Tuesday 8 April 2008

Melpatur

ചമ്പുപ്രസ്ഥാനവും മേല്‍പത്തൂരും.
(രാജു വിളാവത്ത്‌-കൂവപ്പടി.)


ഗദ്യങ്ങളും പദ്യങ്ങളും സന്ദര്‍ഭോചിതമായി ഇടകലര്‍ത്തിരചിക്കപ്പെടുന്ന കാവ്യങ്ങളാണു ചമ്പുക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌. മഹാകാവ്യങ്ങളും ഖണ്ഡകാവ്യങ്ങളും മറ്റനേകം സാഹിത്യസൃഷ്ട്ടികളും പോലെ വെറുതെ വായിച്ചു രസിക്കാന്‍
മാത്രമായിട്ടല്ല, മറിച്ച്‌ കണ്ടും കേട്ടും രസിക്കാനുള്ള ഒരു ദൃശ്യ കാവ്യമെന്ന നിലയിലാണു ചമ്പുക്കള്‍ രചിക്കപ്പെട്ടിട്ടുള്ളതെന്ന്‌ പറയാം. പ്രബന്ധങ്ങള്‍ എന്ന നാമത്താല്‍ കേരളത്തിലറിയപ്പെടുന്ന പ്രസ്തുത കൃതികള്‍ കൂത്ത്‌ പാഠകം മുതലായവ പറയുന്നതിനായി ഉപയോഗിച്ചു വരുന്നതു തന്നെ ഇതിനൊരു ദ്രിഷ്ടാന്തമാണു. കൂത്ത്‌ പാഠകം മുതലായവ പറയുമ്പോള്‍ സ്വാതികാംഗികാദി ഭാവാഭിനയങ്ങള്‍ അത്യന്താപേഷിതമാണല്ലോ! കേരളത്തിലൊഴിച്ച്‌ മറ്റു പ്രദേശങ്ങളില്‍ ചമ്പുക്കള്‍ പാഠക രൂപത്തിലോ കൂത്തു മാതിരിയോ മറ്റേതെങ്കിലും തരത്തിലോ അവതരിപ്പിച്ചിരുന്നതായി അറിവില്ല.

സംസ്കൃത സാഹിത്യത്തിലെ ചമ്പുപ്രസ്താനത്തില്‍ ഇന്ന്‌ നമുക്ക്‌ ലബ്ധങ്ങളായിട്ടുള്ളവയില്‍ ഏറ്റവും പ്രാചീനമായി ഗണിക്കേണ്ടത്‌ ത്രിവിക്രമന്റെ 'നളചമ്പു' വിനെയാണ്‌. അതിനുമുമ്പും ചമ്പുക്കള്‍ രചിച്ചിരിക്കാമെങ്കിലും അവ ലഭ്യങ്ങളല്ല. നളചമ്പു കര്‍ത്താവിന്റെ ജീവിത കാലത്തെക്കുറിച്ച്‌ ശരിയായ അറിവൊന്നുമില്ല. ക്രി. പി. പതിമൂന്നാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന 'ദിവാകരകവി'യാണ്‌ കേരളത്തില്‍ ഈ കാവ്യ പ്രസ്താനത്തിനു തുടക്കം കുറിച്ചതെന്നു തെളിവായിട്ടുണ്ട്‌. അദ്ദേഹത്തിന്റെ 'അമോഘരാഘവ' മാണു കണ്ടുകിട്ടിയിടത്തോളം കേരളീയവിരചിതമായ ആദ്യത്തെ ചമ്പുകാവ്യം. ദിവാകരമുനിയുടെ കാലംതൊട്ട്‌ മേല്‍പ്പത്തൂരിന്റെ കാലംവരെയുള്ള രണ്ടുമൂന്ന്‌ നൂറ്റാണ്ടുകളില്‍ ചമ്പു രചന കേരളത്തില്‍ നടന്നതായി രേഖകളില്ല. മഹാനായ ഭട്ടത്തിരിയുടെ സമകാലികനായിരുന്ന കുട്ടഞ്ചേരി ഇരവിചാക്ക്യാര്‍ കൂത്തുപറയുന്നതില്‍ അനുപമായ വാഗ്വിലാസമുണ്ടായിരുന്ന ഒരു പ്രതിഭാശാലിയായിരുന്നു. അദ്ദേഹത്തിന്ന്‌ തോന്നിച്ചു (പഠിച്ചു) പറയുന്നതിനു വേണ്ടിയാണു ഭട്ടത്തിരി മുപ്പതിലേറെവരുന്ന പ്രബന്ധ സഞ്ചയം രചിച്ചതെന്നാണു അഭിഞ്ഞ മതം. മാത്രമല്ല അവര്‍രണ്ടുപേരും അന്യോന്യം ആത്മമിത്രങ്ങളായി കഴിഞ്ഞിരുന്നതായും വിചാരിക്കാം. ഭട്ടത്തിരി പ്രബന്ധം രചിക്കുക, ഇരവിചാക്യാര്‍ അത്‌ രംഗത്തവതരിപ്പിക്കുക. ഇതായിരുന്നു അവരുടെ പതിവ്‌.

ചാക്യാര്‍കൂത്തിനും പ്രബന്ധം കൂത്തിനും വേണ്ടിയാണു മേല്‍പത്തൂരും അദ്ദേഹത്തിന്റെ പിന്‍ഗാമികളും ചമ്പുരചനകള്‍ ഏറിയകൂറും നടത്തിയിട്ടുള്ളതെന്ന്‌ പറഞ്ഞുവല്ലോ! അപ്രകാരം ദൃശ്യകാവ്യങ്ങളുടെ ഉപയോഗത്തെ മുന്‍നിര്‍ത്തിരചിക്കുന്ന ഏതു സാഹിത്യ കൃതികള്‍കും ഒരു നാടകീയത ഉണ്ടാകാതെ തരമില്ല. ചമ്പുക്കള്‍ക്കുണ്ടായിരിക്കേണ്ട ഈ പ്രത്യേക ഗുണപൗഷ്‌കല്ല്യം ഭട്ടതിരിയുടെ എല്ല പ്രബന്ധങ്ങളിലും നിറഞ്ഞു തുളുമ്പുന്ന കാണാം. അദ്ദേഹം രചിച്ച പ്രബന്ധങ്ങളുടെ എണ്ണം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. അത്തരമൊരു സംരംഭത്തിനു മുതിരുകയെന്നത്‌ ദുര്‍ഘടം പിടിച്ച പണിയാണു. നാലോ അഞ്ചോ കൃതികളില്‍ മാത്രമെ ഗ്രന്‍ഥ കര്‍ത്താവിന്റെ നാമമുദ്ര കാണുന്നുള്ളു. രാജസൂയം, സ്വാഹാസുധാകരം, നിരണുനാസികം, ദൂതകാവ്യം, തുടങ്ങിയവയിലാണതുള്ളതും. മറ്റുള്ളയവയില്‍ മുദ്രയില്ലെന്ന്‌ മാത്രമല്ലാ, ചനാശൈലീപരമായ ഐക്യവും അദൃശ്യമായിരിക്കുന്നതുകൊണ്ട്‌ ഏതത്‌ വിഷയത്തില്‍ ഖണ്ഡിതമായൊരു നിഗമനത്തിലെത്താന്‍ പ്രയാസമാകുന്നു. മേല്‍പത്തൂര്‍ പ്രബന്ധങ്ങളുടെ സംഖ്യാ നിര്‍ണയ വിഷയത്തില്‍ പല ഭിന്നാഭിപ്രായങ്ങളു മുണ്ട്‌. അതിനാരേയും പഴിച്ചിട്ടു കാര്യവുമില്ല. കാരണം നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞു. മഹാപണ്ഡിതന്മാരായിരുന്ന ഉള്ളൂരും വടക്കുംകൂറും ഉന്നയിച്ചിട്ടുള്ള അഭിപ്രായ സാമ്യത മട്ടുള്ളവര്‍ക്കൊരു വഴികാട്ടിയായി നിലകൊള്ളുന്നു.

രാമായണം പ്രബന്ധം: പേരില്‍നിന്നുതന്നെ ഇത്‌ പ്രസിദ്ധമായ രാമായണം കഥയെ ഉപജീവിച്ച്‌ രചിച്ചിരിക്കുന്നതാണെന്ന്‌ പറയേണ്ടതില്ലല്ലൊ. ഭാരതം പ്രബന്ധം അനേകം ചെറുകഥനങ്ങളായി വിഭജിച്ചിരിക്കുന്നതുപോലെ രാമായണത്തെ ചെയ്തുകാണുന്നില്ല. രാമാവതാരം മുതല്‍ ദശമുഖനിഗ്രഹം വരെയുള്ള കഥാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതു കൂടാതെ 'രാക്ഷസോല്‍പത്തി' എന്നൊരുള്‍ത്തിരിവും കാണുന്നുണ്ട്‌. ഭട്ടത്തിരിയുടെ ഏറ്റവും വലിയ പ്രബന്ധം ഇതുതന്നെയാണു. 'നിരനുനാസികം' രാമായണം കഥാസംബന്ധി യാണെങ്കിലും പ്രത്യേകം പ്രബന്ധമായിട്ടാണു പൊതുവെ ഗണിച്ചു കാണുന്നത്‌. രാമായണം പ്രബന്ധത്തിലെ സുദീര്‍ഘമായൊരു ഗദ്യം വടക്കുംകൂര്‍ 'കേരളീയ സംസ്കൃത സാഹിത്യ ചരിത്രത്തില്‍' ഉദ്ധരിച്ചിട്ടുണ്ട്‌. "തതശ്ച തല്‍ ക്ഷണമുല്‍ഭടകടുതരപ്രതിഘഭാരപരാ ധീനദശരഥതനയ-കരസരസീരുഹ.........ക്ഷണസമയ ശുഷ്യല്‍സലീലപരിസ്പഷ്ടദ്രിശ്യമാനനാനാവിധസത്വസംഘാതദദ്ധാര്‍ദ്ധാഭാഗഭസിത മിശ്രിതശവ്ശ്തനിചിതസ്സമാലക്ഷ്യതപയോനിധി"; എന്ന്‌ മുപ്പത്തിയൊന്നോളം വരികളിലായിട്ടാണു ഈ ഗദ്യം കിടക്കുന്നത്‌. രാവണനിഗ്രഹത്തിനു സമുദ്രലംഘനം അത്യന്താപേക്ഷിതമായിരുന്നല്ലോ! അതിനൊരു പ്രതിവിധി കാണായ്കയാല്‍ കോപിഷ്ടനായ ശ്രീരാമന്‍ 'ആഗ്നേയാസ്ത്രം' പ്രയോഗിക്കുമ്പോല്‍ സമുദ്രത്തിനും ജലജീവികള്‍ക്കും മറ്റു മുണ്ടായ അവസ്ഥാഭേദങ്ങളെ വര്‍ണ്ണിച്ചിരിക്കുന്നതാണു പ്രസ്തുതഭാഗം. വിവിധാലങ്കാരപ്രയോഗം; നൂതനാശയകല്‍പനം; ദീര്‍ഘസമാസ പ്രയോഗത്താലുള്ള മനോഹാരിത മുതലായവകൊണ്ട്‌ ഈ ഭാഗം സഹൃദയ ശ്ലാഘയേറുമെന്നു പറയേണ്ടിതല്ലല്ലോ! ഗദ്യം മുഴുവന്‍ പകര്‍ത്തിയതുകൊണ്ട്‌ നമ്മളെപ്പോലെ സംസ്കൃതാനഭിഞ്ഞന്മാരാല്‍ പൂരിതമായ ഇന്നത്തെ ലോകത്തിനു യാതൊരു പ്രയോജനവുമില്ല.

രാവണന്‍ മണ്‍ടോദരിയോടുപറയുന്ന 'രാമായപ്രടിപക്ഷകക്ഷശിഖിനെ.....' പ്രിയമസ്മരീയമദവന്മന്മത്രശേഷം ബലം'; അതിന്ന്‌ മണ്ടോദരി പറയുന്ന സമാധാനം 'ദ്രിഷ്ട്വാദയ്ന്യ‍ം ഭഗിന്യാസ്സുനയഖരവധ....കഥ്മിഹകമിതര്‍ ജായനേ തേ വിവേക'; തുടങ്ങിയ ശ്ലോകങ്ങളും, ധര്‍മ്മവിരുദ്ധ്മായിപ്പെരുമാറുന്നരാവണനോടുള്ള വിദ്ദേഷം നിമിത്തം രാമ പക്ഷത്തെ അവലംബിച്ച വിഭീഷനോട്‌ രാവണന്‍ പറയുന്ന 'സത്യമ്നാമവയം.......മിത്രം സ്വമിത്രാത്മജം' എന്ന ശ്ലോകവും, മട്ടും ഭട്ടതിരിയുടെ കവിത്വസിദ്ധിക്ക്‌ മകുടോദാഹരണങ്ങളാണു. ഭട്ടതിരിയുടെ രാമായണം ചമ്പു വാഗ്വിലാസപടുക്കളായ ചാക്ക്യാന്‍മ്മാരുടെ കൂട്ടത്തിലൂടെ ശ്രവിക്കുമ്പോളുണ്ടാകുന്ന സ്വാരസ്യം ഒന്നു വേറെതന്നെ യാണെന്നാണു അഭിജ്ഞമതം.



ഭാരതം പ്രബന്ധം: രാമായണം പ്രബന്ധം പോലെതന്നെ ഗാത്രപുഷ്ടിയും വിശിഷ്ടവുമായ ഒന്നാണിതും. വ്യാസമഹാഭാരതത്തെ ഉപജീവിച്ചു ഉണ്ടാക്കിയ ചെറുതും വലുതുമായ അസംഖ്യം പ്രബന്ധങ്ങളുടെ ഒരു സമാഹാരമാണിത്‌. ഇവകളോരോന്നും ഓരോസ്വതന്ത്ര കൃതിയായിത്തന്നെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന്‌ തോന്നുന്നു.

ഭാരതം പ്രബന്ധ സമുച്ചയത്തിലെ പ്രധമ ഭാഗം 'ഭീഷ്മോല്‍പത്തി' യാകുന്നു. ഭീഷ്മപിതാമഹന്റെ ഉല്‍പത്തിവരെയുള്ള സോമവംശരാജപരമ്പരയെ പ്രതിപാദ്യവിഷയമായി ഈ പ്രബന്ധത്തില്‍ സ്വീകരിച്ചിരിക്കുന്നു. ചന്ദ്രന്‍, ബുധന്‍, ഇളന്‍, പുരൂരവസ്സ്‌ തുടങ്ങിയ പൂര്‍വസോമവംശരാജോല്‍പത്തിയെ "അത്രേരീഷണശുക്തിമൗക്തി:.......പുരൂരവാസ്സുരവധൂനേത്രാന്തകാന്താകൃതി:"; "തല്‍പുത്രശ്ശരദിന്ദുകാന്തി......രിപുചക്രവാളകദളികാന്താരദന്തവള: എന്നീ ശ്ലോകങ്ങളില്‍ ചുരുക്കി വര്‍ണ്ണിക്കുന്നു. ക്രി. പി. പതിനാലാം സ്ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന ആന്ധ്രമഹാകവി അഗസ്ത്യ‍ഭട്ടന്റെ "ബാലഭാരത" ത്തില്‍ നിന്നെടുത്തുചേര്‍ത്ത പല പദ്യങ്ങളും ഈ പ്രബന്ധത്തിലുണ്ട്‌.

രണ്ടുമുതല്‍ എട്ടുവരെ ഭാഗങ്ങള്‍ "വ്യാസോല്‍പത്തി, സത്ത്യവതീപരിണയം, ചിത്രാംഗദവധം, അംബോവാഖ്യാനം, ധ്രിതരാഷ്ട്രോല്‍പത്തി, പാണ്ടവോല്‍പത്തി, ബകവധം" തുടങ്ങിയ നാമങ്ങളാല്‍ വിരചിതമാണു. പാഞ്ചാലിസ്വയംവരം രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഈ കൃതി കവിയുടെ കവിത്വവാസനാസമ്പന്നതയെ ദ്വിഗുണീഭവിപ്പിക്കുന്നവയാണു. പഞ്ചപാണ്ടവര്‍ പ്രച്ചന്ന വേഷം (ബ്രാഹ്മണവേഷം) ധരിച്ചു ഊരുചുറ്റുബോള്‍ അവര്‍ക്ക്‌ പല പ്രതിബന്ധങ്ങളേയും തരണം ചെയ്യേണ്ടതായി വരുന്നു. പാഞ്ചാലിസ്വയംവര വൃത്താന്തം ഗ്രഹിച്ച്‌ പാഞ്ചാലരാജ്യത്തേക്ക്‌ ചെന്നപ്പോള്‍ ആളറിയാത്തതു നിമിത്തം മറ്റുബ്രാഹ്മണര്‍ തങ്ങളുടെ വിവരങ്ങള്‍ അന്ന്വേഷിക്കുന്ന സമയത്ത്‌ ധര്‍മപുത്രര്‍ക്കു സമാധാനം പറയുവാന്‍ നന്നേ ബദ്ധപ്പെടേണ്ടതായി വരുന്നു. വാസ്ഥവം വെളിപ്പെടുത്താനും കളവു പറയാനും നിവൃത്തിയില്ലാത്ത വിധത്തിലാണല്ലോ അദ്ദേഹത്തിന്റെ നില. അങ്ങിനെയുള്ള സന്നര്‍ഭങ്ങളില്‍ ഭട്ടതിരി അദ്ദേഹത്തിന്റെ ശ്ലേഷാര്‍ഥ കല്‍പനാചാതുരി ശ്ലോകങ്ങളില്‍ പ്രകടിപ്പിച്ചിരിക്കുന്നത്‌ ഗംഭീരമായിട്ടുണ്ട്‌.

"ധര്‍മ്മാല്‍ ഖ്യാതതമേ ദ്വിജാധിപകുലേജാതോഹമേഷാ ച മേ
മാതാ പാവനജന്മതാമദിവഹന്‍ തന്വേഷ മേ സോദര:
കിഞ്ചാഖണ്‍ടലസല്‍ പ്രമോദജനകോ ഭ്രാതാ മമായം പരോ
നാസത്യോദിതമന്ത്ര വിദ്ധിസഹജ്ജുദ്വന്നം മമൈതാവപി:"

എന്ന ഭാഗത്ത്‌ സ്വയംവരമണ്‍ടപത്തില്‍ വച്ച്‌ മട്ടു ബ്രാഹ്മണരുടെ പ്രശ്നത്തിനു "ചന്ദ്രവംശജനായ യമധര്‍മ്മരാജാവിന്റെ പുത്രനായ രാജകുമാരനാണു താനെന്നും, വിശിഷ്ട കുലത്തില്‍ പിറന്ന ഒരു ബ്രാഹ്മണനാണെന്നും മറ്റുനാലുപേര്‍ തന്റെ സഹോദരങ്ങളാണെന്നും" മറ്റും ശ്ലേഷാര്‍ഥ പരമായ മറുപടികൊണ്ടു അവരെ സമധാനിപ്പിക്കുന്നു.

സ്വയംവര വൃത്താന്തം സ്രവിച്ച്‌ പാണ്ടവര്‍ പാഞ്ചാലരാജ്യത്തേക്ക്‌ പോകുമ്പോള്‍ മാര്‍ഗ്ഗമദ്ധ്യേനടക്കുന്ന പലപല സംഭവങ്ങള്‍, സ്വയംവരത്തില്‍ പങ്കെടുക്കാനെത്തുന്ന രാജാക്കന്മാരുടെ വിവിധ ചേഷ്ടകള്‍, പാഞ്ചാലിയെസഖിമാര്‍ അണിയിച്ചൊരുക്കുന്ന രംഗം, അര്‍ജുനന്‍ ലക്ഷ്യച്ചേദം നിഷ്പ്രയാസം സാധിക്കുന്നതും മറ്റും വര്‍ണ്ണിക്കുന്നതാണു പൂര്‍വഭാഗം.

"അബ്രാന്തഭ്രാതനാനാധ്വജപടപടലം തുംഗമാതംഗരാജ
ഖല്‍ഗല്‍തൂല്‍ഖാരപൂരംവ്യതിഘടനാരാല്‍ ഖള്‍ഗരാജന്‍ഭടൗഘം
അസ്പഷ്ടാകാരമാരാദതുലമധിരജോമദ്ധ്യമുദ്‌തൂതപ്രിത്ഥ്വി-
ചക്രം ചക്രം ന്രിപാണാം ദദ്രിശുരുവഗതം ചക്രവാളാദവന്യാ:

സ്ഫീതശ്വെതാതപത്രാവലിനിചിതനഭോംണ്ടലാശ്ചണ്ട ഭേരീ-
നിദ്ധ്വനോഡൂതലോകാശ്ചലിതപ്രിതനയാകുംഭിനീം കമ്പയന്ത:
ആഗച്ചന്തി സ്മ സര്‍വ്വേനിഗളിതമന്‍സസ്തത്ര കൃഷ്ണ്ണഗുണൗഖൈ-
രുദ്ഗച്ചല്‍ സ്വച്ചധൂളികബളിതനളിനീനാഥചന്ദ്രാ നരേന്ദ്ര:"

ശബ്ദങ്ങളുടെ പ്രൗഡിയും, മനോധര്‍മ്മചാതുരിയും മേലുദ്ധരിച്ച പദ്യങ്ങളില്‍ തിങ്ങിനില്‍ക്കുന്നു. പാഞ്ചാലിയുടെ സൗന്ദര്യാദി ഗുണങ്ങളെ കേട്ടറിഞ്ഞ്‌ കാമപീഡിതരായി രാജാക്കന്മാര്‍ ഭൂമികുലുക്കുമാര്‍ ആരവത്തോടുകൂടിവരുന്നത്‌ ക്ണ്മുന്‍പില്‍ കാണുന്നതുപോലെ തോന്നും ഈ ഭാഗം വായിച്ചാല്‍. ബ്രാഹ്മണവേഷധാരിയായ അര്‍ജുനന്‍ ലക്ഷച്ചേദം ചെയ്ത്‌ പാഞ്ചാലിയെ വരിച്ചപ്പോള്‍ യഥാര്‍ത്ഥ്യം അറിയാതെ കുപിതനായ മറ്റുരാജാക്കന്മാര്‍ ബ്രഹ്മണവേഷധാരിയോട്‌ യുദ്ധത്തിനു പുറപ്പെടുന്നു. ഞങ്ങളും യുദ്ധത്തിനു ഒട്ടും മോശമല്ല എന്നമട്ടില്‍ യുദ്ധസന്നദ്ധരാകുന്ന ബ്രാഹ്മണരെ ഭട്ടതിരി ഫലിതരൂപേണ അവതരിപ്പിക്കുന്നത്‌ ഹൃദ്യമായിട്ടുണ്ട്‌. നോക്കുക.

"വസ്താണ്യാബദ്ധ്യമദ്ധ്യേ തദനു നിജബ്രിസീരായുധീകൃത്യ ഖോരം
തര്‍ജ്ജന്യാതര്‍ജ്ജയന്തോ ന്രിപകുലമഭിതോ ഡാഡിരോഷ്ടം ദശന്ത:
രക്ഷാമന്ത്രം ജപ്പാന്തസ്സുനിദ്രിതമദയാദ്ദ്ര്ശിതോഗ്രാഭിമാനാ-
സ്സഞ്ചേലുര്‍ഭൂമിപാലാന്‍പ്രതിധരണിസുരാഹാസവന്തോ ജനൗഖാന്‍."

മല്ലയുദ്ധ സന്നദ്ധരായി ഉത്തരീയം (തോള്‍വസ്ത്രം) അരയിലെടുത്തുകെട്ടി, ആസനം (ഇരിക്കുന്നവസ്തു) ആയുധമാക്കി പലപല ചേഷ്ടകളും (പല്ലിറുമുക, മന്ത്രംജപിക്കുക) കാണിച്ചുകൊണ്ടുള്ള നില്‍പുക്ണ്ടു അവിടെ കൂടിയിരുന്ന ജനങ്ങളെല്ലാം ചിരിക്കാന്‍ തുടങ്ങിയെന്ന്‌ സാരം. പഞ്ചേന്ദ്രോപാഖ്യാനം കഥ ചുരുക്കിപ്പറഞ്ഞുകൊണ്ടു ഉത്തരഭാഗവും അവസാനിപ്പിച്ചിരിക്കുന്നു.

പതാമത്തേത്‌ "യുധിഷ്ഠിരാഭിഷേക" മാണു. പ്രസ്തുത പ്രബന്ധത്തിനൊരു പ്രത്ത്യേകതയുള്ളതു ഭട്ടതിരിയുടെ ശബ്ദശാസ്ത്ര പാണ്ടിത്യപ്രകടനം മുറ്റിനില്‍ക്കുന്ന ഗദ്യങ്ങളും, പദ്യങ്ങളുമാണിതിലധികമുള്ളതെന്നതാണു.

യേഷാമയം ശാശ്വതികോ വിരോധ-
സ്തേഷാമഹോ ദ്വന്നസമുത്സുകാനാം
ദ്രാശേകവത്ഭാവമസൗവിധാസ്യ-
ന്നന്ധോന്രിപശ്ശാബ്ദികവദ്ബഭാസേ.

ജനിച്ചനാള്‍മുതല്‍ക്‌ ബദ്ധവൈരത്തോടെ അന്ന്യോന്യം കലഹിച്ചു വന്നിരുന്ന കൗരവപാണ്‍ധവന്മാരിണക്കിയെടുക്കുകയെന്ന വിഷയം അസ്സാദ്ധ്യമെന്നിരിക്കെ അതിനു മുതിര്‍ന്ന ദ്രിതരാഷ്ട്രര്‍ അന്ധനാണെന്ന്‌ പ്രക്രിതത്തില്‍ ധ്വനിപ്പിച്ചിരിക്കുന്നു. വ്യാകരണനിയമങ്ങള്‍ ഭട്ടതിരി ഈ ശ്ലോകത്തില്‍ പ്രയോഗിച്ചിട്ടുള്ളത്‌ ശ്രദ്ധിക്കുക. പാണിനി, പതഞ്ജലി, വരരുചി തുടങ്ങിയ പൂര്‍വവ്യാകരണശാസ്ത്രസൂരികളെയും മട്ടും അനുസ്മരിച്ചുകൊണ്ടു ശ്ലേഷാര്‍ഥ ക്രിതങ്ങളായ ശ്ലോകങ്ങള്‍ ഈ പ്രബന്ധത്തില്‍ ദുര്‍ലഭമല്ല. സുന്ദോപസുന്ദോപാഖ്യാനമാണു അടുത്ത ഭാഗം. നാരദമഹര്‍ഷി സുന്ദോപസുന്ദോപന്മാരെപ്പോലെ ഒരു സ്ത്രീ നിമിത്തം കലഹത്തിനിടവരുത്തരുതെന്ന്‌ പാണ്ടവര്‍ക്ക്‌ കൊടുക്കുന്ന ഉപദേശമാണു ഈ ഭാഗം. വളരെ ചെറിയൊരു പ്രബന്ധമണിത്‌.

രാജസൂയം അത്യന്തം സുന്ദരവും പ്രശംസനീയവുമായ ഒന്നാകുന്നു. ഈ കൃതിയില്‍ കവി സ്വനാമം പ്രഥമപദ്യത്തില്‍ ഘടിപ്പിച്ചിരിക്കുന്നു.

ഗോവിന്ദമാനന്ദരസൈകസാന്ദ്ര-
മാവന്ദ്യ "നാരായണ" ഭൂസുരേന്ദ്ര:
നിര്‍മ്മാതി ധര്‍മ്മാത്മ ജരാജസൂയ-
സമ്പന്മയം സമ്പ്രതി ചമ്പുകാവ്യം".

രാജസൂയം നിര്‍മിക്കാന്‍ കവിയെ പ്രേരിപ്പിച്ച സംഭവത്തെപ്പറ്റിയുള്ള ഐതീഹ്യം വളരെ പ്രസിദ്ധമാണു. നാനാശാസ്ത്രവിശാരദനായ ഭട്ടതിരിക്ക്‌ കേരളത്തില്‍ നിയമപ്രകാരം നടത്തിവന്നിരുന്ന യാഗാദികാര്യങ്ങളില്‍ വേണ്ടത്ര ഉല്‍പ്പത്തിയില്ലെന്ന്‌ ഇതര പണ്ടിതന്മാരുടെയിടയില്‍ ഒരാക്ഷേപ മുള്ളതായി അദ്ദേഹത്തിനു അറിയാനിടവന്നു. ആ തെട്ടിദ്ധാരണയെ ഉല്‍മൂലനം ചെയ്ത്‌ തന്റെ തന്ത്രശാസ്ത്ര പരിജ്ഞാനത്തെ അരക്കിട്ടുറപ്പിക്കുവാനും കൂടിയാണു രാജസൂയം രചിച്ചതെന്നാണു പ്രസ്തുത ഐതീഹ്യം. യാഗത്തില്‍ പങ്കെടുക്കുവാന്‍ നാനാദേശങ്ങളില്‍ നിന്ന്‌ രാജാക്കന്മാരും മറ്റും കാഴ്ച്ചവക്കാന്‍ അവരവരുടെ രാജ്യങ്ങളിലുണ്ടാകുന്ന വിശിഷ്ട ദ്രവ്യങ്ങളു മായി എത്തിച്ചെരുന്നതും; വത്യസ്ത സ്വഭാവക്കാരുടെ ആഗമോദ്ദേശം എന്നിവവളരെ ഭംഗിയായി വര്‍ണ്ണിച്ചിരിക്കുന്നു. ചേരപാണ്ട്യചോളരെ പ്രതേകം പരാമര്‍ശിക്കുന്നുണ്ട്‌. അതിഥികളയെത്തിചേരുന്ന മാന്യജനങ്ങളോട്‌ യാഗാദികര്‍മ്മങ്ങള്‍ക്കുവേണ്ട എല്ല സഹായവും സ്വമനസ്സാലെ ചെയ്തു തരണമെന്നപേക്ഷിക്കുന്നതും, യാഗശാല എങ്ങിനെയുള്ള പ്രദേശത്ത്‌ ഏതു വിധത്തില്‍ നിര്‍മ്മിക്കണമെന്നും, അവക്കായി സംഭരിക്കേണ്ടുന്ന നാനാതരം സാധനങ്ങളുടെ വിശദവിവരങ്ങള്‍, കര്‍മ്മങ്ങള്‍ അനുഷ്ടിക്കേണ്ടവിധം, സദ്യ ഒരുക്കേണ്ട വിധം എന്നുവേണ്ട പ്രസ്തുത കൃതിയില്‍ യാഗകാര്യങ്ങളെക്കുറിച്ചു പ്രസ്താവിക്കാത്തതായി ഒന്നുമില്ല.

ഷള്‍ഭിസ്തു സോമയജനൈരഭിഷേചനീയ-
ഘുഷ്ടൈസ്തഥാ ദ്വിപശുനേഷ്ഠിശതൈ: പ്രധാനൈ:
സര്‍വൈസഹൈക ഇഹരാജതിരാജസൂയോ
യസ്സാര്‍ദ്ധ സപ്ത ദശമാസസമാപനീയ:

എന്ന്‌ രാജാസൂയത്തിന്റെ സ്വഭാവം. പതിനേഴര മാസംനീണ്ടുനില്‍ക്കുന്ന രാജസൂയം പൂര്‍ത്തിയാക്കുവാന്‍ ആര്‍ സോമയാഗവും, രണ്ടു പശുയാഗവും, ആര്‍ ഇഷ്ടികകളും സര്‍വപ്രധാനമെന്ന്‌ പ്രസ്തുത ശ്ലോകത്തിന്റെ സാരം. പിന്നീട്‌ യാഗത്തില്‍ അഗ്ര്യപൂജ ചെയ്യേണ്ടതിനെ ചൊല്ലിയുള്ള ശിശുപാലന്റെ ശകാരവും, ശിശുപാലവധവും; തദനന്തരം യാഗം ഭംഗിയായി നിര്‍വഹിച്‌ മംഗളമായി പര്യവസാനിക്കുന്നതുമാണു ഇതിലെ പ്രതിപാദ്യവിഷയം. ഈ പ്രബന്ധത്തില്‍ നിബന്ധിച്ചിരിക്കുന്ന പദ്യങ്ങളിലും ഗദ്യങ്ങളിലും കവിയുടെ പദകുബേരത്വവും വര്‍ണ്ണനാചാതുര്യവും അഹമഹമികയാ മല്‍സരിക്കുന്നതായി കാണാം. ഭട്ടതിരി പ്രബന്ധങ്ങളില്‍ സഹൃദയര്‍ക്ക്‌ അഗ്ര്യപൂജാര്‍ഹമായ ഒന്നാണു രാജസൂയം എന്ന്‌ നിസ്സംസയം പറയാം.

സഭാപ്രവേശം, ദൂതക്രീഡ, പാത്രചരിത്രം, വ്യാസോപദേശം, കിരാതം, സുഭദ്രാഹരണം, ഭഗവദ്ദൂത്‌, യുധം, കല്യാണസൗഗന്ധികം, ഭീഷ്മസ്വര്‍ഗ്ഗതി തുടങ്ങിയവയാണു ഭാരതകഥയെ അധികരിച്ചെഴുതിയിരിക്കുന്ന മറ്റുപ്രബന്ധങ്ങള്‍.

ദുരഭിമാനിയായ ദുര്യോധനന്‍ സഭാഗ്രിഹത്തില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന വിപത്തുകളും, അവിടെനിന്ന്‌ അസ്വസ്ഥ്വതയോടുകൂടി മടങ്ങുന്നതുമാണു സഭാപ്രവേശത്തിലെ കഥാവിഷയം. ദ്യൂതക്രീഡതരക്കേടില്ലാത്ത ഒന്നെന്നേപറയേണ്ടതുള്ളു. ദ്യൂതാരംഭം, വസ്ത്രാക്ഷേപം, പാണ്ടവവനപ്രവേശം, എന്നീവിഷയങ്ങള്‍ ഇതില്‍ പ്രതിപാതിച്ചിരിക്കുന്നു. ഭാരതത്തിലെ പ്രസ്സിദ്ധമായ വ്യാസോപദേശം അതായത്‌ പാണ്ടവരുടെ വനവാസത്തിനിടയില്‍ വ്യാസന്‍ അവരെ കണ്ടുമുട്ടുന്നതും അവരുടെ ദുര്‍വിധിക്ക്‌ വിരാമമിടണമെങ്കില്‍ യുദ്ധത്തില്‍ കൗരവരെ ജയിക്കണമെന്നും അതിനു ശിവനെ തപസ്സുചെയ്ത്‌ അര്‍ജ്ജുനന്‍ പാശുപതാസ്ത്രം വാങ്ങിയാലെ സാധിക്കുകയുള്ളു എന്നും മറ്റുമുള്ള ഉപദേശങ്ങളടങ്ങിയതാണു പ്രബന്ധ ഇതിവൃത്തം. കിരാതം, മായാകിരാതനും അര്‍ജ്ജുനനും തമ്മിലുള്ള സംഭാഷണം, യുദ്ധം അവസാനം സ്വയം ഭഗവാനെ പ്രത്യക്ഷത്തില്‍ കണ്ടു പാര്‍ഥന്‍ അഭിഷ്ടങ്ങളെല്ലാം സാദ്ധിക്കുന്നതാണു.

ഭട്ടതിരിപ്രബന്ധങ്ങളില്‍ മഹനീയമായസ്താനത്തെ അലംകരിക്കുന്ന ഒന്നാണു സുഭദ്രാഹരണമെന്നുതന്നെയല്ല ശൃംഗാരരസ പ്രയോഗപാടവം ഇത്ത്രത്തോളം പ്രകടിപ്പിച്ചിട്ടുള്ള വേറൊരു കൃതി കാണാനും വിഷമമാണു. കഥയും അതിനുയോജിച്ചതാണല്ലോ! ഈ പ്രബന്ധം ചാക്യന്മാര്‍ക്ക്‌, പ്രത്യേകിച്ച്‌ ഇരവിചാക്യാര്‍ക്ക്‌, അവരുടെ മനോധര്‍മകുശലത വെളിപ്പെടുത്തുന്നതിന്‍ വളരെ പ്രയോജനപ്പെട്ടതായിരുന്നു എന്നാണു കേള്‍വി. ഭഗവദ്ദൂതും പ്രസിധ്ഹികൊണ്ട്‌ മുന്‍പന്തിയില്‍ നില്‍ക്കുന്ന മേല്‍പ്പത്തൂര്‍ പ്രബന്ധങ്ങളില്‍ ഒന്നാണു. അഞ്ഞാതവാസത്തിനു ശേഷം പാണ്ഡവര്‍ക്കവകാശപ്പെട്ട അര്‍ദ്ധരാജ്യം തിരിച്ചുപിടിക്കേണ്ടതിലേക്കായുള്ള ആലോചന, ശ്രീകൃഷ്ണന്‍ ദൂതിനുപോകാന്‍ തീരുമാനിക്കുന്നത്‌, കൗരവസഭയില്‍ ഓരൊരുത്തരുമായി കൃഷ്ണന്‍ നടത്തുന്ന സംഭാഷണം, കര്‍ണാദികള്‍ ഭഗവാന്റെ നേരെ നടത്തുന്ന ആക്ഷേപങ്ങല്‍, ഭഗവാനും ദുര്യോധനനുമായുള്ള പൗരൂഷ്യംനിറഞ്ഞ ദീര്‍ഘചര്‍ച; ഭഗവാനെ പിടിച്ചുകെട്ടാന്‍ ദുര്യോധനന്റെ ആജ്ഞ, വിശ്വരൂപദര്‍ശനം, കര്‍ണദുര്യോധനാദികളുടെ മോഹാല്‍സ്യപ്പെട്ടുള്ള വീഴ്ച എന്നിവയാണിതിലെ ഇതിവൃത്തം.

"നാരായണാഭിധമഹീസുരവര്യവക്ത്ര-
..... ..... ..... ...
ഗദ്യംസമസ്തമനവദ്യവിരാജിപദ്യം,

എന്ന സമാപ്തിശ്ലോകത്തില്‍ കവിയുടെ മുദ്രയും തത്‌കൃതിയുടെ ഗുണങ്ങളേയും ചുരുക്കിവര്‍ണ്ണിച്ചിരിക്കുന്നു.

'യുദ്ധവും'; 'കൗന്തേയാഷ്ടക'വുമാണു ഭാരതപ്രബന്ധ്ത്തിലെ വേറെഭാഗങ്ങള്‍. "സാഹിത്യഗുണപുഷ്ടികൊണ്ടു ഏറ്റവും പ്രശംസനീയമായ ഭാഗമാകുന്നു ഭാരതം പ്രബന്ധത്തിലെ യുദ്ധം" എന്ന വടക്കുംകൂറിന്റെ അഭിപ്രായം ആദരീണീയമെന്നേ പറയേണ്ടു. എട്ടുശ്ലോകങ്ങള്‍ മാത്രമുള്ള ചെറിയ ഒന്നാണു കൗന്തേയാഷ്ടകം അഠവ പാത്രചരിത്രം. ദുര്‍ബുദ്ധിയായ ദുര്യോധന നിയോഗത്താല്‍ ദുര്‍വാസാവും ശിഷ്യരും വനത്തില്‍ താമസിക്കുന്ന പാണ്ഡവരുടെ ആതിഥ്യം സ്വീകരിക്കുന്നതും തല്‍ഫലമായി പാണ്ഡവര്‍ അപമാനിതരായേക്കാവുന്ന സാഹചര്യങ്ങള്‍ ഭഗവാന്റെ കാരുണ്യംകൊണ്ടും അക്ഷയപാത്രത്തിന്റെ മഹിമകൊണ്ടും ഒഴിഞ്ഞു പോകുന്നതുമാണു കഥാസാരം. ഒരുശ്ലോകം:

ഇത്ഥം പാര്‍ത്ഥിവകേതുന്നര്‍ത്ഥിതവര:
ശിഷ്യൈസ്സമേതോ മുനി:
ദിവ്യഞ്ഞ്നാനവിലോകിതദ്രൂപദജാ-
ഭുക്തി:സ മധ്യംദിനേ
അഷ്ടാശീതിസഹസ്രതുഷ്ടസുജന-
ശ്ലിഷ്ടാന്തികം ധര്‍മ്മജം
പ്രാപത്‌; സോപിചതം നനാമ മഘവാ
സാക്ഷാദിവത്രീക്ഷണം.

(ഇപ്രകാരമുള്ള ദുര്യോധനന്റെ അഭ്യര്‍ത്ഥനയെ കൈക്കൊണ്ട്‌, മഹര്‍ഷി, പതിനായിരം ശിസ്യരുമൊത്ത്‌ ഉച്ചസമയത്ത്‌, പാഞ്ചാലിയുടെ ഭക്ഷണം കഴിഞ്ഞുവെന്ന്‌ ദിവ്യദൃഷ്ടിയാല്‍ മനസ്സിലാക്കിക്കൊണ്ട്‌, എണ്‍പത്തെണ്ണായിരം സന്തുഷ്ടരായസുജനങ്ങളുമൊത്തിരിക്കുന്നധര്‍മ്മപുത്രരുടെ അരികിലെത്തുന്നു. ഉടനെ യുധിഷ്ടിരന്‍ എഴുന്നേറ്റ്‌ ആചാരമര്യാദയോടുകൂടി മഹര്‍ഷിയെ നമസ്കരിച്ച്‌ സ്വീകരിച്ചു.)

ഭാഗവതകഥകള്‍: സമ്പൂര്‍ണമായന്‍ ഒരു ഭാഗവതം പ്രബന്ധം മേല്‍പത്തൂര്‍ നിര്‍മിച്ചിരിക്കാനിടയുന്‍ണ്ടെന്നനുമാനിക്കുന്നതില്‍ തെറ്റില്ല. മത്സ്യാവതാരം, വാമനാവതാരം, സന്താനഗോപാലം, നൃഗമോക്ഷം, സ്യമന്തകം, അജാമിളമോക്ഷം, നാരദമോഹനം, ഏകാദശിമാഹാത്മ്യം, സ്വര്‍ഗ്ഗാരോഹണം, തുടങ്ങിയവ ഭാഗവത കഥാടിസ്ഥാനത്തില്‍ വിരചിതങ്ങളായ മേല്‍പത്തൂര്‍ ചമ്പുക്കളായി പലരും വിശ്വസിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ചിലത്‌ ചര്‍ച്ചചെയ്യാം. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ പ്രഥമം മത്സ്യാവതാരമാണല്ലൊ. നഷ്ടപ്പെട്ടുപോയ വേദങ്ങളെ വീണ്ടെടുക്കാനവതിരിച്ചതായിപ്പറയുന്ന ഈ കഥയെ ഭട്ടതിരി അദ്ദേഹത്തിന്റെ ഉജ്ജ്വലമായ കവിത്വശൈലിയില്‍ വാര്‍ത്തെടുത്തതാണ്‌ പ്രസ്തുത പ്രബന്ധം. പ്രഹ്ലാദകുലജാതനായ മഹാബലിക്ക്‌ വാമനരൂപത്തിലവതരിച്ച മഹാവിഷ്ണു മോക്ഷം കൊടുക്കുന്ന കഥ "വാമനാവതാര"മെന്ന പ്രബന്ധത്തിന്‌ വിഷയമാക്കിയിരിക്കുന്നു. ഈ കൃതി പ്രബന്ധങ്ങളുടെ മകുടമാണെന്ന്‌ വടക്കുംകൂര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഭാഗവതകഥാസംബന്ധിയായിട്ടുള്ള മറ്റുപ്രബന്ധങ്ങളും മനോഹരങ്ങള്‍ തന്നെ.

ശൈവകഥകള്‍: പാര്‍വതീസ്വയംവരം, ദക്ഷയാഗം എന്നിവശൈവകഥനിബന്ധിയാണ്‌. വൈയ്ക്കത്തഷ്ടമീമഹോത്സവത്തെ വിവരിക്കുന്നതാണ്‌ "അഷ്ടമീപ്രബന്ധം".

ക്വാമീവയം സരസകാവ്യകഥാനഭിജ്ഞാ:
ക്വാസൗപുന: പുരഹരസ്യമഹോത്സവോപി
ന്യുനം തദ്രത്ര പരിഹാസ്യജനേഷുലബ്ധം
മൂര്‍ദ്ധാഭിഷേക മധുനാ പരമുദ്യതാ: സ്മ:

എന്ന്‌ ഉത്സവത്തിന്റെ മഹിമയെ വര്‍ണ്ണിക്കുന്നു. കൊടിയേറ്റം മുതല്‍ അഷ്ടമി വരെയുള്ള ഉത്സവാഘോഷങ്ങളുടെ ചടങ്ങുകള്‍; ഉത്സവം കാണാനെത്തുന്ന ജനങ്ങള്‍; കച്ചവടക്കാര്‍; തുടങ്ങിയ എല്ലാ വിധവിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ മധുരകോമളപദാവലികളാല്‍ വാര്‍ത്തെടുത്ത ഒരുത്തമ കൃതിയാണിതെന്ന്‌ പറയാം. "കോടിവിഹരവും "സ്വാഹാസുധാകര"വും വിവിധകഥകളെ പ്രതിപദ്യവിഷയമാക്കിയിട്ടുള്ളവയാണ്‌. രണ്ടുചമ്പുക്കളും ശൃംഗാരരസപ്രധാനവും സഹൃദയ ശ്ലാഘ അര്‍ഹിക്കുന്നവയുമാണ്‌. ഭട്ടതിരിയുടെ ചമ്പുക്കളെ അനുകരിച്ചും സ്വതന്ത്രനിലയിലും പലകവികളും പില്‍ക്കാലത്ത്‌ പ്രബന്ധങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌. തത്‌കൃതികളുടെ കാവ്യാംഗന ഭട്ടത്തിരിയുടേതുമായി കൈകോര്‍ത്തുനില്‍ക്കാന്‍ പൊന്നവയാണെന്ന്‌ സമ്മതിച്ചേ പറ്റു. മാത്രമല്ല, അര്‍ത്ഥകല്‍പന, ദീര്‍ഘസമാസാലങ്കാരാദി പ്രയോഗങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലും അവയ്ക്ക്‌ ഭട്ടതിരിപ്രബന്ധങ്ങളുമായി സാമ്യമുണ്ടെങ്കിലും ചാക്യാന്മാരും പാഠകക്കാരും അവകളെ ആദരിച്ചുകാണുന്നില്ല. അതിന്‌ മുഖ്യകാരണം ഹാസ്യരസം തുളുമ്പുന്ന കവന ചാതുര്യം ഭട്ടതിരിയേപ്പോലെ മറ്റുകവികള്‍ക്കില്ലായിരുന്നു എന്നതുതന്നെയാണ്‌. ഫലിതങ്ങള്‍കൊണ്ട്‌ അനേകം കാവ്യശില്‍പങ്ങള്‍ വാര്‍ത്തെടുത്ത കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍പ്രസ്താനത്തിന്റെ രാജാവാണെങ്കില്‍, ചമ്പുപ്രസ്താനത്തിന്റെ രാജാവ്‌
` ഭട്ടതിരിയാണെന്നത്‌ തര്‍ക്കമറ്റസംഗതിയാണ്‌.

ചാക്യാന്മാര്‍ കൂത്തിനായി പ്രബന്ധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സന്ദര്‍ഭത്തിനനുയോജ്യമാം വിധം മറ്റുഗ്രന്ഥങ്ങളില്‍ നിന്ന്‌ ശ്ലോകങ്ങള്‍ ഉദ്ധരിക്കുകയും അര്‍ത്ഥം പറയുകയും സാധാരണമാണ്‌. അരങ്‌കൊഴുപ്പിക്കുവാന്‍ വേണ്ടിയാണ്‌ അവര്‍ അങ്ങിനെ ചെയ്തുവരുന്നത്‌. പ്രസിദ്ധമായ ഏതെങ്കിലും ഒരു പ്രബന്ധമെടുത്തു പരിശോധിച്ചാല്‍ അതില്‍ കഥയുടെ സന്ദര്‍ഭത്തിനനുയോജ്യമായി അന്യകൃതികളായ ഭോജചമ്പു, മാഘം, രഘുവംശം, ശാകുന്തളം, കൃഷ്ണവിലാസം, വാല്മീകിരാമായണം, രാമചരിതം തുടങ്ങിയവയില്‍ നിന്നെടുത്തുചേര്‍ത്ത ഭാഗങ്ങള്‍ കാണാന്‍കഴിയും. ഇതിനുത്തരവാദി ഗ്രന്ഥകാരന്മാര്‍ മാത്രമാണെന്ന് പൂര്‍ണമായും വിശ്വസിക്കേണ്ടതില്ല. കൂത്തുപറയുന്ന വിദ്വാന്മാരായ ചാക്യാന്മാരും ഏറെക്കുറെ ഇതിനുത്തരവാദിയായിഗണിക്കാം. അന്യരചനകളില്‍നിന്ന്‌ സന്ദര്‍ഭോചിതമായി പദ്യങ്ങളും ഗദ്യങ്ങളും എടുത്തുചേര്‍ത്ത്‌ സ്വന്തം കൃതികള്‍ നിര്‍മ്മിക്കുന്നവര്‍ എല്ലാസാഹിത്യമണ്ഡലങ്ങളിലും ഉണ്ടായിരുന്നു എന്നുമാത്രമല്ല ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. കാളിദാസാദികള്‍ പോലും അപ്രകാരം ചെയ്തിട്ടുണ്ടെന്നും അതൊന്നും ആ മഹാകവിമൂര്‍ദ്ധന്ന്യന്മാര്‍ക്ക്‌ ഹാനികരമാണെന്ന്‌ അവര്‍പോലും കരുതിയിട്ടില്ലെന്നും വേണം വിചാരിക്കാന്‍. കേരളീയപ്രബന്ധകര്‍ത്താക്കളുടെ നിലയും ഇതുപോലെ ഗണിച്ചാല്‍മതി.

മലയാളികളുടെ സംസ്കൃതസാഹിത്യരചനാമണ്ഡലത്തില്‍ നിത്യംവിളങ്ങുന്ന ദിവ്യജ്യോതിസ്സായി ചമ്പുക്കളെ കണക്കാക്കാം. ഏകദേശം നൂറ്റിരണ്ടോളം സംസ്കൃതചമ്പുക്കള്‍ മലയാളികള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. തല്‍ക്കര്‍ത്താക്കളില്‍ മേല്‍പത്തൂര്‍തന്നെ അഗ്രേസരന്‍.

"മുപ്പതില്‍പ്പരം ഈടുറ്റചമ്പുക്കള്‍
ശില്‍പംവാര്‍ത്തിടും പോലവെസാഹിത്യ-
ക്ഷേത്രംതന്നില്‍ പ്രതിഷ്ഠിച്ചസല്‍കവേ,
മേല്‍പത്തൂരിങ്കെടാവിളക്കാം ഭവാന്‍."



-----000000------.

മുംബൈ,
1.3.08.

2 comments:

SunilKumar Elamkulam Muthukurussi said...

സർ, കാണാൻ വൈകിപ്പോയി. മലയാളം ബ്ലോഗ് അഗ്രിഗേറ്ററുകൾ ഈ ബ്ലോഗ് കാണിക്കുന്നില്ല എന്നു തോന്നുന്നു. അപ്ഡേറ്റ് ചെയ്യുമ്പോൾ http://chintha.com/malayalam/blgroll ഇവിടെ ഒന്നു പോയി നോക്കണേ.

നന്ദി.
-സു-

SunilKumar Elamkulam Muthukurussi said...

സമാനഹൃദയരെ പലരേയും അവിടെ മലയാളം ബൂലോകത്ത് കാണാം.