Sunday 6 April 2008


കൃഷ്ണലീലാഗാഥാ
(രാജുവിളാവത്ത്‌
കൂവ്വപ്പടി).



അന്നൊരുസായാഹ്നം ഗോക്കളേമേക്കുവാന്‍
നന്ദകുമാരനെ ഒക്കത്തേറ്റി
ഗോകുലംതന്നില്‍നിന്നേവംപുറപ്പെട്ടു-
കാടകംപൂക്കാനായ്‌ നന്നഗോപര്‍.

പെട്ടെന്നുവാനമിരുണ്ടുതുടങ്ങിനാര്‍
ശക്തിയായ്‌ തെന്നലും വീശിവീശി
മിന്നല്‍പ്രകാശവും വെട്ടിടിശബ്ദവും
മന്നിടമെങ്ങും വിറക്കുമാറായ്‌.

കേകികള്‍ പീലിവിടര്‍ത്തിച്ചാഞ്ചാടുന്നു-
നീലമേഘങ്ങള്‍തന്‍ ശോഭകണ്ട്‌.
ആട്ടിന്‍പറ്റങ്ങളും കന്നുക്കൂട്ടങ്ങളും-
ഓട്ടംതുടങ്ങിനാര്‍ പേടിപൂണ്ടു.

പക്ഷികള്‍ കൂട്ടമായ്‌ അങ്ങോട്ടുമിങ്ങോട്ടും
അക്ഷമരായിപ്പറന്നാനപ്പോള്‍
കാട്ടുകുരങ്ങുകള്‍ വ്യാകുലരായിട്ടു
ചാട്ടംതുടങ്ങിമരങ്ങള്‍തോറും.

കാട്ടാനസഞ്ചയം ചീറ്റപ്പുലികളും
കൂട്ടമായ്‌ ചിഹ്നം വിളിച്ചുനിന്നു.
പുള്ളിമാന്‍പേടകള്‍ കാനനം തോറുമേ-
തുള്ളിനടന്നു പരവശനായ്‌.

ഭീതിജനിപ്പിക്കും കാനനമദ്ധ്യത്തില്‍
താതനുമുണ്ണീം നടന്നുചെമ്മേ!
രാധതന്‍ വള്ളിക്കുടിലിന്റെ ചാലവെ-
ആര്‍ത്തരായ്ചെന്നവര്‍പെട്ടനേരം
ആര്‍ത്തിരമ്പും മഴത്തുള്ളികളോരോന്നായ്‌-
ആര്‍ദ്രനം ചെയ്തുപോന്നാവനത്തെ!

പേടിയുണര്‍ത്തും പ്രകൃതിതന്‍ഭാവത്തെ-
കോടക്കാര്‍വര്‍ണനോകണ്ടനേരം
ഊക്കോടെകാടുവിറപ്പിക്കുമാറവന്‍
മോങ്ങിത്തുടങ്ങിനായവണ്ണം!

ചുള്ളിപെറുക്കുവാന്‍ രാധയുമന്നേരം
പല്ലവമേനിനനച്ചുകൊണ്ടു
വള്ളിക്കുടിലിന്റെ ചുറ്റിലുമങ്ങിനെ
ഉല്ലാസ്സമോടെ നടന്നുപോന്നാള്‍
"രാധയെക്കണ്ടോരുനേരത്തുനന്ദനര്‍
മാധവന്‍തന്നെയും പേറിക്കൊണ്ടു
വേഗമവളുടെ ചാരവേചെന്നിട്ടു
ഈവിധമോരോന്നായ്‌ ചൊന്നാന്‍മെല്ലെ."

"രാധേയിവനില്ല,ധൈര്യമൊരല്‍പവും
മേളിച്ചെന്‍കൂടെവരുവതിനായ്‌
ആയതുകൊണ്ടുമല്‍കാര്‍വര്‍ണന്‍തന്നെനീ-
വേഗത്തിലെന്‍ഗൃഹമെത്തിക്കേണം
എന്നതുകേട്ടുടന്‍ രാധയുമന്നേരം
കണ്ണനെക്കയ്യിലോവങ്ങിക്കൊണ്ടു-
തിണ്ണംനടന്നു തുടങ്ങീതപ്പോള്‍!

മൂന്നുനാള്‍ നാഴിക ദൂരത്തുചെല്ലവേ-
കണ്ണനുയൗവ്വനം വന്നുചെമ്മേ!
അന്നേരം ഉണ്ണിതന്‍ഭാരം സഹിയാഞ്ഞു-
തിണ്ണമവനെയിറക്കിതാഴെ.

കാര്‍വര്‍ണ്ണന്‍തന്നുടെ പൂമേനികണ്ടിട്ട്‌
ആമോദം പൂണ്ടവള്‍നിന്നുപോയി.
ഉല്ലാസലീലകളാടുവാനേവര്‍ക്കും
ഉള്ളിലുണര്‍ന്നിതു മോഹലേശം.

പേമാരിതീര്‍ന്നു മഴക്കാറും പോയപ്പോള്‍
ആമഹാകാടുമൊരുദ്യാനംപോല്‍
തൂമണം വീശുന്ന പൂക്കള്‍ വിരിച്ചിട്ടു
സാമോദം ഉല്ലാസമാര്‍ന്നു വാണു.
ചന്ദ്രികമെല്ലെയുദിച്ചു തമസ്സിനെ-
നിദ്രയിലാഴ്ത്തിയിട്ടെന്നപോലെ
താരകജ്ജാലവും കാണാറായ്‌ വന്നപ്പോള്‍
വാനത്തലങ്കാരമെന്നപോലെ.

തൂവെണ്‍നിലാവില്‍ക്കുളിക്കുമാകാനനം
ജീവികള്‍ക്കെല്ലാമൊരിംബമായി.
കണ്ണന്തിരുവടി രാധയുമൊന്നിച്ച്‌
കണ്ണുകുളിര്‍പ്പിക്കും നൃത്തമാടി.

ലീലതന്‍ മാദകത്താളം നുകര്‍ന്നുകൊ-
ണ്ടാലില പോലും ചലിച്ചതില്ല.
ക്രൂരമൃഗങ്ങളുമെന്നല്ല സര്‍വവും
ആരണ്യകാന്തിയില്‍ മുങ്ങിമുങ്ങി
വേലകളൊന്നുമേയില്ലെന്നഭാവേന
മേളമോടങ്ങിനെ നിന്നിതപ്പോള്‍.

പാല്‍ക്കടല്‍ മധ്യത്തില്‍ പള്ളികൊണ്ടിടുന്ന-
ഗോക്കള്‍തന്‍പോറ്റി ജഗല്‍പ്പിതാവേ
പാലിച്ചുകൊള്ളേണം നമ്മേയഥാകാലം
ലാലസമേല്‍ക്കാതീപ്പാരില്‍വാഴ്‌വാന്‍.

000000000000

No comments: