‍ വിരചിതമാണ്‌. അദ്ദേഹത്തിന്റെ കൃതികളില്‍വച്ച്‌ ഏറ്റവും മഹത്വ പൂര്‍ണ്ണമെന്ന്‌ പറയാവുന്ന ഈ കൃതികള്‍ സംഗീതപരമായും സാഹിത്യപരമായും വളരെ ഉന്നതനിലവാരം പുലര്‍ത്തുന്നതാണ്‌. എന്നാല്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയിട്ടുള്ളതും രചയിതാവിന്റെ കാലംതൊട്ട്‌ ഇന്നുവരെ മുടങ്ങാതെ നവരാത്രിഉത്സവത്തോടനുബന്ധീച്ച്‌ പാടിവരുന്നതുമായ കീര്‍ത്തനസമുച്ചയം നവരാത്രികീര്‍ത്തനങ്ങളാണ്‌. എല്ലാകീര്‍ത്തനങ്ങളും മനോഹരമാണെങ്കിലും അവസാനത്തേതായ "പാഹി പര്‍വത നന്ദിനി" എന്ന ആരഭിരാഗ കീര്‍ത്തനം കേള്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന സുഖം പറഞ്ഞറിയിയ്ക്കാന്‍ പ്രയാസം തന്നെ.

മറ്റെല്ലാഗാനരൂപങ്ങളേക്കാളും കൂടുതല്‍ ശ്രോതാക്കള്‍ കേട്ടിരിക്കാനിടയുള്ളത്‌ കീര്‍ത്തനങ്ങളാണല്ലോ. പ്രഗത്ഭരായ എല്ലാവാഗ്ഗേയകാരുടേയും കൃതികള്‍ കേട്ടുപരിചയിച്ച ഒരു ശ്രോതാവിന്‌, അദ്ദേഹം കേട്ടിട്ടുള്ള മിക്കകൃതികളും ഉന്നതനിലവാരം പുലര്‍ത്തുന്നതാണെന്ന്‌ തോന്നാറുണ്ടെങ്കിലും, വത്യസ്ഥരചയിതാക്കളുടെ ഒന്നോരണ്ടോ കൃതികള്‍ വീതമെങ്കിലും ഏറ്റവും ഉത്തമവും ശ്രോതാവിന്റെ ഇഷ്ടഗാനവുമായി ഭവിയ്ക്കാറുണ്ട്‌. അങ്ങിനെയുള്ള ഒരനുഭവസ്ഥന്‌ സ്വാതിതിരുനാള്‍ രചിച "മാ മവാ സദാജനനീ മഹിഷാസുരസൂദനീ" എന്ന "കാനഢ" രാഗകൃതി മഹനീയമായിത്തോന്നാതിരിക്കയില്ല. 'കാനഢ' രാഗങ്ങളുടെ രാജാവാണെന്ന്‌ അദ്ദേഹം സമര്‍ത്ഥിച്ചിട്ടുണ്ട്‌. ഈ ഗാനം പക്വതവന്ന ഗായകര്‍ ആലപിക്കുന്നതു കേട്ടാല്‍ ശ്രോതാക്കള്‍ക്ക്‌ ഞാന്‍ പറഞ്ഞതിന്റെ പരമാര്‍ത്ഥം ബോദ്ധ്യമാകും. വര്‍ണ്ണങ്ങളിലെന്നപോലെ ഗാനാലങ്കാരങ്ങള്‍ കൃതികളിലും സുലഭമായി സ്വാതിതിരുനാള്‍ പ്രയോഗിച്ചിട്ടുണ്ട്‌. മുഹന, പ്രാസം, അന്ത്യപ്രാസം എന്നിവയാണ്‌ കൃതികളിലെ മുഖ്യാലങ്കാരങ്ങള്‍. പ്രാസവും അന്ത്യപ്രാസവും നമുക്ക്‌ സുപരിചിതമാണ്‌. മുഹനയെന്ന്‌ സംകൃതത്തില്‍ പറയുന്നതിനെ ഭാഷയില്‍ ആദ്യപ്രാസം എന്ന്‌ വിശേഷിപിക്കാം. ഒരുപാദത്തിലെ പൂര്‍വ ഭാഗം തുടങ്ങുന്നത്‌ ഏതക്ഷരത്തിലാണോ ആ അക്ഷരംതന്നെയോ അതിന്റെ അനുരൂപമായ മറ്റക്ഷരങ്ങളൊ ഉപയോഗിച്ച്‌ ഉത്തര ഭാഗം തുടങ്ങുന്നതിനെ മുഹന (മോണ) എന്ന്‌ പറയുന്നു.

ഉത്തമങ്ങളായ പല രാഗമാലികകളുടേയും കര്‍ത്താവണ്‌ സ്വാതിതിരുനാള്‍. രാമായണ സാരസംഗ്രഹകൃതിയാണ്‌ "ഭാവയാമിരഘുരാമം". സാവേരിരാഗത്തില്‍ സ്വാതിതിരുനാള്‍ രചിച്ച പ്രസ്തുത ഗാനം രാഗമാലികയാക്കിയത്‌ സെമ്മങ്കുടി സ്രീനിവാസയ്യരാണ്‌. സ്വാതിതിരുനാള്‍ തന്നെ രാഗമാലികയായി രചിച്ച "കമലജാസ്യഹൃതനിക" മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളെ ഓരോരാഗങ്ങളിലായി ഘടിപ്പിച്ചിരിക്കുന്നു. 'പന്നഗേന്ദ്രശയന' എന്ന രാഗമാലികയും പ്രസിദ്ധമാണ്‌. പലരാഗമാലികാ ശ്ലോകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്‌.

നൃത്തത്തിന്റെ ഉപയോഗത്തെ മുന്നിര്‍ത്തിയാണ്‌ പദങ്ങള്‍ രചിച്ചിട്ടുള്ളത്‌. മോഹിനിയാട്ടമെന്ന നൃത്തകലയെ ഉദ്ദേശിച്ചു രചിച്ചവയാണ്‌ സ്വാതിയുടെ അറുപത്തഞ്ചോളം വരുന്ന പദസമൂഹം. മണിപ്രവാളം 50, സംകൃതം 11, തെലുങ്ക്‌ 3, കന്നട 1. തെലുങ്കില്‍ രണ്ടു ജാവളികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. "മുഹനപ്രാസാന്ത്യപ്രാസവ്യവസ്ഥ" എന്നൊരു ശാസ്ത്രകൃതിയും സ്വാതിതിരുനാള്‍ രചിച്ചിട്ടുണ്ട്‌. സംഗീതശാസ്ത്രത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അപാരപാണ്ഡിത്യത്തിന്‌ ദൃഷ്ടാന്തമായി ഈ പ്രബന്ധം നിലകൊള്ളുന്നു. സ്വാതിതിരുനാള്‍ സംഗീതശാഖക്ക്‌ നല്‍കിയിട്ടുള്ള സംഭാവനയുടെ ഒരംശം മാത്രമെ മുകളില്‍ പരാമര്‍ശിച്ച്കിട്ടുള്ളു.

സ്വാതിതിരുനാളിന്റെ സാഹിത്യകൃതികളും സംഗീതപരമായി മേന്മപുലര്‍ത്തുന്നവയാകകോണ്ട്‌ അവകളേയും ഹ്രസ്വമായൊന്നു പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. കീര്‍ത്തനങ്ങളിലെന്നപോലെ സാഹിത്യകൃതികളിലേയും പ്രമേയം ഈശ്വരസാക്ഷാത്ക്കാരത്തിനുതകും വിധമുള്ള സ്തുതിതന്നെയാണ്‌. അതിനുകോട്ടം തട്ടത്തക്കതായ ലക്ഷ്യം വച്ചുകൊണ്ടൊരു സാഹിത്യസൃഷ്ടിയും അദ്ദേഹം നടത്തിയിട്ടില്ല. ഭക്തിമഞ്ജരി, ശ്രീപത്മനാഭശതകം, സ്യാനന്ദൂരപൂരവര്‍ണന, അജാമിളോപാഖ്യാനം, ഉത്സവപ്രബന്ധം, കുചേലോപാഖ്യാനം, അന്യാപദേശശതകാവതാരണിക എന്നിവയാണ്‌ സംസ്കൃത സാഹിത്യത്തിന്‌ സ്വാതിതിരുനാളിന്റെ മുഖ്യസംഭാവന. മേല്‍പ്പത്തൂരിന്റെ നാരായണീയത്തോട്‌ കിടപിടിച്ചു നില്‍ക്കാന്‍ പോന്ന ഒരു സ്തോത്രകാവ്യമാണ്‌ ഭക്തിമഞ്ജരി. മഞ്ജരിയില്‍ ആയിരത്തൊന്നു
ശ്ലോകങ്ങള്‍ അടങ്ങിയിരിക്കുന്നു. പത്തുശതങ്ങളിലായി ഭക്തിയുടെ മഹാത്മ്യം അനുഭവങ്ങളില്‍ക്കൂടി, ഭകതവത്സലനായ ഭഗവാന്റെ കാരുണ്യാതിരേകം, കേശാദിപാദവര്‍ണ്ണ, ഭക്തിയുടെ നവവിധ വകഭേദങ്ങള്‍; ഭാഗവതാദി പുരാണങ്ങളിലെ കഥകളും ഉപകഥകളും വിശദമായി ഇതില്‍ ആഖ്യാനം ചെയ്തിരിക്കുന്നു. പലമഞ്ജരി പദ്യങ്ങള്‍ക്കും നാരായണീയപദ്യങ്ങളുമായി ആശയായ്ക്യമുണ്ടെങ്കിലും ആവിഷ്കരണ വിഷയത്തില്‍ ഒരു പുതുമ പ്രദര്‍ശിപ്പിക്കാത്ത പദ്യങ്ങള്‍ വിരളമാണ്‌. ചിലപദ്യങ്ങളിലെ ഭക്തിഭാവം നാരായണീയ പദ്യങ്ങളെ അതിശയിക്കുന്നതായിക്കാണാം. ശ്രീപത്മനാഭശതകവും കുലദേവതയെ സ്തുതിക്കുന്നവതന്നെയാണ്‌.

തിരുവനന്തപുരത്തെ വാഴ്ത്തിക്കൊണ്ടുള്ള ഒരു ചമ്പുകാവ്യമാണ്‌ 'സ്യാനന്ദൂരപൂരവര്‍ണ്ണന'. ബാലക്രീഢ, പ്രത്യക്ഷദര്‍ശനം, കേശാദിപാദസ്തുതി, ക്ഷേത്രവര്‍ണ്ണന, തീര്‍ത്ഥമാഹാത്മ്യം, ഉത്സവപ്രശംസ, മൃഗയാവര്‍ണ്ണം, അഭിഷേകയാത്ര, തീര്‍ത്ഥാഭിഷേകം, ലക്ഷദീപം എന്നിങ്ങനെ പത്ത്‌ ഭാഗങ്ങള്‍ 'സ്തബകം' (പൂങ്കുല) എന്നപേരില്‍ ഇതില്‍ ഉല്‍ക്കൊള്ളുന്നു. സ്വാതിതിരുനാളിന്റെ മിക്കകൃതികളിലും സ്വനാമം ചേര്‍ത്തുകാണാറില്ലെങ്കിലും, ഈ കാവ്യത്തില്‍ ഇപ്രകാരം കാണുന്നു:

'സ്വാതീജാതേന ചൂഢാദൃത സരസീജനാ-
ഭാംഘൃീയുഗ്മേന ലക്ഷ്മീ
രാജ്ഞീപുത്രേണ, വഞ്ചീശ്വരകുലജനുഷാ
രാമവര്‍മ്മാദിധേന
ഭക്ത്യുദ്രേകേണ ശശ്വദ്ഗുരുവരകൃപയാ
നിര്‍മ്മിതം ചമ്പുകാവ്യം
സ്യാന്ദൂരേശ്വരസ്യ പ്രമിതമുപനൃതാ
ശം സദാലം നിദധ്യാത്‌."

അവസാനപാദം കലിവാക്യമാണെന്നും, അതുപ്രകാരം മനോഹരമായ ഈ ചമ്പുകാവ്യം രചിച്ചത്‌ കി.പി. 1838-ല്‍ ആണെന്നും അഭിപ്രായമുണ്ട്‌.

മേരുസ്വാമിയുടെ തിരുവിതാംകൂറിലേക്കുള്ള വരവോടുകൂടിയാണ്‌ ഹരികതഥാകാലക്ഷേപം അവിടെ വേരൂന്നാന്‍ തുടങ്ങിയത്‌. അദ്ദേഹത്തിനവതരിപ്പിക്കുവാന്‍ വേണ്ടി സ്വാതിതിരുനാള്‍ രചിച്ച രണ്ടുപാഖ്യാനമാണ്‌ അജാമിളോപാഖ്യാനവും കുചേലോപാക്യാനൗം. മഹാരാഷ്ട്ര സമ്പ്രദായത്തില്‍ പ്രചാരമുള്ള സാകി, ദിണ്ഡി, അഭങ്ങ്‌ തുടങ്ങിയ വൃത്തങ്ങളിലാണ്‌ ഇവയിലെഗാനങ്ങളും ശ്ലോകങ്ങളും രചിച്ചിരിക്കുന്നത്‌. ഉത്സവപ്രബന്ധം എന്ന മണിപ്രവാള ഗ്രന്ഥം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്തുദിവസത്തെ ഉത്സവാഘോഷങ്ങളെ പ്രതിപാദിക്കുന്നതാണ്‌. ആമുഖം, പത്തുദിവസത്തെ ഉത്സവം, ഉപസംഹാരം ഇങ്ങനെ 42 ശ്ലോകങ്ങലും 12 ഗാനങ്ങളും ഇതിലുണ്ട്‌. ഗാനങ്ങളെല്ലാം രാഗതാളനിബന്ധനയോടുകൂടിയുള്ളവയാണ്‌. ഇതിലെ പലഗാനങ്ങളും കച്ചേരികളിലും നാറ്റ്യത്തിലും ഉപയോഗപ്പെടുത്തിവരുന്നുണ്ട്‌. നീലകണ്ഠ ദീക്ഷിതരുടെ 'അന്യാപദേശശതകത്തി'ലെ ഓരോശ്ലോകങ്ങള്‍ക്കും ഗദ്യത്തില്‍ ഓരോ ആമുഖം സംകൃതത്തില്‍ സ്വാതിതിരുനാള്‍ എഴുതിചേര്‍ത്തിട്ടുണ്ട്‌. അതാണ്‌ 'അന്യാപദേശശതകാവതരണിക'.

സ്വാതിതിരുനാളിന്റെ ഉറ്റസുഹൃത്തുക്കളായിരുന്ന തമ്പി, കോയില്‍ത്തമ്പുരാന്‍ എന്നിവരോടൊപ്പം സഞ്ചരിക്കുമ്പോള്‍ പലനിമിഷരഞ്ചനകളും ഉണ്ടാക്കാറുണ്ടായിരുന്നു . അവയില്‍ ചിലതെല്ലാം ഐതീഹ്യരൂപേണ പ്രചരിച്ചിട്ടുണ്ടെങ്കിലും നല്ലശതമാനവും കരഗതമല്ല. മലയാളത്തിന്റെ പരിണാമദശയില്‍ രണ്ടു യൂറോപ്യന്‍ പാതിരിമാര്‍ ഉണ്ടാക്കിയ വിലപ്പെട്ടഗ്രന്ഥങ്ങള്‍ക്ക്‌ സ്വാതിതിരുനാള്‍ ധനസഹായം നല്‍കി അനുഗ്രഹിക്കുകയുണ്ടായി. പിറ്റ്‌സിന്റെ മലയാളം വ്യാകരണവും, ബെയ്‌ലിസായിപ്പിന്റെ മലയാള-ഇംഗ്ലിഷ്‌ നിഘണ്ടുവുമാണവ. ഈഗ്രന്ഥങ്ങള്‍ 1841-46 കാലങ്ങളിലാണ്‌ പുറത്തുവന്നത്‌.

ഭാരതീയസംഗീതവും അതിനോടനുബന്ധമായിട്ടുള്ള നൃത്തനൃത്യാദികളും നിലനില്‍ക്കുന്നിടത്തോളം കാലം, സ്വാതിതിരുന്നാളിന്റെ മറ്റെല്ലാനേട്ടങ്ങളും വിസ്മരിക്കപ്പെട്ടുപോയാലും, അദ്ദേഹം സംഗീതത്തിനും നൃത്തത്തിനും നല്‍കിയിട്ടുള്ള വിലമതിക്കാനാവാത്ത സംഭാവനകള്‍ക്ക്‌ മങ്ങലേല്‍ക്കുകയില്ലെന്ന്‌ ഉറപ്പ്‌പറയാം. ആധൂനിക കേരളത്തിന്റെ നാനാമുഖനേട്ടങ്ങള്‍ക്ക്‌ അടിത്തറപാകിയവരില്‍ പ്രഥമഗണനീയനാണ്‌ സ്വാതിതിരുനാള്‍.


-----00000-----.


ഢോംബിവലി,
22.2.08.

No comments: